Discourse
പന്നിവേട്ടയ്‌ക്കെന്ന പോലെ തോക്കുമായി വരുന്ന കാമുകനെ സൃഷ്ടിക്കുന്നത് പ്രണയമാണോ
താഹ മാടായി
2021 Aug 01, 07:03 am
Sunday, 1st August 2021, 12:33 pm
നമുക്ക് മനോഹരമായി ഒന്നും ചെയ്യാനറിയില്ല. എങ്ങനെയാണ് ഫക് ചെയ്യേണ്ടത് എന്ന് പറയുന്ന കാമസൂത്രയുടെ നാട്ടുകാര്‍, കഴുതക്കാമം കരഞ്ഞു തീര്‍ക്കേണ്ട അവസ്ഥയിലാണ്.

ഇന്ന് കേരളത്തില്‍ അതീവ ഗുരുതരാവസ്ഥയിലുള്ള ഒരു രോഗം പ്രണയമാണ്. ‘പ്രേമം ഒരു കരള്‍ രോഗമാണ്’ എന്ന ഗബ്രിയേല്‍ ഗാര്‍സ്യ മാര്‍ക്കേസിന്റെ ഏറെ പ്രചാരം കിട്ടിയ വാക്കുകള്‍ക്കപ്പുറമാണ് അതിന്റെ മാരകമായ രോഗാവസ്ഥ.

ഒന്ന്, നമുക്കറിയാത്ത കാരണങ്ങളാല്‍, ഒരുപാട് ‘കുറ്റവാളി മനസ്ഥിതിക്കാരും’ പ്രണയത്തിന്റെ മേഖലയില്‍ വാസമുറപ്പിച്ചിട്ടുണ്ട്. നല്ലവരുടെ മാത്രം വാസയോഗ്യമായ ഒരു ഇടമല്ല, പ്രണയം. ആര്‍ദ്രത, അനുകമ്പ, ചേര്‍ത്തു പിടിക്കല്‍ എന്നിവ പ്രണയത്തിന്റെ പരിധിയിലാണെന്ന് നാം തെറ്റിദ്ധരിക്കുകയാണ്. അവ മിക്കവാറും, നല്ല സൗഹൃദങ്ങളുടെ ലക്ഷണങ്ങളാണ്. പ്രണയം, മിക്കവാറും, ഹിംസയോട് ചേര്‍ന്നു നില്‍ക്കുന്ന ഒരു മനോഭാവമാണ് എന്നാണ് പല സംഭവങ്ങളില്‍ നിന്നും മനസ്സിലാവുന്നത്. ഇത് ‘ശരീരത്തെ ചരക്കു വല്‍ക്കരിച്ച’ ഒരു സമൂഹത്തില്‍ സംഭവിക്കുന്നതുമാണ്.

ഒരു സ്ത്രീയെ ‘ചരക്കാ’യി കാണുന്നതിലാണ് നാം നേടിയ അനുഭൂതികളുടെ പരിശീലനം. ‘അവന്റെ കാമുകിയുണ്ടെടാ, കാണാന്‍ നല്ല ചരക്കാണ് ‘ഇതാണ്, ചങ്ങാതിയുടെ കാമുകിയെ കുറിച്ച് പലരും കൈമാറുന്ന ‘നിഷ്‌കളങ്ക’മായ ആശംസ. ജനാധിപത്യമായ ഒരു ഉള്ളടക്കം, മറ്റു പലതിലുമെന്ന പോലെ, പ്രണയത്തിലുമില്ല.

പ്രണയത്തിന്റെ ഉള്ളടക്കം പ്രധാനമായും ആവിഷ്‌കരിച്ച പ്രധാനപ്പെട്ട മലയാള നോവല്‍ / സിനിമയായ ‘ചെമ്മീനി’ല്‍ കറുത്തമ്മയും പരീക്കുട്ടിയും മരിക്കുകയാണ്. അത് പഴയ കഥയാണെങ്കില്‍, സമീപകാല പ്രണയ സിനിമയായ ‘അന്നയും റസൂലും’ എന്ന സിനിമയിലെ ‘കാമുകി’യും ആത്മഹത്യ ചെയ്യുകയാണ്. പ്രണയത്തിന്റെ പേരില്‍ നടന്ന ആത്മഹത്യകള്‍, കൊലപാതകങ്ങള്‍, അക്രമങ്ങള്‍ – ഇവയുടെ വിശദമായ പഠനം നടത്തുമ്പോള്‍ എത്ര മാരകമായ മനോരോഗമാണ് പ്രണയമെന്ന് നമുക്ക് മനസ്സിലാകും.

