‘മാധ്യമം’ ദിനപത്രത്തില്‍ രണ്ടു ദിവസമായി സി. ദാവൂദ് എഴുതിയ ‘ഈ സമുദായം ഒരു അപലപന തൊഴിലാളി യൂനിയനല്ല’ എന്ന ലേഖനം, ലോകത്തിന്റെ മുഴുവന്‍ വെറുപ്പായി മാര്‍ക്‌സിസത്തെ അവതരിപ്പിക്കാനുള്ള മാരകമായ ശ്രമമാണ്.
ദാവൂദിന്റെ ലേഖനത്തില്‍ ‘ശുക്ലം, ശുക്ല വിപ്ലവം’ എന്നൊക്കെ ഉപയോഗിക്കുന്നുണ്ട്. ഇങ്ങനെ ഉപയോഗിക്കുന്നതില്‍ തെറ്റൊന്നുമില്ല. കുട്ടിക്കാലത്തെ ‘വഅളു’കളില്‍ കേള്‍ക്കാറുള്ള ഒരു വാചകത്തിന്റെ അര്‍ഥം തിരയുന്ന അനുഭവം പുനത്തില്‍ കുഞ്ഞബ്ദുള്ള പറഞ്ഞിട്ടുണ്ട്. ‘യാ, മുഅമിനുകളെ നാമൊക്കെ ഒരു തുള്ളി ഇന്ദ്രിയത്തില്‍ നിന്നുണ്ടായി…’
‘ഇന്ദ്രിയ’ മെന്ന ഗൂഡാര്‍ഥം നിറഞ്ഞ വാക്കിന്റെ അര്‍ഥം പ്രീ യൂണിവേഴ്‌സിറ്റിക്ക് പഠിക്കുമ്പോള്‍ ബേപ്പൂരിനടുത്തുള്ള ഒരു ഗോഡൗണില്‍ വെച്ച് ബന്ധുവായ കൂട്ടുകാരനാണ് കുഞ്ഞബ്ദുള്ളക്ക് പച്ചവെള്ളം പോലെ വിശദീകരിച്ചു കൊടുക്കുന്നത്. ഇന്ദ്രിയമെന്താ? സി. ദാവൂദ് എഴുതിയ ‘ശുക്ലം’ തന്നെ. ഭാഷയുടെ ജനാധിപത്യ തുറവികള്‍ അങ്ങനെയാണ്. നാമെല്ലാം ഒരു തുള്ളി ഇന്ദ്രിയത്തില്‍ നിന്നുണ്ടായി. അവര്‍ പല ഗോത്രങ്ങളായും സമൂഹമായും മാറി.
വിശ്വാസികളുടെയും അവിശ്വാസികളുടെയും ചിന്താധാരകള്‍, സെമിറ്റിക് മതങ്ങള്‍, സോഷ്യലിസം, മാര്‍ക്‌സിസം, മുതലാളിത്തം, ചങ്ങാത്ത മുതലാളിത്തം… ഒരു തുള്ളി ഇന്ദ്രിയം ഇങ്ങനെയൊക്കെ പല മതങ്ങളായും ഇസങ്ങളായും മാനവ കുലമായി പടര്‍ന്നു. ഇതിന്റെ ചരിത്രം പറയുമ്പോള്‍, അത് മിക്കവാറും ‘ആണുങ്ങളുടെ ചരിത്ര’മാണ്. മതമായാലും മാര്‍ക്‌സിസ്റ്റ് ചരിത്ര ബോധത്തിന്റെ കാര്യമായാലും ഈ പൊതു ആണധികാര പശ്ചാത്തലത്തില്‍ നിന്ന് ഏറെയൊന്നും ഭിന്നമായിരുന്നില്ല.
