അവന്റെ സ്ഥാനത്ത് മെസി ആയിരുന്നെങ്കില്‍ എപ്പോഴേ ഫുട്‌ബോളില്‍ നിന്നും വിരമിച്ചേനെ: തിയാഗോ സില്‍വ
Football
അവന്റെ സ്ഥാനത്ത് മെസി ആയിരുന്നെങ്കില്‍ എപ്പോഴേ ഫുട്‌ബോളില്‍ നിന്നും വിരമിച്ചേനെ: തിയാഗോ സില്‍വ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 24th July 2024, 3:46 pm

ഫുട്‌ബോളില്‍ ആരാധകരുടെ ഭാഗത്തുനിന്നും ധാരാളം വിമര്‍ശനങ്ങള്‍ നേരിട്ട താരമാണ് ബ്രസീലിയന്‍ സ്‌ട്രൈക്കര്‍ നെയ്മര്‍. ഈ വിമര്‍ശനങ്ങളില്‍ നിന്നുള്ള സമ്മര്‍ദങ്ങളെ നെയ്മര്‍ എങ്ങനെയാണ് നേരിടുന്നത് എന്നതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ബ്രസീലിയന്‍ വെറ്ററന്‍ ഡിഫന്‍ഡര്‍ തിയാഗോ സില്‍വ. വിമര്‍ശനങ്ങളില്‍ നിന്നുള്ള സമ്മര്‍ദങ്ങള്‍ നേരിടാന്‍ നെയ്മറിനെപോലെ അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിക്ക് സാധിക്കില്ലെന്നാണ് സില്‍വ പറഞ്ഞത്.

‘എനിക്ക് പല കാര്യങ്ങളും മനസ്സിലാകുന്നില്ല. കളിക്കളത്തില്‍ നെയ്മറിനെ നോക്കിയാല്‍ പല വിമര്‍ശനങ്ങളില്‍ നിന്നും അവന്‍ വളരെ സിമ്പിള്‍ ആയാണ് കാണുന്നത്. അതുകൊണ്ടുതന്നെ ഇത്തരം സമ്മര്‍ദങ്ങളെ നേരിടുന്നതിനുള്ള കഴിവ് ലോകത്ത് മറ്റൊരു കളിക്കാരനും ഇല്ല. അവന്റെ സ്വഭാവ സവിശേഷത വളരെ പോസിറ്റീവാണ്. നെയ്മര്‍ മാനസികമായി വളരെ ശക്തനാണ്. ഫുട്‌ബോള്‍ കരിയറില്‍ നെയ്മര്‍ നേരിട്ട വിമര്‍ശനങ്ങള്‍ മെസിയാണ് നേരിട്ടിരുന്നുവെങ്കില്‍ അവന്‍ എപ്പോഴേ ഫുട്‌ബോളില്‍ നിന്ന് വിരമിക്കുമായിരുന്നു,’ തിയാഗോ സില്‍വ 777 സ്‌കോറിലൂടെ പറഞ്ഞു.

അതേസമയം നെയ്മര്‍ കളിക്കളത്തിലേക്ക് തിരിച്ചുവരാന്‍ ഒരുങ്ങുകയാണ്. സെപ്റ്റംബറില്‍ നടന്ന 2026 ഫിഫ ലോകകപ്പ് യോഗ്യത മത്സരത്തില്‍ നെയ്മറിന് പരിക്കേറ്റിരുന്നു. ഉറുഗ്വായ്‌ക്കെതിരെയുള്ള മത്സരത്തിലാണ് താരത്തിന് പരിക്കേറ്റത്.

ഇതിന് പിന്നാലെ ബ്രസീലിയന്‍ സൂപ്പര്‍താരം ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയും ഫുട്‌ബോളില്‍ നിന്ന് നീണ്ട കാലത്തേക്ക് പുറത്താവുകയുമായിരുന്നു. കഴിഞ്ഞ സീസണില്‍ ആയിരുന്നു നെയ്മര്‍ ഫ്രഞ്ച് വമ്പന്‍മാരായ പാരീസ് സെയ്ന്റ് ജെര്‍മെനില്‍ നിന്നും സൗദി ക്ലബ്ബായ അല്‍ ഹിലാലിലേക്ക് താരം ചേക്കേറിയത്.

സൗദി വമ്പന്മാര്‍ക്കൊപ്പം അഞ്ച് മത്സരങ്ങളില്‍ മാത്രമേ നെയ്മറിന് ബൂട്ടുകെട്ടാന്‍ സാധിച്ചുള്ളൂ. സൗദി ക്ലബ്ബിനൊപ്പം ഒരു ഗോളും ഒരു അസിസ്റ്റുമാണ് താരം നേടിയത്. താരം വൈകാതെ തന്നെ കളിക്കളത്തിലേക്ക് പരിക്കുമാറി പൂര്‍ണ ഫിറ്റോട് കൂടി തിരിച്ചെത്തുമെന്ന് തന്നെയാണ് ഫുട്‌ബോള്‍ ലോകം ഉറച്ചു വിശ്വസിക്കുന്നത്.

 

Content Highlight: Thaigo Silva Talks About Neymar