അപരവല്‍ക്കരിക്കപ്പെടുന്ന മുസ്‌ലിം എന്നത് സെക്കുലര്‍ ഹിന്ദുവിന്റെ ആശങ്കയാണ്, അത്രമേല്‍ ആശങ്ക ക്രൈസ്തവര്‍ക്കുണ്ടോ?
Loksabha Election Result 2024
അപരവല്‍ക്കരിക്കപ്പെടുന്ന മുസ്‌ലിം എന്നത് സെക്കുലര്‍ ഹിന്ദുവിന്റെ ആശങ്കയാണ്, അത്രമേല്‍ ആശങ്ക ക്രൈസ്തവര്‍ക്കുണ്ടോ?
താഹ മാടായി
Wednesday, 5th June 2024, 4:28 pm
പ്രധാനമായും ,കേരളത്തിലെ ഇലക്ഷനില്‍ ബി.ജെ.പിക്കുണ്ടായ മുന്നേറ്റത്തില്‍ നിന്ന് മനസ്സിലാവുന്നത്, ക്രൈസ്തവ വോട്ടുകള്‍ ബി.ജെ.പിക്കനുകൂലമായി രേഖപ്പെടുത്തിയിട്ടുണ്ട് എന്നാണ്. രാഷ്ട്രീയമായി മുസ്‌ലിം പക്ഷത്തോട് ചേര്‍ന്നു നില്‍ക്കുന്ന ഇടതുപക്ഷത്തെ ക്രൈസ്തവര്‍ പിന്തുണക്കുന്നില്ല. അതില്‍ സെമിറ്റിക് മതങ്ങള്‍ തമ്മിലുള്ള അകല്‍ച്ചയുടെ അന്തര്‍ധാരകള്‍ കാണാം. അപരവല്‍ക്കരിക്കപ്പെടുന്ന മുസ്‌ലിം എന്നത് സെക്കുലര്‍ ഹിന്ദുവിന്റെ ആശങ്കയാണ്. അത്രമേല്‍ ആശങ്ക ക്രൈസ്തവര്‍ക്കുണ്ടോ എന്നത് ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്.

ലോക്‌സഭാ ഇലക്ഷന്‍ ഫലങ്ങള്‍ കേരളത്തിനും ഇന്ത്യയ്ക്കും ഒരേ സന്ദേശമല്ല നല്‍കുന്നത്. കേരളത്തിലെ മുസ്‌ലിം വോട്ടര്‍മാരില്‍ വലിയൊരു വിഭാഗം സി.പി.ഐ.എമ്മിന്റെ രാഷ്ട്രീയ രക്ഷാകര്‍തൃത്വം ഇഷ്ടപ്പെടുന്നില്ല എന്നൊരു വായനയ്ക്ക് ഇടതു പരാജയത്തില്‍ പ്രസക്തിയുണ്ട്.

സി.പി.ഐ.എമ്മിന് മുസ്‌ലിം സമൂഹത്തോടുള്ള അനുഭാവപൂര്‍ണ്ണമായ രാഷ്ട്രീയ സമീപനങ്ങള്‍ ക്രൈസ്തവ സമൂഹം സാമുദായികമായി മാത്രമല്ല, സഭാതലത്തിലും പിന്തുണക്കുന്നില്ല. ഇത് രണ്ടും ബാധിച്ചത് എല്‍.ഡി. എഫിനെയാണ്. പതുക്കെ സാംസ്‌കാരിക ഹിന്ദുത്വവും കേരളത്തില്‍ അധികാരത്തിന്റെ ബലങ്ങളില്‍ ഒരു ശാക്തിക ചേരിയായി മാറാന്‍ പോവുകയാണ്. ക്രൈസ്തവ സമൂഹത്തെ വൈകാരികമായി പ്രചോദിപ്പിച്ചായിരിക്കാം ആ വേരോട്ടം സംഭവിക്കുക. അടുത്ത നിയമസഭാ ഇലക്ഷനില്‍ ചില്ലറ സീറ്റുകള്‍ ബി.ജെ പി ക്ക് പ്രതീക്ഷിക്കാം.

