| Thursday, 30th December 2021, 2:38 pm

കെ റെയിലിന്റെ മഞ്ഞക്കുറ്റി പിഴുതെറിയേണ്ട ഡി.വൈ.എഫ്‌.ഐ പൊതിച്ചോറിലൊതുങ്ങുമ്പോള്‍

താഹ മാടായി

പിറക്കുന്ന വര്‍ഷം ഏപ്രിലില്‍ പാര്‍ട്ടി പിറന്ന ജില്ലയായ കണ്ണൂരിലാണ് സി.പി.ഐ.എമ്മിന്റെ ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ്. ചെങ്കൊടിയുടെ ഉത്സവനാളുകളായിരിക്കും അതെന്ന് സംശയമില്ല. ആ ദിവസങ്ങളില്‍ കണ്ണൂരില്‍ വീശുന്ന കാറ്റിലും മൂളിപ്പാട്ടിലും പോലുമുണ്ടാവും ഇങ്ക്വിലാബിന്റെ ചുവപ്പ്. ചുവരുകളെല്ലാം ചുവപ്പ്.

പ്രത്യയശാസ്ത്രപരമായ അവ്യക്തതകളെല്ലാം സൂക്ഷ്മമായ ചര്‍ച്ചകള്‍ക്ക് ശേഷം സുവ്യക്തമാക്കുകയും പാര്‍ട്ടി നയപരിപാടികള്‍ രേഖീയമാക്കുകയും ചെയ്യുന്നത് പാര്‍ട്ടി കോണ്‍ഗ്രസിലാണ്. ഇന്ത്യയെ ഇപ്പോള്‍ ഗ്രസിച്ച ‘കാവിയാത്മകതക്ക്’ പകരം ജനാധിപത്യ ബദലുകളുടെ ‘കാവ്യാത്മക സഖ്യം’ രൂപപ്പെടുത്താന്‍ പറ്റുമോ എന്ന ചിന്തയെ മുന്നോട്ട് കൊണ്ടുപോകാന്‍ ഹര്‍കിഷന്‍ സിംഗ് സുര്‍ജിതിനെപ്പോലെ പ്രായോഗികരാഷ്ടീയ അടവുനയങ്ങളുടെ ബുദ്ധികേന്ദ്രങ്ങള്‍ ഇപ്പോള്‍ സി.പി.ഐ.എമ്മില്‍ ഇല്ല.

തമിഴ്നാട്ടില്‍ സ്റ്റാലിന്‍ നടത്തുന്ന സംഘപരിവാര്‍ വിരുദ്ധമായ ഉറച്ച രാഷ്ട്രീയനീക്കങ്ങള്‍ പോലും സി.പി.ഐ.എം എന്ന പാര്‍ട്ടിയില്‍ നിന്ന് പ്രായോഗികമായി സംഭവിക്കുന്നില്ല. സംഘപരിവാറിനെതിരെ സംസാരിക്കുമ്പോള്‍ സി.പി.ഐ.എം സഖാക്കളുടെ നാവ് പെരുവഴി പോലെ വിശാലമാണെങ്കിലും അധികാര നിര്‍വഹണങ്ങളില്‍ പലപ്പോഴും ഇടവഴി പോലെയാണ്.

മിക്കവാറും മുസ്‌ലിം/ ദളിത് വിഷയങ്ങളില്‍ ‘രക്ഷാകര്‍തൃത്വ’ത്തിന്റെ ഭാഷയില്‍ സംസാരിക്കുന്നു. ജനാധിപത്യപരമായ രാഷ്ട്രീയകടമകള്‍ നിര്‍വഹിക്കുന്നതിനെ ‘ഔദാര്യം’ പോലെ കണ്ട് ‘ചില’ സഖാക്കളെങ്കിലും (കമ്യൂണിസ്റ്റ് മുസ്‌ലിം സഖാക്കളുടെ തെരുവ് പ്രസംഗങ്ങളിലാണ് ഔദാര്യത്തിന്റെ ഈ അവതരണങ്ങള്‍ കൂടുതല്‍ കേള്‍ക്കാനാവുക) രാഷ്ട്രീയപ്രശ്നങ്ങള്‍ അവതരിപ്പിക്കുന്നു. അപ്പോള്‍ തന്നെ ഡി.വൈ.എഫ്.ഐ എന്ന ഉജ്വല സമരങ്ങളുടെ യുവജന രാഷ്ട്രീയപ്രസ്ഥാനം, കേരളത്തിലെങ്കിലും ഒരു ജീവകാരുണ്യ/ പ്രേഷിത പ്രസ്ഥാനമായി മാറുന്ന കാഴ്ചയും ഇതോടൊപ്പം ചേര്‍ത്ത് വായിക്കേണ്ടതാണ്.

