| Friday, 3rd November 2023, 9:54 pm

തായ് ബന്ദികളെ വിട്ടയക്കണം; ഇറാനിൽ ഹമാസുമായി കൂടിക്കാഴ്‌ച നടത്തി തായ്‌ലൻഡ് നേതൃത്വം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെഹ്റാൻ: ഹമാസ് ഗസയിൽ ബന്ദികളാക്കിയവരെ ഉടൻ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് തായ്‌ലൻഡ് മുസ്‌ലിം നേതാക്കൾ ഇറാനിൽ ഹമാസുമായി കൂടിക്കാഴ്ച നടത്തിയെന്ന് റിപ്പോർട്ട്.

ഹമാസ് നേതൃത്വവുമായി നേരിട്ട് ചർച്ച നടത്തിയതായി തായ്‌ലൻഡിലെ രാഷ്ട്രീയ നേതാവ് അരീപെൻ ഉട്ടറാസിൻ അറിയിച്ചു. ഇറാൻ തലസ്ഥാനമായ ടെഹ്റാനിൽ ഒക്ടോബർ 26ന് രണ്ട് മണിക്കൂറോളം ചർച്ച നടത്തിയതായി അദ്ദേഹം പറഞ്ഞു.

താൻ ഇവിടെ വന്നത് ചർച്ച നടത്തി തീരുമാനിക്കാനല്ല മറിച്ച് ബന്ദികളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടാനാണെന്ന് ഹമാസിനോട് പറഞ്ഞതായി അരീപെൻ പറഞ്ഞു.

അതേസമയം ഹമാസിലെ ഏതെല്ലാം നേതാക്കളുമായാണ് കൂടിക്കാഴ്ച നടത്തിയതെന്ന് അദ്ദേഹം വെളിപ്പെടുത്തിയിട്ടില്ല.

ഹമാസ് ബന്ദികളാക്കിയ തായ് പൗരന്മാർ സുരക്ഷിതരാണെന്നും അവരെ മോചിപ്പിക്കുന്നതിന് ഉചിതമായ സമയത്തിനായി കാത്തിരിക്കുകയാണെന്നും ഹമാസ് പറഞ്ഞതായി അദ്ദേഹം പറഞ്ഞു.

ഹമാസ് ഇസ്രഈലിൽ നിന്ന് ഒക്ടോബർ ഏഴിന് തട്ടിക്കൊണ്ടുപോയ 240 പേരിൽ 23 തായ് പൗരന്മാരും ഉൾപ്പെട്ടിട്ടുണ്ട്. ഇസ്രഈലിൽ കൊല്ലപ്പെട്ട 1,405 ആളുകളിൽ 32 പേർ തായ്‌ലൻഡ് പൗരന്മാർ.

നിലവിലെ സാഹചര്യത്തിൽ ആശങ്കയുള്ളതിനാൽ ഇസ്രഈലിൽ നിന്ന് തങ്ങളുടെ പൗരന്മാരെ തിരിച്ചെത്തിക്കാൻ തായ് സർക്കാർ പദ്ധതിയിടുകയാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ദക്ഷിണ കൊറിയക്കും തായ്‌വാനും ശേഷം ഏറ്റവും കൂടുതൽ തായ് കുടിയേറ്റ തൊഴിലാളികളുള്ളത് ഇസ്രഈലിലാണ്. 30,000ലധികം തായ് തൊഴിലാളികൾ ഇസ്രഈലിൽ ജോലി ചെയ്തുവരുന്നുണ്ട്, പ്രത്യേകിച്ച് കാർഷിക മേഖലയിൽ.

നേരത്തെ ബന്ദികളെ വിട്ടയക്കണമെന്ന തായ്‌ലൻഡിന്റെ അഭ്യർത്ഥന ഹമാസിനെ അറിയിക്കുമെന്ന് ഖത്തർ, ഇറാൻ, ഈജിപ്‌ത് എന്നീ രാജ്യങ്ങൾ അറിയിച്ചിരുന്നതായി തായ്‌ലൻഡ് വിദേശകാര്യമന്ത്രി പാൺപ്രീ ബഹിദ്ധ നുകര പറഞ്ഞിരുന്നു.

Content Highlight: Thai official meets with Hamas in Iran to seek hostage release

We use cookies to give you the best possible experience. Learn more