ജനാധിപത്യത്തിന് അല്‍പ്പായുസ്സു മാത്രമുള്ള ചരിത്രമാണ് എന്നും തായ്‌ലന്‍ഡിന്റേത്. കഴിഞ്ഞ 80 വര്‍ഷത്തില്‍ 12 പട്ടാള അട്ടിമറികള്‍, ഏഴു അട്ടിമറി ശ്രമങ്ങള്‍. ലോകത്ത് ഏറ്റവും കൂടുതല്‍ പട്ടാള അട്ടിമറികള്‍ നടന്ന രാജ്യങ്ങളില്‍ ഒന്ന്.
25 തവണ പൊതുതിരഞ്ഞെടുപ്പ് നടന്നിട്ടും ജനാധിപത്യം മാത്രം വേരുപിടിച്ചില്ല. ഈ നിരന്തര ഭരണത്തകര്‍ച്ചകള്‍ കാരണം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ മുന്‍പ് പലപ്പോഴും തരിപ്പണമായി. ടൂറിസംകൂടി ഇല്ലായിരുന്നു എങ്കില്‍ ജനം പട്ടിണികിടന്നു മരിച്ചേനെ.
ഇപ്പോള്‍ പ്രധാന വരുമാനങ്ങളില്‍ ഒന്ന് സെക്സ് ടൂറിസം. ഭരണകൂടംതന്നെ ലൈംഗികശാലകള്‍ നടത്തുന്നു. ലൈംഗിക തൊഴിലാളിക്കു കിട്ടുന്ന വരുമാനത്തില്‍ കൈക്കൂലി കഴിഞ്ഞാലും 10 ശതമാനം നികുതി വേറെയും കെട്ടണം.
അതെന്തെങ്കിലും ആകട്ടെ. പക്ഷേ, ഓരോ വര്‍ഷവും ലൈംഗികവിപണികളിലേക്ക് എത്തുന്ന ഏതാണ്ട് 30 ശതമാനം പെണ്‍കുട്ടികള്‍ പ്രായപൂര്‍ത്തി ആകാത്തവരാണ് എന്നൊരു ഞെട്ടിക്കുന്ന കണക്ക് വേറെയുമുണ്ട്.
പരിമിത അധികാരങ്ങളോടെ എങ്കിലും ഇപ്പോഴും തായ്‌ലന്‍ഡില്‍ രാഷ്ട്രത്തലവന്‍ രാജാവുതന്നെ. അദ്ദേഹം നിയോഗിക്കുന്ന പ്രധാനമന്ത്രിക്ക് ആണ് ഭരണചുമതല. ചോദ്യം ചെയ്യപ്പെടാത്ത രാജാധികാരം പരമ്പരയായി കൈമാറി വരുന്നു.
തായ്‌ലന്‍ഡില്‍, ഏറ്റവും ഒടുവില്‍ പട്ടാള അട്ടിമറി നടന്നത് 2014 ല്‍. “നാഷണല്‍ കൗണ്‌സില്‍ ഫോര്‍ പീസ് ആന്‍ഡ് ഓഡര്‍” എന്ന പേരില്‍ ഇപ്പോഴും പട്ടാളംതന്നെ ഭരിക്കുന്നു. നാഷണല്‍ അസംബ്ലി പിരിച്ചുവിട്ടു ഭരണഘടനയും ഭേദഗതി ചെയ്താണ് പട്ടാളമേധാവി അധികാരം തുടരുന്നത്. ജുഡീഷ്യറി നോക്കുകുത്തിയായി. മിക്ക കേസുകളുടെയും വിചാരണകള്‍ ഇപ്പോള്‍ പട്ടാളക്കോടതിയിലാണ്. ചെറിയ എതിര്‍സ്വരങ്ങള്‍ക്കും കൊടിയ ശിക്ഷ.
