2023 ഹജ്ജ് ലക്ഷ്യമാക്കി ശിഹാബ് ചോറ്റൂര്‍ എന്ന ചെറുപ്പക്കാരന്‍ മലപ്പുറത്ത് നിന്ന് മക്കയിലേക്ക് നടക്കുകയാണ്. ആ കാല്‍നട, ഒരു കാല്‍നട ജാഥ പോലെ തെരുവുകളില്‍ ഓളമുണ്ടാക്കുന്നുമുണ്ട്. ശിഹാബിന്റെ കൂടെ ഒരു കൂട്ടമെപ്പോഴും അനുഗമിക്കുന്നു. അങ്ങനെ ശിഹാബിന്റെ കാല്‍നട കാവ്യാത്മകമായി മാറുന്നു.
ഉസ്താദുമാര്‍ ദുആ ചെയ്യുന്നു, ഉമ്മാമമാര്‍ തലയില്‍ കൈ വെച്ചനുഗ്രഹിക്കുന്നു, ശിഹാബ് എവിടെയെത്തി എന്ന് അപരിചിതരാവര്‍ പോലും ഉറങ്ങും മുമ്പും ഉണര്‍ന്നയുടനും യൂട്യൂബില്‍ സെര്‍ച്ച് ചെയ്യുന്നു. ശിഹാബ് ഒരു ഒറ്റയാള്‍ ഘോഷയാത്രയുടെ പേരാണ്. അല്ലെങ്കില്‍, അതിശയ ശിഹാബ്.
എന്താണ് ഈ യാത്രയെ ഇത്ര മനോഹരമാക്കുന്ന ഘടകം? അത് മലപ്പുറത്ത് നിന്ന് മക്കയിലേക്ക് ഒരു ചെറുപ്പക്കാരന്‍ നടത്തുന്ന പദയാത്രയാണ്. കാല്‍കൊണ്ട് അളന്ന് തീര്‍ക്കുകയാണ് മലപ്പുറത്തു നിന്ന് മക്കയിലേക്കുള്ള ദൂരത്തെ! ഇസ്‌ലാമിന്റെ കേന്ദ്ര ബിന്ദുവായ മക്കയിലേക്ക്, കേരളത്തില്‍ മുസ്‌ലിങ്ങളുടെ കേന്ദ്ര ബിന്ദുവായ മലപ്പുറത്തു നിന്ന് ഒരാള്‍ നടക്കുന്നു. മുസ്‌ലിങ്ങള്‍ക്ക് പിറന്ന നാടിനേക്കാള്‍ പ്രിയപ്പെട്ടതാണ് മക്കയും മദീനയും.
‘മുത്തു നബിയുടെ റൗള’ എത്രയെത്ര മാപ്പിളപ്പാട്ടുകളില്‍ വന്നിരിക്കുന്നു. കാഫ് മല കണ്ട പൂങ്കാറ്റിനോടും മിഹ്‌റാജ് രാവിലെ കാറ്റിനോടും മക്കാ മദീന വിശേഷങ്ങള്‍ ചോദിക്കുന്നു. ആ മക്കയിലേക്കാണ് ശിഹാബിന്റെ കാല്‍നട ദൂരങ്ങള്‍. അത് പൂര്‍ത്തിയാവുക എന്നത് ശിഹാബിനെപ്പോലെ എത്രയോ പേരുടെ ദുആ ആണ്.
പതിവ് പോലെ അത് ചര്‍ച്ചയായി. സലഫികളും ജമാഅത്തുകാരും എതിര്‍വാദങ്ങളുമായി വന്നു. മാരകമായ ആ പ്രയോഗം കൂടി വന്നു; ശിര്‍ക്ക്! മറ്റൊന്ന്, പ്രവാചകന്‍ ഹജ്ജ് കാല്‍നടയായി നിര്‍വഹിച്ചിട്ടില്ല എന്ന വാദം. ഇവിടെയാണ് ശിഹാബിന്റെ യാത്ര കാവ്യാത്മകമാവുന്നത്. ജ്ഞാനമെന്നാല്‍ നാടിനെ അറിയുക എന്നതു കൂടിയാണ്. നടന്നുനടന്ന് അയാള്‍ എത്ര ദൂരം നടക്കുന്നുവോ, അത്രയും ദൂരം അയാള്‍ നാടിന്റെ സ്പന്ദനമറിയുന്നു. അതുകൂടി ഉള്‍പ്പെടുന്നതാണ് ആത്മ(മീയ) സ്പന്ദനം.
