പിണറായി പിണറായിയെ തിരുത്തുമ്പോള്‍ | താഹ മാടായി
Discourse
പിണറായി പിണറായിയെ തിരുത്തുമ്പോള്‍ | താഹ മാടായി
താഹ മാടായി
Tuesday, 24th November 2020, 12:37 pm

സഖാവെ, പിണറായിയെ നമുക്ക് ഈ കാലത്തെ ‘ശരിയായ കമ്യൂണിസ്റ്റായി വില’യിരുത്താനുള്ള രാഷ്ട്രീയ സന്ദര്‍ഭത്തിലൂടെയാണ് നാം കടന്നു പോകുന്നത്. അധികാരത്തിന്റെ ദണ്ഡ് വീശുന്ന ആ ലെഫ്റ്റിസ്റ്റ് ഇതാ, ചരിത്രത്തില്‍ ആഗതനായി. അദ്ദേഹം ഒട്ടൊന്നു പിന്‍വാങ്ങിയെങ്കിലും ‘ജനങ്ങളെ നിരീക്ഷിക്കുന്ന ഒരു കമ്യൂണിസ്റ്റ് രാഷ്ട്രീയ ദുര്‍വാസന പിണറായിയുടെ ബോധത്തെ സ്വാധീനിച്ചു എന്നത് എടുത്തു പറയേണ്ടതാണ്.

ചിരിക്കുമ്പോള്‍ നാം ചിരിക്കുക, കരയുമ്പോള്‍ കരയുക, ന്യായീകരിക്കുമ്പോള്‍ പദാനു പദം ന്യായീകരിക്കുക. അദ്ദേഹം ‘തിരുത്തു’മ്പോള്‍, നാം തിരുത്തുകയും അനുമോദനം കൊണ്ട് മൂടുകയും ചെയ്യുക. അങ്ങനെ ‘ജനങ്ങളെ കേള്‍ക്കുന്ന നേതാവ് / ജനങ്ങളെ കേള്‍ക്കുന്ന പ്രസ്ഥാനം’ എന്ന ഒരു പ്രതീതി സൃഷ്ടിക്കുക. ഇത്തരമൊരു പ്രതീതി നിര്‍മ്മിതിയില്‍ അശോകന്‍ ചരുവില്‍ മുതല്‍ എം.സി. അബ്ദുല്‍ നാസര്‍ വരെ കൈയടിക്കും. എന്നാല്‍, യഥാര്‍ഥത്തില്‍ നാമിപ്പോള്‍ ആര്‍ക്കു വേണ്ടിയാണ് കയ്യടിക്കേണ്ടത്?

കേരളത്തില്‍ രാഷ്ട്രീയ തിമിരം ബാധിച്ച പ്രസ്ഥാനമായി ഇന്ന് മുഖ്യധാര ഇടതുപക്ഷമായ സി.പി.ഐ.എമ്മും അതിന്റെ പോഷകനദിയായ പുകസയും മാറിയിരിക്കുന്നു. ഇങ്ങനെ എഴുതുമ്പോള്‍ സഖാക്കളായ എന്റെ പ്രിയ സുഹൃത്തുക്കള്‍, ‘ഒട്ടകങ്ങള്‍ വരി വരിയായി, കാരക്കത്തോട്ടങ്ങള്‍ നിരനിരയായി…’ എന്ന മാപ്പിളപ്പാട്ടിലെ വരികള്‍ പോലെ, കേരള മോഡല്‍, പിണറായി വിജയന്‍ എന്നിങ്ങനെ പല പല കാര്യങ്ങള്‍ വരിവരിയായി, നിരനിരയായി അവതരിപ്പിക്കും. അവരുന്നയിക്കുന്ന വളരെ നിഷ്‌കളങ്കമായ ചോദ്യം ഇതായിരിക്കും, ‘സോഷ്യല്‍ മീഡിയ’യിലെ തെറികള്‍ക്കും അപകീര്‍ത്തികള്‍ക്കും ഒരു നിയന്ത്രണം വേണ്ടയോ?

