പി.കെ. കുഞ്ഞാലിക്കുട്ടി താങ്കള്‍ എന്ത് ചെയ്യുകയാണ്?
K Rail Project
പി.കെ. കുഞ്ഞാലിക്കുട്ടി താങ്കള്‍ എന്ത് ചെയ്യുകയാണ്?
താഹ മാടായി
Saturday, 26th March 2022, 3:30 pm

നമ്മുടെ പി.കെ. കുഞ്ഞാലിക്കുട്ടി എവിടെയാണെന്ന് ആരെങ്കിലും ചോദിച്ചാല്‍, മുസ്‌ലിം ലീഗുകാര്‍ അങ്ങനെ ചോദിക്കുന്നവര്‍ക്ക് പൊങ്കാലയിടും. കുഞ്ഞാലിക്കുട്ടിയെ ഒരിക്കല്‍ തോല്‍പിച്ച് വമ്പത്തരം കാട്ടിയ പാരമ്പര്യം മുസ്‌ലിം ലീഗുകാര്‍ക്കുണ്ടെന്ന രാഷ്ട്രീയ സത്യം മറന്നുകൊണ്ടല്ല ഇതെഴുതുന്നത്. എന്നാലും പ്രിയപ്പെട്ട കുഞ്ഞാലിക്കുട്ടി, കേരളത്തിലെ ഒരുപാട് കുഞ്ഞലിമാന്മാരും കുഞ്ഞാമിനമാരും തെരുവിലിറങ്ങി, കെ റെയില്‍ മഞ്ഞക്കുറ്റിയുമായി വരുന്നവര്‍ക്കെതിരെ ചുഴലിക്കാറ്റിന്റെ ഭാഷയില്‍ സംസാരിക്കുമ്പോള്‍, താങ്കള്‍ എന്ത് ചെയ്യുകയായിരുന്നു എന്ന് ഭാവിതലമുറ പോട്ടെ, ഈ തലമുറ തന്നെ ചോദിച്ചാല്‍ എന്ത് ചെയ്യും?

എനിക്കറിയാം, കുഞ്ഞാലിക്കുട്ടി ചിരിക്കും, ചിരിയാണ് കുഞ്ഞാലിക്കുട്ടിയുടെ രാഷ്ട്രീയ ഭാഷ.

കെ റെയില്‍ വേണമെന്ന് നിശബ്ദമായി ആഗ്രഹിക്കുന്നവരില്‍ പി.കെ. കുഞ്ഞാലിക്കുട്ടിയുമുണ്ട്. കെ റെയിലിനെതിരല്ല, ബദല്‍ മാര്‍ഗം ചര്‍ച്ച ചെയ്യണം, എന്നാണ് പി.കെ. കുഞ്ഞാലിക്കുട്ടി പറയുന്നത്. എന്താണ് ബദല്‍? ആള്‍ വിഭവശേഷിയുള്ള മുസ്‌ലിം ലീഗിന് മുന്നില്‍ ആ ബദല്‍ രേഖ കുഞ്ഞാലിക്കുട്ടി അവതരിപ്പിച്ചിട്ടുണ്ടോ? കെ റെയിലിനെതിരെ എത്ര പൊതുയോഗങ്ങള്‍ മുസ്‌ലിം ലീഗ് സംഘടിപ്പിച്ചിട്ടുണ്ട്?

ഇടതുപക്ഷത്തിന് യു.ഡി.എഫിന്റെ ഭാഗത്തുനിന്നുള്ള പച്ചക്കൊടിയാണ് കുഞ്ഞാലിക്കുട്ടി. തോമസ് ഐസക്കിന്റെ കുഞ്ഞാലിക്കുട്ടി സ്തുതിഗീതത്തില്‍, മനുഷ്യരെ ഇടതുനയങ്ങള്‍ക്കനുകൂലമായി പിടിച്ചു നിര്‍ത്താനുള്ള മനോഹരമായ വാക്‌വൈഭവമുണ്ടായിരുന്നു. തോമസ് ഐസക് ചാര്‍ത്തിക്കൊടുത്ത ആ പ്രതിച്ഛായ കുഞ്ഞാലിക്കുട്ടി മറി കടക്കില്ല.

