ഡിസംബര്‍, ഒരു വര്‍ഷത്തെ ഏറ്റവും ഒടുവിലത്തെ മാസം മാത്രമല്ല. തിരുപ്പിറവിയുടെ മാസം എന്നതിനാല്‍, ഏറ്റവും പിറകിലാണെങ്കിലും എല്ലാ മാസങ്ങളുടെയും മുന്നില്‍ നില്‍ക്കുന്ന പ്രതീതി ഡിസംബറിനുണ്ട്. ക്ലാസില്‍ പിന്‍ബെഞ്ചില്‍ ഇരിക്കുന്ന തലപ്പൊക്കമുള്ള നോട്ടക്കാരനാണ്, ഡിസംബര്‍. ഡിസംബര്‍ കവിതയായും മധുരമായും ‘പാലിക്കപ്പെടാത്ത വാഗ്ദാനങ്ങളുടെ’ മോഹഭംഗം നിറയുന്ന മാസമായും ആണ്ടിലൊരിക്കല്‍ നടത്തുന്ന വര്‍ഷാന്ത കണക്കെടുപ്പ് മാസമായും നിറയുന്നു. പ്രണയിനികള്‍ പഴയ പോലെ കാര്‍ഡുകള്‍ പോസ്റ്റുമാന്‍ വഴി അയക്കുന്നില്ല. ചാറ്റില്‍ നിറയെ കാര്‍ഡുകളാണ്. നമ്പൂതിരി വരച്ച മനോഹരമായ ചിത്രങ്ങള്‍ കൈപ്പറ്റിയ കൂട്ടുകാരി ഇന്നും ഓര്‍മയുടെ ഒരു തിരിവില്‍ ആ ചിത്രമെടുത്തു ‘ഓ, വര്‍ഷമെത്ര കടന്നു പോയി’ എന്നു സങ്കടപ്പെടുന്നു.
തുടര്‍ച്ചയായി കെടുതികളുടെ ഘോര മാസങ്ങളാണ് ഈയിടെയായി എല്ലാവരും അനുഭവിക്കുന്നത്. മലയാളികള്‍, നൂറ്റാണ്ടിന്റെ പ്രളയത്തില്‍ നിന്ന് തിരിച്ചു കയറാന്‍ ശ്രമം നടത്തുമ്പോഴാണ്, കോവിഡ് കാലം വരിഞ്ഞു മുറുക്കുന്നത്. പ്രളയത്തില്‍ ഒഴുകിയൊടുങ്ങിയ ജീവിതങ്ങള്‍ കണ്ട അതേ കണ്ണുകള്‍, ലോകം മുഴുവന്‍ നിശ്ചമാലമാക്കിയ മഹാമാരിയുടെ മുന്നില്‍ ഹൃദയഭേദകമായ വിതുമ്പലോടെ നിന്നു. ജീവിതം ഏകാന്തമായ വൈകാരിക ഭാരമായി കുട്ടികള്‍ പോലും അനുഭവിച്ച കാലം.
ലോക മനുഷ്യര്‍ കഠിന തടവിന് ശിക്ഷിക്കപ്പെട്ട കാലമാണ് 2020. ലോകം ഒറ്റ ജയില്‍ മുറി പോലെ അടക്കപ്പെട്ട വര്‍ഷം. ‘സ്‌കൂളുകള്‍ ഒന്ന് തുറന്നു കിട്ടിയെങ്കില്‍-‘ എന്ന് കുഴിമടിയന്‍ കുട്ടികള്‍ പോലും വീട്ടിലെ അടഞ്ഞതും വിരസവുമായ ജീവിതത്തില്‍ വീര്‍പ്പു മുട്ടി ആത്മാര്‍ഥമായി പ്രാര്‍ഥിച്ചു. ദൈവം ദേവാലയങ്ങളെ സ്വച്ഛമായ മൗനം കൊണ്ടനുഗ്രഹിച്ചു. സ്വര്‍ഗത്തിലേക്കും നരകത്തിലേക്കും വിശ്വാസികളെ കടത്തി വിടുന്ന മത പ്രഭാഷണങ്ങള്‍ നിലച്ചു. രാഷ്ട്രീയം ഇന്ത്യയില്‍ ഒന്നു ഇത്തിരിയെങ്കിലും ‘ചുവന്നു’. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ തടവറയില്‍ കവിതകളെഴുതുന്നുണ്ടാവാം. ഉരുള്‍ പൊട്ടലുകളും വിമാനാപകടങ്ങളും കോവിഡ് കവര്‍ന്ന അനേകം ജീവിതങ്ങളും ആത്മഹത്യകളും കൊണ്ട് സംഭവബഹുലമായ ഒരു വര്‍ഷം.
