ബാങ്കോക്ക്: സ്വവർഗ വിവാഹത്തിന് നിയമപരമായി അംഗീകാരം നൽകുന്ന ഏഷ്യയിലെ മൂന്നാമത്തെ രാജ്യമായി തായ്‌ലന്റ്. ഇന്നലെയായിരുന്നു വിവാഹ സമത്വ ബിൽ തായ്‌ലന്റ് സെനറ്റ് പുറത്തിറക്കിയത്. അതോടെ സ്വവർഗ വിവാഹം അംഗീകരിക്കുന്ന തെക്കുകിഴക്കൻ ഏഷ്യയിലെ ആദ്യ രാജ്യമായി തായ്‌ലന്റ് മാറി.
പാർലമെന്റിലെ 152 അംഗങ്ങളിൽ 130 പേരും ബില്ലിനെ പിന്തുണച്ച് വോട്ട് ചെയ്തു. ബില്ലിനെതിരായ 4 വോട്ടുകളും നിഷ്പക്ഷമായ 18 വോട്ടുകളുമാണ് ലഭിച്ചത് എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബില്ലിൽ തായ്‌ലന്റ് രാജാവ് മഹാ വാജിറാലോങ്ക്‌റോണിന്റെ ഒപ്പ് ലഭിച്ചതിന് ശേഷം ഗസറ്റിൽ പബ്ലിഷ് ചെയ്യും. പിന്നീട് തായ്‌ലന്റ് നിയമപ്രകാരം 120 ദിവസങ്ങൾക്കുള്ളിൽ ബിൽ നിലവിൽ വരുന്നതാണ്.
ഈ ബിൽ പ്രകാരം ഒരേ ലിംഗത്തിൽപെട്ടയാളെ വിവാഹം കഴിച്ചവർക്ക് സാമ്പത്തികം, ആരോഗ്യം തുടങ്ങിയ എല്ലാവിധ നിയമ പരിരക്ഷയും ലഭിക്കുന്നതാണ്. അതോടൊപ്പം തായ്‌ലന്റിന്റെ സിവിൽ കോഡിൽ നിന്ന് ഭാര്യയും ഭർത്താവും എന്ന പദങ്ങൾ മാറ്റുകയും പകരം വ്യക്തികൾ അല്ലെങ്കിൽ പാർട്ണർ എന്ന പദം ചേർക്കുകയും ചെയ്തു.
ഏപ്രിലിൽ തന്നെ ജനപ്രതിനിധി സഭ ബില്ലിന് അംഗീകാരം നൽകിയിരുന്നു. കാലങ്ങളായി എൽ.ജി.ബി.ടി.ക്യു വിഭാഗങ്ങൾ നേരിട്ട വിവേചനകൾക്ക് പരിഹാരമാണ് വിവാഹ സമത്വ ബിൽ .
‘ഈ ചരിത്ര നിമിഷത്തിൽ ഉൾപ്പെട്ട എല്ലാവർക്കും ഞാൻ അഭിനന്ദനങ്ങൾ അറിയിക്കുന്നു. വലിയൊരു കാര്യത്തിനാണ് നമ്മൾ തുടക്കം കുറിച്ചിരിക്കുന്നത്. കാലങ്ങളായി വിവേചനം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു സമൂഹത്തിനു വേണ്ടി നമ്മൾ പ്രവർത്തിച്ചിരുന്നു ,’ എൽ.ജി.ബി.ടി.ക്യു പ്രവർത്തകനും വിവാഹ സമത്വ നിയമം സൂക്ഷ്മമായി പരിശോധനക്ക് വിധേയമാക്കിയ കമ്മിറ്റിയിലെ അംഗവുമായ പ്ലൈഫാ ക്യോക്ക ഷോഡലാദ് പറഞ്ഞു.
‘ഇന്ന് പ്രണയം ജയിച്ചു. ഞങ്ങൾ 20 വർഷങ്ങളായി പോരാടി. അതിന് ഫലം കണ്ടു,’ ബിൽ വന്നതിൽ സന്തോഷം പ്രകടിപ്പിച്ച് എൽ.ജി.ബി.ടി.ക്യു പ്രവർത്തകരിൽ ഒരാൾ പറഞ്ഞു.
തായ്ലാന്റിനെ കൂടാതെ തായ്‌വാനും നേപ്പാളും ഏഷ്യയിൽ നിന്നും സ്വവർഗ വിവാഹം നിയമവിധേയമാക്കിയ രാജ്യങ്ങളാണ് .
Content highlight: Thailand becomes first country in Southeast Asia to recognise same-sex marriage