ഇപ്പോഴത്തെ പ്രധാനമന്ത്രി പ്രയുത് ചാന്‍ ഓച്ച തായ്ലന്‍ഡ് പട്ടാളത്തിന്റെ മുന്‍ ജനറല്‍ ഓഫിസറാണ്. സര്‍ക്കാരിനെ അട്ടിമറിച്ചു ഭരണംപിടിച്ച പ്രയുത് ചാന്‍ തന്റെ സേനയിലെ വിശ്വസ്തരെ പ്രധാന സ്ഥാനങ്ങളില്‍ നിയമിച്ചു. സ്ഥാനം സുരക്ഷിതമാക്കാന്‍ ഭരണഘടനതന്നെ പൊളിച്ചു. ജനാധിപത്യത്തെക്കുറിച്ചുള്ള എല്ലാ ചര്‍ച്ചകളും തടഞ്ഞു.
Read Also : “ഗുഹയ്ക്കുള്ളില്‍ നിന്ന് പുറത്തെത്തിയത് അപകടരമായ ഡൈവിംഗിലൂടെ”; കുട്ടികളുടെ ആത്മധൈര്യം അത്ഭുതപ്പെടുത്തിയെന്ന് രക്ഷാപ്രവര്‍ത്തകന്‍, വീഡിയോ
പട്ടാളത്തെ വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ട ബറിന്‍ ഇന്റീന്‍ എന്ന യുവാവിന് കിട്ടിയത് 11 വര്‍ഷം തടവുശിക്ഷ. രാജാവിനെ പരോക്ഷമായി വിമര്‍ശിച്ച പൊങ്സക് എന്നയാള്‍ക്ക് കിട്ടിയത് 60 വര്‍ഷം ജയില്‍. രണ്ടു ശിക്ഷയും ഈ അടുത്ത കാലത്ത്. കുറ്റം സൈബര്‍ ക്രൈം.
തായ് മാധ്യമങ്ങള്‍ പണ്ടേ സ്വാതന്ത്രമല്ല. 2014 ലെ പട്ടാള അട്ടിമറിക്കുശേഷം മാധ്യമങ്ങളെ കൂടുതല്‍ കുരുക്കുന്ന നിയമങ്ങള്‍ കൊണ്ടുവന്നു. കൂടുതല്‍ മാധ്യമനിയന്ത്രണ കരിനിയമങ്ങള്‍ അണിയറയില്‍ പട്ടാളം ഒരുക്കിക്കൊണ്ടിരിക്കുന്നു. ഇപ്പോഴും മാധ്യമങ്ങള്‍ക്ക് കടുത്ത സെന്‍സര്‍ഷിപ്പ് ഉണ്ട്.
“ആവശ്യമില്ലാത്തത് എഴുതിയാല്‍ എഴുതുന്നവനെ തൂക്കിലേറ്റുമെന്നു” പട്ടാള മേധാവിതന്നെ പരസ്യമായി പ്രഖ്യാപിച്ചു. മുഖപ്രസംഗങ്ങളും അവലോകനങ്ങളും വിമര്‍ശനങ്ങളും നിരോധിച്ചു. നിരവധി മാധ്യമപ്രവര്‍ത്തകര്‍ ഇപ്പോഴും ജയിലിലാണ്.
സ്വതന്ത്ര ചാനലുകള്‍ തീരെ കുറവാണ്. പട്ടാള ഭരണത്തിന് എതിരെ വാര്‍ത്ത നല്‍കാന്‍ ശ്രമിച്ച വോയ്സ് ടി വിയും പീസ് ടിവിയും കഴിഞ്ഞ വര്‍ഷം പട്ടാളം ആഴ്ചകളോളം അടച്ചുപൂട്ടിച്ചു. പ്രധാന ചാനലുകള്‍ എല്ലാം റോയല്‍ തായ് ആര്‍മിയും സര്‍ക്കാരുമാണ് നടത്തുന്നത്. റേഡിയോയും ഏതാണ്ട് അങ്ങനെതന്നെ. പത്രങ്ങളൊന്നും വിമര്‍ശിച്ചു “പണിവാങ്ങാന്‍” നില്‍ക്കാറില്ല. “തായ് രഥ്” അടക്കം പല പത്രങ്ങള്‍ക്കും ടാബ്ലോയ്ഡ് സ്വഭാവമാണ്.
