| Thursday, 5th November 2020, 8:09 pm

'എന്റെയോ സംഘടനയുടെയോ പേരോ ചിത്രമോ ഉപയോഗിച്ചാല്‍ നിയമ നടപടി'; അച്ഛന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തിനെതിരെ വിജയ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ദളപതി വിജയുടെ രാഷ്ട്രീയ പ്രവേശനം കാലങ്ങളായി ആരാധകര്‍ക്ക് ഇടയിലും മാധ്യമങ്ങളിലും ചര്‍ച്ചയാവുന്ന വിഷയമാണ്. വിജയ് രാഷ്ട്രീയത്തിലേക്ക് വരുമെന്നും എന്നാല്‍ ബി.ജെ.പിയിലേക്ക് പോകില്ലെന്നും കഴിഞ്ഞ ദിവസം വിജയ്‌യുടെ പിതാവ് എസ്.എ ചന്ദ്രശേഖര്‍ പ്രഖ്യാപിച്ചിരുന്നു.

ഇതിനിടെ ആരാധകരെ ഞെട്ടിച്ച് കൊണ്ട് വിജയ്‌യുടെ പിതാവ് എസ്.എ ചന്ദ്രശേഖര്‍ രാഷ്ട്രീയ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാനുള്ള അപേക്ഷ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കി. വിജയ്‌യുടെ ആരാധക സംഘടനയുടെ അതേ പേരാണ് രജിസ്റ്റര്‍ ചെയ്യാന്‍ വേണ്ടി നല്‍കിയിരിക്കുന്നത്.

ഓള്‍ ഇന്ത്യ ദളപതി വിജയ് മക്കള്‍ ഇയക്കം എന്ന പേരിലാണ് രാഷ്ട്രീയ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യാന്‍ നല്‍കിയത്. ഇതോടെ വിജയ് രാഷ്ട്രീയത്തിലേക്ക് എന്ന വാര്‍ത്ത പ്രചരിക്കുകയായിരുന്നു.

എന്നാല്‍ തനിക്ക് ഈ രാഷ്ട്രീയ പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ല എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് വിജയ്. ഔദ്യോഗിക പത്രക്കുറിപ്പിലൂടെയാണ് വിവരം പുറത്തുവിട്ടത്.

”എന്റെ പിതാവ് ശ്രീ. എസ്.എ. ചന്ദ്രശേഖര്‍ അവര്‍കള്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി ഇന്ന് രജിസ്റ്റര്‍ ചെയ്തതായി ഇന്ന് ഞാന്‍ മാധ്യമങ്ങളിലൂടെ കേട്ടറിഞ്ഞു. അച്ഛന്‍ പാര്‍ട്ടി ആരംഭിച്ചതിനാല്‍ പാര്‍ട്ടിയില്‍ അണി ചേരാനോ പാര്‍ട്ടിക്ക് വേണ്ടി സേവനം നടത്തുവാനോ ഞാന്‍ ആരാധകരോട് ആഹ്വാനം ചെയ്യുന്നില്ല. അച്ഛന്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന പാര്‍ട്ടിക്കും ഞാനും എന്റെ പ്രസ്ഥാനവുമായും യാതൊരു ബന്ധവുമില്ലെന്ന് ഇതിനാല്‍ ഞാന്‍ സാക്ഷ്യപ്പെടുത്തി കൊള്ളുന്നു.

എന്റെ പേരോ ചിത്രമോ എന്റെ ഓള്‍ ഇന്ത്യ വിജയ് മക്കള്‍ ഇയക്കം സംഘടനയുടെ പേരോ, ബന്ധപ്പെട്ട ഏതെങ്കിലുമോ രാഷ്ട്രീയ കാര്യത്തിനുവേണ്ടി ഉപയോഗിച്ചാല്‍ ബന്ധപ്പെട്ടവര്‍ക്കെതിരെ തക്കതായ നടപടി സ്വീകരിക്കുമെന്നും ഞാന്‍ ഇതിനാല്‍ അറിയിച്ചു കൊള്ളുന്നു.” എന്നാണ് വിജയ്‌യുടെ പ്രസ്താവന.

അതേസമയം പാര്‍ട്ടി രൂപികരിക്കുക എന്നത് തന്റെ തീരുമാനമാണെന്നാണ് എസ്.എ ചന്ദ്രശേഖര്‍ പറഞ്ഞത്. രാഷ്ട്രീയ പാര്‍ട്ടിയുടെ രജിസ്‌ട്രേഷനായി ഞാന്‍ അപേക്ഷിച്ചു. ഇത് എന്റെ സംരംഭമാണ്. ഇത് വിജയിയുടെ രാഷ്ട്രീയ പാര്‍ട്ടിയല്ല. അദ്ദേഹം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പ്രവേശിക്കുമോ എന്ന് എനിക്ക് അഭിപ്രായം പറയാന്‍ കഴിയില്ല എന്നായിരുന്നു എസ്.എ ചന്ദ്രശേഖര്‍ എന്‍.ഡി.ടി.വിയോട് പറഞ്ഞത്.

വിജയ് യുടെ അച്ഛന്‍ എസ്.എ ചന്ദ്രശേഖറിന്റെ പേരാണ് ജനറല്‍ സെക്രട്ടറിയായി നല്‍കിയിരിക്കുന്നത്. പ്രസിഡന്റായി പത്മനാഭന്‍, ട്രഷറര്‍ ആയി ശോഭ എന്നിവരുടെ പേരുകള്‍ നല്‍കിയിട്ടുണ്ട്.

നിരവധി ഘട്ടങ്ങളില്‍ വിജയ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാം എന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. നിലവില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് സമമായ ഘടനയോടെ തന്നെ പ്രവര്‍ത്തിക്കുന്ന ആരാധക സംഘമാണ് വിജയ്ക്ക് ഉള്ളത്.

90 കളില്‍ രജനികാന്തിന് തമിഴ്‌നാട്ടില്‍ ഉണ്ടായിരുന്ന സ്വാധീനത്തിന് സമമാണ് വിജയ്ക്ക് ഇന്ന് തമിഴ്‌നാട്ടില്‍ ഉള്ളത്.നേരത്തെ മെര്‍സല്‍ എന്ന സിനിമയില്‍ കേന്ദ്രസര്‍ക്കാരിന്റെ ജി.എസ്.ടിയേയും മറ്റ് സാമ്പത്തിക പരിഷ്‌കാരങ്ങളേയും വിജയ് വിമര്‍ശിച്ചിരുന്നു.

തന്റെ കഴിഞ്ഞ മൂന്ന് സിനിമകളുടെ ഓഡിയോ ലോഞ്ചിലും വിജയ് കൃത്യമായ രാഷ്ട്രീയം മുന്നോട്ടുവെച്ചിരുന്നു. താന്‍ മുഖ്യമന്ത്രിയായാല്‍ ആ സ്ഥാനത്തിരുന്ന് അഭിനയം നടത്തില്ല. എന്റെ ജോലി സത്യസന്ധമായി ചെയ്യും എന്നായിരുന്നു ഒരു വേദിയില്‍ വിജയ് തുറന്നടിച്ചത്.

ഇതിന് പിന്നാലെ വിജയ്ക്കെതിരെ ആദായ നികുതി വകുപ്പിന്റെ അന്വേഷണവും റെയ്ഡും ഉണ്ടായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Thalapthy Vijay opposes his father’s political party declaration

We use cookies to give you the best possible experience. Learn more