ഒരു വൈറസിന് മുന്നില്‍ മനുഷ്യര്‍ രാജ്യാതിര്‍ത്തികള്‍ക്കതീതമായ ‘ആഗോള പൗരനായി ‘സ്തംഭിച്ചു നിന്നു. അപ്പോഴും, നാം കൂടുതല്‍ മെച്ചപ്പെട്ട ഒരു പൗരനായി മാറുമോ, ഭരണകൂടങ്ങള്‍ കൂടുതല്‍ ജനാധിപത്യപരമായ ഉള്ളടക്കമുള്ളതായി മാറുമോ എന്ന പ്രതീക്ഷകള്‍ ഏറെയൊന്നും തുറന്നു കിട്ടുന്നില്ല. ട്രമ്പിനെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ അമേരിക്കന്‍ ജനത രാഷ്ട്രീയമായ ഇച്ഛാശക്തി കാണിച്ചു. ‘ലോകപോലീസ് ചമയാനുള്ള’ ആ രാജ്യത്തിന്റെ അടങ്ങാത്ത അധികാര ത്വരയെ ആ ജനത അത്രമേല്‍ ശക്തമായി നില നിര്‍ത്തുകയും ചെയ്യും. എങ്കിലും, മാധ്യമങ്ങള്‍ അവിടെ ‘സത്യങ്ങള്‍ പ്രകാശിപ്പി’ക്കാനുള്ള ‘വാക്കും വെളിച്ചവും ശബ്ദവു’മായി നില നില്‍ക്കുന്നുണ്ട്. ജനാധിപത്യ പ്രകാശനങ്ങള്‍ അവിടെ സാധ്യമാണ്.
ഇവിടെയോ? ഇന്ത്യന്‍ മാധ്യമങ്ങള്‍ ഇന്ത്യന്‍ ജനതയുടെ അടിസ്ഥാന പ്രശ്‌നങ്ങളെ അവതരിപ്പിക്കുന്നുണ്ടോ? ഇത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടവിഷയമാണ്.
കഴിഞ്ഞ ഏതാനും മാസങ്ങളായി കേരളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍/അച്ചടി മാധ്യമങ്ങള്‍ ഉള്‍പ്പെടെ ഒറ്റ വിഷയത്തില്‍ ഉള്ള ആവര്‍ത്തന വിരസമായ അവതരണങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ‘തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത്’ എന്ന ഒറ്റ വിഷയം. ന്യൂസ് അവറുകളിലൂടെ എത്രയധികം മണിക്കൂറുകള്‍, എത്രയധികം തലക്കെട്ടുകള്‍! കോവിഡ് കാലത്തെ ഒരു ജനതയുടെ അതിജീവന ശ്രമങ്ങള്‍, അസംഘടിത തൊഴില്‍ മേഖലയിലെ പ്രശ്‌നങ്ങള്‍, കോവിഡ് കാലത്തെ ശിഥിലവും ശത്രുത നിറഞ്ഞതുമായ ഒറ്റപ്പെടുത്തലുകള്‍, അയല്‍ ബന്ധങ്ങളിലുണ്ടായ വിള്ളലുകള്‍, നാനാതരം പ്രശ്‌നങ്ങള്‍ ആഴത്തിലുള്ള വിശകലനങ്ങളിലേക്ക് പോയില്ല.
ഈ ഡിസംബറില്‍, കഴിഞ്ഞ വര്‍ഷത്തെ മാധ്യമങ്ങളുടെ വാര്‍ത്തകളുടെ അവതരണ രീതിയില്‍ നിന്ന് ഒരു വാക്ക് മാത്രമായി തിരഞ്ഞെടുക്കുകയാണ്. ആ വാക്ക് ഇതാണ്: ‘കുരുക്ക്’.
സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ടാണ് ആ വാക്ക് നിരന്തരമായി ആവര്‍ത്തിക്കപ്പെട്ടത്. കെ.ടി ജലീലീന് കുരുക്ക് മുറുകുന്നു, പിണറായി സര്‍ക്കാര്‍ കുരുക്കില്‍, കുരുക്ക് അഴിയാതെ പിണറായി സര്‍ക്കാര്‍, ഒടുവില്‍ ശിവശങ്കരന്‍ കുരുക്കില്‍,’ – ഇങ്ങനെ ചിലരില്‍ അയഞ്ഞും മുറുകിയും ‘കുരുക്കുകള്‍’ ആവര്‍ത്തിച്ചു.
താഹ മാടായി എഴുതിയ മറ്റ് ലേഖനങ്ങള്‍ ഇവിടെ വായിക്കാം
കുരുക്കുമായി നടക്കുന്ന ആരാച്ചാറുകളായി മാധ്യമങ്ങള്‍ മാറി. അടിയന്തിര പ്രാധാന്യമുള്ള എത്രയോ വിഷയങ്ങള്‍ ചര്‍ച്ച പോലുമായില്ല. ‘കുരുക്ക്’ ആണ് 2020 ലെ മലയാളം വാക്ക്. ആ വാക്ക് നാം മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് സദയം തിരിച്ചു നല്‍കണം. ഒരു ജനതയുടെ മുന്നില്‍ മാധ്യമങ്ങള്‍ ‘കുരുക്കായി’ത്തീരുന്ന രാഷ്ട്രീയ ചരിത്ര സന്ദര്‍ഭത്തിലൂടെയാണ് നാം കടന്നു പോകുന്നത്. വാക്‌സിന്‍ വരുന്നതോടെ ‘കോവിഡ്’ എന്ന കുരുക്ക് അയഞ്ഞു തുടങ്ങും. എന്നാല്‍, മാധ്യമക്കുരുക്കോ?
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: The year 2020 – Thaha Madayi Writes