‘പുരുഷത്വ’മാര്‍ന്നതിനെയാണ് ചരിത്രം ഏറെയും പ്രതിനിധാനം ചെയ്യുന്നത്. വേണമെങ്കില്‍ പുരുഷന്‍മാര്‍, പുരുഷന്മാര്‍ക്ക് വേണ്ടി നിര്‍മ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത ‘പുരുഷ സമൂഹ ചലച്ചിത്ര’മാണ് ലോക ചരിത്രം എന്നു പറയാം. പുരുഷ മൂല്യങ്ങളാണ്, കടുത്ത സ്ത്രീ വിരുദ്ധതയാണ് ഈ ചരിത്ര സ്ഥലങ്ങളിലും സന്ദര്‍ഭങ്ങളിലും വിനിമയം ചെയ്യുന്നത്. അതായത്, ശുക്ലം, ശുക്ലം!
സി. ദാവൂദ് എഴുതിയ ലേഖനത്തില്‍ ജമാഅത്തെ ഇസ്‌ലാമിയും മാധ്യമവും എത്തരം ആശയത്തെയാണ് തീറ്റിപ്പോറ്റുന്നത് എന്നത് വെളിപ്പെടുത്തുന്നു. അതില്‍, താലിബാനിലെ സ്ത്രീകള്‍ അനുഭവിക്കുന്ന ആന്തരികയാതനകള്‍ എവിടെയും അടയാളപ്പെടുത്തുന്നില്ല.
ശരിക്കും ഒരാള്‍ മത വിശ്വാസി ആയിരിക്കണമെന്നു പറയുന്നതിന് അയാള്‍ വര്‍ഗീയവാദിയോ മതമൗലികവാദിയോ ആയിരിക്കണമെന്നല്ല. എന്നാല്‍, ഒരു മുസ്‌ലിം എപ്പോഴും വര്‍ഗീയ വാദിയോ മതമൗലിക വാദിയോ ആയി മത ജീവിതം തുടരണമെന്നാണ് ജമാഅത്തെ ഇസ്‌ലാമിയുടെ ഉള്ളിലിരുപ്പ്. ഇസ്‌ലാം എന്ന മതത്തില്‍ പല കാലങ്ങളിലായി രൂപപ്പെട്ട സമാന്തര ധാരകളിലെല്ലാം ഈ വൈരുദ്ധ്യങ്ങള്‍ കാണാം.
അവയെല്ലാം, മിക്കവാറും, സ്ത്രീവിരുദ്ധമായ ആശയങ്ങള്‍ പേറുന്നതില്‍ ഒറ്റച്ചങ്കാണ്. താലിബാന്‍ വിഷയത്തില്‍, ‘സ്വതന്ത്ര അഫ്ഘാന്‍’ എന്ന മാധ്യമത്തിന്റെ തലക്കെട്ട് തീര്‍ച്ചയായും ഒരു പുരുഷന്‍ എഴുതിയ തലക്കെട്ടായിരിക്കണം. സ്ത്രീകള്‍ കുട്ടികളുമായി നിലവിളിച്ചോടുമ്പോള്‍, മൂടിക്കെട്ടിയ കണ്ണുകളോടെ ‘ശരീരം’ മാത്രമായി ചുരുങ്ങാന്‍ ഹതഭാഗ്യരായി തീര്‍ന്ന സ്ത്രീകളെ ഓര്‍ത്ത് നെഞ്ചു പിടയാത്ത ‘കല്ലച്ചു’ ആണ്‍ബോധമാണ് ആ തലക്കെട്ട് നല്‍കിയത്. അത് ചോദ്യം ചെയ്യുമ്പോള്‍, ആ ചോദ്യത്തിലേക്ക് ജനാധിപത്യപരവും സര്‍ഗാത്മകവുമായ മാന്യതയോടെ എന്‍ഗേജ് ആവുന്നതിനു പകരം ഒരു പ്രസ്ഥാനവും മാധ്യമ സ്ഥാപനവും ഒരാള്‍ക്ക് നല്‍കുന്ന സവിശേഷ അധികാരം ദുരുപയോഗം ചെയ്ത്, സമുദായത്തിന്റെ രക്ഷാകര്‍തൃത്വം സ്വയം ഏറ്റെടുത്ത് പ്രത്യക്ഷപ്പെടുകയാണ്.
