| Wednesday, 24th August 2022, 3:00 pm

തായ്‌ലാന്‍ഡ് പ്രധാനമന്ത്രിയെ സസ്‌പെന്‍ഡ് ചെയ്ത് കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബാങ്കോക്: തായ്‌ലാന്‍ഡ് പ്രധാനമന്ത്രി പ്രയുത് ചാന്‍-ഒ-ചയെ (Prayut Chan-O-Cha) സസ്‌പെന്‍ഡ് ചെയ്ത് കോടതി. തായ്‌ലാന്‍ഡ് കോണ്‍സ്റ്റിറ്റിയൂഷണല്‍ കോടതിയാണ് പ്രധാനമന്ത്രിയെ സസ്‌പെന്‍ഡ് ചെയ്തത്.

ബുധനാഴ്ചയായിരുന്നു ഔദ്യോഗിക ചുമതലകളില്‍ നിന്നും പ്രധാനമന്ത്രിയെ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടുള്ള കോടതി ഉത്തരവ് പുറത്തുവന്നത്.

പ്രധാനമന്ത്രി സ്ഥാനത്ത് ഇരിക്കാന്‍ ഭരണഘടന അനുവദിച്ച കാലാവധി പ്രയുത് ചാന്‍-ഒ-ച പൂര്‍ത്തിയാക്കിയെന്നും ഇനി തല്‍സ്ഥാനത്ത് തുടരാന്‍ ഇദ്ദേഹത്തിന് അര്‍ഹതയില്ലെന്നും ചൂണ്ടിക്കാണിച്ച് വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ സമര്‍പ്പിച്ച ഹരജിയിന്മേല്‍ നിയമപോരാട്ടം നടക്കുന്നതിനിടെയാണ് കോടതി നടപടി.

കാലാവധി കഴിഞ്ഞിട്ടും പ്രയുത് അധികാരത്തില്‍ തുടരുകയാണെന്ന് ആരോപിച്ചുകൊണ്ടാണ് രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രധാനമന്ത്രിക്കെതിരെ കേസ് കൊടുത്തിരിക്കുന്നത്. ഇത് സംബന്ധിച്ച ഹരജികള്‍ ഉടന്‍ പരിഗണിക്കാനും കോടതി തീരുമാനിച്ചു.

നാലിനെതിരെ അഞ്ച് ജഡ്ജിമാര്‍ പ്രധാനമന്ത്രിയെ സസ്‌പെന്‍ഡ് ചെയ്യാനുള്ള തീരുമാനത്തെ പിന്തുണച്ചു. കേസില്‍ തീരുമാനമാകുന്നതുവരെ സസ്‌പെന്‍ഷന്‍ തുടരാനാണ് സാധ്യത.

ഉത്തരവില്‍ പ്രതികരണം അറിയിക്കാന്‍ പ്രയുതിന് 15 ദിവസത്തെ സമയവും കോടതി അനുവദിച്ചിട്ടുണ്ട്.

സര്‍ക്കാരിനെ നയിക്കാന്‍ ഒരു കെയര്‍ടേക്കര്‍ പ്രധാനമന്ത്രിയെ നിയമിക്കാനും കോടതി നിര്‍ദേശിച്ചു.

രാജ്യത്തെ 2017ലെ ഭരണഘടന പ്രകാരം തുടര്‍ച്ചയായി എട്ട് വര്‍ഷത്തില്‍ കൂടുതല്‍ ഒരു വ്യക്തി പ്രധാനമന്ത്രി സ്ഥാനത്ത് തുടരാന്‍ പാടില്ല.

എന്നാല്‍ 2014ല്‍ സൈനിക മേധാവിയായിരിക്കെ അട്ടിമറി നടത്തിയതിന് ശേഷം സൈനിക ഭരണകൂടത്തിന്റെ തലവനായി പ്രയുത് ചെലവഴിച്ച സമയവും ഭരണഘടനാപരമായി നിശ്ചയിച്ചിട്ടുള്ള എട്ട് വര്‍ഷ കാലാവധിയില്‍ ഉള്‍പ്പെടുത്തണമെന്നാണ് പ്രധാന പ്രതിപക്ഷ പാര്‍ട്ടി ആവശ്യപ്പെടുന്നത്. അങ്ങനെ കണക്കാക്കുകയാണെങ്കില്‍ പ്രയുത് ചാന്‍-ഒ-ചയുടെ എട്ട് വര്‍ഷത്തെ കാലാവധി പൂര്‍ത്തിയായിരിക്കുകയാണ്.

2014ലായിരുന്നു സൈനിക അട്ടിമറിയിലൂടെ പ്രയുത് ചാന്‍-ഒ-ച ഭരണം പിടിച്ചെടുത്തത്.

Content Highlight: Thailand court suspends Prime Minister

We use cookies to give you the best possible experience. Learn more