കണ്ണൂര്‍: വിവാദ സിനിമയായ ദി കേരള സ്റ്റോറി പളളികളില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് തലശ്ശേരി അതിരൂപത. അതിരൂപതയ്ക്ക് കീഴിലുളള പള്ളികളില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നതിനായി ഔദ്യോഗിക തീരുമാനം എടുത്തിട്ടില്ലെന്ന് കെ.സി.വൈ.എം പറഞ്ഞു.
കെ.സി.വൈ.എമ്മിന്റേതായി വന്ന നിര്‍ദേശം രൂപത പുറപ്പെടുവിപ്പിച്ചതല്ലെന്ന് കെ.സി.വൈ.എം അറിയിച്ചു. ഏപ്രില്‍ ഒമ്പതിന് വൈകീട്ട് ചെമ്പന്തൊട്ടി പാരിഷ് ഹാളില്‍ കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കുമെന്നായിരുന്നു കെ.സി.വൈ.എമ്മിന്റേതെന്ന നിലയില്‍ ചര്‍ച്ചയായ അറിയിപ്പ്.
എന്നാല്‍ മതവിഭാഗങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാന്‍ അതിരൂപത ഉദ്ദേശിക്കുന്നതില്ലെന്നും അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വിവാദമുണ്ടാക്കാനില്ലെന്നും സിനിമയെടുത്തവരുടെ രാഷ്ട്രീയത്തിനൊപ്പം നില്‍ക്കാന്‍ കഴിയില്ലെന്നും അതിരൂപത പറഞ്ഞു.
ദൂരദര്‍ശനില്‍ കേരള സ്റ്റോറി പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചത് വിവാദത്തിനിടയാക്കിയിരുന്നു. പിന്നാലെയാണ് വിശ്വാസോത്സവം പരിപാടിയുടെ ഭാഗമായി കഴിഞ്ഞ വ്യാഴാഴ്ച ഇടുക്കി രൂപത സിനിമ പ്രദര്‍ശിപ്പിച്ചത്. തുടര്‍ന്ന് താമരശേരി രൂപതയും സിനിമ പ്രദര്‍ശിപ്പിക്കുമെന്ന് അറിയിച്ചു. ശനിയാഴ്ചയാണ് സിനിമ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചത്.
ബോധവത്ക്കരണത്തിന്റെ ഭാഗമായാണ് സിനിമ പ്രദര്‍ശിപ്പിച്ചതെന്നായിരുന്നു ഇടുക്കി രൂപത വിവാദത്തില്‍ നല്‍കിയ വിശദീകരണം. കൗമാരക്കാര്‍ പ്രണയത്തില്‍ പെട്ട് പോകാതിരിക്കാനുള്ള ബോധവത്ക്കരണത്തിന് വേണ്ടിയാണ് സിനിമ പ്രദര്‍ശിപ്പിച്ചതെന്നാണ് ഇടുക്കി രൂപത മീഡിയ ഡയറക്ടര്‍ ഫാ. ജിന്‍സ് കാരക്കാട്ട് സംഭവത്തോട് പ്രതികരിച്ചിരുന്നു.
അതിനിടെ, ഇടുക്കി രൂപത സിനിമ പ്രദര്‍ശിപ്പിച്ചതില്‍ പ്രതികരിച്ച് ചാണ്ടി ഉമ്മനും രംഗത്തെത്തിയിരുന്നു. സിനിമ പ്രദര്‍ശിപ്പിക്കാനുള്ള സ്വാതന്ത്ര്യം ഇടുക്കി രൂപതക്ക് ഉണ്ടെന്നും എന്നാല്‍ യാഥാര്‍ത്ഥ്യമെന്താണെന്ന് ജനങ്ങള്‍ക്ക് അറിയാമെന്നുമാണ് അദ്ദേഹം പറഞ്ഞത്.
അതേസമയം അഡല്‍ട്ട്സ് ഓണ്‍ലി ചിത്രമായ ദി കേരള സ്റ്റോറി പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികള്‍ക്കായി പ്രദര്‍ശിപ്പിച്ച ഇടുക്കി രൂപതയുടെ നടപടി നിയമലംഘനമാണെന്ന് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു.
Content Highlight: Thalassery Archdiocese say’s will not screen the controversial movie The Kerala Story in churches