വനിതാ ഏഷ്യാ കപ്പില്‍ ചരിത്ര വിജയവുമായി തായ്‌ലന്‍ഡ്. പാകിസ്ഥാനെ നാല് വിക്കറ്റിന് കീഴടക്കിയ തായ്‌ലന്‍ഡ് ടൂര്‍ണമെന്റിലെ ആദ്യ ജയമാണ് നേടിയത്. ക്രിക്കറ്റ് ചരിത്രത്തില്‍ ഇത് ആദ്യമായാണ് തായ്‌ലന്‍ഡ് പാകിസ്ഥാനെ തോല്‍പ്പിക്കുന്നത്.
പാകിസ്താന്‍ മുന്നോട്ടുവച്ച 117 റണ്‍സ് വിജയലക്ഷ്യം 6 വിക്കറ്റ് നഷ്ടപ്പെടുത്തി ഒരു പന്ത് ബാക്കിനില്‍ക്കെ തായ്‌ലന്‍ഡ് മറികടക്കുകയായിരുന്നു.
ടോസ് നേടി ബാറ്റിങിനിറങ്ങിയ പാകിസ്ഥാനെ വട്ടത്തില്‍ വരിഞ്ഞുമുറുക്കാന്‍ തായ്‌ലന്‍ഡിന് സാധിച്ചു. നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ വെറും 116 റണ്‍സ് നേടാനേ പാകിസ്ഥാന് സാധിച്ചുള്ളൂ.
തായ്‌ലന്‍ഡിനായി പന്തെറിഞ്ഞവരെല്ലാം റണ്‍ വഴങ്ങാതിരുന്നപ്പോള്‍ സ്‌കോര്‍ ഉയര്‍ത്താന്‍ പാക് പട ഏറെ വിഷമിച്ചു. 64 പന്തുകളില്‍ 56 റണ്‍സെടുത്ത സിദ്ര അമീനാണ് ടോപ്പ് സ്‌കോറര്‍.
പാക് പടയിലെ മറ്റ് പ്രധാന താരങ്ങളായ മുനീബ അലി (15), നിദ ദര്‍ (12), ക്യാപ്റ്റന്‍ ബിസ്മ മറൂഫ് (3) എന്നിവരൊക്കെ നിരാശപ്പെടുത്തി. തായ്‌ലന്‍ഡിനായി സൊര്‍നരിന്‍ ടിപ്പോച്ച് രണ്ട് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങില്‍ തായ്‌ലന്‍ഡിനെ സൂപ്പര്‍ താരം നത്തകന്‍ ചാന്തം മുന്നില്‍ നിന്ന് നയിച്ചു. മറ്റ് ബാറ്റര്‍മാരില്‍ നിന്ന് വേണ്ട പിന്തുണ ലഭിച്ചില്ലെങ്കിലും ഒറ്റക്ക് പൊരുതിയ താരം 45 പന്തുകളില്‍ ഫിഫ്റ്റി തികച്ചു.
19ാം ഓവറില്‍ 51 പന്തില്‍ 61 റണ്‍സുമായി ചാന്തം ഗ്യാലറിയിലേക്ക് മടങ്ങിയതോടെ പാക് താരങ്ങളുടെ മനസില്‍ പ്രതീക്ഷയുടെ ലഡു വീണ്ടും പൊട്ടി. അവസാന ഓവറില്‍ 10 റണ്‍സായിരുന്നു തായ്‌ലന്‍ഡിന്റെ വിജയലക്ഷ്യം.
ആദ്യ പന്ത് വൈഡ്. അടുത്ത് പന്തില്‍ സിംഗിള്‍. രണ്ടാം പന്തില്‍ റൊസെനന്‍ കനോ ഒരു ബൗണ്ടറി നേടിയതോടെ വിജയലക്ഷ്യം നാല് പന്തില്‍ നാല് റണ്‍സ്. ആകാംക്ഷയുടെ മുള്‍മുനയിലേക്കാണ് ഇതോടെ മത്സരം നീങ്ങിയത്.
എന്നാല്‍ മൂന്നാം പന്തില്‍ ഓരു ഡബിള്‍ കൂടെ വന്നതോടെ തായ് പടയുടെ മനസില്‍ ആശ്വാസത്തിന്റെ കിരണങ്ങള്‍ അലയടിച്ചു. അതാ വരുന്നു നാലാം പന്തിലൊരു സിംഗിള്‍. അഞ്ചാം പന്തില്‍ വീണ്ടും വിജയ സിംഗിള്‍. തായ്‌ലന്‍ഡിന് ചരിത്ര ജയം.
ചരിത്ര സിംഗിള്‍ തായ് താരം ബൂച്ചാത്തം നേടിയതോടെ ബൗണ്ടറിക്ക് പുറത്ത് ആവേശത്തോടെ കാത്തുനിന്ന് തായ് പട തുള്ളിച്ചാടി ഗ്രൗണ്ടിലേക്ക് നീങ്ങുന്ന വീഡിയോ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ പങ്കുവെച്ചിട്ടുണ്ട്.