ഓര്‍മ്മ / സുനില്‍ കൃഷ്ണന്‍
ഈ നഗരത്തെ ഇഷ്ടപ്പെടാതെ പോകുന്നവര്‍ ആരുമുണ്ടാകില്ല. ഭാഷ, ദേശം, വേഷം, ജാതി, മതങ്ങള്‍ക്കതീതമായി എത്രയോ ലക്ഷക്കണക്കിനു ഭാരതീയര്‍ സ്വന്തം ജീവിതം കണ്ടെത്തിയ നഗരം. പണക്കാരനേയും പാവപ്പെട്ടവനേയും ഒരു പോലെ സ്വീകരിക്കുന്ന നഗരം. പത്തു രൂപ കൈയിലുള്ളവനും പതിനായിരം കൈയിലുള്ളവനും ഒരു പോലെ ആഹാരം ലഭിക്കുന്ന നഗരം..
ഇന്ത്യയിലെ ഏത് ഗ്രാമത്തില്‍ നിന്നും ഒരാളെങ്കിലും മുംബൈ നഗരത്തിലുണ്ടാവുമെന്ന് പറഞ്ഞാല്‍ അതൊരു അതിശയോക്തിയാവില്ല.. തിരുവനന്തപുരം നഗരത്തിലുള്ളതിനേക്കാള്‍ മലയാളികള്‍ മുംബൈയില്‍ ജീവിതമാര്‍ഗം തേടുന്നു.[]
1992 ഡിസംബര്‍ 6
അന്ന് ഞാന്‍ മുബൈ യൂനിവേഴ്‌സിറ്റിയിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്. മാട്ടുംഗയിലെ യൂനിവേഴ്‌സിറ്റി കേമ്പസിലെ തന്നെ ഹോസ്റ്റലില്‍ മുംബൈ ജീവിതത്തിന്റെ എല്ലാ രസങ്ങളും അനുഭവിച്ചുള്ള വിദ്യാര്‍ത്ഥി ജീവിതം.
ഡിസംബര്‍ 6 ഒരു ഞായറാഴ്ചയായിരുന്നു. അടുത്തു തന്നെ ക്രിസ്തുമസ് അവധിക്കാലം തുടങ്ങുകയായി. മലയാളികളായി എന്റെ ബാച്ചില്‍ 13 പേര്‍ കൂടി ഉണ്ടായിരുന്നു. കൂടാതെ ആ വര്‍ഷം ജൂനിയറായി വന്ന കുട്ടികളും. എല്ലാവരും നാട്ടില്‍ പോകാനുള്ള ഒരുക്കത്തിലുമാണു.
ജനുവരിയിലേ ഇനി ക്ലാസു തുടങ്ങൂ… മൊബൈലും ഇന്റ്റര്‍നെറ്റും ഒന്നും ഇല്ലാതിരുന്ന അക്കാലത്ത് നാട് എല്ലാവര്‍ക്കും ഗൃഹാതുരത്വം തന്നെയായിരുന്നു. മൂന്നു ദിവസം ട്രയിനിലിരുന്നാല്‍ മാത്രമേ നാട്ടിലെത്തിച്ചേരൂ..
അന്നേ ദിവസം ഞങ്ങള്‍ ഒരു പിക്‌നിക് പ്ലാന്‍ ചെയ്തു. മുംബൈയില്‍ “ഗേറ്റ് വേ ഓഫ് ഇന്ത്യ”യില്‍ നിന്നും 1 മണിക്കൂര്‍ ബോട്ടില്‍ യാത്ര ചെയ്ത് എത്താവുന്ന “എലിഫന്റാ കേവ്‌സ്”ലേക്കായിരുന്നു യാത്ര.
അന്ന് യാത്രാമധ്യേ കലാകൗമുദി പത്രം വായിക്കുമ്പോഴാണു തലേന്ന് മോനിഷ വാഹനാപകടത്തില്‍ മരിച്ച വിവരം അറിയുന്നത്. മോനിഷയുടെ ആരാധകരായിരുന്നവര്‍ സങ്കടത്തിലായി. അങ്ങനെ പിക്‌നിക് കഴിഞ്ഞ് വൈകിട്ട് ഹോസ്റ്റലില്‍ മടങ്ങിയെത്തുമ്പോള്‍ മറ്റൊരു പ്രധാന ദുരന്ത വാര്‍ത്ത ഞങ്ങള്‍ അറിഞ്ഞു.
“ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടിരിക്കുന്നു”…
ഞങ്ങളില്‍ ചിലര്‍ ദു:ഖിതരായി. പ്രത്യേകിച്ച് കേരളത്തില്‍ നിന്ന് വന്നവര്‍. മലയാളികളായ ഞങ്ങള്‍ക്കിടയില്‍ ഒരു മൗനം വന്നു ചേര്‍ന്നു… ഞങ്ങളില്‍ കൂടുതല്‍ പേരും നാട്ടിലെ കോളേജ് ജീവിതത്തില്‍ ഇടതു രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവരായിരുന്നു.
അക്കാലത്തെ രാഷ്ട്രീയ സംഭവ വികാസങ്ങള്‍ ഓരോരുത്തരും ഒരിക്കല്‍ക്കൂടി പങ്കുവെച്ചു. 1989 ലെ തിരഞ്ഞെടുപ്പില്‍ ആദ്യമായി വോട്ടു ചെയ്തത്, അദ്വാനിയുടെ രഥയാത്ര.. രാജീവ ഗാന്ധി അയോധ്യയില്‍ കര്‍സേവ അനുവദിച്ചത്, പിന്നീട് രാജീവ് ഗാന്ധിയുടെ മരണം… ഇതെവിടെ അവസാനിക്കും എന്ന് പലരും ആശങ്കപ്പെട്ടു.
കടകള്‍ തുറക്കുന്നില്ല. റോഡിലിറങ്ങാന്‍ ജനങ്ങള്‍ ഭയപ്പെടുന്നു. ഏതു പാതിരാത്രിയിലും ഉറങ്ങാത്ത മുംബൈ നഗരത്തില്‍ മരണ വീട്ടിലെ നിശ്ചലത
എന്നാല്‍ ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതില്‍ അതിയായി സന്തോഷിക്കുന്ന പലരും അവിടെയുണ്ടായിരുന്നു. കേരളത്തില്‍ നിന്ന് വന്ന ഞങ്ങള്‍ക്ക് അക്കാലത്ത് അപരിചിതമായിരുന്ന ഒരു വര്‍ഗീയ മുഖം മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്ന പലരിലും കണ്ടു.
ഇന്ത്യയുടെ ചരിത്രത്തെ തന്നെ രണ്ടായി കീറി മുറിച്ച ഒരു ദിവസമാണ് കഴിഞ്ഞു പോയതെന്ന് അന്ന് അത്ര ചിന്തിക്കാനായിരുന്നില്ല. എന്നാല്‍ മുംബൈ അടക്കം പല നഗരങ്ങളിലും അശാന്തിയുടെ വിത്തുകള്‍ പാകിയ സംഭവമായിരുന്നു ബാബറി മസ്ജിദ് തകര്‍ച്ച.
അധോലോക നായകന്മാര്‍ അടക്കി വാഴുമ്പോളും സാധാരണക്കാരനെ സംബന്ധിച്ചിടത്തോളെം എന്നും ശാന്തമായിരുന്ന മുംബൈ (അന്നത്തെ ബോംബെ). എന്നാല്‍ മസ്ജിദിന്റെ തകര്‍ച്ചയോടെ നഗരം വളരെ പെട്ടെന്ന് കലാപത്തിലേക്ക് വഴുതി വീണു.
ഡിസംബര്‍ 6 ന്റെ പിറ്റേന്ന് തന്നെ മുംബൈയില്‍ അശാന്തിയുടെ വിത്തുകള്‍ മുളച്ചു തുടങ്ങിയിരുന്നു. അങ്ങിങ്ങ് അക്രമവും കലാപവുമൊക്കെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. സംഘര്‍ഷങ്ങള്‍ ഏറി വന്നു. ഞങ്ങള്‍ അതിനിടെ നാട്ടിലേക്ക് പോരുകയും ചെയ്തു.