രാഷ്ട്രീയത്തില്‍ വി.ഡി. സതീശന്‍ അഭിമുഖീകരിക്കാന്‍ പോകുന്ന പ്രതിസന്ധി പിണറായിയല്ല, പി.കെ. കുഞ്ഞാലിക്കുട്ടിയാണ്. നിയമസഭയില്‍ എത്ര സ്വച്ഛമായിട്ടാണ് കുഞ്ഞാലിക്കുട്ടിയുടെ ആ ഇരിപ്പ്. സതീശന്‍ പിണറായിക്കെതിരെ സഭയില്‍ എത്ര തിളച്ചാലും കുഞ്ഞാലിക്കുട്ടി മറിയില്ല.

ഒരു രാജ്യസഭാ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ ഒരുപാട് പരുങ്ങലിലായ കോണ്‍ഗ്രസിന് മൂര്‍ത്ത സാഹചര്യങ്ങളോട് പൊരുതാനുള്ള ശേഷിയില്ല. ഭാവനയുള്ള സമരപരിപാടികളൊന്നും ആവിഷ്‌കരിച്ച് മുന്നോട്ടുപോകാനുള്ള സാംസ്‌കാരികമോ രാഷ്ട്രീയമോ ആയ കരുത്ത് യു.ഡി.എഫിന് ഒരു മുന്നണി എന്ന നിലയിലില്ല. വി.ഡി. സതീശന്‍ വര്‍ത്തമാനം പറയും, അത് പ്രസംഗകരുടെ വഴിയാണ്. അപ്പോള്‍ നേതാക്കന്മാര്‍ ആരാണ്? പ്രസംഗം കുറവ്, പ്രവൃത്തി പരിചയം കൂടുതലുള്ളവരും ജനങ്ങളുടെ ഉള്ളറിയുന്നവരുമാണ്.

ഇനി എഴുത്തുകാരുടെ കാര്യം, ആരാണ് കെ റെയിലിനെതിരെ കവിത എഴുതേണ്ടത്? ഒരാള്‍ കെ. സച്ചിദാനന്ദന്‍, ഇനി ആ കവിതയില്‍ കെ റെയിലുമെന്നല്ല ഒന്നും വരില്ല. മുരുകന്‍ കാട്ടാക്കട ഇനി തെരുവില്‍ കുടിയിറക്കപ്പെടുന്ന മനുഷ്യരെക്കുറിച്ച് പാടുമോ?

അപ്പോള്‍ നാം ആഗ്രഹിക്കുക, സ്വതന്ത്ര എഴുത്തുകാര്‍ സംസാരിക്കുമെന്നാണ്. അങ്ങനെ എഴുതുന്നവരുണ്ട്, അവരുടെ ശബ്ദത്തേക്കാള്‍ വലിയ ശബ്ദം ഇന്ന് മുഖ്യധാര ഇടതുനിരയിലാണ്.

അപ്പോള്‍ കോണ്‍ഗ്രസിനോടൊപ്പം കവികളില്ല, എഴുത്തുകാരില്ല, സാംസ്‌കാരിക പ്രവര്‍ത്തകരില്ല, കുഞ്ഞാലിക്കുട്ടിയുമില്ല. അപ്പോള്‍ ജനങ്ങളുണ്ടോ എന്നതാണ് അടുത്ത ചോദ്യം, ജനങ്ങളുമില്ല.

തെരുവിലിറങ്ങി പ്രതിഷേധിക്കുന്ന ജനങ്ങളെ പോലെ തന്നെ കെ റെയിലിനെ പിന്തുണക്കുന്നവരുമുണ്ട്, പിന്തുണക്കുന്നവര്‍ തെരുവിലിറങ്ങില്ല.

മുതലാളിത്തത്തിന്റെ മനോഹരമായ ഒരു ഘട്ടത്തിലേക്ക് കാലം എത്തുമ്പോള്‍, എല്ലായ്‌പ്പോഴും സുഖജീവിതമാഗ്രഹിക്കുന്ന കലാകാരന്മാരാണ് ആദ്യമെത്തുക. അപ്പോള്‍ ആദ്യമവര്‍ വിമോചക ധര്‍മങ്ങളും വിലാപങ്ങളും സമരപാടികളും കൈവിടും. വികസനത്തിന്റെ കൂടെ നില്‍ക്കുന്നതാണ് നല്ലതെന്ന് തോന്നും. മുതലാളിത്തം ആരെയും ആകര്‍ഷിക്കുന്ന വിധത്തില്‍ അവതരിപ്പിക്കുന്ന, വളരെയധികം വേഗവും തൊഴില്‍, ഉത്പാദന, വിതരണ സാധ്യതകളുള്ള പുതിയ കാലത്തെ അവര്‍ സ്വന്തം നിലനില്‍പ്പ് കാലമായി തിരിച്ചറിയും.

