| Friday, 23rd August 2024, 6:02 pm

സൂപ്പര്‍ താരങ്ങള്‍ മാത്രമോ സിനിമ? പ്രേക്ഷകന്‍ ഹാജര്‍

താഹ മാടായി

ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട്, ചലച്ചിത്ര മേഖലയിലെ പുരുഷന്മാരെല്ലാം ഇരുട്ടായാല്‍ നടിമാര്‍ പാര്‍ക്കുന്ന മുറിയുടെ വാതിലില്‍ മുട്ടുന്നവരാണ് എന്ന തരത്തിലുള്ള ‘പൊതുബോധം ‘ സൃഷ്ടിച്ചിട്ടുണ്ട്. എപ്പോഴും ‘വെളിച്ചത്തിലും ‘ നിരീക്ഷണ ക്യാമറകളുടെ പരിധിയിലും നില്‍ക്കുന്ന സെലിബ്രിറ്റികള്‍ക്ക് എത്ര വരെ രഹസ്യാത്മകമായ ലൈംഗിക ചൂഷണം സാധ്യമാവും എന്ന ചോദ്യവും ഇതുയര്‍ത്തുന്നുണ്ട്.

അല്ലെങ്കില്‍ ചലച്ചിത്ര മേഖലയില്‍ മാത്രമാണോ സ്ത്രീവിരുദ്ധതയും ചൂഷണവും നിലനില്‍ക്കുന്നത്? നമ്മുടെ ഉന്നത വിദ്യാഭ്യാസ / ഗവേഷണ / മാധ്യമ മേഖലകള്‍, വ്യവസായ മേഖലകള്‍ തുടങ്ങി പലയിടങ്ങളിലും സ്ത്രീകളുടെ ആത്മസത്തയെ മുറിവേല്‍പ്പിക്കുന്ന പ്രവണതകള്‍ നിലനില്‍ക്കുന്നില്ലേ?

ലിംഗ സമത്വത്തെക്കുറിച്ചുള്ള മിനിമം ബോധങ്ങളില്‍ ജീവിക്കുന്ന ഒരു സമൂഹമായതു കൊണ്ടാണ് ഇത്തരം ‘വാതില്‍ മുട്ടലുകള്‍ ‘ സംഭവിക്കുന്നത്. ‘കുത്തഴിഞ്ഞ ലൈംഗിക ജീവിതം’ നയിക്കുന്നവരാണ് നമ്മുടെ താരങ്ങള്‍ പലരും എന്ന പൊതുബോധ നിര്‍മ്മിതി രൂപപ്പെടുത്തുന്നത് പലതരത്തിലുള്ള ഗോസിപ്പുകള്‍ കൊണ്ടാണ്.

‘എങ്ങനെ പണം സമ്പാദിക്കാം ‘ എന്ന മുന്‍ഗണനകള്‍ മുന്നില്‍ വന്നു നില്‍ക്കുമ്പോള്‍ ഏതിനെയും സ്വീകരിക്കുന്ന വൈകാരിക ക്ഷമത രൂപപ്പെടുകയും ചെയ്യുന്നു. ഇപ്പോള്‍ തന്നെ ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ ചില ഭാഗങ്ങള്‍ പുറത്തു വന്നപ്പോള്‍ സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന യുവ എഴുത്തുകാര്‍ പാലിക്കുന്ന മൗനം ശ്രദ്ധേയമാണ്.

എന്തു കൊണ്ടാണ് ആ മൗനം? എം.എന്‍ വിജയന്റെ ഒരു ചോദ്യം കടമെടുത്തു കൊണ്ട് ഇങ്ങനെ ചോദിക്കാം: അവര്‍ എവിടെ പോയി ഒളിച്ചിരിക്കുന്നു?

ചലച്ചിത്ര /സീരിയല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കവികളും കഥാകാരന്മാരും ആക്ടിവിസ്റ്റുകളും ഈ വിഷയത്തില്‍ തികഞ്ഞ നിശ്ശബ്ദത പാലിക്കുന്നു. ഭാവിയുടെ ധനാത്മകമായ ഉപലബ്ധികള്‍ തങ്ങള്‍ക്ക് നഷ്ടമാകുമോ , ചലച്ചിത്ര മേഖലയില്‍ അവസരം നഷ്ടമാകുമോ എന്ന ഭയം അവരെയും ബാധിച്ചിട്ടുണ്ട്.

സത്യത്തിന്റെ മുഖം എപ്പോഴും വേറിട്ടതാണ്

ലൈംഗികതയും സര്‍ഗാത്മകതയും തമ്മില്‍ ഒരു ബന്ധം ചരിത്ര കാലം മുതലേ നിലനില്‍ക്കുന്നുണ്ട്. എന്നാലിപ്പോള്‍ ‘കണ്‍സെന്റ് ‘ എന്ന ആശയം , കുറേക്കൂടി ആധുനികമായ ആ ബോധം വരുമ്പോള്‍ അനുഭൂതികളുടെ ലോകത്തെ നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും.

