കണ്ണൂര്‍: തലശ്ശേരി ബ്രണ്ണന്‍ കോളേജില്‍ എ.ബി.വി.പി. സ്ഥാപിച്ച കൊടിമരം പ്രിന്‍സിപ്പാള്‍ എടുത്തുമാറ്റിയ സംഭവത്തില്‍ പ്രതിഷേധവുമായി സംഘപരിവാര്‍ സംഘടനകള്‍.
കഴിഞ്ഞ ദിവസം കോളെജില്‍ സ്ഥാപിച്ച കൊടിമരം എടുത്ത് മാറ്റാന്‍ പറഞ്ഞിട്ടും തയ്യാറാകാത്തതിനെ തുടര്‍ന്നാണ് പ്രിന്‍സിപ്പാള്‍ നേരിട്ട് കൊടിമരം പിഴുതുമാറ്റിയത്. ഇതില്‍ പ്രതിഷേധിച്ചാണ് സംഘപരിവാര്‍ സംഘടനകള്‍ പ്രിന്‍സിപ്പാള്‍ പ്രൊഫ. കെ.ഫല്‍ഗുനന്റെ വീട്ടിലേക്ക് രാത്രിയില്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയത്.
കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് വിശാല്‍ അനുസ്മരണത്തിനായി എ.ബി.വി.പിയുടെ നേതൃത്വത്തില്‍ കോളേജില്‍ പരിപാടി സംഘടിപ്പിക്കുകയും കൊടിമരം നാട്ടുകയും ചെയ്തത്. ചടങ്ങിനുശേഷം കൊടിമരം മാറ്റാന്‍ പോലീസും പ്രിന്‍സിപ്പലും ആവശ്യപ്പെട്ടെങ്കിലും വിദ്യാര്‍ഥികള്‍ തയ്യാറായില്ല.
തുടര്‍ന്ന് പ്രിന്‍സിപ്പലിന്റെ ചുമതലയുള്ള പ്രൊഫ. കെ.ഫല്‍ഗുനന്‍ നേരിട്ടെത്തി കൊടിമരം പിഴുതുമാറ്റുകയും കോളേജിനു പുറത്തുണ്ടായിരുന്ന പോലീസിന് കൈമാറുകയുമായിരുന്നു.
അനുമതി വാങ്ങിയ ശേഷമാണ് കോളേജില്‍ കൊടിമരം നാട്ടിയതെന്നാണ് എ.ബി.വി.പി പറഞ്ഞത്. എന്നാല്‍ പരിപാടിക്കുശേഷം മാറ്റാമെന്ന ഉറപ്പില്‍ പോലീസുമായി ആലോചിച്ചാണ് കൊടിമരം സ്ഥാപിക്കാന്‍ അനുവാദം നല്‍കിയതെന്ന് അധികൃതര്‍ പറഞ്ഞു.
തുടര്‍ന്ന് ഇന്നലെ രാത്രി 8.45 -ഓടെയാണ് സംഘപരിവാര്‍ സംഘടനകള്‍ പ്രിന്‍സിപ്പലിന്റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയത്. എ.ബി.വി.പി.യുടെ കൊടിമരം പ്രിന്‍സിപ്പല്‍ പിഴുതുമാറ്റിയത് ജനാധിപത്യ അവകാശങ്ങളുടെ ലംഘനമാണെന്നാരോപിച്ചായിരുന്നു നടപടി.
മാര്‍ച്ച് പൊലീസ് തടഞ്ഞതോടെ റോഡില്‍ പ്രവര്‍ത്തകര്‍ കുത്തിയിരിക്കുകയും ഇവരെ അഭിസംബോധന ചെയ്ത് ബി.ജെ.പി. ദേശീയ നിര്‍വാഹകസമിതിയംഗം പി.കെ.കൃഷ്ണദാസ് സംസാരിക്കുകയും ചെയ്തു.
എസ്.എഫ്.ഐ.യുടെ കൊടിമരം കോളേജിലുണ്ടെങ്കില്‍ എ.ബി.വി.പി.ക്കും അതിന് അവകാശമുണ്ടെന്നും പിഴുതുമാറ്റിയവര്‍തന്നെ അത് തിരികെ സ്ഥാപിക്കണമെന്നും അല്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തെ നേരിടേണ്ടിവരുമെന്നും കൃഷ്ണദാസ് പറഞ്ഞു.
DoolNews Video