| Thursday, 28th March 2024, 1:06 pm

സ്വവര്‍ഗാനുരാഗം നിയമവിധേയമാക്കി തായ്‌ലാന്‍ഡ്; കിഴക്കന്‍ ഏഷ്യയിലെ ആദ്യ രാജ്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തായ്‌ലാന്‍ഡ്: സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കിക്കൊണ്ട് തായ്ലാന്‍ഡ് പാര്‍ലമെന്റ് ബുധനാഴ്ച ബില്ല് പാസാക്കി.ഇത്തരത്തില്‍ ബില്ല് പാസാക്കുന്ന ആദ്യ കിഴക്കന്‍ ഏഷ്യന്‍ രാജ്യമാണ് തായ്ലാന്‍ഡ്.

തായ്‌ലാന്‍ഡ് പാര്‍ലമെന്റ് അവതരിപ്പിച്ച ബില്ലില്‍ 399 പ്രതിനിധികള്‍ അനുകൂലമായി വോട്ട് രേഖപ്പെടുത്തിയപ്പോള്‍ പത്ത് ആളുകള്‍ എതിര്‍ത്ത് വോട്ട് ചെയ്തു. കൂടുതല്‍ പ്രതിനിധികള്‍ അനുകൂലമായതിനാല്‍ ബില്ല് പാസായി.

രാജ്യത്തെ സെനറ്റിന്റെ അംഗീകാരവും രാജാവിന്റെ അനുമതിയും കിട്ടുന്നതോടുകൂടി ബില്‍ ഒരു നിയമമായി മാറും.

സ്ത്രീ, പുരുഷന്‍, ഭാര്യ, ഭര്‍ത്താവ് തുടങ്ങിയ പദങ്ങള്‍ക്ക് പകരം ലിംഗ ഭേദങ്ങള്‍ ഉള്‍ക്കൊള്ളാത്ത വാക്കുകള്‍ ഉപയോഗിക്കണമെന്നും നിയമത്തില്‍ പറയുന്നുണ്ട്.

ബില്ലില്‍ എല്‍.ജി.ബി.ടി.ക്യൂ കമ്മ്യൂണിറ്റിക്ക് അനുകൂലമായ നിയമങ്ങളും ഉറപ്പുവരുത്തുന്നുണ്ട്.

തായ്‌ലാന്‍ഡിലെ എല്‍.ജി.ബി.ടി.ക്യൂ കമ്മ്യൂണിറ്റികളെ സംരക്ഷിക്കുന്നതിനുള്ള നിയമങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും നിരവധി എല്‍.ജി.ബി.ടി.ക്യൂ കമ്മ്യൂണിറ്റിയിലെ ആളുകള്‍ ഇപ്പോഴും തായ്‌ലാന്‍ഡില്‍ അക്രമവും വിവേചനവും നേരിടുന്നുണ്ട്.

ഇവയെല്ലാം മറികടന്നുകൊണ്ട് എല്‍.ജി.ബി.ടി.ക്യൂ കമ്മ്യൂണിറ്റിക്ക് കൃത്യമായ സംരക്ഷണം ഉറപ്പുവരുത്താന്‍ ഈ ബില്ല് സഹായകമാവും. ദമ്പതികള്‍ക്ക് അനന്തരാവകാശവും കുട്ടികളെ ദത്തെടുക്കാനുള്ള അവകാശവും നല്‍കുന്നുണ്ട്.

ഇതോടുകൂടി 2019ല്‍ സ്വവര്‍ഗ വിവാഹം നിയമ വിധേയമാക്കിയ തായ്വാനിനും 2023ല്‍ ഈ നിയമം നടപ്പിലാക്കിയ നേപ്പാളിനും ശേഷം ഈ നിയമം കൊണ്ടുവരുന്ന മൂന്നാമത്തെ ഏഷ്യന്‍ രാജ്യമെന്ന ചരിത്രനേട്ടം സ്വന്തമാക്കാനും തായ്ലാന്‍ഡിന് സാധിക്കും.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ സ്വവര്‍ഗ വിവാഹം നിയമവിധേയമാക്കിയ ധാരാളം രാജ്യങ്ങള്‍ ലോകത്തുണ്ട്. എസ്റ്റോണിയ, ഗ്രീസ്, അന്‍ഡോറ, ക്യൂബ,സ്ലൊവേനിയ, ചിലി, മെക്‌സിക്കോ, സ്വിറ്റ്‌സര്‍ലന്‍ഡ്, നോര്‍ത്തേണ്‍ അയര്‍ലാന്‍ഡ്, യു.കെ, കൊസ്റ്റാറിക്ക, ഓസ്ട്രിയ, ഇക്വഡോര്‍ എന്നീ രാജ്യങ്ങളാണ് ഇതിനുമുമ്പ് ഈ നിയമം നടപ്പിലാക്കിയിട്ടുള്ളത്.

Content Highlight: Thailand legalizes homosexuality bill

We use cookies to give you the best possible experience. Learn more