കേരളത്തില്‍ ബി.ജെ.പി വരില്ല എന്ന് പറഞ്ഞ് ആരും മൊട്ടയടിക്കാന്‍ പന്തയം വെക്കണ്ട.

സുരേഷ് ഗോപി

കേരളത്തില്‍ കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ പോലും വോട്ടുചോര്‍ച്ചയുണ്ടായി എന്നത് അതിശയോക്തിപരമായ വാര്‍ത്താവതരണങ്ങള്‍ക്കപ്പുറം, ഇടതു ജനാധിപത്യ മേഖലകളില്‍ അത്തരം ചില തുറവികള്‍ രൂപപ്പെടുന്നു എന്നത് ആശാവഹമായിട്ടല്ലെ നാം പരിഗണിക്കേണ്ടത്?

യഥാര്‍ഥത്തില്‍ അയഞ്ഞ, കുറേക്കൂടി മാനുഷികമായ ഒരു സി.പി.ഐ.എമ്മിനെയാണ് നാം കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കാണുന്നത്.

പഴയ മഞ്ഞപ്പിത്തം ബാധിച്ച ഫിലമെന്റ് രാവുകളിലും (ചിമ്മിനി വിളക്കില്‍ പഠിക്കുന്ന കുട്ടിയുടെ ഇല്ലസ്‌ട്രേഷന്‍ കാണുമ്പോള്‍ ‘ഹാ, എന്തു മനോഹരം ആ രാവുകള്‍’ എന്ന നൊസ്റ്റാള്‍ജിക് ചിത്തഭ്രമം നിങ്ങളെ ബാധിക്കുന്നുണ്ടോ? എങ്കില്‍, ശ്ശൊ, എന്തൊരു ബോറന്‍ നൊസ്റ്റാള്‍ജിയ! ആ നൊസ്റ്റാള്‍ജിയകളാണ് സ്‌കൂള്‍ പാഠപുസ്തക അടുക്കളയില്‍ ചിരവയുമായി ഒരു പുരുഷനെ പിടിച്ചിരിത്തുന്നത്, ഇനിയും നേരം വെളുക്കാത്ത അത്തരം അടുക്കളകള്‍ കേരളത്തിലുണ്ടോ?)

നിങ്ങളെ ചെമ്മണ്‍ റോഡുകളിലും ഗൃഹാതുരമായി അഭിരമിക്കാത്ത, റോഡ്, വികസനം, വിദേശയാത്രകള്‍, കെ.റെയില്‍ (കണ്‍സെന്റ് പ്രധാനമാണ്, പാതയിലായാലും പ്രണയത്തിലായാലും) തുടങ്ങി മനുഷ്യരുടെ പുതു ലോക ക്രമവുമായി വികസനത്തില്‍ മുന്നേറാന്‍ ആഗ്രഹിക്കുന്ന ഒരു സി.പി.ഐ.എം ജനാധിപത്യത്തെ ആധുനികമായി നിര്‍വ്വചിക്കാന്‍ ശ്രമിക്കുന്നുണ്ട്.

‘പൗരപ്രമുഖരുമായി സംവാദം’ എന്ന ടാഗ് ലൈന്‍ വന്നെങ്കിലും വലിയ രീതിയിലുള്ള ആശയക്കൈമാറ്റങ്ങള്‍ അത്തരം വേദികളില്‍ നടന്നിട്ടുണ്ട്. പല മേഖലകളില്‍ അനുഭവസമ്പന്നര്‍ അവരുടെ അഭിപ്രായങ്ങള്‍ പങ്കു വെച്ചിട്ടുണ്ട്, പാര്‍ട്ടിക്കതീതമായി അഭിപ്രായങ്ങള്‍ തേടുന്ന ഒരു പിണറായി വിജയനെ അവിടെ കാണാം. സ്വാഭാവികമായും അത്തരം കൂടിക്കാഴ്ച ചകള്‍ സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കിയിട്ടുമുണ്ട്.

