| Saturday, 7th July 2018, 10:21 am

എല്ലാ രക്ഷിതാക്കളോടും ഞാന്‍ മാപ്പു ചോദിക്കുവെന്ന് തായ്‌ലന്റ് ഗുഹയിലകപ്പെട്ട സംഘത്തിലെ കോച്ച്; ഞങ്ങള്‍ സ്‌ട്രോങ്ങാണെന്ന് കുട്ടികളും

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബാങ്കോക്ക്: മാതാപിതാക്കള്‍ക്ക് തായ്‌ലന്റിലെ ഗുഹയില്‍ അകപ്പെട്ട ഫുട്‌ബോള്‍ ടീം അംഗങ്ങളുടെ കത്ത്. “ഞങ്ങളെല്ലാം ശക്തരാണ്, ഒന്നുകൊണ്ടും പേടിക്കേണ്ട” എന്നാണ് കുട്ടികള്‍ മാതാപിതാക്കള്‍ക്കെഴുതിയ കത്തില്‍ പറയുന്നത്. ഫ്രൈഡ് ചിക്കന്‍ ഉള്‍പ്പെടെയുള്ള ഭക്ഷണ സാധനങ്ങള്‍ എത്തിക്കാനും കത്തിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.

” ടീച്ചറേ, ഞങ്ങള്‍ക്ക് ഹോം വര്‍ക്ക് അധികം നല്‍കല്ലേ” എന്നാണ് ഒരു കത്ത്. മറ്റൊരു കത്തില്‍ ടീമിന്റെ കോച്ച് മാതാപിതാക്കളോട് ക്ഷമ ചോദിച്ചിട്ടുണ്ട്. ” കുട്ടികളുടെ രക്ഷിതാക്കളേ, എല്ലാവരും സുഖമായിരിക്കുന്നു. രക്ഷാപ്രവര്‍ത്തകര്‍ ഞങ്ങളെ നന്നായി നോക്കുന്നുണ്ട്. പറ്റാവുന്നത്ര നന്നായി ഞാന്‍ അവരെ ശ്രദ്ധിക്കും. എല്ലാ നല്ലവാക്കുകള്‍ക്കും നന്ദി. എല്ലാ രക്ഷിതാക്കളോടും ഞാന്‍ മാപ്പു ചോദിക്കുന്നു.” എന്നാണ് കോച്ചിന്റെ കത്തില്‍ പറയുന്നത്.


Also Read:യുപിയിലെ ബ്രാഹ്മണരുടെ പിന്തുണകിട്ടണമെങ്കില്‍ രാഹുല്‍ ഗാന്ധി ബ്രാഹ്മണ പെണ്‍കുട്ടിയെ വിവാഹം ചെയ്യണം: ടി.ഡി.പി എം.പി


ബന്ധുക്കളുമായുള്ള സംഘത്തിന്റെ ആദ്യ ആശയവിനിമയാണ് ഈ കത്തുകള്‍. നേരത്തെ ഗുഹയ്ക്കുള്ളില്‍ ഫോണ്‍ ലൈന്‍ സ്ഥാപിക്കാന്‍ ശ്രമം നടത്തിയെങ്കിലും അത് പരാജയപ്പെടുകയായിരുന്നു.

കോച്ച് ഉള്‍പ്പെടെയുള്ള 12 അംഗ സംഘമാണ് ഗുഹ സന്ദര്‍ശനത്തിനിടെ വെള്ളപ്പൊക്കത്തില്‍ അകപ്പെട്ടത്. ജൂണ്‍ 23ന് ഗുഹയില്‍ അകപ്പെട്ട ഇവരെ പത്തുദിവസങ്ങള്‍ക്കുശേഷമായിരുന്നു കണ്ടെത്തിയത്. ഗുഹയ്ക്കുള്ളില്‍ വെള്ളം നിറഞ്ഞതിനാലാണ് ഇവര്‍ക്ക് രക്ഷപ്പെടാന്‍ കഴിയാതിരുന്നത്.

തായ്‌ലാന്റിലെ നേവിയും മുങ്ങല്‍ വിദഗ്ധരും കുട്ടികളെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നുണ്ട്. ഇവര്‍ ഭക്ഷണവും ഓക്‌സിജനും വൈദ്യസഹായവുമൊക്കെ ചെയ്തു നല്‍കുന്നുണ്ട്.


Also Read:അഭിമന്യു കൊലപാതകത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍; അറസ്റ്റിലായത് എസ്.ഡി.പി.ഐ നേതാവ്


അതേസമയം ഗുഹയിലെ ഓക്‌സിജന്‍ ലെവല്‍ താഴുന്നത് ഇവരെ ആശങ്കപ്പെടുത്തുന്നുണ്ട്. ഗുഹയിലെ ഓക്‌സിജന്‍ ലെവല്‍ 15% ആയി കുറഞ്ഞതായാണ് കണ്ടെത്തിയത്. 21% ആയിരുന്നു സാധാരണയായി ഉണ്ടാവാറുള്ളത്.

ഗുഹയ്ക്ക് അകത്ത് ഒരു എയര്‍ലൈന്‍ വിജയകരമായി സ്ഥാപിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നാണ് തായ് അധികൃതര്‍ പറഞ്ഞത്.

വെള്ളിയാഴ്ച ഗുഹയിലെ സംഘത്തിന് എയര്‍ടാങ്ക് എത്തിച്ചു നല്‍കി മടങ്ങവേ മുന്‍ തായ് നേവി ഡ്രൈവര്‍ മരണപ്പെട്ടത് ഗുഹയിലെ അവസ്ഥ ഗുരുതരമാണെന്ന് വ്യക്തമാക്കുന്നതായിരുന്നു. ഞായറാഴ്ച കനത്ത മഴയുണ്ടായേക്കാമെന്ന പ്രവചനവും വീണ്ടും വെള്ളപ്പൊക്കമുണ്ടായേക്കുമോയെന്ന ഭയത്തിന് ഇടയാക്കിയിട്ടുണ്ട്.


Also Read:തകര്‍ത്തടിച്ച് ഹെയ്ല്‍സ്; രണ്ടാം ട്വന്റി20യി ഇന്ത്യയ്‌ക്കെതിരെ തകര്‍പ്പന്‍ ജയവുമായി ഇംഗ്ലണ്ട്


നേരത്തെ ഉദ്യോഗസ്ഥര്‍ ആലോചിച്ചത് മണ്‍സൂണ്‍ അവസാനിക്കുന്നതുവരെ നാലുമാസം അവരെ ഗുഹയില്‍ തന്നെ നിര്‍ത്തുന്നതിനെക്കുറിച്ചായിരുന്നു. എന്നാല്‍ ഓക്‌സിജന്റെ അളവ് കുറയുന്നതും വീണ്ടും വെള്ളപ്പൊക്കമുണ്ടായേക്കുമെന്ന ഭയവും പുതിയ മാര്‍ഗം തേടാന്‍ ഇവരെ പ്രേരിപ്പിക്കുകയാണ്.

We use cookies to give you the best possible experience. Learn more