പെരുമാള്‍ മക്കത്തേക്ക് നടന്നും അന്നത്തെ പല്ലക്കിലും പായ്ക്കപ്പലിലുമൊക്കെയാണ് പോയിരിക്കുക. മാലിക് ബിന്‍ ദിനാറും സംഘവും ഇങ്ങോട്ടു വന്നതിലും ‘നടന്നെത്താവുന്ന ദൂരങ്ങളിലൊക്കെ നടന്നു’ തന്നെയാണ് വന്നിട്ടുണ്ടാവുക. ഞങ്ങളുടെ ഗ്രാമമായ മാടായി ഇസ്‌ലാമിന്റെ ഇന്ത്യയിലെ തന്നെ ആദിമ സഞ്ചാര കേന്ദ്രമാണ്. മാടായിപ്പള്ളിയിലെ ശിലാലിഖിതവും പഴയ മീസാന്‍ കല്ലുകളും കാലങ്ങള്‍ക്കപ്പുറത്തെ കഥകള്‍ പറയുന്നു. ‘നടന്നു നടന്നുണ്ടായവയാണ്’ ചരിത്രം.
ശിഹാബ് പിന്നിടുന്ന കാല്‍നട ദൂരങ്ങള്‍, കാലത്തെ ഒരു നിവര്‍ത്തിയിട്ട പരവതാനി പോലെ മാറ്റുന്നു. മക്കയിലെക്കുള്ള എത്രയോ യാത്രാവിവരണങ്ങളുണ്ട്. മൈക്കിള്‍ വൂള്‍ഫ് എഡിറ്റ് ചെയ്ത ‘മക്കയിലേക്കുള്ള ആയിരം പാതകള്‍’ ഇരുപതാം നൂറ്റാണ്ട് വരെ, പല കാലങ്ങളില്‍, പല ദേശമനുഷ്യര്‍ നടത്തിയ ഹജ്ജ് യാത്രകളുടെ സഞ്ചാര കുറിപ്പുകളാണ്. ഈ യാത്രകള്‍ക്കിടയില്‍ അവര്‍ പലതും കാണുന്നു, തീവ്രമായ ലോക യാഥാര്‍ഥ്യങ്ങള്‍ കാണുന്നു.
ചിലര്‍ രോഗങ്ങള്‍ക്ക് അടിമപ്പെടുന്നു. മറ്റു ചിലര്‍ അടിമക്കച്ചവടം കാണുന്നു. റിച്ചാര്‍ഡ് ബര്‍ട്ടന്‍, ടി.ഇ. ലോറന്‍സ്, മാല്‍ക്കം എക്‌സ് എന്നിവരുടെ ഹജ്ജ് യാത്രാ വിവരണങ്ങള്‍, ഒരര്‍ഥത്തില്‍, പ്രകൃതിയിലേക്കും മനുഷ്യരിലേക്കും നടത്തുന്ന സഞ്ചാരങ്ങളാണ്. അപരിചിത തീര്‍ഥാടകര്‍ ദൈവത്തിന് മുന്നില്‍ പരിചിതരായി മാറുന്ന അനുഭവങ്ങള്‍. സ്ത്രീകള്‍ നടത്തിയ ഹജ്ജ് യാത്രാകുറിപ്പുകളില്‍ പ്രധാനപ്പെട്ടതാണ്, വിനി ഫ്രെഡ് സ്റ്റെഗാറും ലേഡി ഇവാലിന്‍ കോബോള്‍ഡും എഴുതിയവ. മദീനയിലേക്കുള്ള പാത സമദാനിക്ക് പ്രഭാഷണ വിഷയമാണ്.
എന്നാല്‍, ശിഹാബിന്റെ നടത്തം, പുതുതായൊരു വിഷയമാണ്. മക്കയിലേക്ക് നടന്നുപോയവര്‍ നാം കേട്ട കഥയാണെങ്കില്‍, ഇപ്പോള്‍ അതൊരു കാഴ്ചവിരുന്നാവുകയാണ്. അന്യോന്യം പ്രചോദിതരായി ഒരു കൂട്ടമെപ്പോഴും ശിഹാബിന് ഒപ്പമുണ്ട്. ഇബ്‌നു ബത്തൂത്തയും ഇദ്രീസുമൊക്കെ നടന്നുകണ്ടതാണ് ലോകത്തെ.
ലോകത്ത് ഏറ്റവും ശ്രദ്ധേയമായതും ചെലവേറിയുമായ ഫീച്ചര്‍ റൈറ്റിങ്ങിലൊന്ന് നാഷണല്‍ ജ്യോഗ്രഫി മര്‍ക്കോ പോളോയുടെ സഞ്ചാരങ്ങള്‍ പുനരാവിഷ്‌കരിച്ചതാണ്.