യഥാര്‍ഥത്തില്‍ നാം വളര്‍ത്തിയെടുക്കേണ്ടത് അത്തരമൊരു ബോധമാണ് . ഏതെങ്കിലും തരത്തിലുള്ള ഉപലബ്ധികള്‍ പ്രതീക്ഷിച്ച് കോംപ്രമൈസ് ആവുന്നതേക്കാള്‍ നല്ലത് ‘നോ ‘ പറയേണ്ടയിടങ്ങളില്‍ ചീ പറഞ്ഞ് ആത്മാഭിമാനമുള്ള ജീവിതം നയിക്കുന്നതാണ്.

‘നോ’ പറയാന്‍ പഠിപ്പിക്കുക എന്നതാണ് പ്രധാനപ്പെട്ട സാക്ഷരതാ യജ്ഞം. അങ്ങനെ പറഞ്ഞിട്ടും ചിലര്‍ ‘വാതിലില്‍ വന്ന് മുട്ടുന്നു ‘ണ്ടെങ്കില്‍ കാലില്‍ ഇടാന്‍ മാത്രമുള്ളതാണോ ചെരിപ്പുകള്‍?

ഇത്രയുമാണ് കാര്യങ്ങള്‍

ചലച്ചിത്ര മേഖലയില്‍ മാത്രമായി ഒരു സ്ത്രീവിരുദ്ധതയും ലൈംഗിക ചൂഷണവും നിലനില്‍ക്കുന്നില്ല. എല്ലായിടത്തും അത് അവസരം പാര്‍ത്തു കിടക്കുന്നുണ്ട്. ഉജ്ജ്വലമായ അഭിനയ മുഹൂര്‍ത്തങ്ങളിലൂടെ നമ്മെ പ്രചോദിപ്പിച്ച താരങ്ങളെ മുഴുവന്‍ ‘വെറുക്കപ്പെടുന്നവരുടെ ‘ ഒറ്റ തൊഴുത്തില്‍ കെട്ടിയിടേണ്ട കാര്യമില്ല. ആരാണോ അങ്ങനെ ചെയ്തത്, അവരെ ആ തൊഴുത്തില്‍ നിന്ന് മാറ്റി കെട്ടണം.

പേരറിയാതെ ആ പൂച്ചകള്‍ക്ക് ആര് മണി കെട്ടും? താരങ്ങള്‍ മാത്രമല്ല സിനിമാ മേഖല.

‘പ്രൊഡക്ഷന്‍’മേഖലയിലെ വിവിധ യൂണിറ്റുകളെക്കുറിച്ചും അവരുടെ പ്രവര്‍ത്തന രീതികളെ പറ്റിയും സൂക്ഷ്മമായ ബോധവല്‍ക്കരണം വേണം. എല്ലാം താരങ്ങളുടെ പിടലിക്കു വെച്ചു ചാര്‍ത്തുന്ന രീതി അത്ര നല്ലതല്ല. ഇട നിലക്കാരിലെ അപകടകാരികളെ തുറന്നു കാട്ടണം.

ഒരു നടിയോ നടനോ പുതുതായി ഈ രംഗത്ത് കടന്നു വരുമ്പോള്‍ പ്രീ കൗണ്‍സലിങ്ങ് നല്ലതാണ്. എന്നിട്ടു വേണം ആ രംഗത്ത് കാലുറപ്പിക്കണോ വേണ്ടയോ എന്നു തീരുമാനിക്കാന്‍.

സിനിമാരംഗം ഒരു അഴിഞ്ഞാട്ട മേഖല എന്ന പ്രതീതി നിര്‍മ്മിതി ഭാവിയില്‍ ആ രംഗത്തു കടന്നു വരുന്ന പ്രതിഭകളായ നടിമാരുടെ വ്യക്തി / കുടുംബ ജീവിതത്തെ പ്രതികൂലമായി ബാധിക്കും.

ഈ സങ്കീര്‍ണ്ണതകള്‍ പരിഹരിക്കാന്‍ കോണ്‍ക്ലേവ് കൊണ്ട് സാധിക്കില്ല. ലിംഗതുല്യതയെക്കുറിച്ചുള്ള പാഠങ്ങള്‍ പ്രഥമ പാഠാവലിയില്‍ തന്നെ തുടങ്ങണം. അല്ലെങ്കില്‍ പേരില്ലാ പൂച്ചകള്‍ വാതിലില്‍ മുട്ടുന്ന വിഹാര രംഗമായിരിക്കും  ചലച്ചിത്ര മേഖല.

content highlights: Thaha madayi writes about the Hema Committee report

താഹ മാടായി

എഴുത്തുകാരന്‍

Latest Stories

We use cookies to give you the best possible experience. Learn more