തമിഴ്‌നാട്ടില്‍ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തിയ തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ വിജയ് യെ വളഞ്ഞ് മാധ്യമങ്ങളും ആരാധകരും. താരത്തിന്റെ ഫോട്ടോയും വീഡിയോയും എടുക്കാനായി മാധ്യമങ്ങളുള്‍പ്പെടെയുള്ള കൂട്ടം തിങ്ങിക്കൂടിയതോടെ മറ്റ് ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഉടന്‍ തന്നെ വിജയ് കൈകൂപ്പി ക്ഷമ ചോദിക്കുകയായിരുന്നു.
വിജയ് ക്ഷമ ചോദിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. വോട്ട് ചെയ്യുന്ന വിജയ്‌യുടെ ചിത്രങ്ങളും ധാരാളം ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്. വിജയ്യുടെ ഫാന്‍സ് അസോസിയേഷനും ‘വിജയ് മക്കള്‍ ഇയക്കം’ എന്ന പേരില്‍ ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്.
നേരത്തെ താരത്തിന്റെ പിതാവും സംവിധായകനുമായ എസ്.എ. ചന്ദ്രശേഖര്‍ ‘ഓള്‍ ഇന്ത്യ ദളപതി വിജയ് മക്കള്‍ ഇയക്കം’ എന്ന പേരില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചിരുന്നു. വിജയ്‌യുടെ മാതാപിതാക്കള്‍ തന്നെയായിരുന്നു പാര്‍ട്ടിയുടെ തലപ്പത്തുണ്ടായിരുന്നത്. എന്നാല്‍ തന്റെ പേരില്‍ പാര്‍ട്ടി രൂപീകരിച്ചതിനെതിരെ വിജയ് കേസ് ഫയല്‍ ചെയ്തതോടെ പാര്‍ട്ടി പിരിച്ചുവിടുകയായിരുന്നു.
അതിനു ശേഷം ആദ്യമായിട്ടാണ് തന്റെ ആരാധക കൂട്ടായ്മയ്ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിജയ് അനുമതി നല്‍കിയത്.
‘ബീസ്റ്റ്’ ആണ് ഇനി റിലീസ് ചെയ്യാനിരിക്കുന്ന വിജയ് ചിത്രം. നെല്‍സണ്‍ ദിലീപ്കുമാറിന്റെ സംവിധാനത്തില്‍ ഇറങ്ങുന്ന സിനിമയില്‍ പൂജ ഹെഗ്‌ഡേയാണ് നായിക.
ഫെബ്രുവരി 14 ന് പുറത്തിറങ്ങിയ ചിത്രത്തിലെ ആദ്യഗാനമായ ‘അറബിക് കുത്ത്’ യൂട്യൂബ് ഇന്ത്യയില്‍ ട്രെന്‍ഡിംഗ് 2വില്‍ തുടരുകയാണ്. 53 മില്യണ്‍ കാഴ്ചക്കാരാണ് ഇതുവരെ പാട്ട് കണ്ടത്. ഏപ്രില്‍ 14നാണ് ചിത്രത്തിന്റെ റിലീസ്.
Content Highlight: thalapathy-vijay-apologises-causing-inconvenience-heavy-crowd-he-casts-vote-chennai-elections