പ്രിയപ്പെട്ട ദാവൂദ്, താങ്കള്‍ മുസ്‌ലിം സമുദായ പ്രതിനിധിയേ അല്ല. താങ്കള്‍ എഴുതിയ ലേഖനത്തിന്റെ ശീര്‍ഷകത്തില്‍ നിന്ന് ‘ഈ സമുദായം’ എന്ന വാക്ക് തിരിച്ചെടുക്കുക. അല്ല അല്ല, നിങ്ങള്‍ ഈ സമുദായത്തിന്റെ പ്രതിനിധിയേ അല്ല. നിങ്ങള്‍ ജമാഅത്തെ ഇസ്‌ലാമിയോ അതിന്റെ യുവജനപ്രസ്ഥാനമായ സോളിഡാരിറ്റിയുടെയോ ഭാഗമാണ്, മീഡിയാ വണ്‍ എന്ന സ്ഥാപനത്തിലെ ജീവനക്കാരനാണ്. അതിലപ്പുറമുള്ള കിരീടം തലയില്‍ വെച്ച്, ഒരു സമുദായ നേതാവിന്റെ ഭാഷയില്‍ ഞങ്ങളെ ഉത്‌ബോധനം ചെയ്യരുതേ. പ്ലീസ്.
സംശയമില്ല, ഉദ്‌ബോധനം ജമാഅത്തെ ഇസ്‌ലാമിക്ക് വശമുള്ള കലയാണ്. ‘ഹലാല്‍ ലൗ സ്റ്റോറി’ എന്ന സിനിമയില്‍ ‘സുന്ദരനായവനേ, സുബ്ഹാനള്ളാ…’ എന്ന പാട്ടിന്റെ പശ്ചാത്തലത്തില്‍ ആ പ്രബോധന നിര്‍വ്വഹണം നാം കണ്ടതുമാണല്ലൊ. (ആ സിനിമയുടെ രാഷ്ട്രീയം തുറന്നു കാട്ടിയതിന് ഈ ലേഖകന് വൈറല്‍ പൊങ്കാലകള്‍ കിട്ടി. ഇപ്പോള്‍ ജമാഅത്തെ ഇസ്‌ലാമിയുടെ തനി നിറം അതിന്റെ യുവ ബുദ്ധിജീവി തന്നെ പച്ചയ്ക്ക് വെളിപ്പെടുത്തുന്നു). ജമാഅത്തെ ഇസ്‌ലാമിയുടെ ആശയ പ്രകാശനം ‘പ്രബോധനത്തി’ലോ ‘ബോധന’ത്തിലോ ആവാം. ഞങ്ങള്‍ വീട്ടില്‍ വരുത്തുന്ന ‘മാധ്യമ’ത്തില്‍ ഈ ശുക്ല മഹാത്മ്യവുമായി വരരുത്.
‘സമുദായ വക്താവായി’സ്വയം അവതരിച്ചുകൊണ്ട് സി. ദാവൂദ് എഴുതിയ ആ ലേഖനത്തില്‍ നിന്ന് ‘മാര്‍ക്‌സ്’ ചുറ്റുമുള്ളതൊന്നും മനസ്സിലാക്കാന്‍ കഴിയാതിരുന്ന ‘ഒരുവനാ’ണ്. (പ്രിയപ്പെട്ട മാര്‍ക്‌സ്, ഞങ്ങള്‍ വീട്ടില്‍ വരുത്തുന്ന പത്രത്തില്‍ ഒരു ചെറുപ്പക്കാരന്‍ ഇങ്ങനെയെഴുതില്‍ ദു:ഖം തോന്നുന്നു) മാര്‍ക്‌സിസം ഒരു ബാലസാഹിത്യമാണ് അല്ലെങ്കില്‍ അമര്‍ ചിത്ര കഥ, ആ പ്രസ്ഥാനത്തില്‍ വിശ്വാസമര്‍പ്പിച്ച പലരും ശുക്ല ദാഹികളായിരുന്നു.