നാട്ടിലുള്ള സമയത്ത് പത്രങ്ങളില്‍ കൂടി മുംബൈയിലെ വിവരങ്ങള്‍ അറിഞ്ഞു. നഗരം മുഴുവന്‍ കലാപം ആളിപ്പടരുന്നു എന്നറിഞ്ഞു. ശിവസേനയായിരുന്നു മുസ്ലീം വിരുദ്ധ കലാപങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്.
സായാഹ്നങ്ങളില്‍ ഞങ്ങള്‍ നടക്കാന്‍ പോകുമായിരുന്ന സ്ഥലങ്ങള്‍, സിനിമ കാണാന്‍ കറങ്ങിയിരുന്ന നഗരപ്രാന്തങ്ങള്‍ എല്ലാം കലാപത്തീയില്‍ എരിഞ്ഞമര്‍ന്നതറിഞ്ഞ് വല്ലാത്ത ദു:ഖവും ഭീതിയുമുണ്ടായി.
മുംബൈയിലേക്ക് തിരികെ പോകേണ്ട ദിവസം വന്നു. അന്ന് കോട്ടയം റയില്‍വേ സ്‌റ്റേഷനില്‍ കൂട്ടുകാരെല്ലാം വന്നിരുന്നു. മുംബൈയില്‍ സ്ഥിതി വളരെ മോശമാണെന്നും ഈ സമയത്ത് അങ്ങോട്ട് പോകാതിരിക്കുന്നതാണു നല്ലതെന്നും എല്ലാവരും അഭിപ്രായപ്പെട്ടു. തുടര്‍ന്ന് അവിടെ വച്ചു തന്നെ യാത്ര ക്യാന്‍സല്‍ ചെയ്തു..
ഒരാഴ്ച കൂടി കഴിഞ്ഞ് പോകാം എന്ന തീരുമാനത്തില്‍ ടിക്കറ്റ് മാറ്റി ബുക്ക് ചെയ്ത് എല്ലാവരും വീട്ടിലേക്ക് മടങ്ങി. കോളേജ് തുറക്കുന്നത് ഒരാഴ്ച നീട്ടി വയ്ക്കുകയും ചെയ്തിരുന്നു.
ഒരാഴ്ച കഴിഞ്ഞ് സ്ഥിതിഗതികള്‍ അല്പമൊന്നു ശാന്തമായെന്ന് തോന്നിയപ്പോള്‍ ഞങ്ങള്‍ മുംബൈയിലേക്ക് പോയി. ദാദറില്‍ നിന്ന് അധികം ദൂരത്തിലല്ലായിരുന്നു ഹോസ്റ്റല്‍. അതുകൊണ്ട് തന്നെ സിറ്റിയില്‍ അധികം യാത്ര ചെയ്യേണ്ടി വന്നില്ല.
അവിടെ ചെന്ന് കഴിഞ്ഞപ്പോഴാണു സ്ഥിതിഗതികളുടെ ഭീകരത മനസ്സിലാവുന്നത്. കടകള്‍ തുറക്കുന്നില്ല. റോഡിലിറങ്ങാന്‍ ജനങ്ങള്‍ ഭയപ്പെടുന്നു. ഏതു പാതിരാത്രിയിലും ഉറങ്ങാത്ത മുംബൈ നഗരത്തില്‍ മരണ വീട്ടിലെ നിശ്ചലത.
ആ അവധിക്കാലത്ത് നാട്ടില്‍ പോവാതെ ഹോസ്റ്റലില്‍ കഴിഞ്ഞിരുന്ന ഞങ്ങളുടെ സുഹൃത്തുക്കള്‍ അവരനുഭവിച്ച കഷ്ടപ്പാടുകള്‍ പറഞ്ഞു. അവധിക്കാലങ്ങളില്‍ സാധാരണ ഹോസ്റ്റലില്‍ ഭക്ഷണം ലഭിക്കില്ല. കലാപം കാരണം വെളിയില്‍ കടകള്‍ ഒന്നും തുറക്കുന്നില്ല. മുംബൈയിലെ പ്രധാന ആഹാരമായ ബ്രഡും പാവും ഒന്നും കിട്ടാനില്ല. ഒരു പായ്ക്കറ്റ് ബ്രഡ് മാത്രം കൈയില്‍ വച്ച് രണ്ടും മൂന്നും ദിവസങ്ങള്‍ തള്ളിനീക്കിയവര്‍.
ശിവസേനയുടെ മുഖപത്രമായ “സാമ്‌ന”യില്‍ ജനുവരി ഒന്നിന് ബാല്‍ താക്കറെ എഴുതിയ ലേഖനമാണു കലാപം വീണ്ടും ആളിക്കത്തിച്ചത്. “ഹിന്ദുക്കള്‍ കൂടുതല്‍ ശക്തി കാണിക്കണം” എന്ന തലക്കെട്ടില്‍ വന്ന ആ ലേഖനത്തില്‍ പരസ്യമായി അക്രമത്തിനു ആഹ്വാനം ചെയ്യുകയാണുണ്ടായത്.
മുസ്ലീങ്ങള്‍ അര്‍ബുദം പോലെ പടരുകയാണെന്നും അവരെ നേരിടണമെന്നുമായിരുന്നു താക്കറെയുടെ വാദം. ബംഗ്ലാദേശില്‍ നിന്നുള്ള മുസ്ലിങ്ങള്‍ ഇന്ത്യയെ അപകടത്തിലാക്കുന്നുവെന്നും അവരെ തിരിച്ചയക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സൗഹൃദങ്ങള്‍ ജാതിക്കും മതത്തിനും വഴിമാറി. മനുഷ്യ രക്തം തെരുവുകളില്‍ ചാലു കീറി…! പിന്നീടൊരിക്കലും മുംബൈ നഗരം പഴയപോലെ ആയിട്ടില്ല, ഇന്നും
ഹിന്ദുക്കളോട് തിരിച്ചടിക്കാനായി ആഹ്വാനം ചെയ്ത ഈ മനുഷ്യനെതിരെ അവസാന കാലം വരെ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥിതി ഒരു ചെറുവിരല്‍ പോലുമനക്കിയില്ലെന്നുള്ളത് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ദുരന്തമായിട്ട് ചരിത്രം രേഖപ്പെടുത്തും.
ഏതാണ്ട് ആയിരത്തോളം ആളുകള്‍ മുംബൈയില്‍ മാത്രം കലാപങ്ങളില്‍ ജീവന്‍ വെടിഞ്ഞു. ഭീതിയുടെ നാളുകള്‍ ആയിരുന്നു അവ. ഒരിക്കലും ഉറങ്ങാത്ത മുംബൈ നഗരത്തിലെ കടകമ്പോളങ്ങള്‍ അടഞ്ഞു കിടന്നു. പലയിടത്തും അക്രമങ്ങള്‍ അരങ്ങേറി.
ഞങ്ങള്‍ ചെല്ലുന്ന സമയം ആയപ്പോഴേക്കും അക്രമങ്ങള്‍ അടിച്ചമര്‍ത്തിയെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടായിരുന്നെങ്കിലും യാഥാര്‍ത്ഥ്യം മറ്റൊന്നായിരുന്നു.
ഞങ്ങളുടെ ഹോസ്റ്റലിന്റെ പുറകുവശത്തെ ജനലിലൂടെ നോക്കിയാല്‍ ദൂരെ “ആന്റോപ് ഹില്‍” കാണാം. അതിനു മുന്നില്‍ വഡാലയിലെ ചേരി പ്രദേശങ്ങള്‍. അതിനും മുന്നില്‍ റയില്‍വേയുടെ “ഹാര്‍ബര്‍ ലൈന്‍”.
ഒരു ദിവസം പെട്ടെന്ന് ഹോസ്റ്റലിനും പുറകില്‍ നിന്ന് വെടിയൊച്ചകള്‍ കേട്ട് എല്ലാവരും ഞെട്ടിത്തരിച്ചു. ജനലിലൂടെ നോക്കുമ്പോള്‍ ദൂരെ ആന്റോപ് ഹില്ലിനു മുന്നിലെ ചേരിപ്രദേശത്തെ വെളിമ്പ്രദേശത്ത് അക്രമം നടക്കുന്നു.
