| Saturday, 28th October 2023, 10:32 am

സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കാനൊരുങ്ങി തായ്‌ലന്‍ഡ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബാങ്കോക്ക്: സ്വവര്‍ഗ്ഗവിവാഹം രാജ്യത്ത് നിയമവിധേയമാക്കുമെന്ന് തായ്ലന്‍ഡ് പ്രധാനമന്ത്രി സ്രെത്ത തവിസിന്‍. സ്വവര്‍ഗ്ഗവിവാഹം നിയമവിധേയമാക്കുന്നതിനുള്ള ബില്‍ തായ്ലന്‍ഡ് പ്രധാനമന്ത്രി അടുത്തയാഴ്ച അവതരിപ്പിക്കും. നടപടി പൂര്‍ത്തിയായാല്‍ സ്വവര്‍ഗവിവാഹം നിയമവിധേയമാക്കുന്ന ആദ്യ തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യമായി തായ്ലന്‍ഡ് മാറും.

തായ്ലന്‍ഡ് തെരഞ്ഞെടുപ്പിനു മുന്നോടിയായി തവിസിനും പ്രതിപക്ഷവും എല്‍.ജി.ബി.ടി.ക്യു അവകാശങ്ങള്‍ വിപുലീകരിക്കുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ട്.

‘ലിംഗ സമത്വ പ്രശ്‌നങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നതിനായി ഒരു വര്‍ക്കിംഗ് കമ്മിറ്റി രൂപീകരിക്കാന്‍ ഞാന്‍ ഉത്തരവിട്ടിട്ടുണ്ട്. സമൂഹത്തിലെ എല്ലാവരെയും തുല്യരായി കാണാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. രണ്ട് പുതിയ ബില്ലുകള്‍ പാസാകുന്നതോടുകൂടി വേശ്യാവൃത്തി നിയമവിധേയമാക്കാനും, ട്രാന്‍സ്‌ജെന്‍ഡര്‍മാരെ ഔദ്യോഗിക രേഖകളില്‍ ലിംഗഭേധം മാറ്റി രേഖപ്പെടുത്താനും സാധിക്കും. 2028 വേള്‍ഡ് പ്രൈഡ് ഫെസ്റ്റിവലിന് തായ്ലന്‍ഡ് ആതിഥയത്വം വഹിക്കാന്‍ ശ്രമിക്കും,’ സ്രെത്ത തവിസിന്‍ തന്റെ എക്‌സ് അക്കൗണ്ടിലൂടെ പറഞ്ഞു.

ക്യാബിനറ്റ് അംഗീകാരം നല്‍കിയാല്‍ ബില്ല് ഡിസംബറോടുകൂടി പാര്‍ലമെന്റില്‍ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രിയുടെ വക്താവ് ബാങ്കോക്ക് പോസ്റ്റില്‍ പറഞ്ഞു

ഈ വര്‍ഷത്തെ ബാങ്കോക്ക് പ്രൈഡ് പരേഡില്‍ 50,000 ത്തിലധികം പേര്‍ പങ്കെടുത്തിരുന്നു. എന്നാല്‍ രാജ്യത്തെ നിയമങ്ങള്‍ സ്വവര്‍ഗാനുരാഗത്തെ പിന്തുണയ്ക്കുന്നതല്ല.

അതുപോലെ നിയമവിരുദ്ധമായി തായ് ബാറുകളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലും വേശ്യവൃത്തി നടക്കുന്നുണ്ട്. രാജ്യത്ത് ഏകദേശം 315,000 ട്രാന്‍സ്‌ജെന്‍ഡറുകള്‍ താമസിക്കുന്നുണ്ടെങ്കിലും ലിംഗമാറ്റം രേഖപ്പെടുത്തിയിട്ടില്ല.

തായ്ലന്‍ഡിന്റെ അയല്‍രാജ്യങ്ങളായ മലേഷ്യയിലും മ്യാന്‍മാറിലും തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് സ്വവര്‍ഗരതി.

Content Highlight: Thailand prime minister supports LGBTQ community

Latest Stories

We use cookies to give you the best possible experience. Learn more