| Sunday, 8th July 2018, 9:53 pm

ഗുഹയില്‍ കുടുങ്ങിയ നാല് കുട്ടികളെ പുറത്തെത്തിച്ചു; രക്ഷാപ്രവര്‍ത്തനം താല്‍ക്കാലികമായി അവസാനിപ്പിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബാങ്കോക്ക്: തായ്ലാന്റിലെ ഗുഹയില്‍ കുടുങ്ങിക്കിടക്കുന്ന ഫുട്ബോള്‍ ടീമംഗങ്ങളെയും പരിശീലകനെയും പുറത്തെത്തിക്കാനുള്ള ഇന്നത്തെ രക്ഷാപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചു. നാല് കുട്ടികളെ ഗുഹയില്‍ നിന്ന് രക്ഷിച്ചതായാണ് റിപ്പോര്‍ട്ട്.

ഇനി കോച്ചടക്കം 9 പേരാണ് ഗുഹയില്‍ കുടുങ്ങിയിരിക്കുന്നത്. രാവിലെ വീണ്ടും രക്ഷാപ്രവര്‍ത്തനം ആരംഭിക്കും. പത്ത് മണിക്കൂര്‍ നേരത്തെ തയ്യാറെടുപ്പ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമാണ്. രക്ഷപ്പെടുത്തിയ കുട്ടികളെ ഹോസ്പിറ്റലിലേക്ക് മാറ്റിയിരിക്കുകയാണ്.

തായ്‌ലാന്റിലെ അണ്ടര്‍ 16 ടീം അംഗങ്ങളും പരിശീലകനും ഉള്‍പ്പടെ 12 പേരാണ് ചിയാംഗ് റായി പ്രവിശ്യയിലുള്ള താം ലുവാങ് ഗുഹയില്‍ കുടുങ്ങിയത്.തായ് നേവി ഡൈവര്‍മാര്‍, യു.എസ്. സൈനികസംഘം, ബ്രിട്ടനില്‍നിന്നുള്ള ഗുഹാവിദഗ്ധര്‍ തുടങ്ങിയവരാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. ഗുഹയില്‍നിന്ന് വെള്ളം നീക്കംചെയ്യാനുള്ള പ്രവൃത്തികള്‍ പുരോഗമിക്കുന്നുണ്ട്. 10 കിലോമീറ്റര്‍ നീളമുള്ളതാണ് ഗുഹ.

കഴിഞ്ഞ ശനിയാഴ്ചയാണ് 13 പേരടങ്ങുന്ന സംഘം ഉത്തര തായിലന്‍ഡിലെ താം ലുവാങ് ഗുഹയില്‍ കുടുങ്ങിയത്. 11 മുതല്‍ 16 വരെ പ്രായമുളള 12 കുട്ടികളും അവരുടെ ഫുട്‌ബോള്‍ കോച്ചുമാണു കുടുങ്ങിയിരിക്കുന്നത്.ഗുഹയിലെ വെള്ളം അടിച്ചു കളയാന്‍ ഉയര്‍ന്ന കുതിരശക്തിയുള്ള പമ്പുകള്‍ സ്ഥാപിച്ചെങ്കിലും, മഴ കനത്തതോടെ ജലത്തിന്റെ ഒഴുക്കു ശക്തമായി.

1000 തായ് രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം യു.എസ്, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ചൈന, ജപ്പാന്‍ എന്നിവിടങ്ങളില്‍നിന്നുള്ള വിദഗ്ധരും രക്ഷാദൗത്യത്തിനു രംഗത്തുണ്ടായിരുന്നു.

ചിത്രങ്ങളും വീഡിയോയും കടപ്പാട് എ.ബി.സി ന്യൂസ്, ബി.ബി.സി, എ.എഫ്.പി

We use cookies to give you the best possible experience. Learn more