തെരുവില്‍ ഇപ്പോള്‍ ഡി.വൈ.എഫ്.ഐയെ കാണുന്നത് ആശുപത്രിക്ക് മുമ്പില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഭക്ഷണം കൊടുക്കുന്ന നേരത്താണ്. തീര്‍ച്ചയായും അതൊരു ജീവകാരുണ്യ പ്രവര്‍ത്തനമാണ്, സംശയമില്ല. അന്നം കൊടുക്കുന്നതും ഒരു രാഷ്ട്രീയപ്രവര്‍ത്തനമാണ്. പണ്ടൊക്കെ മിഷണറിമാരും കന്യാസ്ത്രീകളുമാണ് ഇത്തരം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നത്. മുമ്പ് ഞങ്ങളുടെ തൊട്ടടുത്ത നിര്‍മലാലയം കോണ്‍വെന്റില്‍ വെച്ച് ഇറ്റലിയില്‍ നിന്ന് കൊണ്ടുവന്ന വസ്ത്രങ്ങളും ബുളുഗറും (നുറുക്ക് ഗോതമ്പ്) മല്‍മല്‍ തുണിയും മക്രോണിയും പാല്‍ പൗഡര്‍ കലക്കിയ പാലുംവെള്ളവും നല്‍കിയത് ഓര്‍മയിലുണ്ട്.

പാവപ്പെട്ടവര്‍ മാത്രമല്ല, ഇടത്തരം മുസ്‌ലിം കുടുംബങ്ങളില്‍പ്പെട്ടവരും ആ ക്യൂവിലുണ്ടായിരുന്നു. മുസ്‌ലിം കുടുംബങ്ങളിലേക്ക് ഗള്‍ഫ് പാല്‍പൊടി NIDO പിന്നീട് ധാരാളം വന്നു. ചൈനീസ് സില്‍ക്കുകളും സ്വിസ് കോട്ടണുകളും വന്നു. തലനരച്ച മലയാളികളുടെ കൊതികളെല്ലാം പിന്നാലെ വന്ന കുട്ടികള്‍ തന്നെ തീര്‍ത്തു. സ്‌കൂളുകളും ആശുപത്രികളും വന്നു.

ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ നിന്ന് മിഷണറി സംഘടനകള്‍ പതുക്കെ പിന്മാറി. ആശുപത്രികള്‍ പലതും ആസാദ് മൂപ്പന്റെയും മാളുകളെല്ലാം യൂസഫലിയുടെതുമായി. നിരത്തുകള്‍ മുഴുവന്‍ വാഹനങ്ങളായി. ലൗ ജിഹാദും നാര്‍ക്കോട്ടിക് ജിഹാദും ഹലാല്‍ ഫുഡ് വിവാദങ്ങളുമൊക്കെ വന്നിട്ടും സാമൂഹ്യ ജീവിതത്തിലെ മൈത്രിക്ക് വലിയ ഉലച്ചിലൊന്നും വന്നിട്ടില്ല.