പാര്‍ട്ടി ഗ്രാമങ്ങളില്‍ വോട്ടു ചോര്‍ച്ച എന്ന ടാഗ് ലൈന്‍ വരുമ്പോള്‍ എന്താണ് സംഭവിക്കുക?

പഴയ, ബോറന്‍ നൊസ്റ്റാള്‍ജിയകളെ പാര്‍ട്ടി വാരിപ്പുണരും. അയവില്ലാത്ത സമീപനങ്ങള്‍ വരും. സ്വതന്ത്ര ചിന്തകള്‍ തടയപ്പെടും. ലോക്‌സഭാ ഇലക്ഷനിലെ ഇടതുപക്ഷത്തിന്റെ പരാജയം, അയവുള്ള, മാനുഷികതയുള്ള പാര്‍ട്ടിയുടെ പരാജയമാണ്. അതൊരു വിജയവുമാണ്. നിയമസഭയിലും ലോക്‌സഭയിലും ഒരേ പാര്‍ട്ടിയെ തന്നെ വിജയിപ്പിക്കുന്നതെന്തിന്? തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയത്തെയും ഈ നിലയിലാണ് കാണേണ്ടത്.

ഇ.ടി. മുഹമ്മദ് ബഷീര്‍

മുസ്‌ലിം പള്ളികളുടെ നഗരിയായ മലപ്പുറത്തും പൊന്നാനിയിലും അബ്ദുസമദ് സമദാനിക്കും ഇ.ടി. മുഹമ്മദ് ബഷീറിനും വിജയിക്കാമെങ്കില്‍, ക്ഷേത്രനഗരിയില്‍ സുരേഷ് ഗോപിക്കും വിജയിക്കാം. തൃശൂര്‍ ഒരു സാംസ്‌കാരിക തലസ്ഥാനമായത് ഇപ്പോഴാണ്.

അബ്ദുസ്സമദ് സമദാനി

നമ്മുടെ കഴിഞ്ഞ പത്തു വര്‍ഷത്തെ പ്രധാനപ്പെട്ട സാംസ്‌കാരിക പ്രഭാഷണ വിഷയം എന്തായിരുന്നു? മഹാഭാരതം, രാമായണം. ആ പ്രഭാഷണമൊക്കെ കേട്ടു കേട്ട ജനത ,സാംസ്‌കാരിക ഹിന്ദുത്വത്തെ ഇഷ്ടപ്പെട്ടു തുടങ്ങിയതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. മഹാഭാരത സംസ്‌കാരം കൂടുതല്‍ സംസാരിച്ചാല്‍ രാഷ്ട്രീയമായ പ്രതിഫലനം ഇങ്ങനെയായിരിക്കും.

സുരേഷ് ഗോപി തൃശൂരിനെ ‘ എടുത്ത ‘ പോലെ ജനങ്ങളും സാംസ്‌കാരിക ഹിന്ദുത്വത്തെ ഏറ്റെടുക്കും.

പ്രധാനമായും ,കേരളത്തിലെ ഇലക്ഷനില്‍ ബി.ജെ.പിക്കുണ്ടായ മുന്നേറ്റത്തില്‍ നിന്ന് മനസ്സിലാവുന്നത്, ക്രൈസ്തവ വോട്ടുകള്‍ ബി.ജെ.പിക്കനുകൂലമായി രേഖപ്പെടുത്തിയിട്ടുണ്ട് എന്നാണ്. രാഷ്ട്രീയമായി മുസ്‌ലിം പക്ഷത്തോട് ചേര്‍ന്നു നില്‍ക്കുന്ന ഇടതുപക്ഷത്തെ ക്രൈസ്തവര്‍ പിന്തുണക്കുന്നില്ല. അതില്‍ സെമിറ്റിക് മതങ്ങള്‍ തമ്മിലുള്ള അകല്‍ച്ചയുടെ അന്തര്‍ധാരകള്‍ കാണാം. അപരവല്‍ക്കരിക്കപ്പെടുന്ന മുസ്‌ലിം എന്നത് സെക്കുലര്‍ ഹിന്ദുവിന്റെ ആശങ്കയാണ്. അത്രമേല്‍ ആശങ്ക ക്രൈസ്തവര്‍ക്കുണ്ടോ എന്നത് ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്.

