തമിഴ് സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് ദളപതി 69. വിജയ് എന്ന നടന്‍ മുഴുവന്‍സമയ രാഷ്ട്രീയപ്രവര്‍ത്തനത്തിനായി ഇറങ്ങുന്നതിന് മുമ്പ് തിയേറ്ററിലെത്താന്‍ പോകുന്ന ചിത്രമാണ് ദളപതി 69. സതുരംഗ വേട്ടൈ, തീരന്‍, വലിമൈ, തുനിവ് എന്നീ ചിത്രങ്ങളൊരുക്കിയ എച്ച്. വിനോദാണ് ചിത്രം സംവിധാനം ചെയ്തത്.
ഫെയര്‍വെല്‍ ചിത്രം പൊളിറ്റിക്കല്‍ ത്രില്ലറാകുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. കന്നഡയിലെ മുന്‍നിര പ്രൊഡക്ഷന്‍ ഹൗസുകളിലൊന്നായ കെ.വി.എന്‍. പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ കാസ്റ്റ് അപ്‌ഡേറ്റുകള്‍ കഴിഞ്ഞ മൂന്ന് ദിവസമായി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിടുകയാണ്.
തമിഴിന് പുറമെ മലയാളം, തെലുങ്ക്, ഹിന്ദി ഇന്‍ഡസ്ട്രിയിലെ മുന്‍നിര താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. അനിമല്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്ക് തിരിച്ചെത്തിയ ബോബി ഡിയോളാണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്. ബോബിയുടെ രണ്ടാമത്തെ തമിഴ് ചിത്രമാണ് ദളപതി 69. സൂര്യ നായകനാകുന്ന കങ്കുവയിലൂടെയാണ് ബോബി തമിഴില്‍ അരങ്ങേറിയത്.
സൗത്ത് ഇന്ത്യന്‍ സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന പൂജ ഹെഗ്‌ഡേയാണ് വിജയ്‌യുടെ നായികയായി എത്തുന്നത്. ബീസ്റ്റിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ദളപതി 69. പ്രേമലു എന്ന ചിത്രത്തിലൂടെ സൗത്ത് ഇന്ത്യന്‍ സെന്‍സേഷണലായി മാറിയ മമിത ബൈജുവും ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഔദ്യോഗിക പ്രഖ്യാപനം വരുന്നതിന് മുമ്പ് തന്നെ മമിതയുടെ പേര് ഉയര്‍ന്നുകേട്ടിരുന്നു. തമിഴിലെ മികച്ച നടിമാരില്‍ ഒരാളായ പ്രിയാമണിയും ദളപതി 69ന്റെ ഭാഗമാകുന്നുണ്ട്.
സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോനും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. വിജയ് ആരാധകരെപ്പോലും ഞെട്ടിച്ച കാസ്റ്റ് റിവീല്‍ ജി.വി.എമ്മിന്റേതാണെന്ന് പറയാം. മലയാളി താരം നരേനും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. പ്രകാശ് രാജും ചിത്രത്തില്‍ മറ്റൊരു ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഗില്ലി, ആദി, പോക്കിരി, വില്ല്, വാരിസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഇരുവരും ദളപതി 69ല്‍ വീണ്ടും കൈകോര്‍ക്കുകയാണ്.
അനിരുദ്ധാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത്. ചിത്രത്തിന്റെ മറ്റ് അണിയറപ്രവര്‍ത്തകരെ പിന്നാലെ അറിയിക്കും. അതേസമയം ഏറ്റവുമൊടുവില്‍ തിയേറ്ററുകളിലെത്തിയ വിജയ് ചിത്രം ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം തമിഴ്‌നാട്ടില്‍ ഗംഭീര കളക്ഷനാണ് നേടിയത്. വെങ്കട് പ്രഭു സംവിധാനം ചെയ്ത ചിത്രത്തില്‍ വിജയ് ഇരട്ടവേഷത്തിലായിരുന്നു അവതരിച്ചത്. വേള്‍ഡ് വൈഡായി 500 കോടിയോളം നേടിയ ചിത്രത്തിന് കേരളത്തില്‍ സമ്മിശ്രപ്രതികരണമാണ് ലഭിച്ചത്.