ഇങ്ങനെയൊക്കെയായിട്ടും ആശുപത്രിക്ക് മുന്നില്‍ ഭക്ഷണം കാത്ത് മലയാളികളുടെ ക്യൂ ഇപ്പോഴുമുണ്ട്. അതൊരു യാഥാര്‍ഥ്യമാണ്. ആ ക്യൂ അവിടെ നിന്ന് മാറുകയും ഡി.വൈ.എഫ്.ഐ സഖാക്കള്‍ ഭക്ഷണപ്പൊതി കൊടുക്കുന്നത് നിര്‍ത്തുകയും ചെയ്യുമ്പോള്‍ മാത്രമാണ് നാമൊരു ക്ഷേമസംസ്ഥാനമായി എന്ന് പറയാനാവുക.
അപ്പോള്‍ നാമെവിടെയാണ് ഡി.വൈ.എഫ്.ഐ സഖാവിനെ രാഷ്ട്രീയ കാരണങ്ങളാല്‍ പ്രതീക്ഷിക്കേണ്ടത്? കെ റെയിലിന്റെ ഭാഗമായി സ്വകാര്യ ഭൂമിയില്‍ അനുമതി ഇല്ലാതെ മഞ്ഞക്കുറ്റിയടിക്കാന്‍ വരുന്ന റവന്യൂ ഉദ്യോഗസ്ഥരുടെ കൈ തടയുന്ന ഇച്ഛാശക്തിയുടെ ഉയരുന്ന മുഷ്ടികളായി അവര്‍ മുന്നിലുണ്ടാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാവുന്നതാണ്.

എന്നാല്‍ അത്തരം രാഷ്ട്രീയപ്രതീക്ഷകള്‍ വെറുതെയാണ്. പിണറായി ഭരിക്കുമ്പോള്‍ തെരുവില്‍ ഡി.വൈ.എഫ്.ഐയുടെ ഉയര്‍ന്ന മുഷ്ടികള്‍ കാണില്ല. ഭരണകൂട അനീതികള്‍ക്കെതിരെ കൊടുങ്കാറ്റിന്റെ ഹുങ്കാരമുള്ള ആ ഇങ്ക്വിലാബ് വിളികള്‍ ഇനി കേരളത്തിലെ തെരുവുകളിലുയരില്ല. ആശുപത്രികള്‍ക്ക് മുന്നില്‍ ഭക്ഷണപ്പൊതികളുമായി നില്‍ക്കുന്ന ‘പ്രേഷിത ഡി.വൈ.എഫ്.ഐ’യെ മാത്രമേ പിണറായി ഭരിക്കുന്ന അഞ്ച് വര്‍ഷങ്ങളില്‍ പ്രതീക്ഷിക്കാന്‍ കഴിയൂ. പിണറായിക്ക് ശേഷം കോടിയേരി വന്നാലും ഇതേ അവസ്ഥ തന്നെയാവും.

സാധാരണ മനുഷ്യര്‍ നടത്തുന്ന പ്രതിരോധത്തെ വികസന വിരുദ്ധമെന്ന് ചാപ്പ കുത്തി അവരെ ഒരരികിലേക്ക് മാറ്റുകയാണ്. രണ്ടുതരം പൗരത്വമാണ് ഇപ്പോഴുള്ളത്. ഒന്ന് വികസനവാദികളുടെ ഒരു ‘കോര്‍പറേറ്റ് പൗരത്വം’, മറ്റൊന്ന് വികസന വിരുദ്ധരെന്ന് ചാപ്പ കുത്തപ്പെടുന്ന, ധര്‍മസങ്കടങ്ങള്‍ പേറുന്ന മനുഷ്യരുടെ ‘വഴിയാധാര പൗരത്വം’. നിങ്ങളുടെ ഭൂമി നിങ്ങളുടെ സമ്മതമില്ലാതെ എടുക്കുന്നതിനെ ഇടതുപക്ഷത്ത് നിന്ന് പ്രതിരോധിക്കാന്‍ നിര്‍ഭാഗ്യവശാല്‍ തെരുവില്‍ ഡി.വൈ.എഫ്.ഐ ഇല്ല.

ജനകീയ സമരങ്ങളുടെ മുന്‍നിരയില്‍ ഇടക്കാലത്ത് സോളിഡാരിറ്റിയുണ്ടായിരുന്നു. അവരുടെ സാന്നിധ്യം സമരങ്ങള്‍ക്ക് മറ്റൊരു നിറം നല്‍കി. മതത്തിന്റെ നിറം. സോളിഡാരിറ്റിയുടെ സാന്നിധ്യമുണ്ടാവുന്നത് സമരങ്ങള്‍ക്ക് പിന്നില്‍ ചില ‘തീവ്ര ചിന്താഗതി’ക്കാര്‍ എന്ന ലേബല്‍ പതിപ്പിക്കാനും ജനകീയ പ്രതിരോധങ്ങളുടെ രോഷത്തെ വേറൊന്നാക്കി ഒറ്റപ്പെടുത്താനുമുള്ള എളുപ്പവഴിയായി തീര്‍ന്നു.

