12 കുട്ടികളും അവരുടെ പരിശീലകനും അകപ്പെട്ട തായ്‌ലാന്റിലെ താം ലുവാങ് ഗുഹ മ്യൂസിയമാക്കുന്നു. രക്ഷാപ്രവര്‍ത്തനം വിശദീകരിക്കുന്നതാവും മ്യൂസിയമെന്ന് അധികൃതര്‍ പറഞ്ഞു. കുട്ടികള്‍ ഗുഹയിലകപ്പെട്ടതിനെ ആസ്പദമാക്കി സിനിമയെടുക്കാന്‍ രണ്ട് നിര്‍മ്മാണ കമ്പനികള്‍ മുന്നോട്ടു വന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
രക്ഷാപ്രവര്‍ത്തനത്തെ കുറിച്ച് ലോകത്തെ അറിയിക്കുന്നതിന് വേണ്ടിയാണ് ഗുഹ മ്യൂസിയമാക്കുന്നതെന്ന് രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കിയ ചിയാങ്‌റായ് ഗവര്‍ണര്‍ നരോങ്‌സാക് ഒസാട്ടാനാകോണ്‍ പറഞ്ഞു.
കുട്ടികളെ കുറിച്ച് സിനിമ നിര്‍മ്മിക്കുന്നതിനായി യു.എസ് കമ്പനിയായ പ്യൂര്‍ ഫ്‌ളിക്‌സാണ് മുന്നോട്ടു വന്നത്. ഇതിനായി കമ്പനി ഉടമകളിലൊരാളായ മൈക്കല്‍ സ്‌കോട്ടിന്റെ നേതൃത്വത്തിലുള്ള സംഘം കുട്ടികള്‍ ഗുഹയിലുള്ള സമയത്ത് തന്നെ തായ്‌ലാന്റില്‍ എത്തിയിരുന്നു. സിനിമയുടെ ഭാഗമെന്ന നിലയ്ക്ക് രക്ഷാ പ്രവര്‍ത്തകരുടെയും കുട്ടികളുടെ ബന്ധുക്കളുടെയും അനുഭവങ്ങള്‍ സംഘം ചിത്രീകരിച്ചിരുന്നു.
അതേ സമയം സിനിമ നിര്‍മ്മിക്കുന്നതിനായി തായ്‌ലന്റ് സര്‍ക്കാര്‍ ഔദ്യോഗികമായി തങ്ങളെയാണ് തെരഞ്ഞെടുത്തതെന്ന് ലോസ്ഏഞ്ചല്‍സ് കമ്പനിയായ ഇവാന്‍ഹോ പിക്‌ചേര്‍സ് അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.
മലകള്‍ക്കടിയില്‍ കിടക്കുന്ന താം ലുവാങ് ഗുഹ തായ്‌ലാന്റിലെ ഏറ്റവും വലിയ ഗുഹകളിലൊന്നാണ്. കിലോമീറ്ററുകളോളം നീണ്ടുകിടക്കുന്നതാണ് താം ലുവാങ്. ജൂണ്‍ 23ന് കുട്ടികള്‍ കയറുമ്പോള്‍ ഗുഹയ്ക്കുള്ളില്‍ വെള്ളമില്ലായിരുന്നു. എന്നാല്‍ മഴയെ തുടര്‍ന്ന് ഗുഹയില്‍ പലയിടത്തും വെള്ളം കയറുകയായിരുന്നു.
ഗുഹയിലകപ്പെട്ടതിന് ശേഷം 9 ദിവസം കഴിഞ്ഞ് ബ്രിട്ടീഷ് മുങ്ങല്‍ വിദഗ്ധരാണ് കുട്ടികളെ കണ്ടെത്തിയത്. പിന്നീട് നൂറു കണക്കിന് രക്ഷാപ്രവര്‍ത്തകരുടെ സഹായത്തോടെയാണ് ദൗത്യം പൂര്‍ത്തിയാക്കിയത്.