| Thursday, 3rd October 2024, 4:14 pm

ആരും കലക്കാതെ ഒരു പുഴയും കലങ്ങില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

വളരെ ലളിതമായി, ഒരു കഥ പറഞ്ഞു തുടങ്ങട്ടെ. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഞാന്‍ ഒരു സൂഫിയെ കണ്ടിരുന്നു. ‘നിഷ്‌കളങ്കതകളാണ് ഏറ്റവും അധികം തെറ്റിദ്ധരിക്കപ്പെടുക’ എന്ന് അദ്ദേഹം പറഞ്ഞു. വെറുക്കുന്നവര്‍ വെറുക്കുക മാത്രം ചെയ്യുമ്പോള്‍ സ്‌നേഹിക്കപ്പെടുന്നവര്‍ നിഷ്‌കളങ്കതകളെ തെറ്റിദ്ധരിക്കുകയും എന്നാല്‍ വെറുക്കാതിരിക്കുകയും ചെയ്യുന്നു.

എന്നിട്ട് അദ്ദേഹം ചോദിച്ചു: ‘നിന്നെ തെറ്റിദ്ധരിക്കുകയും തെറ്റിദ്ധരിച്ചു കൊണ്ടു തന്നെ സ്‌നേഹിക്കുകയും ചെയ്യുന്നതാണോ? തെറ്റിദ്ധാരണകള്‍ കൂടാതെ തന്നെ വെറുക്കുന്നതാണോ ഇഷ്ടം?’ ഞാന്‍ ആലോചിച്ചു. അദ്ദേഹം ഒരു കപ്പ് ചായ തന്നു.

അത് ആറി തണുത്തിരുന്നു. സൗമ്യമായ മുഖം. ഞാന്‍ പറഞ്ഞു: ‘എന്നെ മനസ്സിലാക്കുന്നതോ തെറ്റിദ്ധരിക്കുന്നതോ സ്‌നേഹിക്കുന്നതോ വെറുക്കുന്നതോ ഒന്നും പ്രശ്‌നമല്ല. ഈ ചായ തണുത്തിട്ടുണ്ട്. തണുത്ത ചായ എനിക്കിഷ്ടമല്ല. സ്‌നേഹമായാലും വെറുപ്പായാലും ഇത്തിരി ചൂടോടെ കിട്ടുന്നതാ ഇഷ്ടം.

സ്‌നേഹത്തിനും വെറുപ്പിനും ഹൃദയത്തിന്റെ ചൂടുണ്ടാവണം. അങ്ങനെയായാല്‍ രണ്ടും ആസ്വദിക്കാന്‍ കഴിയും. സ്‌നേഹത്തോടെ വെറുപ്പിനെ ആലിംഗനം ചെയ്യാനും കഴിയും. സ്‌നേഹത്തോടെ വെറുപ്പിനെ വെറുപ്പിന്റെ വഴിയിലേക്ക് പറഞ്ഞു വിടാനും കഴിയും’ ഒരു ചൂടുള്ള ചായയും വിശിഷ്ടമായ ഒരു തസ്ബീഹ് മാലയും അദ്ദേഹം തന്നു.

ഇനി ആ ലോറിയിലേക്കും ഗംഗാവലി പുഴയില്‍ ലോറിക്കുള്ളില്‍ ജീവന്‍ പൊലിഞ്ഞ നിര്‍ഭാഗ്യവാനായ ആ ചെറുപ്പക്കാരനെ കുറിച്ചും രക്ഷാപ്രവര്‍ത്തകരെക്കുറിച്ചും കുടുംബത്തെക്കുറിച്ചുമൊക്കെ സംസാരിക്കാം.

അതിലൊന്ന്, മനുഷ്യര്‍ സംസാരിക്കുന്ന ഒരു ജീവിവര്‍ഗ്ഗം ആണ് എന്നതാണ്. എല്ലാവരും സംസാരിക്കുന്നുണ്ടായിരുന്നു. പുഴയിലേക്ക് അപ്രത്യക്ഷമായ ആ ലോറിയും അതിലെ അര്‍ജ്ജുന്‍ എന്ന ചെറുപ്പക്കാരനും അത്രമേല്‍ അഗാധമായ ഒരു നോവായി എല്ലാവരിലുമുണ്ടായിരുന്നു.

എന്നാല്‍, അതില്‍ വൈകാരികമായ മലയാളി സ്വഭാവവുമുണ്ടായിരുന്നു. ഏതു കാര്യത്തോടും വികാരഭരിതമായ ഒരു സമീപനം കൈക്കൊള്ളുക എന്നത് മലയാളിയുടെ ശീലമാണ്. അര്‍ജ്ജുന്‍ എവിടെ എന്നത് ഏതാണ്ട് എഴുപത്തിരണ്ടു ദിവസവും ആഗോള മലയാളിയുടെ ആകുലതയായി.

