| Thursday, 27th July 2023, 3:46 pm

*ലെ ചൈന, ക്രിക്കറ്റ് ഇത്തിരി മുറ്റാണല്ലോടേയ്... നാണംകെട്ട് മണിക്കൂറുകള്‍ക്കകം വീണ്ടും നാണക്കേട്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി മെന്‍സ് ടി-20 ലോകകപ്പിന്റെ ഏഷ്യ ബി ക്വാളിഫയറില്‍ വീണ്ടും തോറ്റ് ചൈന. കോലലംപൂരിലെ ബയുമാസ് ഓവലില്‍ നടന്ന മത്സരത്തില്‍ ഒമ്പത് റണ്‍സിനാണ് ചൈന പരാജയപ്പെട്ടത്.

മത്സരത്തില്‍ ടോസ് നേടിയ തായ്‌ലാന്‍ഡ് എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. തായ്‌ലാന്‍ഡ് നായകന്‍ അക്ഷയ്കുമാര്‍ പാലക്ധാരി യാദവിന്റെ തീരുമാനം ശരിവെച്ച് ബൗളര്‍മാര്‍ പന്തെറിഞ്ഞപ്പോള്‍ ചൈനീസ് ബാറ്റര്‍മാര്‍ നിന്ന് വിറച്ചു.

കഴിഞ്ഞ ദിവസം മലേഷ്യക്കെതിരായ മത്സരത്തിന്റെ തനിയാവര്‍ത്തനമായിരുന്നു കോലാലംപൂരില്‍ വ്യാഴാഴ്ചയും കണ്ടത്. ചൈനീസ് ബാറ്റര്‍മാര്‍ എല്ലാവരും ഒറ്റയക്കത്തിനും പൂജ്യത്തിനും പുറത്താവുകയായിരുന്നു.

മലേഷ്യക്കെതിരെ ചൈനയുടെ ടോപ് സ്‌കോററായ വെയ് ഗോ ലീ തന്നെയാണ് തായ്‌ലാന്‍ഡിനെതിരെ നടന്ന മത്സരത്തിലും ചൈനയുടെ ടോപ് സ്‌കോററര്‍. 16 പന്തില്‍ ഒരു ബൗണ്ടറിയടക്കം എട്ട് റണ്‍സാണ് ലീ നേടിയത്. ചൈനീസ് ഇന്നിങ്‌സിലെ ഏക ബൗണ്ടറിയും ഇതാണ്.

ലീ അടക്കം നാല് പേര്‍ക്ക് മാത്രമാണ് ചൈനീസ് നിരയില്‍ റണ്‍സ് നേടാന്‍ സാധിച്ചത്. ക്യാപ്റ്റന്‍ വാങ് ക്വി അടക്കമുള്ള ശേഷിക്കുന്ന ആറ് പേരും പൂജ്യത്തിനാണ് പുറത്തായത്.

എക്‌സ്ട്രാസ് ഇനത്തിലാണ് ചൈനീസ് സ്‌കോറിലേക്ക് ഏറ്റവുമധികം റണ്‍സ് ചേര്‍ക്കപ്പെട്ടത്. എട്ട് വൈഡും ഒരു നോ ബോളും അടക്കം ഒമ്പത് റണ്‍സാണ് എക്‌സ്ട്രാസ് ഇനത്തില്‍ ചൈനീസ് സ്‌കോര്‍ ബോര്‍ഡില്‍ എഴുതിച്ചേര്‍ക്കപ്പെട്ടത്.

ഒടുവില്‍ 11ാം ഓവറിലെ അഞ്ചാം പന്തില്‍ ചൈന 26 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.

തായ്‌ലാന്‍ഡിനായി നോഫോണ്‍ സെനമോണ്‍ട്രി നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ റോബര്‍ട് റെയ്‌ന മൂന്ന് വിക്കറ്റും സ്വന്തമാക്കി. ചാലേംവോങ് ചാറ്റ്‌ഫൈസന്‍ രണ്ട് വിക്കറ്റും ജാന്ദ്രേ കോട്‌സി ഒരു വിക്കറ്റും വീഴ്ത്തി ബയുമാസില്‍ ചൈനീസ് വധം പൂര്‍ത്തിയാക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ തായ്‌ലാന്‍ഡ് ഒറ്റ വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി മത്സരം വിജയിച്ചു. നാല് ചൈനീസ് വിക്കറ്റുകള്‍ വീഴ്ത്തിയ നോഫോണ്‍ സേനമോണ്‍ട്രിയാണ് കളിയിലെ താരം.

കഴിഞ്ഞ ദിവസം മലേഷ്യക്കെതിരെ നടന്ന മത്സരത്തില്‍ വെറും 23 റണ്‍സിന് ചൈന ഓള്‍ ഔട്ടായിരുന്നു. ടി-20 ഫോര്‍മാറ്റിലെ മൂന്നാമത് ഏറ്റവും മോശം സ്‌കോര്‍ എന്ന അണ്‍വാണ്ടഡ് റെക്കോഡ് തങ്ങളുടെ പേരില്‍ കുറിച്ച ചൈന ഈ മത്സരത്തിന് പിന്നാലെ നാലാമത് മോശം സ്‌കോര്‍ എന്ന അനാവശ്യ റെക്കോഡും തങ്ങളുടെ പേരിന് നേരെ എഴുതിച്ചേര്‍ത്തു. 26 റണ്‍സിന് പുറത്തായ ലെസോത്തോക്കൊപ്പമാണ് ചൈന നാലാം സ്ഥാനത്ത് ഇരിപ്പുറപ്പിച്ചിരിക്കുന്നത്.

ഏഷ്യ ബി ക്വാളിഫയറിലെ രണ്ടാം മത്സരത്തിലും പരാജയപ്പെട്ടതോടെ ചൈനയുടെ മുമ്പോട്ടുള്ള കുതിപ്പ് ഏതാണ്ട് അവസാനിച്ച മട്ടാണ്. ചൈനീസ് ടീമിലെ 80 ശതമാനം താരങ്ങളും ആദ്യമായാണ് അന്താരാഷ്ട്ര മത്സരം കളിക്കുന്നത് എന്നതിനാല്‍ തന്നെ പരിചയക്കുറവാണ് ടീമിന് തിരിച്ചടിയായിരിക്കുന്നത്.

ചൈനയുടെ മോശം പ്രകടനത്തിലും ക്രിക്കറ്റ് ലോകത്തിന് ആശ്വസിക്കാനുള്ള വകയേറെയാണ്. ക്രിക്കറ്റിലേക്ക് കൂടുതല്‍ ടീമുകള്‍ കടന്നുവരുന്നത് ക്രിക്കറ്റ് ജനകീയമാകുന്നതിന്റെ ഏറ്റവും വലിയ സൂചനയാണ്. വരും കാലങ്ങളില്‍ ചൈനയും ക്രിക്കറ്റിലെ ഒരു പ്രധാന ശക്തിയായി മാറുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

Content highlight: Thailand defeated China in ICC Men’s T20 World Cup Asia B Qualifier

Latest Stories

We use cookies to give you the best possible experience. Learn more