16 വര്‍ഷത്തിന് ശേഷം ഇതാദ്യം; ബാങ്കോക്കില്‍ വര്‍ണം വിതറി പ്രൈഡ് മാര്‍ച്ച്
World News
16 വര്‍ഷത്തിന് ശേഷം ഇതാദ്യം; ബാങ്കോക്കില്‍ വര്‍ണം വിതറി പ്രൈഡ് മാര്‍ച്ച്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 6th June 2022, 12:40 pm

ബാങ്കോക്ക്: 16 വര്‍ഷത്തിന് ശേഷം ആദ്യമായി തായ്‌ലാന്‍ഡ് തലസ്ഥാനമായ ബാങ്കോക്കില്‍ എല്‍.ജി.ബി.ടി.ക്യു കമ്യൂണിറ്റിയുടെ പ്രൈഡ് മാര്‍ച്ച് നടന്നു. ഞായറാഴ്ചയായിരുന്നു ബാങ്കോക്കിലെ തെരുവുകളില്‍ പ്രൈഡ് മാര്‍ച്ച് നടന്നത്.

16 വര്‍ഷത്തിനിടെ ആദ്യമായാണ് ഇവിടെ Pride Monthല്‍ മാര്‍ച്ച് നടക്കുന്നത്.

ക്രിയേഷന്‍ എന്നര്‍ത്ഥം വരുന്ന തായ് പദം ചേര്‍ത്തുകൊണ്ട് Naruemit Pride 2022 എന്നാണ് പരിപാടിക്ക് പേരിട്ടിരുന്നത്. എല്‍.ജി.ബി.ടി.ക്യു കമ്യൂണിറ്റിയുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകളും എന്‍.ജി.ഒകളും സംയോജിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.

ബാങ്കോക് ഗവര്‍ണറുടെ പിന്തുണയോട് കൂടിയാണ് ആഘോഷം നടന്നത്.

ആയിരക്കണക്കിനാളുകളാണ് പ്രൈഡ് മാര്‍ച്ചില്‍ പങ്കെടുത്തത്. മഴവില്‍ ഫ്‌ളാഗുകളും ട്രാന്‍സ്‌ജെന്‍ഡര്‍ കമ്യൂണിറ്റിയെ പ്രതിനിധീകരിക്കുന്ന ഫ്‌ളാഗുകളും വീശിക്കൊണ്ടാണ് ആളുകള്‍ പ്രൈഡ് മാര്‍ച്ചില്‍ പങ്കെടുത്തത്.

ലൈംഗിക തൊഴിലാളികളുടെ അവകാശങ്ങള്‍ ആവശ്യപ്പെട്ട് കൊണ്ടും സ്വവര്‍ഗ വിവാഹങ്ങളെക്കുറിച്ചുമുള്ള മുദ്രാവാക്യങ്ങള്‍ വിളിച്ച് കൊണ്ടായിരുന്നു മാര്‍ച്ചില്‍ ആളുകള്‍ അണിനിരന്നത്.

എല്‍.ജി.ബി.ടി.ക്യു കമ്യൂണിറ്റിയോടും അവരുടെ അവകാശങ്ങളോടുമുള്ള അംഗീകാരവും ബഹുമാന സൂചകവുമായി ജൂണ്‍ മാസമാണ് Pride Month ആയി ആചരിക്കുന്നത്. യു.എസ് ആണ് ഇതിന് തുടക്കം കുറിച്ചത്.

വലിയൊരു എല്‍.ജി.ബി.ടി.ക്യു കമ്യൂണിറ്റിയുള്ള രാജ്യമാണ് തായ്‌ലാന്‍ഡ്. എന്നാല്‍ ഇപ്പോഴും ഈ വിഭാഗം രാജ്യത്ത് വിവേചനങ്ങള്‍ നേരിടുന്നുണ്ട്.

അതേസമയം, വിവാഹം ചെയ്ത മറ്റെല്ലാ പങ്കാളികള്‍ക്കും ലഭിക്കുന്ന അതേ നിയമപരമായ അവകാശങ്ങളോടെ, സ്വവര്‍ഗ വിവാഹങ്ങള്‍ക്കും അംഗീകാരം നല്‍കുന്നതുമായി ബന്ധപ്പെട്ട ബില്ലിന്മേല്‍ തായ്‌ലാന്‍ഡ് പാര്‍ലമെന്റില്‍ വൈകാതെ വോട്ടെടുപ്പ് നടക്കും.

Content Highlight: Thailand capital Bangkok celebrates first Pride march in 16 years