സോഷ്യല്‍ മീഡിയയയുടെ ഭാഷയുടെ കാര്യം പറയും മുമ്പേ, ഇവിടെയുണ്ടായിരുന്ന ഒരു പ്രസിദ്ധീകരണത്തിന്റെ ഭാഷയെക്കുറിച്ചു പറയാം. അല്ലെങ്കില്‍, ഒരു ചെറിയ സംഗതി ഓര്‍മിപ്പിക്കാം. എം.എന്‍. വിജയന്റെ പത്രാധിപ ചുമതലയില്‍ ഇറങ്ങിയ ‘പാഠം’ എന്ന മാസിക, സി.പി.ഐ.എമ്മിനെയും ശാസ്ത്ര സാഹിത്യ പരിഷത്തിനെയും നിശിതമായി വിമര്‍ശിച്ച ഒരു പ്രസിദ്ധീകരണമായിരുന്നു. അതിലെ ‘ഭാഷ’യുടെ പേരില്‍ നന്‍മയുടെ ആള്‍രൂപമായ വിജയന്‍ മാഷ് പ്രിയപ്പെട്ടവരാല്‍ തന്നെ ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു.’ (എങ്കില്‍ പോലും വിജയന്‍ മാഷ് ആരെയും ‘പരനാറി’ എന്നോ ,’നികൃഷ്ട ജീവി’ എന്നോ വിളിച്ചിരുന്നില്ല, കേട്ടോ). കേള്‍ക്കണമെങ്കില്‍ ഈ ഭാഷയില്‍ തന്നെ പറയണം എന്നതായിരുന്നു, പാഠത്തിലെ ഭാഷയെക്കുറിച്ച് വിജയന്‍ മാഷുടെ ഭാഗത്തുനിന്നുണ്ടായ പ്രതികരണം. പക്ഷെ, ‘പാഠ’ത്തിന്റെ ‘ഭാഷ’അരോചകമായിരുന്നു. സംവാദത്തെ ആ ഭാഷയുടെ സ്വഭാവം റദ്ദാക്കി.

എന്നാല്‍, ‘പാഠം’നിന്നു, ‘ദേശാഭിമാനി’ തുടരുകയും ചെയ്യുന്നു. കേരളത്തിന്റെ സര്‍ഗാത്മക രാഷ്ട്രീയ സംവാദത്തെ ‘പാഠ’ത്തേക്കാള്‍ ദേശാഭിമാനിയാണ് മുന്നോട്ടു കൊണ്ടു പോകുന്നത് എന്ന ‘സ്വാതന്ത്ര്യത്തിന്റെ ഒരു തിരഞ്ഞെടുപ്പ്’ ഈ തുടര്‍ച്ചയിലുണ്ട്. ‘നിയമപരമായി തെരഞ്ഞെടുത്തതല്ല’ സംവാദങ്ങളുടെ തുടര്‍ച്ചകള്‍. ജ്ഞാനത്തോടും സ്വാതന്ത്ര്യത്തോടും രാഷ്ട്രീയത്തോടുമുള്ള സ്‌നേഹം പോലെ തന്നെ വിമര്‍ശനങ്ങളും ‘നിയമപരമായി അടിച്ചമര്‍ത്തേണ്ട’ ഒന്നല്ല. അപ്പോള്‍ അപകീര്‍ത്തികളും തെറി വിളികളും ഉപയോഗശൂന്യമായ ഊഹങ്ങളോടെ അവസാനിക്കും. ‘പരനാറി’ എന്നു വിളിക്കാന്‍ ഒരു പൗരനു കിട്ടുന്ന സ്വാതന്ത്ര്യം, വിമര്‍ശിക്കപ്പെട്ടതു പോലെ ആഘോഷിക്കപ്പെട്ടതുമാണ് എന്നോര്‍ക്കുക.

പോലീസ് ആക്ട് ഭേദഗതി നിലവില്‍ വന്നാല്‍, പാര്‍ട്ടിയിലെ ‘സൈബര്‍ പോരാളികള്‍’ക്ക് കൂടി കുരുക്ക് വീഴും എന്ന ഒരു തീര്‍ച്ചയുടെ വീണ്ടു വിചാരം പിണറായിയുടെ തിരുത്തിന് പിന്നിലുണ്ട്. അതല്ലേ, ശരി? പാര്‍ട്ടിയെ ദൂരെ നിര്‍ത്തി, പ്രകീര്‍ത്തിക്കപ്പെട്ട ‘പ്രൊഫഷണലിസ’ത്തിന് പ്രതിരോധ മതില്‍ തീര്‍ത്തിരിക്കയാണ് പാര്‍ട്ടി. പിണറായി ‘വിളിച്ചു വരുത്തുന്ന’ നിയമാചാരങ്ങള്‍ക്ക് പാര്‍ട്ടിയായിരിക്കും ഭാവിയില്‍ മറുപടി പറയേണ്ടി വരിക എന്ന രാഷ്ട്രീയ ആശങ്ക കൂടി ഈ തിരുത്തിന് പിന്നിലുണ്ട്.