വില്‍ഫ്രഡ് തേസീഗറും മുഹമ്മദ് അസദും സമീപകാലത്ത് സിയാവുദ്ദീന്‍ സര്‍ദാരുമൊക്കെ അറേബ്യന്‍ അനുഭവങ്ങള്‍ സഞ്ചാരത്തിന്റെ വെളിച്ചത്തില്‍ എഴുതിയിട്ടുണ്ട്. എന്നാല്‍, അവര്‍ ലഭ്യമായ വാഹനങ്ങളൊക്കെ ഉപയോഗിച്ചിട്ടുണ്ട്.
എന്നാല്‍, ശിഹാബ് നടക്കുകയാണ്. നടന്നുനടന്ന് അയാള്‍ മക്കയിലെത്തട്ടെ. പല ദേശങ്ങളിലെ മനുഷ്യര്‍ കൂടെ നടക്കട്ടെ. ശിഹാബ് നടക്കുമ്പോള്‍, ഒരു താരശരീരമായി മാറുകയാണ്. ഒരു നോക്കു കാണാന്‍ ഒരുപാട് പേര്‍ നില്‍ക്കുന്നു. ശിഹാബിനോടുള്ള ഇഷ്ടം പോലെ അത് മക്കയോടും മദീനയോടുമുള്ള ഇഷ്ടമാണ്.
ശിഹാബ് നടക്കുമ്പോള്‍ മുന്നിലും പിന്നിലും ഇരുവശങ്ങളിലും ആള്‍ക്കൂട്ടമാണ്. ശിഹാബ് തല കുമ്പിടുമ്പോള്‍ നിരത്തും തല ഉയര്‍ത്തുമ്പോള്‍ ആള്‍ക്കൂട്ടത്തെയുമാണ് കാണുന്നത്. അനവധി വ്‌ളോഗേഴ്‌സ് ശിഹാബിനെ പിന്തുടരുന്നു. ലൈവ് ആയി ശിഹാബിന്റെ യാത്ര അവര്‍ പുറത്തുവിടുന്നു. അതായത്, ശിഹാബിനെ നാം കാണുന്നു. പക്ഷെ, ശിഹാബ് എന്താണ് കാണുന്നത്? ഇങ്ങനെ നടന്നുനടന്ന്, ശിഹാബ് എന്താണ് ലോകത്തോട് പറയാന്‍ ആഗ്രഹിക്കുന്നത്?
അന്യോന്യം പ്രചോദിതരായ ആ ആള്‍ക്കൂട്ടം അവരുടേതായ ഒരു ആനന്ദം കണ്ടെത്തുകയാണ്. പക്ഷെ, ശിഹാബ് ജീവിതത്തെ കാണുന്നുണ്ടാവുമോ? ആ ചെറുപ്പക്കാരന്റെ ഉള്ളില്‍ ജീവിതം കാണുന്ന ഒരു സഞ്ചാരി ഉണര്‍ന്നിരിപ്പുണ്ടെങ്കില്‍, അത് ഒരു മൂല്യവത്തായ യാത്രാവിവരണത്തിലേക്ക് നയിക്കും. അങ്ങനെയല്ലെങ്കില്‍, അത് കേവലം ആരവമായി ഒടുങ്ങും. അതിനര്‍ഥം, ഒരു പേനയും കടലാസും കയ്യിലെടുത്ത് എല്ലാം എഴുതി വെക്കണമെന്നല്ല. പേനയും കടലാസുമെടുക്കുമ്പോള്‍ അയാളിലെ സഞ്ചാരി മരിക്കുന്നു. മറിച്ച് ആള്‍ക്കൂട്ടം എല്ലാം മറച്ചുവെക്കുമ്പോള്‍, എന്ത് കാണാനാണ്?
ശിഹാബിന് യാത്രാ മംഗളങ്ങള്‍. അത് ഉജ്ജ്വലമായ പരിസമാപ്തിയിലെത്തട്ടെ. മക്കയിലേക്ക് ശിഹാബ് നടന്നുപോയ വഴി, എന്ന റൂട്ട് മാപ്പ് ഉണ്ടാവട്ടെ. ദൈവം എപ്പോഴും ചില മനുഷ്യരിലൂടെ അതിശയങ്ങള്‍ ബാക്കി വെക്കുന്നു.
Content Highlight: Thaha Madayi writes about Shihab Chittur and his journey to Makkah