Read Also : തായ്‌ലാന്റില്‍ ഗുഹയില്‍ കുടുങ്ങിയ എല്ലാവരെയും പുറത്തെത്തിച്ചു, വീഡിയോ
ഗുഹാ അപകടം അറിഞ്ഞപ്പോള്‍ ആദ്യം പട്ടാളം ചെയ്തത് അവിടെനിന്നും മാധ്യമങ്ങളെ പുറത്താക്കുകയാണ്. പകരം ദിവസവും ചെറിയ പത്രക്കുറിപ്പു മാത്രം നല്‍കി. അതല്ലാതെ എന്തെങ്കിലും ജനങ്ങളെ അറിയിച്ചാല്‍ അന്നോടെ പൂട്ടും പത്രമായാലും ചാനല്‍ ആയാലും.
ഇങ്ങനെയൊരു ജനാധിപത്യവിരുദ്ധ രാജ്യത്ത് ഒരു ദുരന്തമുഖത്ത് ഭരണാധികാരി എത്തിയാലും ഇല്ലെങ്കിലും ഒന്നുമില്ല.
പട്ടാളക്കാരനായ പ്രധാനമന്ത്രിയെ ജീവനില്‍ കൊതിയുള്ള ആരും ചോദ്യംചെയ്യില്ല. അങ്ങനെയൊരു ഭരണത്തലവന് ജനങ്ങളെ അഭിമുഖീകരിക്കേണ്ട ആവശ്യവും ഇല്ല. അയാളോട് ആരും ഒന്നും ഒരിക്കലും ചോദിക്കാന്‍ പോകുന്നില്ല.
ഇന്ത്യയില്‍ അതല്ല അവസ്ഥ. നിപ്പാ എന്ന മാരകരോഗം പരക്കുമ്പോഴും ആരോഗ്യമന്ത്രി ആ ജില്ലയില്‍തന്നെ തങ്ങും. അത്, അവരെ തിരഞ്ഞെടുത്തു അയച്ച ജനങ്ങളോടുള്ള മഹനീയമായ ഉത്തരവാദിത്തം ആണ്. നാളെ വീണ്ടും ജനങ്ങളുടെ മുന്നില്‍ പോയി നില്‍ക്കേണ്ട ആളാണ് എന്ന ബോധ്യമാണ് ആരോഗ്യമന്ത്രിയെക്കൊണ്ടു അതു ചെയ്യിക്കുന്നത്. അത് മൂല്യമുള്ള ഒരു ജനാധിപത്യബോധമാണ്.
ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാറുകളുടെയും ഭരണകര്‍ത്താക്കളുടെയും പിന്തുണയോടെ, അറിവോടെ, അനുമതിയോടെ എത്രയോ വിജയകരമായ റസ്‌ക്യു ഓപ്പറേഷനുകള്‍ ഇന്ത്യ കണ്ടിരിക്കുന്നു. ഇന്ത്യ കണ്ട മികച്ച പല രക്ഷാദൗത്യങ്ങളും ജനാധിപത്യ ഭരണകൂടങ്ങള്‍ ആലോചിച്ചും ചര്‍ച്ച ചെയ്തും പ്രാവര്‍ത്തികമാക്കിയതാണ്.
അറുപതടി ആഴമുള്ള കുഴല്‍ക്കിണറില്‍ കുടുങ്ങിയ ഹരിയാനയിലെ പ്രിന്‍സ് എന്ന കുട്ടിയെ 48 മണിക്കൂര്‍ക്കൊണ്ടു ഇന്ത്യന്‍ സൈന്യം പുറത്തെടുത്തത് 2006 ലാണ്. എല്ലാ ജനപ്രതിനിധികളും ഭരണകൂടവും ജനങ്ങളും ഒന്നിച്ച യജ്ഞമായിരുന്നു അത്. ആ പ്രിന്‍സിന് ഇപ്പോള്‍ 17 വയസ്സ്. മിടുക്കനായി വളരുന്നു.
