| Saturday, 20th April 2019, 1:35 pm

കൊട്ടിയൂര്‍ പീഡനം: പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ വിചാരണ നേരിടണമെന്ന് കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: കൊട്ടിയൂര്‍ പീഡനവുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ ഉത്തരവ്. തലശേരി കോടതിയാണ് ഉത്തരവിട്ടത്.

പെണ്‍കുട്ടിയുടെ മാതാപിതാക്കളെ വിചാരണ ചെയ്യുമെന്ന് കോടതി വ്യക്തമാക്കി. പീഡനക്കേസിന്റെ വിചാരണയ്ക്കിടെ മാതാപിതാക്കള്‍ കൂറുമാറുകയും പെണ്‍കുട്ടിയെ പീഡിപ്പിച്ച വൈദികന്‍ ഫാ. റോബിന് അനുകൂലമാകുന്ന തരത്തില്‍ മൊഴി നല്‍കുകയും ചെയ്തിരുന്നു.

പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായെന്നായിരുന്നു മാതാപിതാക്കളുടെ മൊഴി. ഇത് തെറ്റാണെന്നതിന് പ്രോസിക്യൂഷന്‍ തെളിയിച്ചിരുന്നു. പെണ്‍കുട്ടിയെ പ്രസവിച്ച സമയത്ത് കൂത്തുപറമ്പ് ആശുപത്രിയില്‍ രേഖപ്പെടുത്തിയ ലൈവ് ബര്‍ത്ത് സര്‍ട്ടിഫിക്കറ്റാണ് രേഖയായി പ്രോസിക്യൂഷന്‍ ഹാജരാക്കിയത്.

ഈ സാഹചര്യത്തില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളില്‍ നിന്നും കോടതി വിശദീകരണം തേടിയിരുന്നു. ഇവരുടെ മറുപടി തൃപ്തികരമല്ലെന്നു കണ്ടെത്തിയ സാഹചര്യത്തിലാണ് കേസെടുക്കാന്‍ ഉത്തരവിട്ടത്.

പതിനാറു വയസുകാരിയെ ഫാദര്‍ റോബിന്‍ വടക്കുംചേരി പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്നായിരുന്നു കേസ്. പീഡനത്തിനിരയായ പതിനാറുകാരി പ്രസവിച്ച കുഞ്ഞ് ഫാദര്‍ റോബിന്‍ വടക്കുംചേരിയുടേതാണെന്ന് ഡിഎന്‍എ പരിശോധനയില്‍ തെളിഞ്ഞിരുന്നു.

പീഡനത്തിനിരയായ പെണ്‍കുട്ടി കൂത്തുപറമ്പ് ക്രിസ്തുരാജ ആശുപത്രിയില്‍ പ്രസവിച്ചയുടന്‍ ചോരക്കുഞ്ഞിനെ അജ്ഞാതകേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ഒളിപ്പിച്ചത് വൈത്തിരി ഹോളി ഇന്‍ഫന്റ് മേരി ഫോണ്ട്‌ലിങ് ഹോമിലാണെന്ന് കണ്ടെത്തിയ പൊലീസ് അവിടെയെത്തി കുഞ്ഞിനെ ഏറ്റെടുക്കുകയായിരുന്നു.

We use cookies to give you the best possible experience. Learn more