സ്വയം വെളിപ്പെടുത്തുന്ന മതനിരപേക്ഷ ആത്മസത്ത ഗാന്ധിജി രാഷ്ട്ര പിതാവായ ഇന്ത്യക്കുണ്ട്

ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് മാതൃഭൂമി ഓണ്‍ലൈനില്‍ എഴുതിയ കുറിപ്പില്‍, മതേതര ഇന്ത്യ, ഇന്ത്യന്‍ മുസ്‌ലിങ്ങളുടെ പ്രാര്‍ഥന കേള്‍ക്കാതിരിക്കില്ല എന്ന പ്രതീക്ഷ ഈ ലേഖകന്‍ പങ്കുവച്ചിരുന്നു. ഇന്ത്യന്‍ സെക്കുലര്‍ ഹിന്ദു സമൂഹം, (തീര്‍ച്ചയായും അത് ഊന്നലോടെ എടുത്തു പറയേണ്ട കാര്യമാണ്), മതേതരത്വം എന്ന ഇന്ത്യന്‍ ജനതയുടെ ഹൃദയസ്പന്ദനം തിരിച്ചുപിടിച്ചിരിക്കുന്നു.

ഗാന്ധിയും മോദിയും

നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയായേക്കും. എന്‍.ഡി.എ വീണ്ടുമൊരിക്കല്‍ക്കൂടി ഇന്ത്യയുടെ അധികാര ഭാഗധേയം നിര്‍ണ്ണയിച്ചേക്കാം. എന്നാല്‍, ഋഷിമാരുടെയും സൂഫികകളുടെയും ആത്മീയ ധാരകള്‍ പോലെ, ഒരേ കടലില്‍ ലയിക്കുന്ന ഹിന്ദുസ്ഥാനിയുടെയും കര്‍ണ്ണാടിക് സംഗീതധാരകള്‍ പോലെ, ജനങ്ങളുടെ ആത്മഹര്‍ഷങ്ങള്‍ ഈ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിരിക്കുന്നു.

ജനാധിപത്യം വാഗ്ദാനം ചെയ്യുന്നത് ജനതയുടെ ‘ഹാപ്പിനെസ്സ് ‘ ആണ് വെറുപ്പിന് അവിടെ എന്താണ് സ്ഥാനം?

ലോകത്തു തന്നെ ഏറ്റവും പ്രചോദിപ്പിക്കുന്ന ഒരു ഭരണഘടനയുള്ള രാജ്യമാണ് ഇന്ത്യ. നിര്‍ഭാഗ്യവശാല്‍, തിരഞ്ഞെടുപ്പിന്റെ നാളുകളില്‍ വെറുപ്പ് പടര്‍ത്തുന്ന ഭാഷ നാം കേട്ടുകൊണ്ടിരുന്നു. എന്നാല്‍, ഇന്ത്യന്‍ ഗ്രാമങ്ങള്‍ ആ വെറുപ്പിനെ ആലിംഗനം ചെയ്തില്ല എന്നത് ആശാവഹമായ രാഷ്ട്രീയ ഫലശ്രുതിയാണ്.

ഗ്രാമങ്ങളില്‍ ഇന്ത്യന്‍ മിടിപ്പ് ഗാന്ധിജിയുടെ ഉപ്പിന്റെ രാഷ്ട്രീയമാണ്. സ്വയം വെളിപ്പെടുത്തുന്ന മത നിരപേക്ഷ ആത്മസത്ത ഗാന്ധിജി രാഷ്ട്ര പിതാവായ ഇന്ത്യക്കുണ്ട്. രക്തസാക്ഷിയാവുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഗാന്ധിജി സന്ദര്‍ശിച്ചത് ഒരു സൂഫി ദര്‍ഗയാണ്.