ഇരു വിഭാഗം ആള്‍ക്കാര്‍ തമ്മില്‍ അക്രമവും കയ്യാങ്കളിയും. സ്ഥലത്തെത്തിയ പോലീസ് തുരു തുരെ വെടി വെക്കുന്നു. ആരൊക്കെയോ വീഴുന്നു… മനസ്സ് മരവിച്ചു പോയ ദിനങ്ങള്‍… ഹോസ്റ്റലില്‍ നിന്ന് വെളിയിലിറങ്ങാതെ കഴിച്ചു കൂട്ടി. സൗഹൃദങ്ങള്‍ ജാതിക്കും മതത്തിനും വഴിമാറി. മനുഷ്യ രക്തം തെരുവുകളില്‍ ചാലു കീറി…! പിന്നീടൊരിക്കലും മുംബൈ നഗരം പഴയപോലെ ആയിട്ടില്ല, ഇന്നും.
മുംബൈ നഗരത്തെ രണ്ടായി കീറി മുറിച്ചു പോകുന്ന സെന്‍ട്രല്‍ ലൈനും വെസ്‌റ്റേണ്‍ ലൈനും മുംബൈയുടെ ജീവനാഡിയാണ്. ആയിരക്കണക്കിനു ജനങ്ങള്‍ ദിവസവും ലോക്കല്‍ ട്രയിനുകളില്‍ സഞ്ചരിക്കുന്നു, ഏകോദര സഹോദരങ്ങളെപ്പോലെ. അവരെല്ലാം പരസ്പരം സംശയത്തോടെ നോക്കാന്‍ തുടങ്ങിയത് ശിവസേനയുടെ വരവോടെയാണ്.
എഴുപതുകളിലെ “മണ്ണിന്റെ മക്കള്‍ വാദം” അതിനു തുടക്കം കുറിച്ചു. മറാത്തിക്കാരന്‍ “മദ്രാസി”യെ സംശത്തോടെ നോക്കാന്‍ തുടങ്ങി. ഒരു കാലത്ത് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് നല്ല വേരോട്ടമുണ്ടായിരുന്ന അന്നത്തെ “ബോംബെ” നഗരത്തെ വര്‍ഗീയമായും ഭാഷാപരമായും വേര്‍തിരിവുണ്ടാക്കാന്‍ ശിവസേന ഒട്ടൊന്നുമല്ല “സഹായം” ചെയ്തത്.
ആയിരക്കണക്കിനു ആള്‍ക്കാര്‍ കൊല്ലപ്പെട്ട മുംബൈ കലാപം സംബന്ധിച്ച് ശ്രീകൃഷ്ണ കമ്മീഷന്‍ കുറ്റക്കാരായി കണ്ടെത്തപ്പെട്ട ബാല്‍താക്കറേയും കൂട്ടരും അവസാന കാലം വരെ രാജകീയ പ്രൌഡിയോടെ മുംബൈ നഗരത്തില്‍ കഴിഞ്ഞുവെന്നത് കാണുക.
വന്‍ നഗരങ്ങളിലെ ബോംബ് സ്‌ഫോടനങ്ങള്‍ക്ക് തുടക്കം കുറിച്ചത് മുംബൈ നഗരത്തിലാണ്. മുംബൈ കലാപത്തിനു പ്രതികാരം ചെയ്യാനെന്ന പേരില്‍ തീവ്രവാദികള്‍ ആവിഷ്‌കരിച്ച പദ്ധതിയുടെ ഭാഗമായി മുംബൈ നഗരം ആദ്യമായി ബോംബ് സ്‌ഫോടനങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചത് അതിനടുത്ത മാര്‍ച്ചിലാണ്. സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലും എയര്‍ ഇന്‍ഡ്യാ കെട്ടിടത്തിലും പാസ്‌പോര്‍ട്ട് ഓഫീസിലും ഒക്കെ യായി നടന്ന ബോബ്‌സ്‌ഫോടന പരമ്പരക്കാലവും മറക്കാനാവുന്നില്ല.
അന്ന് വര്‍ളി പാസ്‌പോര്‍ട്ട് ഓഫീസില്‍ ഉണ്ടായ ബോംബ് സ്‌ഫോടനത്തിന്റെ ശബ്ദം ഞങ്ങളുടെ ഹോസ്റ്റല്‍ ഇരിക്കുന്ന മാട്ടുംഗ വരെ മുഴങ്ങിക്കേട്ടു. അതിനുശേഷം ഭീതിയില്‍ മുങ്ങിയ ഒരു കാലമായിരുന്നു. വെളിയില്‍ ഒരിടത്തും പോകാന്‍ കഴിയാതിരുന്നകാലം. ബോംബ് സ്‌ഫോടനങ്ങളെ തുടര്‍ന്നും ശിവസേനയുടെ അക്രമം നഗരത്തിലെങ്ങുമുണ്ടായി.