ആ കുഞ്ഞു ആ കുഴിയില്‍ കിടക്കുമ്പോള്‍തന്നെ ഇന്ത്യന്‍ മാധ്യമങ്ങള്‍ ചോദിച്ചു, “”ഒരു കുട്ടി ഓടിക്കളിക്കുന്ന സ്ഥലത്ത് മൂടിയില്ലാത്ത ഒരു കുഴല്‍ക്കിണര്‍ വന്നതിന്റെ ഉത്തരവാദി ആരാണ്?””
ആ മാധ്യമ ചര്‍ച്ചകള്‍ക്ക് ഫലമുണ്ടായി. രാജ്യത്തെ സുരക്ഷിതമല്ലാത്ത എല്ലാ കുഴല്‍ക്കിണറുകളും മൂടാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. ആയിരക്കണക്കിന് കുഴല്‍ക്കിണറുകള്‍ മൂടപ്പെട്ടു. എത്ര കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷപ്പെട്ടിരിക്കാം!
ഹരിയാന സര്‍ക്കാര്‍ നല്‍കിയ ഇരുപതു ലക്ഷത്തിന് പുറമേ പ്രിന്‍സിന്റെ ഭാവിക്കായി മാധ്യമങ്ങള്‍ വലിയൊരു തുക അന്ന് സമാഹരിച്ചു നല്‍കുകയും ചെയ്തു. ഓര്‍മ്മകള്‍ ഉണ്ടാവണം.
കടലുണ്ടിയിലും പെരുമണ്ണിലും രക്ഷാപ്രവര്‍ത്തകര്‍ എത്തുംവരെ ആരും കാത്തുനിന്നില്ല. നാട്ടുകാര്‍ ഓടിയെത്തി ജീവന്‍ പണയപ്പെടുത്തി മറ്റു ജീവനുകളെ ആഴങ്ങളില്‍നിന്നു കോരിയെടുത്തു. സര്‍ക്കാരും ജനങ്ങളും ജനപ്രതിനിധികളും മാധ്യമങ്ങളും ഒന്നിച്ചു കൈകോര്‍ത്തു. സുരക്ഷയെ സംബന്ധിച്ച വലിയ ചര്‍ച്ചകള്‍ ഉണ്ടായി. ചില തുടര്‍നടപടികള്‍ എങ്കിലും ഉണ്ടായി.
ഇന്ത്യന്‍ മാധ്യമങ്ങള്‍ ഓരോ റെയില്‍ അപകടത്തിലും ആവര്‍ത്തിച്ചു ചര്‍ച്ച ചെയ്യാറുണ്ട് റയില്‍സുരക്ഷയെക്കുറിച്ച്.
ആ ചര്‍ച്ചകള്‍ ഒന്നും അനാവശ്യമായിരുന്നില്ല എന്നതിന് തെളിവാണ് റയില്‍വേയുടെതന്നെ കണക്കുകളില്‍ റെയില്‍ അപകടങ്ങളില്‍ ഇപ്പോഴുണ്ടായിരിക്കുന്ന കുറവ്.
പിഞ്ചുകുട്ടികള്‍ കയറിപോകാന്‍ തക്ക അപ കടകരമായ ഒരു ഗുഹ ഒരു മുന്നറിയിപ്പ് ബോര്‍ഡുപോലും ഇല്ലാതെ ജനവാസ മേഖലയില്‍ തുറന്നു കിടന്നതിന് ആരാണ് ഉത്തരവാദി എന്ന ചോദ്യം തായ്‌ലന്‍ഡില്‍ ആരും ചോദിക്കില്ല. ശരിക്കും എന്താണ് നടന്നതെന്ന് ആ കുട്ടികളോട് ഒരു തായ്ലന്‍ഡ് ചാനലും ചോദിക്കില്ല. സര്‍ക്കാരിനോ അധികൃതര്‍ക്കോ എതിരെ ആരും ഒരു ചെറുവിരല്‍പോലും അനക്കില്ല. പല രഹസ്യങ്ങളും ലോകം അറിയുകപോലുമില്ല.