ജീവനോടെ തിരിച്ചു വരാനിടയില്ലെന്ന് അറിയാമായിരുന്നിട്ടും അവര്‍ കാത്തിരുന്നു. മുസ്‌ലിം മത പ്രഭാഷണ സദസ്സിലെ കൂട്ട പ്രാര്‍ഥനകള്‍ക്കിടയില്‍ അര്‍ജുന് വേണ്ടി പ്രത്യേക ദുആ തന്നെ നടന്നു. ദുരന്തങ്ങളുടെ വേദന മതാതീതമാണ്.

അര്‍ജുനിന്റെ മൃതദേഹം കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടിലെത്തിച്ചപ്പോള്‍

ദീര്‍ഘമായ ദിവസങ്ങള്‍ക്കു ശേഷം വിരാമമായി.അതിനു ശേഷം സംഭവിക്കുന്നതെന്താണ്? അര്‍ജുന്റെ കുടുംബം, മനാഫ് എന്ന പുഴയോരത്ത് അര്‍ജുന് കാവലിരുന്ന ആ മനുഷ്യനു നേരെയും ഈശ്വര്‍ മാല്‍പക്കെതിരെയും ഒക്കെ രംഗത്തു വരുന്നു.

അര്‍ജുന്‍ / മനാഫ് – ഈ പേരുകളില്‍ മൈത്രിയുടെ ഒരു മലയാളീ ഭാവമുണ്ട്. ഒരു പക്ഷെ, മനാഫ് കൂടുതലായി സംസാരിച്ചിട്ടുണ്ടാവാം. അതിനെന്താ? സംസാരിക്കാത്ത നമ്മളാരെങ്കിലും അത്രയും ദിവസം ആ പുഴയരികില്‍ കാവലിരുന്നോ?

ഈശ്വര്‍ മാല്‍പെ

ഈശ്വര്‍ മാല്‍പെ പ്രശസ്തി ആഗ്രഹിച്ചിട്ടുണ്ടാവാം. പക്ഷെ, ആ മനുഷ്യന്‍ പുഴയില്‍ അയാളുടെ ആരുമല്ലാതിരുന്ന ഒരു മനുഷ്യനു വേണ്ടി നീന്തുന്നത് നാം കണ്ടതല്ലേ? ആ ശക്തമായ പ്രവാഹത്തിനിടയിലും? അയാളുടെ ആ സന്നദ്ധതയല്ലേ പ്രശംസിക്കപ്പെടേണ്ടത്? ആ പ്രശംസകള്‍ ആ മനുഷ്യന് പ്രശസ്തി നേടിക്കൊടുക്കുന്നുവെങ്കില്‍, അത് അയാള്‍ അര്‍ഹിക്കുന്നത് മാത്രമാണ്.

‘കലക്കുക’ എന്നതാണ് നാം ഇപ്പോള്‍ കണ്ടു വരുന്ന ഒരു പ്രവണത. പൂരം കലക്കുന്നു. ഇപ്പോഴിതാ മനാഫ് – അര്‍ജുന്‍ എന്ന മൈത്രിയുടെ മാരിവില്ലിലും വെറുപ്പിന്റെ കാര്‍മേഘം വന്നു മൂടുന്നു. മനുഷ്യര്‍ ഇങ്ങനെയുമാണ്.

മനാഫ്

പറഞ്ഞു വരുന്നത് ഗയ്‌സ്, പുഴ ഒഴുകുന്നു, മനുഷ്യര്‍ സംസാരിക്കുന്നു. പുഴയ്ക്ക് പക്ഷെ കുടുംബമില്ല. ആരും കലക്കാതെ ഒരു പുഴയും കലങ്ങുകയുമില്ല. പൂരവും കലങ്ങില്ല, കുടുംബവും കലങ്ങില്ല.

ഈ രക്ഷാപ്രവര്‍ത്തനത്തിന്റെ പേരില്‍ സ്വീകരണങ്ങളും പൊന്നാടകളും വാങ്ങി മനാഫ് നടക്കുന്നതും അധാര്‍മ്മികമാണ്. അത്തരം ചടങ്ങുകള്‍ ദുരന്തത്തെ ആഘോഷമാക്കുന്നു.

CONTENT HIGHLIGHTS: Thaha Madayi writes about the Manaf-Arjun controversies

We use cookies to give you the best possible experience. Learn more