| Wednesday, 17th July 2019, 9:53 am

അവിവാഹിതരായ യുവതികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന് ഠാക്കൂര്‍ സമുദായം; പിന്തുണച്ച് കോണ്‍ഗ്രസ് എം.എല്‍.എയും

ഡൂള്‍ന്യൂസ് ഡെസ്‌ക്

അഹമ്മദാബാദ്: അവിവാഹിതരായ യുവതികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന് ഗുജറാത്തിലെ ബനാസ്‌കാണ്ഡാ ജില്ലയിലെ ഠാക്കൂര്‍ സമുദായം. ഞായറാഴ്ച സമുദായംഗങ്ങള്‍ ചേര്‍ന്ന യോഗത്തിലാണ് വിചിത്രമായ തീരുമാനം കൈക്കൊണ്ടത്.

സമുദായത്തിന് പുറത്തുനിന്ന് വിവാഹം കഴിക്കുന്ന ചെറുപ്പക്കാരുടെ മാതാപിതാക്കള്‍ക്ക് പിഴ ചുമത്താനും സമുദായത്തിലെ മുതിര്‍ന്ന അംഗങ്ങള്‍ ചേര്‍ന്ന് പുറപ്പെടുവിച്ച ഉത്തരവില്‍ നിര്‍ദേശിക്കുന്നു.

അവിവാഹിതകളായ സ്ത്രീകള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കരുത്. ഇവരുടെ പക്കല്‍നിന്ന് മൊബൈല്‍ ഫോണുകള്‍ കണ്ടെത്തുന്നത് കുറ്റകരമാണ്. മാതാപിതാക്കളെ ഉത്തരവാദികളാക്കി 1.50 ലക്ഷം പിഴ ഈടാക്കാനും നിര്‍ദ്ദേശമുണ്ട്.

കൂടാതെ സമുദായത്തിന് പുറത്തുനിന്ന് വിവാഹം കഴിക്കുന്ന ചെറുപ്പക്കാരുടെ മാതാപിതാക്കള്‍ക്ക് ഒന്നരലക്ഷം മുതല്‍ രണ്ടുലക്ഷം വരെ പിഴ ഈടാക്കാനും സമുദായത്തിലെ മുതിര്‍ന്ന നേതാക്കള്‍ പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കുന്നു.

ജില്ലയിലെ 12 ഗ്രാമങ്ങളില്‍നിന്നുള്ള 14 മുഖ്യന്മാര്‍ ചേര്‍ന്ന് ജൂലൈ 14 ന് ദന്തിവാഡാ താലൂക്കില്‍ ചേര്‍ന്ന യോഗത്തിലാണ് ഉത്തരവ്‌ പുറപ്പെടുവിച്ചിരിക്കുന്നതെന്ന് സമുദായ നേതാക്കളില്‍ ഒരാളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

‘ഞായറാഴ്ച ഞങ്ങള്‍ ഒരു യോഗം ചേര്‍ന്നിരുന്നു. വിവാഹങ്ങളില്‍ ഡി.ജെ പാര്‍ട്ടിയും പടക്കം പൊട്ടിക്കുന്നതും ഒഴിവാക്കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇത് അമിതമായ ചെലവുണ്ടാക്കുന്നുണ്ട്. ‘- ജില്ലാ പഞ്ചായത്തംഗമായ ജയന്തിഭായ് ഠാക്കൂര്‍ പറഞ്ഞു.

അവിവാഹിതരായ യുവതികളുടെ മൊബൈല്‍ ഉപയോഗത്തെക്കുറിച്ചും ശിക്ഷാനടപടിയെക്കുറിച്ചും കഴിഞ്ഞ യോഗത്തില്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും 10 ദിവസത്തിന് ശേഷം ചേരുന്ന യോഗത്തില്‍ ഇത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പെണ്‍കുട്ടികളെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതില്‍നിന്ന് വിലക്കാനുള്ള നീക്കത്തില്‍ തെറ്റൊന്നുമില്ലെന്ന് കോണ്‍ഗ്രസ് എം.എല്‍.എ ഗാനിബെന്‍ ഠാക്കൂര്‍ പറഞ്ഞു. പെണ്‍കുട്ടികള്‍ സാങ്കേതികവിദ്യയില്‍നിന്ന് ദൂരംപാലിക്കണമെന്നും കൂടുതല്‍ സമയം പഠനത്തിനു വേണ്ടി ചിലവഴിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more