എന്നുകരുതി അതാണ് “മഹനീയ മാതൃക” എന്നു ഇന്ത്യക്കാരന്‍, വിശേഷിച്ചു മലയാളി പറയരുത്. ഒരിടത്തും ചോദ്യങ്ങള്‍ ഉണ്ടാവാത്തതില്‍ ആഹ്ലാദിക്കരുത്. അത്തരം ആഹ്ലാദം തോന്നുന്നുവെങ്കില്‍ നിങ്ങളുടെ ഉള്ളിലൊരു ഏകാധിപതിയും മുട്ടിലിഴയുന്ന ദാസനും ഒരുപോലെയുണ്ട്.
ഒരു ദുരന്ത സ്ഥലത്തേക്ക് മന്ത്രിയോ ജനപ്രതിനിധിയോ തിരിഞ്ഞുനോക്കാത്തതാണ് “ഗംഭീര രക്ഷാപ്രവര്‍ത്തന മാതൃക”യെന്നു പ്രബുദ്ധ മലയാളി ഒരിക്കലും ധരിച്ചുവശാകാരുത്. എത്രയൊക്കെ പോരായ്മകള്‍ ഉണ്ടെങ്കിലും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ചിലനന്മകളില്‍ ഒന്നാണ് ഓടിയെത്തുന്ന ജനപ്രതിനിധി.
ഏതു പ്രശ്‌നത്തിലും നമ്മുടെ ആദ്യ പരാതികേന്ദ്രം നാട്ടിലെ ആ പാവം വാര്‍ഡ് മെമ്പര്‍ അല്ലെ, അയാള്‍ ഏതു പാര്‍ട്ടിക്കാരന്‍ ആയാലും. അത് ജനാധിപത്യത്തിന്റെ കരുത്തും വെളിച്ചവുമാണ്. നമുക്ക് അപകടം ഉണ്ടാകുമ്പോള്‍ പട്ടാളമല്ല, ജനങ്ങളും നേതാക്കളും തന്നെയാണ് ഓടിയെത്തേണ്ടത്.
തള്ളി തള്ളി, ഇന്ത്യന്‍ ജനാധിപത്യത്തെക്കാള്‍ കേമം തായ്‌ലന്‍ഡിലെ പട്ടാളഭരണം ആണെന്നുവരെ എത്തിയതുകൊണ്ടാണ് ഇതൊക്കെ പറയേണ്ടി വന്നത്. തായ്ലന്‍ഡ് സംഭവത്തെക്കുറിച്ചു ഒരു ചോദ്യവും ഉയരാത്തതില്‍ ആഹ്ലാദിക്കുന്ന ഇടതു നിഷ്‌കളങ്കരെവരെ ധാരാളമായി കണ്ടതുകൊണ്ടും.
സാക്ഷരമലയാളി ദയവായി മുരളി തുമ്മാരുക്കുടിയുടെ പോസ്റ്റ് മാത്രം വായിച്ചു ലോകത്തെ വിലയിരുത്തരുത്. പത്രങ്ങളുടെ വിദേശപേജെങ്കിലും വായിച്ച ഓര്‍മ്മകള്‍ നമുക്ക് വേണം.
ഒരു വരി കൂടി പറഞ്ഞില്ലെങ്കില്‍ ചിലരെങ്കിലും തെറ്റുദ്ധരിക്കും. ആ 12 കുഞ്ഞുങ്ങളും അവരുടെ പരിശീലകനും രക്ഷപ്പെട്ടതില്‍ ഭൂമിയിലെ എല്ലാ മനുഷ്യരെയുംപോലെ ഞാനും അതിയായി സന്തോഷിക്കുന്നു. ഒരു ലിഫ്റ്റില്‍ മൂന്നു മിനിട്ടു കുടുങ്ങിയാല്‍ ശ്വാസം മുട്ടുന്ന ആളാണ് ഞാന്‍.
പക്ഷേ, തായ്‌ലന്‍ഡ് സന്തോഷവാര്‍ത്തയുടെ മറവില്‍ പടരുന്ന ജനാധിപത്യ വിരുദ്ധതയെയും അരാഷ്ട്രീയതയെയും പട്ടാളവീരസ്യത്തെയും എതിര്‍ക്കാതെ വയ്യ. ക്ഷമിക്കുക.