ചെന്നൈ: ദളപതി വിജയ്‌യുടെ മാസ്റ്റര്‍ ഡയറക്ട് ഒ.ടി.ടി റീലിസ് ചെയ്യുമോ ഇല്ലയോ എന്ന് ഏറെ നാളുകളായി ചര്‍ച്ച ചെയ്യുന്ന വിഷയമാണ്. നിരവധി ഊഹാപോഹങ്ങളാണ് ഇതുസംബന്ധിച്ച് ഉയര്‍ന്നുവരുന്നത്.
ഏറ്റവും ഒടുവില്‍ ചിത്രം നെറ്റ്ഫ്‌ളിക്‌സിന് നല്‍കിയെന്നും ഒ.ടി.ടി റിലീസ് ആയിരിക്കും ചിത്രമെന്നുമാണ് പുതിയ വാര്‍ത്തകള്‍. എന്നാല്‍ ഇത്തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നാണ് സിനിമയുമായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
നിലവില്‍ എല്ലാ ചിത്രങ്ങളെയും പോലെ ഡിജിറ്റല്‍ റൈറ്റാണ് വിറ്റുപോയതെന്നും ഇത് ആമസോണിനാണ് വിറ്റതെന്നുമാണ് പ്രമുഖ ട്രാക്കര്‍മാരില്‍ ഒരാളായ ശ്രീദേവി ശ്രീധര്‍ നിര്‍മ്മാതാക്കളെ ഉദ്ദരിച്ച് ട്വീറ്റ് ചെയ്തിരിക്കുന്നത്. ആമസോണ‍്‍ പ്രെെമിനാണ് റെെറ്റ് വിറ്റതെന്നും ചിത്രം തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യുമെന്നുമാണ് ഇവര്‍ പറയുന്നത്.
ഇതിന് പുറമെ കേരളത്തിലെ തിയേറ്ററുകള്‍ ജനുവരിയില്‍ തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മാസ്റ്റര്‍ പോലുള്ള ഒരു സിനിമക്കായിട്ടാണ് അവര്‍ കാത്തിരിക്കുന്നതെന്നുമാണ് പ്രമുഖ എന്റര്‍ടൈന്‍മെന്റ് കോളമെഴുത്തുകാരനും ട്രാക്കറുമായ ശ്രീധര്‍ പിള്ള ട്വീറ്റ് ചെയ്തത്.
പൊങ്കല്‍ റിലീസായി തിയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യുമെന്നും പ്രദേശിക ഡിസ്ട്രിബ്യൂട്ടര്‍മാര്‍ തിയേറ്ററുകള്‍ക്ക് ഉറപ്പ് നല്‍കിയതായും ശ്രീധര്‍പിള്ള ട്വീറ്റ് ചെയ്തിട്ടുണ്ട്.
നേരത്തെ ചിത്രത്തിന്റെ നിര്‍മ്മാതാക്കളും സംവിധായകന്‍ ലോകേഷ് കനകരാജും ചിത്രം തിയേറ്ററുകളില്‍ തന്നെ റിലീസ് ചെയ്യുമെന്ന് പറഞ്ഞിരുന്നു. കഴിഞ്ഞ ഏപ്രില്‍ മാസം റിലീസ് ചെയ്യേണ്ടിയിരുന്ന മാസ്റ്റര്‍ കൊവിഡ് ഭീഷണി മൂലം മാറ്റി വെയ്ക്കുകയായിരുന്നു.
ബോക്‌സ് ഓഫീസില്‍ വലിയ വിജയമായി തീര്‍ന്ന കൈതിയ്ക്ക് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മാസ്റ്റര്‍. ചിത്രത്തില്‍ രവിചന്ദര്‍ ശന്തനു, ഭാഗ്യരാജ്, മാളവിക മോഹനന്‍, ആന്‍ഡ്രിയ ജെറീമിയ എന്നിവര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അനിരുദ്ധാണ് ചിത്രത്തിനായി സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
വിജയും വിജയ് സേതുപതിയും ആദ്യമായാണ് ഒരുമിച്ചഭിനയിക്കുന്നത്. വിജയ്‌യുടെ 64ാമത് ചിത്രമാണിത്. ‘ദളപതി 64’ എന്ന പേരിലാണ് ചിത്രം ആഘോഷിക്കപ്പെടുന്നത്.
ചിത്രത്തില്‍ കോളേജ് പ്രൊഫസറുടെ വേഷമാണ് വിജയ് ചെയ്യുന്നത്. ദല്‍ഹി, കര്‍ണ്ണാടക, ചെന്നൈ എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണമുണ്ടായത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക