എഴുത്തുകാരോട് ചിലപ്പോൾ പോടാ, ഒലക്ക മൂടേ എന്നു പറയാനും കഴിയണം
Discourse
എഴുത്തുകാരോട് ചിലപ്പോൾ പോടാ, ഒലക്ക മൂടേ എന്നു പറയാനും കഴിയണം
താഹ മാടായി
Saturday, 22nd August 2020, 3:47 pm

ബാലചന്ദ്രന്‍ ചുള്ളിക്കാടിനോട് ഒരു വായനക്കാരന്‍ / അല്ലെങ്കില്‍ ആസ്വാദകന്‍/അതുമല്ലെങ്കില്‍ കവിയുടെ ആരാധകന്‍ ചോദിക്കുന്ന ഒരു ചോദ്യവും ഉത്തരവും ധാരാളമായി ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. മാതൃഭൂമിയുടെ ‘ക’ഫെസ്റ്റിവലിലാണ് ആ ചോദ്യം, ഉത്തരം.

‘ഒരു എഴുത്തുകാരന്‍ സമൂഹത്തില്‍ ഇങ്ങനെ പെരുമാറാമോ ‘ എന്ന ചോദ്യം പലരും ഉന്നയിക്കുന്നുണ്ട്. കവിയുടെ ആരാധകനെന്ന് തോന്നിയ ആ മധ്യവയസ്‌കന്റെ ചോദ്യം ഏതാണ്ട് ഇങ്ങനെയാണ്: കവിതയില്‍ നിന്ന് സിനിമയിലേക്കുള്ള ദൂരം എത്രയാണ്? തിരിച്ചിനി കവിതയിലേക്ക് മടങ്ങി വരുമോ? കവിതകള്‍ വായിക്കാന്‍ ആഗ്രഹിക്കുന്ന ഒരു കൂട്ടം ഇപ്പോഴുമുണ്ട്. താങ്കള്‍ക്ക് സിനിമയുടെ കപട ലോകത്ത് നിന്ന് കാവ്യലോകത്തേക്ക് തന്നെ തിരിച്ചു വന്നു കൂടെ?’

അതിന് ബാലചന്ദ്രന്‍ ചുള്ളിക്കാട് സ്വത: സിദ്ധമായ കര്‍ക്കശ ഭാവത്തില്‍ ഒറ്റവാക്കില്‍ മറുപടി പറയുന്നു: ‘സൗകര്യൂല്ല!’

(സദസ്സില്‍ നിന്ന് ചിലരുടെ കൈയടി കേള്‍ക്കാം. ചോദ്യകര്‍ത്താവായ മധ്യവയസ്‌കന്‍, തന്റെ അരികിലിരിക്കുന്ന പെണ്‍കുട്ടിയോട് ചുള്ളിക്കാടിനെ നോക്കി ചിരിയോടെ, അക്ഷോഭ്യനായി എന്തോ പറയുന്നു. മിക്കവാറും വായനക്കാര്‍ക്കുള്ളതും എഴുത്തുകാര്‍ക്കില്ലാത്തതുമായ സമചിത്തത ആ മനുഷ്യനില്‍ അപ്പോള്‍ കാണാം).

‘സൗകര്യൂല്ല’ എന്ന മറുപടിക്കു ശേഷം മൈക്ക് താഴെ വെച്ച്, തെല്ലിട നേരത്തെ ഒരാലോചനയെ തുടര്‍ന്ന് കവി പറയുന്നു:

‘ഞാന്‍ പറഞ്ഞല്ലൊ, (നേരത്തെ ചുള്ളിക്കാട് എന്തു പറഞ്ഞു എന്ന് ഈ ചിത്രത്തില്‍ നമുക്കറിയില്ല), എനിക്ക് തോന്നുന്ന കാര്യങ്ങളാണ് ഞാന്‍ ചെയ്യുന്നത്. മറ്റാളുകള്‍ ആവശ്യപ്പെടുന്ന കാര്യങ്ങള്‍ ഞാന്‍ ചെയ്യാറില്ല. എന്റെ ജീവിതമാണ് ഞാന്‍ ജീവിക്കുന്നത്. മറ്റൊരാളുടെ ജീവിതം ജീവിക്കാന്‍ എനിക്ക് സൗകര്യമില്ല. അര നൂറ്റാണ്ടിനിടയില്‍ അമ്പതില്‍ താഴെ കവിതകള്‍ മാത്രമാണ് ഞാന്‍ എഴുതിയത്. വല്ലപ്പോഴും തോന്നുമ്പോള്‍ മാത്രം എഴുതും. ഞാന്‍ മലയാളത്തിലോ മറ്റു ഭാഷകളിലെയോ കവിതാമത്സരത്തില്‍ പങ്കെടുക്കാന്‍ വേണ്ടി എഴുതുന്ന ഒരാളല്ല.’

തുടര്‍ന്ന്, പരിപാടിയുടെ തുടക്കത്തില്‍ കവിത ആലപിക്കുമ്പോള്‍ കണ്ഠമിടറിയ കവിയെ ഓര്‍ത്ത് ഒരു യുവതി ഒരു ചോദ്യമുന്നയിക്കുന്നു. അതിനു മറുപടിയായി, മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ആയിടെ എഴുതിയ കവിതകളെക്കുറിച്ചും എറണാകുളം മഹാരാജാസിനു മുന്നിലൂടെ പോകുമ്പോള്‍ ‘ഈയിടെയായി ഒന്നും കാണാറില്ലല്ലോ, എന്നു ഒരാള്‍ പറഞ്ഞപ്പോള്‍, ഭവ്യതയോടെ ‘ആരെയും കാണിക്കാറില്ല’ എന്ന് മറുപടി പറഞ്ഞതും ഒക്കെ ഓര്‍ത്ത് ചിലരുടെ, ആത്മാര്‍ഥതയില്ലാത്ത, ഉപരിപ്ലവമായ ചോദ്യങ്ങളോടുള്ള നീരസം വെളിപ്പെടുത്തി ആ മറുപടി ഇങ്ങനെ നിര്‍ത്തുന്നു: ‘എന്റെ അവസാനത്തെ കവിത കൂടി വായിച്ച് ചാവാനിരിക്കയല്ലേ ഇവന്മാര് !’

ഏറ്റവും മാരകമായ, മനുഷ്യത്വമില്ലാത്ത മറുപടി അതാണ്. മധ്യവയസ്സുള്ള ആദ്യ ചോദ്യകര്‍ത്താവിനെ മനസ്സില്‍ കണ്ട് നടത്തുന്ന വൈരാഗ്യ ബുദ്ധി നിറഞ്ഞ മറുപടി. ചാവാണ് നാം ഒരാളോട് പറയുന്ന നിര്‍ഭാഗ്യം നിറഞ്ഞ മറുപടി.

മലയാള കവിതയില്‍ ഉജ്ജ്വലമായ കാവ്യഭാവനയുമായി വന്ന ഒരാളാണ്, ബാലചന്ദ്രന്‍ ചുള്ളിക്കാട്. സൂക്ഷ്മമായ വായനയില്‍, വൈയക്തികമായ ആകുലതകള്‍ ആ കവിതകളില്‍ ഏതു കാലത്തും കാവ്യാസ്വാദകര്‍ക്ക് കണ്ടെത്താനാവും. ഇടറുന്ന വ്യക്തി ദു:ഖങ്ങളുടെ വിള്ളലുകള്‍ നമുക്ക് പല കവിതകളിലും വായിച്ചെടുക്കാം. പാരമ്പര്യത്തെ കൈവിടാത്ത പുതുക്കം ഭാഷയില്‍ തുടിച്ചു നില്‍ക്കുന്നു. സംശയമില്ല, നമ്മുടെ ഏറ്റവും പ്രധാനപ്പെട്ട കവിയാണ് ചുള്ളിക്കാട് .

താനെഴുതിയ കവിതകളുടെ പേരിലാണ് ഇത്തരമൊരു സദസ്സിനു മുന്നില്‍ കവി ഹാജറാവുന്നത്. സീരിയലുകളിലും സിനിമകളിലും അഭിനേതാവായ കവിയോടാണ് ചോദ്യം:

‘കവിതയില്‍ നിന്ന് സിനിമയിലേക്കുള്ള ദൂരം എത്രയാണ്?’

നല്ല ചോദ്യമാണ്. അഭിനേതാവായ എഴുത്തുകാരനോട് മാത്രം ഒരാള്‍ക്ക് ചോദിക്കാവുന്ന ഒന്ന്. ആ ചോദ്യത്തിന് നിര്‍ഭാഗ്യവശാല്‍, ചുള്ളിക്കാട് മറുപടി പറയുന്നില്ല. ഒരു പക്ഷെ, ചുള്ളിക്കാടിന് തൃപ്തികരമായ ഒരു മറുപടി ആ ചോദ്യത്തിന് നല്‍കാനാവില്ല. ഒരു നല്ല കവിയും ശ്രദ്ധിക്കപ്പെടാത്ത അഭിനേതാവുമാണ് ചുള്ളിക്കാട്. തന്നിലെ നടനെ പ്രചോദിപ്പിക്കുന്ന വേഷം സംവിധായകര്‍ ആ നടന് നല്‍കിയിട്ടില്ല എന്നതു കൊണ്ടുമായിരിക്കാം അത്.

ഒരു നടനാവശ്യമായ അഭിനയ ഭാവങ്ങള്‍, വഴി തെറ്റി പോലും ആ മുഖത്ത് ഒരിക്കലും വന്നിട്ടില്ല. ആ സ്റ്റേജില്‍ കാണിച്ച പോലെ ഏതു കഥാപാത്രത്തിനും ഒറ്റ ഭാവം. അഭിനയ ജീവിതത്തിന്റെ വലിയ ദൂരങ്ങള്‍ താണ്ടിയ ഒരാളോട് ചോദിക്കേണ്ട മനോഹരമായ ഒരു ചോദ്യം തന്നോട് ചോദിച്ചപ്പോഴുണ്ടായ അഭിനയമല്ലാത്ത ദേഷ്യമാണ് ചുള്ളിക്കാട് പ്രകടിപ്പിച്ചത്. അത്തരമൊരു മനോഹരമായ ചോദ്യത്തെ നേരിടാനും വിശദീകരിക്കാനുമുള്ള അഭിനയ മുഹൂര്‍ത്തങ്ങള്‍, മലയാളികളുടെ പ്രിയപ്പെട്ട കവിക്ക് പറയാനില്ല. കവി എന്നതാണ് ചുള്ളിക്കാടിന്റെ താരമൂല്യം.

എന്നാല്‍, ചോദ്യകര്‍ത്താവിന് ഒരു വീഴ്ച ആ ചോദ്യത്തില്‍ സംഭവിച്ചിട്ടുണ്ട്.

‘സിനിമയുടെ കപട ലോകത്തു നിന്ന് കവിതയിലേക്ക് വന്നു കൂടെ?’ ആ ചോദ്യത്തില്‍, ‘സാഹിത്യ ലോകം കപടമല്ല’ എന്ന ആത്മാര്‍ഥമായ ഒരു ചിന്തയുണ്ട്. എത്ര വലിയൊരു തെറ്റിദ്ധാരണയാണ് നമ്മുടെ സാഹിത്യ ലോകത്തെക്കുറിച്ച് ഈ ചോദ്യ കര്‍ത്താവ് പുലര്‍ത്തുന്നത് എന്നു ആ ചോദ്യത്തില്‍ നിന്ന് വ്യക്തമാണ്. ധനവിനിമയങ്ങളുടെ, ഗ്ലാമറിന്റെ, വലിയൊരു ലോകമാണ് സിനിമ. ധനം ഏറെ കൈ മറിഞ്ഞു പോകുന്ന മേഖലകളില്‍ കാണാറുള്ളതു പോലെയുള്ള, സാമ്പത്തിക അധോലോകങ്ങള്‍ ചലച്ചിത്ര മേഖലകളില്‍ കാണാം.

അപ്പോഴും കൂട്ടായ്മയുടെ അന്തരീക്ഷം നില നില്‍ക്കുന്ന, പല ജീവിതങ്ങളെയും തുണക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്ന, സര്‍ഗാത്മക വ്യവസായ മേഖലയാണ് സിനിമ. സിനിമയെ ‘വ്യാവസായിക കല ‘ എന്ന് ആരോ നിര്‍വ്വചിച്ചിട്ടുണ്ട്. മാത്രവുമല്ല,ഇന്ന് ആഗോളതലത്തില്‍ തന്നെ ഫാസിസ്റ്റു വിരുദ്ധതയും സ്റ്റേറ്റ് ഭീകരതക്കെതിരെയും ഉറച്ച ശബ്ദത്തില്‍ സംസാരിക്കുന്നവര്‍, സിനിമയില്‍ അഭിനയത്തിലും അണിയറയിലും പ്രവര്‍ത്തിക്കുന്നവരാണ്. കമല്‍ ഹാസന്‍, പ്രകാശ് രാജ്, ടി.വി.ചന്ദ്രന്‍, പാര്‍വ്വതി… അങ്ങനെ ഒരു നീണ്ട നിര. അപ്പോള്‍, സിനിമ ഒരു കപട ലോകമല്ല. ശരിയാണ്., സിനിമകളിലൂടെ, ആര്‍ട് എന്ന നിലയില്‍ കപട ലോകങ്ങള്‍ ആവിഷ്‌കരിക്കുന്നുണ്ട്. സാഹിത്യവും അങ്ങനെ തന്നെയാണല്ലൊ?

ആത്മരതിക്കാരുടെയും പാര വെയ്പുകാരുടെയും പരസ്പരം പ്രശംസിക്കാന്‍ വിമുഖത കാട്ടുന്നവരുടെയും പുരസ്‌കാരങ്ങള്‍ക്കായി ചക്കര വാക്കുകള്‍ പറഞ്ഞ് രാഷ്ട്രീയക്കാരുടെ തിണ്ണ നിരങ്ങുന്നവരുടെയും ആത്മവഞ്ചകരുടെയും അല്‍പന്മാരുടെയും ഒരു ലോകമാണ് സാഹിത്യ ലോകം. എഴുത്തിലൂടെ മനുഷ്യര്‍ക്ക് സ്വയം മനസ്സിലാക്കാനുള്ള വഴികള്‍ പറഞ്ഞു കൊടുക്കുമ്പോഴും, മെച്ചപ്പെട്ട സാമൂഹ്യ നിലപാടുകളും ബന്ധങ്ങളും രൂപപ്പെടുത്താന്‍ കഴിയാത്തവരാണ് ,’പല ‘ എഴുത്തുകാരും. തീര്‍ച്ചയായും ‘പല എഴുത്തുകാരും ‘ എന്നതിന് അടിവരയിടുന്നു.

എഴുത്തുകാരെ നമ്മള്‍ മാതൃകാ വ്യക്തികളായി കാണേണ്ടതില്ല. സമൂഹ്യ ജീവിതത്തിലെ അടിസ്ഥാന മൂല്യങ്ങള്‍, പരസ്പരം പെരുമാറുമ്പോള്‍, വിയോജിപ്പുകള്‍ തുറന്നു പറയുമ്പോള്‍ പോലും പ്രകടിപ്പിക്കേണ്ട മര്യാദകള്‍, എഴുത്തുകാരില്‍ നിന്ന് എപ്പോഴും പ്രതീക്ഷിക്കുക വയ്യ. അതു കൊണ്ട് ആരാധനയും ബഹുമാനവും നാം ദൂരെ നിര്‍ത്തുക. ഇങ്ങോട്ട് ചൂടാവുമ്പോള്‍ ‘പോടാ, ഒലക്ക മൂടേ!’ എന്നു തിരിച്ചും പറയുക.

‘സ്റ്റേജിലിരിക്കുമ്പോള്‍ ഒരാള്‍ മേലാളനോ ടിക്കെറ്റെടുത്ത് സദസ്സി ലിരിക്കുന്നവന്‍ കീഴാളനോ അല്ല. ‘കവിത വായിച്ച് ചാവാനിരിക്കുന്ന അവസാനത്തെ മനുഷ്യനെ ‘യും നാം ചേര്‍ത്തു പിടിക്കുക. കവികള്‍ മാത്രമല്ല, വാക്കുകളില്‍ നിന്ന് ഊര്‍ജ്ജം സമാഹരിക്കുന്ന വായനക്കാര്‍ കൂടിയാണ് ഈ ലോകത്ത് ജനാധിപത്യ വെളിച്ചങ്ങള്‍ കൊണ്ടുവന്നതും അതിനെ മുന്നോട്ടു കൊണ്ടു പോകുന്നതും.

‘ശരാശരി മലയാളിയുടെ കൃമികടിയുള്ളവര്‍ ‘, പാസ്സെടുത്ത് ഒരു കവിക്ക് മുന്നിലിരിക്കില്ല. സ്വയം സന്നിഹിതനായ ആ മനുഷ്യന്‍!വായനക്കാരുടെ കയ്യിലുള്ള ‘പാസ്’ എഴുത്തുകാരേക്കാള്‍ ഒട്ടും കുറഞ്ഞ ഒന്നല്ല. വാക്കുകള്‍ നിറയെ കയ്യിലുള്ള കവികള്‍ എന്തു കൊണ്ടാണ് ആത്മ ഖേദത്തോടെ സംസാരിക്കാത്തത്?

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

താഹ മാടായി
എഴുത്തുകാരന്‍