ഇങ്ങനെയുള്ള ചുരുക്കിക്കെട്ടലുകള്‍ പ്രവാചകനെക്കുറിച്ചാണെങ്കില്‍? ഖുര്‍ആനെക്കുറിച്ചാണെങ്കില്‍? ദൈവദത്തമായതു കൊണ്ട് വിമര്‍ശനാതീതം എന്ന് മുന്‍കൂര്‍ ജാമ്യമുണ്ടല്ലൊ ഏതൊരു മത വിശ്വാസിക്കും. അതിന് ഇസ്‌ലാം ക്രൈസ്തവത എന്നൊന്നുമില്ല. എല്ലാം അങ്ങനെയാണ്. വിമര്‍ശനാതീതമായ വിശുദ്ധി. ഒരു മതവിശ്വാസി അങ്ങനെ കരുതുന്നതില്‍ തെറ്റൊന്നുമില്ല. എന്നാല്‍, ഭയാനകമായ ഒരു ‘ താലിബാന്‍ ഇസ്‌ലാം’ ആണ് ശരി എന്ന ‘അന്യായം’ ഉറപ്പിക്കാന്‍ നിങ്ങള്‍ മാര്‍ക്‌സിനെ തെറ്റായി ഉദ്ധരിക്കരുത്.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ ഭൂതകാലം ചികഞ്ഞ് ഈ പുതിയ കാലത്തെ വായിക്കരുത്. ഇതില്‍ നിന്ന് വ്യത്യസ്തമായി നിങ്ങളുടെ മതം എങ്ങനെയാണ് ഈ ജനാധിപത്യ കാലത്തെ നിര്‍വ്വചിക്കുന്നതെന്ന് പറയൂ. കമ്യൂണിസ്റ്റ് പാര്‍ട്ടിയാല്‍ നയിക്കപ്പെട്ട സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളൊക്കെ പലപ്പോഴും അവികലവും അസംതൃപ്തജനകവും മനുഷ്യക്കുരുതിയുടെ രക്ത പങ്കിലവുമായ ചരിത്രം പേറുന്നതുമാണ് എന്ന് ഏത് ചരിത്ര വിദ്യാര്‍ഥിക്കാണറിയാത്തത്?
എന്നാല്‍, മഹാനായ മാര്‍ക്‌സിനെ പുച്ഛിക്കുന്നതിനു മുമ്പ്, ലോക മുതലാളിത്തത്തിന് നേരിടേണ്ടി വന്ന ഭീഷണി കമ്യൂണിസത്തില്‍ നിന്നാണെന്ന്, കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ എല്ലാ തരം കുഴപ്പങ്ങള്‍ക്കിടയിലും ഓര്‍ക്കേണ്ടതാണ്. ഇത്തരം മൂര്‍ച്ചയുള്ള ആത്മവിമര്‍ശനങ്ങള്‍ കമ്മ്യൂണിസ്റ്റ്/സോഷ്യലിസ്റ്റ് പ്രസ്ഥാന ചിന്തകരില്‍ നിന്നു തന്നെ ഉയര്‍ന്നു വന്നിട്ടുണ്ട്. തോമസ് ഇ.വെയ്‌സ്‌ക്കോഫ് ‘പങ്കാളിത്ത സോഷ്യലിസം’ (Participatory Socialism) എന്ന ആശയം തന്നെ മുന്നോട്ടു വെച്ചിട്ടുണ്ട്. കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ അധികാരം കൈയാളിയിരുന്ന രാജ്യങ്ങളിലെ ജനാധിപത്യ വിരുദ്ധത, അസമത്വം, ലജ്ജിപ്പിക്കുന്ന അധികാര നിര്‍വ്വഹണം. ഇതെല്ലാം പല പുസ്തകങ്ങളിലായി ചിതറി കിടക്കുന്നുണ്ട്. എന്നാല്‍, താലിബാനെക്കുറിച്ചു പറയുമ്പോള്‍, അത് വിമര്‍ശിക്കപ്പെടേണ്ട ഒരു മതാധിപത്യ വാസനയാണ് എന്നു മതവാദികള്‍ എവിടെയും സൂചിപ്പിക്കുന്നേയില്ല.