നിയമം വ്യക്തികളെ സഹായിക്കാനുള്ളതുപോലെ ദ്രോഹിക്കാനും ഏറെ പ്രയോജനപ്രദമാണ്. നല്ലതിനായി നിര്‍മ്മിച്ച നിയമങ്ങള്‍ പോലും ഒരു മോശം അല്ലെങ്കില്‍ വിവേകരഹിതമായി പെരുമാറുന്ന നിയമ സംവിധാനത്തിന്റെ മുന്നിലെത്തുമ്പോള്‍, ‘ദ്രോഹിക്കു’ന്നതില്‍ അധികാരത്തിന്റെ ആനന്ദം പ്രകടിപ്പിക്കുന്നത് കാണാം.

തെറിവിളികളും അപകീര്‍ത്തി പരാമര്‍ശങ്ങളും അതിന്നിരയാകുന്നവര്‍ക്ക് നല്‍കുന്ന വേദന ഏറെ ആഴത്തിലുള്ളതാണ്. പലപ്പോഴും അസത്യങ്ങള്‍ കൊണ്ടും അസംബന്ധങ്ങള്‍ കൊണ്ടും നിര്‍മ്മിക്കപ്പെട്ടവയായിരിക്കും അവ. നിയമപരമായി നിരോധനത്തേക്കാള്‍, തുല്യതയെക്കുറിച്ചും മാന്യവും പരസ്പരം പ്രചോദിപ്പിക്കുന്നതുമായ പെരുമാറ്റ രീതികളെ കുറിച്ചുള്ള സംവാദങ്ങളാണ് ഉയര്‍ന്നു വരേണ്ടത്.

താഹ മാടായി എഴുതിയ മറ്റ് ലേഖനങ്ങള്‍ ഇവിടെ വായിക്കാം

അപ്പോള്‍ പിണറായി വിജയനെ നമ്മള്‍ ഒരു ലെഫ്റ്റിസ്റ്റായി തന്നെയാണ് കാണേണ്ടത്. ചിന്താശീലത്തിന്റെ പ്രധാനപ്പെട്ട ആവിഷ്‌കാരങ്ങളെ ഭയക്കുന്നവരാണ് എല്ലാ കാലത്തും കമ്യൂണിസ്റ്റുകാര്‍. പക്ഷെ, തീര്‍ച്ചയാക്കപ്പെട്ട ഒരു കാര്യമിതാണ്, ‘വികസനം സമം സമം ചേര്‍ത്ത്’ ഇനിയും നാം കാര്യങ്ങളെ ന്യായീകരിക്കും. അതു കൊണ്ട് പിണറായിയെ, അധികാരം കൈയാളുന്ന ഒരു ലെഫ്റ്റിസ്റ്റായി തന്നെ നാം കാണുക. അധികാരത്തിന്റെ കമ്യൂണിസ്റ്റ് വംശവടി കയ്യില്‍ സൂക്ഷിക്കുന്നവര്‍ കൂടിയാണ് ലെഫ്റ്റിസ്റ്റുകള്‍.

പോലീസ് ആക്ടിലെ പുതിയ ഭേദഗതി നടപ്പിലാക്കില്ല എന്ന വാര്‍ത്ത വീണ്ടുവിചാരമുള്ള ഒരു ‘മലയാളി മനസ്സിന്റെ’ പ്രതിഫലനമായി വായിക്കാം. കമ്യൂണിസ്റ്റായ പിണറായിയെ ‘മലയാളി കമ്യൂണിസ്റ്റായ’ പിണറായി തിരുത്തുന്നു. അല്ല, ‘ഇന്ത്യനാ’യ യെച്ചൂരിയോ?

പിണറായിയെ തിരുത്താന്‍ ജനങ്ങള്‍ക്കും ആ പ്രസ്ഥാനത്തിനും അതിന്റെ കേന്ദ്ര സാരഥികള്‍ക്കും സാധിക്കുന്നുണ്ട്. മോദിയെ തിരുത്താന്‍ നമുക്ക് സാധിക്കുന്നില്ല. എന്തായാലും, സഖാവെ, നന്ദി.

ഡൂള്‍ന്യൂസിനെ  ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

താഹ മാടായി
എഴുത്തുകാരന്‍