| Monday, 4th November 2019, 2:31 pm

'അലമാരടെ മോളില്‍നിന്നും സി.പി.ഐ.എമ്മിന്റെ കൊടികള്‍ കിട്ടി, പാര്‍ട്ടി പരിപാടി കഴിഞ്ഞ് അലക്കി വെച്ചതാണ് അത്‌'; താഹയുടെ അമ്മ ജമീല

ഡൂള്‍ന്യൂസ് ഡെസ്‌ക്

പൊലീസ് താഹ ഫസലിന്റെ മുറിയില്‍ നിന്നെടുത്ത് നിരത്തിയത് ജേര്‍ണലിസം പുസ്തകങ്ങളും നോട്ടുകളും സി.പി.ഐ.എമ്മിന്റെ കൊടികളാണെന്നും അമ്മ ജമീല പറഞ്ഞു. പൊലീസ് തന്ന കോപ്പിയില്‍ മറ്റെന്തെക്കെയോ ആണ് എഴുതിയിരിക്കുന്നതെന്നും ജമീല ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

ജമീലയുടെ പ്രതികരണം…

‘പത്ത് മണി പന്ത്രണ്ട് മണി ആയിട്ടും താഹ വന്നില്ല. താഹക്ക് വല്ല ആക്സിഡന്റും പറ്റിയിട്ടുണ്ടാവും എന്ന് കരുതി ഞങ്ങള്‍ വീടിന്റെ കൊലായില്‍ പൊയി ഇരുന്നു. രാത്രി ഒന്നേകാലായപ്പോള്‍ അവന്‍ പൊലീസ് വണ്ടിയില്‍ വന്നു. പൊലീസ് വണ്ടിയാണെന്ന് ആദ്യം അറിഞ്ഞില്ല. ലോറിയാണെന്ന് കരുതിയാണ് ഉമ്മറത്തേക്ക് ഓടി വന്നത്. വണ്ടിയില്‍ അവനെ കണ്ടപ്പോള്‍ ഞാന്‍ ചോദിച്ചു മോനേ നീയെന്താ ഈ വണ്ടിയില്‍ എത്താന്‍ കാരണമെന്ന്.

അപ്പോള്‍ അവന്‍ പറഞ്ഞു ഉമ്മാ ഞാന്‍ ഒന്നും ചെയ്തിട്ടില്ല ഇവരെന്നെ സംശയത്തില്‍ പിടിച്ചതാണെന്ന്. പൊലീസ് ആദ്യം വലിയ മോന്റെ മുറിയില്‍ പോയി പുസ്തകങ്ങളും എല്ലാം പരിശോധിച്ചു. കിടക്ക പൊന്തിച്ചും അലമാരയും എല്ലാം അവര്‍ നോക്കി. പിന്നീട് പൊലീസ് താഹയുടെ മുറി പരിശോധിക്കാന്‍ പോവുമ്പോള്‍ പെട്ടെന്നവന്‍ മുദ്രാവാക്യം വിളിച്ചു. എന്റെ കുട്ടിയുടെ കയ്യില്‍ നിന്നും ഇതുവരെയും അങ്ങനൊന്ന് കിട്ടാത്തതാണ്. അപ്പോ ഞങ്ങളെല്ലാരും അവന്റടുത്തേക്ക് പോന്നു. ആ സമയത്ത് പൊലീസ് റൂമ് തുറന്ന് കടന്നു.

ഞാന്‍ എന്റെ മോനേ നീയെന്നെ ചതിച്ചല്ലോ എന്ന് പറഞ്ഞ് അവന്റെ അടുത്തുനിന്നപ്പോ അവന്‍ പറഞ്ഞു ഞാന്‍ ചതിച്ചതല്ലുമ്മാ ഇവരെന്നെക്കൊണ്ട് പറയിപ്പിക്കുകയാണെന്ന്. ഞാന്‍ ഒരിക്കലും ചതിച്ചില്ല, തെറ്റ് ചെയ്തിട്ടില്ല, ഇനി തെറ്റ് ചെയ്യുകയുമില്ല, അത് നിങ്ങക്ക് ന്നെ വിശ്വാസമില്ലേന്ന് അവന്‍ ചോദിച്ചു. ഉണ്ട് മോനേന്ന് ഞാന്‍ പറഞ്ഞു. അതിനുമുമ്പ് ഞാന്‍ പറ്റിച്ചതല്ല ഉമ്മാന്ന് അവന്‍ പറയുമ്പോള്‍ തന്നെ വാ പൊത്ത് വാ പൊത്ത് എന്ന് പൊലീസ് പറഞ്ഞ് രണ്ട് ആളുകള്‍ ഇവന്റെ വാ പൊത്തി.

ഞങ്ങള്‍ മുറിയിലേക്ക് ചെന്നപ്പോള്‍ ദാ ഇതെല്ലാം ഇവിടെ നിന്ന് കിട്ടിയതാണെന്ന് പറഞ്ഞ് പൊലീസ് എന്തല്ലൊ എടുത്തുനിരത്തി. ജേണലിസത്തിന്റെ പുസ്തകങ്ങളാണ് അതെല്ലാം, മറിച്ചിട്ടു. അതില്‍നിന്നും ടെക്സ്റ്റ് കിട്ടി, നോട്ട് കിട്ടി.  എല്ലാം അവന്റെ ജേണലിസം പുസ്തകങ്ങളാണ്.

അലമാരടെ മോളില്‍ നിന്നും സി.പി.എമ്മിന്റെ കൊടികള്‍ കിട്ടി.  ഇവര് പാര്‍ട്ടി പരിപാടി കഴിഞ്ഞ് വരുമ്പോ ഞാന്‍ കൊടി തിരിമ്പി അതിന്റെ മോളില്‍ മടക്കി വയ്ക്കുന്നതാണ്. രണ്ടാള് യൂസ് ചെയ്യുന്ന മുറിയാ.

ഇന്നലെ രാത്രിയാണ് ഞാന്‍ ഇവര് തന്ന കോപ്പിവായിക്കണത്. അപ്പൊ അതിലെന്തല്ലോ എഴുതി പിടിപ്പിച്ചിട്ടുണ്ട്. അതൊന്നും ഞാന്‍ കണ്ടില്ല. എന്തോ ബാനറൊക്കെ അതില്‍ എഴുതി പിടിപ്പിച്ചച്ചിട്ടുണ്ട്.  ഞാന്‍ കണ്ടിട്ടില്ല. ഇത്രേ എനിക്കറിയൂ അതാണ് ഇവിടെ സംഭവിച്ചത്’.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more