കാലമെത്ര കഴിഞ്ഞിരിക്കുന്നു. എങ്കിലും ഇന്നലത്തെ പോലെ 20 വര്‍ഷങ്ങള്‍ക്ക് ശേഷവും മുംബൈ കലാപത്തിന്റെ ഓര്‍മ്മകള്‍ കെടാതെ നില്‍ക്കുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു കാലഘട്ടത്തിലെ മായ്ക്കാനാവാത്ത കറുത്ത പാടുകളായി ഈ സംഭവങ്ങള്‍ എന്നും മനസ്സില്‍ അവശേഷിക്കും. മരിക്കും വരെ !!!
ഇതിനെല്ലാം തുടക്കമായത് പുകഞ്ഞ് നീറിക്കൊണ്ടിരുന്ന അയോധ്യാ പ്രശ്‌നവും പിന്നീട് ഉണ്ടായ ബാബറി മസ്ജിദ് തകര്‍ച്ചയുമാണ്. ബാബറി മസ്ജിദ്- രാമജന്മ ഭൂമി പ്രശ്‌നത്തില്‍ ഇന്ത്യയൊട്ടാകെ വര്‍ഗീയ വികാരം ആളിക്കത്തിക്കാന്‍ സംഘപരിവാറിനോടൊപ്പം പ്രവര്‍ത്തിച്ച താക്കറെ വിഷം ചീറ്റുന്ന അനവധി പ്രസംഗങ്ങള്‍ ആണു നടത്തിയത്.
അതിന്റെ തിരുശേഷിപ്പുകളുടെ ദുരന്തം ഇന്നും ഭാരതം അനുഭവിച്ചുകൊണ്ടിരിക്കുന്നു. താല്‍ക്കാലിക നേട്ടങ്ങള്‍ക്കായി ഫാസിസ്റ്റ് വര്‍ഗീയതയോട് സന്ധി ചെയ്യുന്ന ഇന്ത്യന്‍ ഭരണ വര്‍ഗത്തിന്റെ ദീര്‍ഘവീക്ഷണക്കുറവിന്റെ പരിണിതഫലം !
ഭാരതം കണ്ട ഏറ്റവും വലിയ വര്‍ഗീയ ഫാസിസ്റ്റ് ആയിരുന്നു ബാല്‍ താക്കറെ. ആയിരക്കണക്കിനു നിരപരാധികളുടെ രക്തം തെരുവുകളില്‍ ഒഴുകിയതിനു കാരണക്കാരനായ ഒരു മനുഷ്യന്‍ ഉണ്ടെങ്കില്‍ അത് താക്കറെയാണ്. അദ്ദേഹം തന്നെ പറഞ്ഞത് കേള്‍ക്കുക
“I am a great admirer of Hitler,
and I am not ashamed to say so!
and I feel that he and
I have several things in common”
(ഞാന്‍ ഹിറ്റ്‌ലറുടെ ഒരു വലിയ ആരാധകനാണ്,
അങ്ങനെ പറയാന്‍ എനിക്കൊരു നാണവും തോന്നുന്നില്ല.
അയാള്‍ക്കും എനിക്കും പൊതുവായി
ഉള്ള( സാമ്യമുള്ള) പല കാര്യങ്ങളുമുണ്ട് )
താക്കറെ മരിക്കുമ്പോള്‍ അദ്ദേഹത്തെപ്പറ്റി ഒരു നല്ല വാക്കു പോലും പറയാനില്ല എന്നതാണു യാഥാര്‍ത്ഥ്യം. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെയോ സമൂഹത്തിന്റെയോ പുരോഗതിയില്‍ ഒരു സംഭാവന പോലും താക്കറെയുടേതായിട്ടില്ല. വെറുപ്പിന്റേയും വിദ്വേഷത്തിന്റേയും വര്‍ഗീയതയുടേയും ഒരു ചെറു യുഗം അവസാനിച്ചു എന്ന് മാത്രമേ പറയാനാവൂ.