പ്രണയം സ്വന്തത്തെ ത്യജിക്കുന്നു, ജീവനെ ത്യജിക്കുന്നു, അധികാരത്തെ ത്യജിക്കുന്നു എന്ന് പറയുമ്പോഴും അതില്‍ ചേര്‍ന്നു നില്‍ക്കുന്ന വയലന്‍സ് വളരെയാണ്. പ്രണയ സിനിമകള്‍, മിക്കവാറും ഹിംസയുടെ ആവിഷ്‌കാരമാണ്.

എന്നാല്‍, കേരളീയ സാംസ്‌കാരിക പാഠങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട അറിവായിത്തീരേണ്ടത്, ‘സെലക്ഷനെ’ കുറിച്ചുള്ള ധാരണകളാണ്. ഒരാള്‍ നമുക്ക് പറ്റിയ കാമുകനാണോ/കാമുകിയാണോ എന്ന് തിരിച്ചറിയാനെടുക്കുന്ന സമയം വളരെ പ്രധാനപ്പെട്ടതാണ്. എന്നാല്‍, അത്തരം ഒരു സമയം എവിടെയുമില്ല.

ഫസ്റ്റ് സൈറ്റാണ്, മൂക്കിന്റെ അഗ്രം, കണ്ണിന്റെ മായികമായ നോട്ടം, ചിരിയുടെ കൊളുത്തി വലിച്ചിടല്‍ – ഇങ്ങനെ ‘ഏത് നോട്ട’ത്തില്‍ നിന്നാണ് പ്രണയം തുടങ്ങുന്നത് എന്ന് ആര്‍ക്കറിയാം! യഥാര്‍ഥത്തില്‍, മനസ്സിലാക്കി വരുമ്പോഴേക്കും ജീവിതം തന്നെ വിലയായി കൊടുക്കേണ്ടി വരുന്ന കൊടുമ്പിരിയുള്ള അവസ്ഥയിലേക്ക് പ്രണയം കേറും. ‘മധുരമായി’ തുടങ്ങുകയും ‘ദുരന്ത’മായി തീരുകയും ചെയ്യുന്ന അപകട മേഖല.

നമുക്ക് മനോഹരമായി ഒന്നും ചെയ്യാനറിയില്ല. എങ്ങനെയാണ് ഫക് ചെയ്യേണ്ടത് എന്ന് പറയുന്ന കാമസൂത്രയുടെ നാട്ടുകാര്‍, കഴുതക്കാമം കരഞ്ഞു തീര്‍ക്കേണ്ട അവസ്ഥയിലാണ്.

പ്രണയം മനോഹരമായി ചെയ്യുക എന്നത്, ബഷീര്‍ കൃതികള്‍ വായിച്ചാല്‍ മനസ്സിലാക്കേണ്ടതാണ്. പ്രണയത്തിന്റെ സ്വീകരിക്കലുകളുടെയും ഒഴിഞ്ഞുമാറലുകളുടെയും കല ബഷീര്‍ പല കൃതികളിലൂടെ അവതരിപ്പിച്ചിട്ടുണ്ട്. അപ്പോഴും, ‘തോക്കുമായി’ പന്നിവേട്ടക്കിറങ്ങുന്ന പോലെ ഒരാള്‍ വരുമെന്ന് ഒരു കാമുകിയും വന്യമായ സ്വപ്നങ്ങളില്‍ പോലും കരുതിയിട്ടുണ്ടാവില്ല.