അത് പതുക്കെ തിരിച്ചറിഞ്ഞത് കൊണ്ടാവാം, സോളിഡാരിറ്റിയും ജനകീയ സമരങ്ങളെയും തെരുവിനെയും വിട്ടു. അവര്‍ സ്വന്തം ഹലാല്‍ സ്വപ്നങ്ങളിലേക്ക് മടങ്ങി. ഡി.വൈ.എഫ്.ഐയും സോളിഡാരിറ്റിയും ശാസ്ത്രസാഹിത്യ പരിഷത്തും പിന്‍വാങ്ങിയ തെരുവില്‍ എസ്.ഡി.പി.ഐയും പോപ്പുലര്‍ ഫ്രണ്ടും സംഘപരിവാറും മുഖാമുഖം നില്‍ക്കുന്നു.

മുഖ്യമന്ത്രി പിണറായി വിജയനുമായി ഒരു രാഷ്ടീയ സംവാദത്തിന്റെ അന്തരീക്ഷം കേരളത്തില്‍ എപ്പോഴുമുണ്ട്. സംശയമില്ല, നിങ്ങള്‍ പറയുന്നത് ഏറ്റവും ക്ഷമയോടെ കേള്‍ക്കുന്നയാള്‍ പിണറായി വിജയനായിരിക്കും. എന്നാല്‍ ഉത്തരങ്ങള്‍, അദ്ദേഹം പറയാന്‍ തീരുമാനിച്ചുറപ്പിച്ചവ തന്നെയായിരിക്കും. പൊലീസ് നയത്തെ വിമര്‍ശിക്കുമ്പോള്‍, പൊലീസ് വകുപ്പില്‍ ഒരു വിഭാഗം സാമൂഹ്യവിരുദ്ധ മനോഭാവമുള്ളവര്‍ എല്ലാ കാലത്തുമുണ്ടായിരുന്നു എന്ന ഉത്തരമായിരിക്കാം വരാന്‍ സാധ്യത. അതായത്, നിരന്തരമായ വിമര്‍ശനങ്ങളുണ്ടാവുമ്പോഴും തിരുത്തലുകള്‍ സംഭവിക്കുന്നില്ല. അല്ലെങ്കില്‍ പതുക്കെ മാത്രം സംഭവിക്കുന്നു.

പാരിസ്ഥിതികമായ സംവാദങ്ങളുടെ മുന്‍നിരയില്‍ നില്‍ക്കുന്നവര്‍ക്ക് പലര്‍ക്കും കടുത്ത ‘പിണറായി വിരുദ്ധത’ മുന്‍പ് തന്നെയുണ്ട്. അവാസ്തവ പ്രചരണങ്ങള്‍ കൊണ്ട് വ്യക്തിഗതമായി മാധ്യമങ്ങളാല്‍ ടാര്‍ഗറ്റ് ചെയ്യപ്പെട്ട ഒരു രാഷ്ട്രീയനേതാവ് കേരളത്തില്‍ വേറെയില്ല. എന്നാലിപ്പോള്‍ അന്ധമായ പിണറായി ഭക്തിയുടെ ഓളവുമുണ്ട്.

വികസനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ വരുമ്പോള്‍ പാരിസ്ഥിതികവും ജൈവികവും മാനുഷികവുമായ ചോദ്യങ്ങള്‍ക്ക് നേരെ പിണറായി ഭക്തരില്‍ നിന്ന് അസഹിഷ്ണുതയുടെ വേറിട്ട നോട്ടം കിട്ടുന്നു. ലോകത്തിന്റെ പുതിയ സഞ്ചാരക്രമങ്ങള്‍ക്കും മാറുന്ന ദൈനംദിന അഭിരുചികള്‍ക്കും ഇണങ്ങുന്ന വികസനം കൊണ്ടുവരുമ്പോള്‍ തന്നെ, ജീവിതത്തിന്റെ തുടര്‍ച്ചകള്‍ ഇടര്‍ച്ചയില്ലാതെ മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്.