ഏകശിലാത്മകമായ ‘ഒറ്റ ശരി’ – ഇസ്‌ലാം, ഇസ്‌ലാം – ഇത് വളരെ ഇടുങ്ങിയ ഒരു കാഴ്ചപ്പാടാണ്. മതത്തെ മാറ്റി നിര്‍ത്തി, കുറ്റവിമുക്തമാക്കി സി. ദാവൂദ് എഴുതിയ ലേഖനത്തില്‍ ഇങ്ങനെ വായിക്കാം:
‘ഇവിടെ ഒരു നിയമ വ്യവസ്ഥയും ജനാധിപത്യ വ്യവസ്ഥയും ഉള്ളതു കൊണ്ട്, നമ്മളാരും അവരെ കാണുമ്പോള്‍ പേടി തോന്നുന്നു എന്നു പറയാറില്ല.’
ജനാധിപത്യമുണ്ടായിട്ടു പോലും പേടി തോന്നുന്ന എത്രയോ സന്ദര്‍ഭങ്ങളിലൂടെ ജനാധിപത്യ ഭരണകൂടങ്ങളും അതിലെ പൗരന്മാരും കടന്നു പോയിട്ടുണ്ട് എന്ന് സി. ദാവൂദിനും അറിയാത്തതല്ല. എന്നാല്‍, ഒരു ജനാധിപത്യ സമൂഹത്തില്‍ ഒരാളില്‍ നിന്നോ/സമൂഹത്തില്‍ നിന്നോ ഭരണകൂടം കവര്‍ന്നെടുക്കുന്ന, ബലമായി പിടിച്ചെടുക്കുന്ന സ്വാതന്ത്ര്യത്തെ അവരിലേക്ക് തന്നെ തിരിച്ചെത്തിക്കാന്‍ സമരം ചെയ്യുന്ന, അതിനു സ്വയം നഷ്ടപ്പെടുത്തി സന്നദ്ധരായി മുന്നോട്ടു വരുന്ന മാനവകുലത്തെ പ്രചോദിപ്പിക്കുന്ന ജനാധിപത്യ വാദികള്‍ ജനാധിപത്യ സമൂഹത്തില്‍ എവിടെയും കാണും.
അവരില്‍ എല്ലാ മത / രാഷ്ടീയ പ്രതിനിധാനങ്ങളെയും കാണാം. അതു കൊണ്ട് പ്രിയപ്പെട്ട ദാവൂദ്, ഒട്ടും കാലുഷ്യമില്ലാതെ, സൗമ്യമായി ആ ചെവിയില്‍ ഒന്നു കൂടി, ഉറപ്പിച്ചു പറയുന്നു, നിങ്ങള്‍ ഈ സമുദായത്തിന്റെ പ്രതിനിധിയേ അല്ല. ജമാഅത്തെ ഇസ്‌ലാമിയുടെ പ്രതിനിധിയാണ്. ഭാഗ്യവശാല്‍, ജമാഅത്തെ ഇസ്‌ലാമി മുഖ്യധാരാ മുസ്‌ലിം സമുദായത്തിന്റെ പ്രതിനിധാനമല്ല. പിന്നെ, മാധ്യമം, അതിനെ ഒരു ഐ.പി.എച്ച് (ഇസ്ലാമിക് പബ്ലിഷിങ്ങ് ഹൗസ്) പ്രസിദ്ധീകരണമായി ചുരുക്കിക്കെട്ടണമോ എന്ന് അതിന്റെ സാരഥികള്‍ തന്നെ തീരുമാനിക്കട്ടെ. വായനക്കാര്‍ക്ക് ബദലുകള്‍ ധാരാളമുണ്ട് ഇന്ന്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Thaha madayi writes reply to C Davood and Madhyamam