മുതലാളിത്തം യാത്ര ചെയ്യുന്ന ആളുകളായി നമ്മെ മാറ്റുകയാണ്. ദാരിദ്ര്യമില്ലാത്ത ജനത എന്ത് ചെയ്യും? യാത്ര ചെയ്യും. ആദ്യം യാത്ര ചെയ്യുന്നവരായിരിക്കും? കവികള്‍, എഴുത്തുകാര്‍, സാംസ്‌കാരിക പ്രവര്‍ത്തകര്‍. അപ്പോള്‍, ഇന്ന് ഉയര്‍ന്നു വരുന്ന നിലവിളികള്‍ കേള്‍ക്കാന്‍ അവര്‍ക്ക് നേരമില്ല. ജന്മിത്ത ഭൂതകാലത്തിന്റെ നൊസ്റ്റാള്‍ജിയകള്‍ എന്നവര്‍ കരയുന്ന മനുഷ്യരെ നോക്കി പറയും, അതില്‍ ചില യാഥാര്‍ത്ഥ്യങ്ങളുമുണ്ട്.

അപ്പോള്‍ വി.ഡി.സതീശനോടൊപ്പം കുഞ്ഞാലിക്കുട്ടിയില്ല, സച്ചിദാനന്ദനില്ല, ജനങ്ങളുമില്ല.

അതി മന്ദഗതയില്‍ മാത്രം മുന്നേറിയിരുന്ന പാര്‍ട്ടി എന്ന ആക്ഷേപം സി.പി.ഐ.എം മാറ്റുകയാണ്. ഒരുകാലത്ത് വടക്കേ മലബാറിലെ രാത്രിയുടെ നിറം ഫിലമെന്റ് മഞ്ഞയായിരുന്നു. പിണറായി വൈദ്യുതി മന്ത്രിയായപ്പോഴാണ് രാത്രികളുടെ ഫിലമെന്റ് മഞ്ഞനിറം മാറിയത്. ആ രാത്രികള്‍ക്ക് പുതിയ വെളിച്ചം നല്‍കിയ പിണറായി, കെ റെയില്‍ അവതരിപ്പിക്കുമ്പോള്‍ അധികാരത്തിന്റെ ഭാഷക്ക് പകരം, ജനാധിപത്യത്തിന്റെ ശൈലിയാണ് സ്വീകരിക്കേണ്ടത്. ഇലക്ട്രിക് പോസ്റ്റുകള്‍ പോലെ കൈകാര്യം ചെയ്യേണ്ടവരല്ലല്ലോ ജീവനുള്ള മനുഷ്യര്‍.

കേരളം വലിയൊരു അസംഘടിത സമൂഹമായി മാറും എന്നതാണ് കെ റെയില്‍ വിരുദ്ധ സമരം മുന്നോട്ടുവെക്കുന്ന രാഷ്ട്രീയ ദര്‍ശനം. സ്വന്തം നിലയില്‍ അവര്‍ അവരുടെ ശബ്ദം കേള്‍പ്പിക്കും, ആ ശബ്ദമാണ് ഇപ്പോള്‍ കേരളം കേള്‍ക്കുന്നത്.

വികസനം വരുമായിരിക്കും, ആ ശബ്ദങ്ങളും പിറകേയുണ്ടാവും, രണ്ടും ഒപ്പത്തിനൊപ്പമുണ്ടാവും, യു.ഡി.എഫിനെ കൈയൊഴിയുന്ന ഒരു ശബ്ദമായിരിക്കും അത്.

Content Highlights: Thaha Madayi writes about P K Kunjalikutty’s reaction in K Rail issue

താഹ മാടായി
എഴുത്തുകാരന്‍