ലക്‌നൗ: യു.പിയില്‍ സവര്‍ണ്ണ ജാതിയുടെ പേര് പതിപ്പിച്ച ചെരുപ്പ് വിറ്റ കേസില്‍ മുസ്‌ലിം യുവാവിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തത് വാര്‍ത്തയായിരുന്നു. തീവ്രഹിന്ദുസംഘടന നേതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് താക്കൂര്‍ പേര് പതിപ്പിച്ച ചെരിപ്പുകള്‍ വിറ്റതിന് നസീര്‍ എന്ന യുവാവിനെതിരെ കേസെടുത്തത്. നസീറിനെതിരെ ഐ.പി.സി 153എ, 323 , 504 വകുപ്പുകള്‍ പ്രകാരമാണ് കേസ്.
കഴിഞ്ഞ 60 കൊല്ലമായി വിപണിയിലുള്ള ബ്രാന്‍ഡാണ് താക്കൂര്‍ ഫുട്‌വെയര്‍ കമ്പനി നിര്‍മ്മിക്കുന്ന താക്കൂര്‍ ചെരിപ്പുകള്‍. ഇത് തെരുവില്‍ വിറ്റ ചെറുകിട കച്ചവടക്കാരനായിരുന്നു നസീര്‍.
താന്‍ ചെരിപ്പ് വില്‍ക്കുക മാത്രമായിരുന്നുവെന്നും കുറ്റം ചെരുപ്പുണ്ടാക്കിയവരുടെയാണെന്നും ഇദ്ദേഹം പൊലീസിനോട് പറഞ്ഞെങ്കിലും അവര്‍ കേള്‍ക്കാന്‍ തയ്യാറായില്ലെന്നാണ് പ്രധാന ആരോപണം.
അതേസമയം പൊലീസ് തന്നോടൊന്നും ചോദിച്ചിട്ടില്ലെന്നാണ് കമ്പനിയുടെ ഉടമ നരേന്ദ്ര ത്രിലോകാനി പറയുന്നത്. ഇദ്ദേഹത്തിന്റെ മുത്തച്ഛന്‍ താക്കൂര്‍ദാസ് ത്രിലോകാനി സ്ഥാപിച്ചതാണ് ഈ ചെരുപ്പ് കമ്പനി. ആഗ്ര ആസ്ഥാനമാക്കിയാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. ഫ്‌ളിപ്പ്കാര്‍ട്ട്, സ്നാപ്ഡീല്‍ തുടങ്ങി എല്ലാ ഓണ്‍ലൈന്‍ സൈറ്റുകളിലും ഇത് വാങ്ങാനും കിട്ടും.
ഒരു മാസം ഏകദേശം 10000 ചെരുപ്പുകളാണ് കമ്പനിയില്‍ നിര്‍മ്മിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം തങ്ങളുടെത് ഒരു രജിസ്റ്റേര്‍ഡ് കമ്പനി ആണെന്നും പേരിനുമേല്‍ തങ്ങള്‍ക്ക് പകര്‍പ്പവകാശമുണ്ടെന്നും ത്രിലോകാനി പറഞ്ഞു. രാഷ്ട്രീയ സമ്മര്‍ദ്ദത്തിനു മുന്നില്‍ പേര് മാറ്റാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് താക്കൂര്‍ ചെരിപ്പുകള്‍ വില്‍ക്കുന്നുവെന്നാരോപിച്ച പരാതിയില്‍ നസീറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മതസ്പര്‍ധയുണ്ടാക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചു, പൊതുസമാധാനത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചു എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് നസീറിനെതിരെ കേസെടുത്തത്.
ബുലന്ദ്ശഹര്‍ നഗരത്തിലെ തെരുവില്‍ ഷൂ വില്‍പ്പന നടത്തുന്നയാളാണ് നസീര്‍. തിങ്കളാഴ്ച വൈകുന്നേരത്തോടെ ഇവിടെയെത്തിയ ചിലര്‍ അദ്ദേഹത്തോട് ഷൂ വില്‍ക്കാന്‍ പാടില്ലെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.
താക്കൂര്‍ എന്നത് ഉയര്‍ന്നജാതിയാണെന്നും മുസ്ലിമായ നിങ്ങള്‍ ഇത് വില്‍ക്കാന്‍ പാടില്ലെന്നും ചിലര്‍ നസീറിനോട് പറയുന്ന വീഡിയോ ആണ് ട്വിറ്ററില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: Up Police Detain Muslim Vendor