‘പൊസെസ്സനിവ്‌സ്’ എന്നതേക്കാള്‍, മനുഷ്യരുടെ ഉള്ളിലെ ‘അക്രമ ബോധ’മുള്ള ‘പുരുഷ’ നാവണം പ്രണയത്തിന്റെ അന്തകനായി അവതരിക്കുന്നത്. അത് സോഷ്യല്‍ മീഡിയയുടെ കാലത്തുള്ള പ്രണയത്തിന്റെ ‘ഗതികേടു’കളുടെ നിലവാരപ്പട്ടികയില്‍ ചേര്‍ത്തെഴുതുമ്പോഴും, പ്രണയം, മരണം കൂടി വാഗ്ദാനം ചെയ്യുന്നു എന്നത് പ്രണയത്തിന്റെ ചരിത്രം പറയുന്നുണ്ട്.

പ്രണയത്തില്‍ ‘സമാധാനവാദി’കളായി തുടക്കത്തില്‍ ‘അനുനയ’ത്തോടെ പെരുമാറുന്നവര്‍, ഒടുക്കം ക്രോധത്തിന്റെ ഇടിമിന്നലായി തീരുന്ന ഒട്ടനവധി സംഗതികളുണ്ട്. സോഷ്യല്‍ മീഡിയയുടെ കാലത്തും അല്ലാത്തപ്പോഴും അതങ്ങനെയാണ്. പ്രണയം തിരിച്ചിട്ടാല്‍ പകയും വെറുപ്പുമാണ്. പ്രണയം നഷ്ടമാകുമ്പോള്‍ ഉല്‍പാദിപ്പിക്കുന്ന വെറുപ്പ് വളരെ തീവ്രമായിരിക്കും.

പ്രണയനഷ്ടത്തില്‍ ഉന്മാദം ബാധിക്കുകയും പിന്നീട് ജീവിതത്തില്‍ വളരെ മനോഹരമായി തിരിച്ചു വരികയും ചെയ്ത ഒരാള്‍ പറഞ്ഞത് ഇങ്ങനെയാണ്: പ്രണയിക്കുന്നതിന് മുമ്പ് അതുണ്ടാക്കാവുന്ന ആഘാതങ്ങളെ തടുക്കാനും തട്ടി മാറ്റാനും സാധിക്കുന്ന ഒരു മിന്നല്‍ രക്ഷാ ചാലകം സ്ഥാപിക്കുക എന്നതാണ്. അതിനേറ്റവും പ്രധാനം, ‘അടവുനയത്തോടെ ഊരി’പ്പോവുക എന്നതാണ്.

‘പ്രണയത്തില്‍ സംഭവിക്കാവുന്ന ഏറ്റവും ആപല്‍ക്കരമായ വസ്തുത എന്താണ്?’

ജീവിതത്തില്‍ ഏഴ് പേരെ പ്രണയിച്ച, ഇപ്പോള്‍ മസാജ് തെറാപ്പിസ്റ്റായ ഒരു തായ് സുന്ദരി പറഞ്ഞത് ഇങ്ങനെയാണ്:
‘നുണയുടെ മനോഹരമായ അവതരണങ്ങളാണ് പ്രണയം. സ്ത്രീകള്‍ ഇക്കാര്യത്തില്‍ കുറച്ചൂടി സത്യസന്ധരാണ്. എന്നാല്‍, ‘കാമുകധാരികള്‍’ നുണ കൊണ്ട് വലിയ പരിവേഷമുണ്ടാക്കും. രണ്ടു പേരും, ആണും പെണ്ണും, തുല്യമായി ക്രമീകരിച്ചുണ്ടാക്കുന്ന പ്രണയമായിരിക്കും സത്യസന്ധമായത്. കാമുകി നഷ്ടമാകുമെന്ന ഭയത്തില്‍ ‘ഇല്ലാത്തത്’ ഉള്ളതായി അവതരിപ്പിക്കുന്നതാണ് പ്രണയത്തില്‍ സംഭവിക്കുന്ന വിനാശം.’

നിങ്ങള്‍ക്ക് ഒരു പ്രണയം സത്യസന്ധമായിരുന്നോ എന്ന് തിരിച്ചറിയാനെടുക്കുന്ന വര്‍ഷമെത്രയാണ്? ഒരു നിത്യഹരിത കാമുകന്‍ പറഞ്ഞ മറുപടി അത്ഭുതപ്പെടുത്തുന്നതായിരുന്നു: 17 വര്‍ഷം!

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Thaha Madayi writes – Love – Relationships

താഹ മാടായി
എഴുത്തുകാരന്‍