തലശ്ശേരി: ബി.ജെ.പി പ്രവര്‍ത്തകന്‍ തലശ്ശേരി സ്വദേശി നിഖിലിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് ജീവപര്യന്തം. അഞ്ച് സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്കാണ് തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്.
വടക്കുമ്പാട് തെക്കേ കണ്ണോളി വീട്ടില്‍ കെ ശ്രീജിത്ത്(39), നിട്ടൂര്‍ ഗുംട്ടിയിലെ ചാലില്‍ വീട്ടില്‍ വി ബിനോയ്(31), ഗുംട്ടിക്കടുത്ത റസീന മന്‍സിലില്‍ കെ.പി മനാഫ് (42), വടക്കുമ്പാട് ജയരാജ് ഭവനില്‍ പി.പി സുനില്‍കുമാര്‍(51), ഗുംട്ടിയിലെ കളത്തില്‍ വീട്ടില്‍ സി.കെ മര്‍ഷൂദ് (34) എന്നിവര്‍ക്കാണ് ജീവപര്യന്തം തടവുശിക്ഷ ലഭിച്ചത്.
Also Read മഥുരയിലെ വ്യാജ അധ്യാപക നിയമന വിവാദം: 60 പ്രൈമറി സ്‌കൂള്‍ അധ്യാപകര്‍ സസ്‌പെന്‍ഷനില്‍
എട്ടു പ്രതികളുണ്ടായിരുന്ന കേസില്‍ നിട്ടൂര്‍ ഉമ്മലില്‍ ഫിറോസ്, വടക്കുംമ്പാട് കൂളിബസാറിലെ നടുവിലോതിയില്‍ വത്സന്‍ വയനാല്‍ എന്നിവരെ തെളിവുകളുടെ അഭാവത്തില്‍ വെറുതെവിട്ടു.
എട്ടാം പ്രതി മൂലാന്‍ എം ശശിധരന്‍ കേസ് വിചാരണക്കിടയില്‍ മരിച്ചു. തലശ്ശേരിയില്‍ 2008 മാര്‍ച്ചില്‍ ഉണ്ടായ സി.പി.ഐ.എം-ബി.ജെ.പി സംഘര്‍ഷത്തില്‍ വടക്കുമ്പാട് കൂളിബസാറിനടുത്തുള്ള നിഖിലിനെ ലോറിയില്‍ നിന്നും പിടിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.
ജോലികഴിഞ്ഞ് ലോറിയില്‍ വീട്ടിലേയ്ക്ക് പോകുകയായിരുന്നു നിഖില്‍. ഡി.വൈ.എസ്.പി യു പ്രേമനാണ് കേസ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.
44 സാക്ഷികളില്‍ 16 പേര്‍ വിചാരണക്കിടയില്‍ കൂറുമാറിയിരുന്നു. പ്രോസിക്യൂഷനു വേണ്ടി അഡീഷണല്‍ ഡിസ്ട്രിക്ട് ഗവ. പ്ലീഡര്‍ അഡ്വക്കേറ്റ് വി.ജെ മാത്യുവും പ്രോസിക്യൂഷനെ സഹായിക്കാന്‍ അഡ്വ. അംബികാസുതനും പ്രതികള്‍ക്ക് വേണ്ടി അഡ്വക്കേറ്റ് ജി.പി ഗോപാലകൃഷ്ണനും ഹാജരായി.