ഇന്ത്യന്‍ തിരഞ്ഞെടുപ്പ് ഫലം നരേന്ദ്ര മോദിയെ തിരുത്തുന്നത് പോലെ, കേരളത്തിലെ തിരഞ്ഞെടുപ്പു ഫലം ഇടതുപക്ഷത്തിനും പിണറായി വിജയനും അനുഭവപാഠമാകേണ്ടതാണ്.

പിണറായി വിജയന്‍

രണ്ടു കാര്യങ്ങള്‍ അത് പ്രതിഫലിപ്പിക്കുന്നുണ്ട്. ഒന്ന്, ജനങ്ങളുമായിട്ടുള്ള ‘ഇടകലരല്‍ ‘ എന്ന ജനാധിപത്യ സ്വഭാവം നേതാക്കന്മാരില്‍ നിന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്. ഇടതു നിരയില്‍ അധികാരശ്രേണീ ബദ്ധമായ പ്രിവിലേജ് രൂപപ്പെടുന്നുണ്ടെങ്കില്‍ ,അത് പാര്‍ട്ടി പ്രവര്‍ത്തകരില്‍ പോലും അസ്വസ്ഥതയുണ്ടാക്കുന്നു എന്നാണ് പാര്‍ട്ടി കേന്ദ്രങ്ങളിലെ വോട്ടുചോര്‍ച്ചയില്‍ നിന്ന് മനസ്സിലാവുന്നത്. മറ്റൊന്ന്, ഭരണം ജനകീയമായ ഇച്ഛകളെ പ്രതിഫലിപ്പിക്കുന്നില്ല എന്നതും രാഷ്ട്രീയമായി പരിശോധിക്കേണ്ടതാണ്.

എം.വി. ഗോവിന്ദന്‍

കേരളീയ രാഷ്ട്രീയത്തില്‍ ബി.ജെ.പി വേരുറപ്പിക്കുന്നു എന്നൊരു നരേറ്റീവ് ഇടത് പ്രൊഫൈലുകള്‍ എടുത്തെഴുതിയേക്കാം. ബി.ജെ.പിയെ കേരളത്തില്‍ രാഷ്ട്രീയമായി തുണക്കാന്‍ സാധ്യത ക്രൈസ്തവ വോട്ടുകളാണ്. ഇടതില്‍ നിന്ന് ഇടത് എത്ര വരെ ഇടഞ്ഞു നില്‍ക്കുന്നു എന്നതും ആത്മവിമര്‍ശനത്തോടെ പരിശോധിക്കേണ്ടതാണ്.

ഈ തിരഞ്ഞെടുപ്പിന്റെ ഫലശ്രുതി കൃത്യമാണ്. അത് ഇന്ത്യന്‍ ജനതയുടെ മതനിരപേക്ഷ മോഹങ്ങളെ വെളിച്ചത്തു തന്നെ നിര്‍ത്തുന്നു.

കവി നുസ്രുള്‍ ഇസ്‌ലാം എഴുതിയ വരികള്‍ പോലെ:

‘ഒരേ ഞെട്ടില്‍
രണ്ടു പൂക്കള്‍
ഹിന്ദു മുസല്‍മാന്മാര്‍”.

വെറുപ്പും വംശീയമായ അപരനിന്ദയും അസ്വസ്ഥകള്‍ അല്ലാതെ ,ആനന്ദാനുഭൂതികള്‍ ഉണ്ടാക്കുന്നില്ല എന്ന് മണ്ണില്‍ ചവിട്ടി നടക്കുന്ന മനുഷ്യര്‍ക്കറിയാം.

content highlights: Thaha Madayi writes about the 2024 Lok Sabha election results

താഹ മാടായി
എഴുത്തുകാരന്‍