എന്നാല്‍, യഥാര്‍ഥത്തില്‍ ഇരമ്പുന്ന ഒരുപാട് പ്രശ്നങ്ങള്‍ക്കിടയിലൂടെയാണ് വലിയൊരു വിഭാഗം കേരളീയര്‍ കടന്നുപോകുന്നത്. കെ റെയില്‍ ഭൂമിയെടുപ്പുമായി ബന്ധപ്പെട്ട അമര്‍ത്തിപ്പിടിച്ച നിലവിളികളുണ്ട്. മഴക്കെടുതികള്‍, പ്രളയം, കൊവിഡ്, ഉരുള്‍പൊട്ടലുകള്‍ – പ്രകൃതിദുരന്തങ്ങളുടെയും രോഗകാലങ്ങളുടെയുമിടയില്‍ മനുഷ്യര്‍ എങ്ങനെയെങ്കിലും ‘സ്വച്ഛരായി’ വീട്ടിലിരിക്കാന്‍ ആഗ്രഹിക്കുമ്പോഴാണ് കെ റെയിലിന്റെ മഞ്ഞക്കുറ്റിയുമായി വീട്ടുമുറ്റത്ത് ഉദ്യോഗസ്ഥര്‍ പ്രത്യക്ഷപ്പെടുന്നത്. ഭൂമിയുടെ ഇളക്കങ്ങള്‍ക്കിടയില്‍ ജീവിതവും ഇളകുന്ന അവസ്ഥ.

ഇതിനെ രാഷ്ട്രീയമായി ന്യായീകരിക്കാന്‍ പിണറായി ഭരിക്കുമ്പോള്‍ സി.പി.ഐ.എമ്മിനും ഡി.വൈ.എഫ്.ഐക്കും സാധിച്ചേക്കാം. ശാസ്ത്രസാഹിത്യ പരിഷത്തിനോ യുവകലാസാഹിതിക്കോ പോലും അത് സാധിക്കില്ല. തീരെ എഴുതിത്തള്ളണ്ട ഒരു പ്രസ്ഥാനമല്ലല്ലൊ ശാസ്ത്രസാഹിത്യ പരിഷത്ത്. പു.ക.സയേക്കാള്‍ മലയാളികളില്‍ യുക്തിബോധം വളര്‍ത്തിയ പ്രസ്ഥാനമാണത്.

എം.പി. മന്‍മഥനും ജി. കുമാരപ്പിള്ളയും നേതൃത്വം കൊടുത്ത മദ്യവിരുദ്ധ പ്രസ്ഥാനത്തിന്റെ മുദ്രാവാക്യങ്ങള്‍ ഇനി ഡി.വൈ.എഫ്.ഐക്ക് ഏറ്റെടുക്കാം. സ്ത്രീധന വിരുദ്ധ ക്യാംപെയിന്‍ പോസ്റ്ററുകള്‍, കൊവിഡ് കാലം ഒന്ന് പിറകോട്ടടിച്ചാല്‍ ഫുട്ബോള്‍ ടൂര്‍ണമെന്റുകള്‍, കമ്പവലി മത്സരം ഇവയും സംഘടിപ്പിക്കാം. മറ്റെന്താണ് ഡി.വൈ.എഫ്.ഐക്ക് പിണറായി വിജയന്‍ കേരളം ഭരിക്കുമ്പോള്‍ ചെയ്യാനാവുക?

സമരവും ഭരണവുമെന്ന ഇടത് വായ്ത്താരിക്ക് ഇനി പ്രസക്തിയില്ല. ഇനി ഭരണം മാത്രം. മറിച്ചാണ് വാസ്തവമെങ്കില്‍ ഡി.വൈ.എഫ്.ഐ സഖാക്കള്‍ ഇങ്ക്വിലാബിന്റെ ഭാഷയില്‍ അത് വിശദീകരിക്കട്ടെ.

താഹാ മാടായിയുടെ മറ്റ് ലേഖനങ്ങള്‍ വായിക്കാന്‍ ഇവിടെ ക്ളിക്ക് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Thaha Madayi writes about the decline of DYFI during Pinarayi Vijayan’s rule in Kerala

താഹ മാടായി

എഴുത്തുകാരന്‍

We use cookies to give you the best possible experience. Learn more