നിയമസഭയെ 'ശ്രീകോവില്‍' എന്നു വിശേഷിപ്പിക്കുന്ന പാരമ്പര്യം നമുക്കുണ്ട്. അവിടെയാണ് ആ സമര നാളുകളില്‍ ചിലര്‍ 'ഉള്ളിലെ'പച്ച മനുഷ്യരായി ഉറഞ്ഞാടിയത്.
മലയാള ഭാഷയില്‍ ഇടക്കാലത്ത് കയറി വന്ന ‘ചെത്തു ശൈലി’കളിലൊന്നാണ് ‘അടിച്ചു പൊളിക്കെടാ!’ ഭാഷയിലേക്ക് ചന്തയില്‍ നിന്നും സിനിമയില്‍ നിന്നും ബാറില്‍ നിന്നും പ്രചോദിപ്പിക്കുന്ന വാക്കുകള്‍ കയറി വന്നിട്ടുണ്ട്. ഇത്തിരി കൂടുതല്‍ മദ്യപിച്ചാല്‍ ‘അവന്‍ ഇന്ന് നന്നായി അടിച്ചിട്ടുണ്ട്’ എന്നാണ് പറയുക. മൂക്കറ്റം കുടിച്ചു വഴിയരികില്‍ വീണാല്‍, ‘അടിച്ചു പിപ്പിരിയായി’. സാമാന്യമായ ചില പൊതുമര്യാദകളുടെ സീമ ലംഘിക്കുമ്പോള്‍ ‘അവന് / അവള്‍ക്ക് അടി കിട്ടാത്തതിന്റെ കൊഴപ്പംണ്ട്’ എന്ന് പറയും.
സ്‌കൂളില്‍ നിന്ന് ഇഷ്ടം പോലെ കുട്ടികളെ തല്ലി ചുരുട്ടിക്കൂട്ടിയ അധ്യാപകരോട് പില്‍ക്കാലത്ത് അടിയേറ്റ ചിലര്‍ ആരാധനയോടെ പറയുന്നത് കേട്ടിട്ടുണ്ട്: ‘മാഷെ അടി കിട്ടിയത് കൊണ്ടാ ഞാനൊക്കെ രക്ഷപ്പെട്ടത്!” ഇത്രയും വ്യാജമായ ഗുരു സ്തുതി വേറെയില്ല. എം.എന്‍. വിജയന്റെ മരണ മൊഴി / ‘കേള്‍ക്കണമെങ്കില്‍ ഉറക്കെ തന്നെ പറയണ’മെന്നതു പോലെ ‘ചില കാര്യങ്ങള്‍ അടിച്ചു തന്നെ’ പറയണമെന്നതിന്റെ യുക്തി എന്താണ്? മന്ത്രവാദത്തില്‍ ‘അടി’ ചികിത്സയുമാണ്.
കെ.എം.മണിയെ തടഞ്ഞു കൊണ്ട് കേരള നിയമസഭയില്‍ കണ്ട പ്രശസ്തമായ ‘ആ കയ്യാങ്കളി’, കോമഡി സീന്‍ പോലെ ഇന്ന് നാം ആസ്വദിക്കുന്നു. നിയമസഭയിലെ ആ സംഭവം ഒറ്റയടിക്ക് കുഞ്ചന്‍ നമ്പ്യാരുടെ പ്രശസ്തമായ തുള്ളല്‍ വരികള്‍ ഓര്‍മയില്‍ കൊണ്ടുവന്നു. അതായത്, നാം എല്‍.പി. സ്‌കൂളില്‍ പഴയ മലയാള പാഠാവലിയില്‍ ഏറ്റവും മനോഹരമായി ആസ്വദിച്ച വരികള്‍:
‘ഉരുളികള്‍ കിണ്ടികളൊക്കെയുടച്ചു
ഉരലു വലിച്ചു കിണറ്റില്‍ മറിച്ചു
ചിരവയെടുത്തഥ തീയിലെരിച്ചു
അരകല്ലങ്ങു കുളത്തിലെറിഞ്ഞു
അതു കൊണ്ടരിശം തീരാഞ്ഞവന
പ്പുരയുടെ ചുറ്റും മണ്ടി നടന്നു!’
ഈ വരികള്‍ സത്യാനന്തര കാല വേര്‍ഷനില്‍ വിഷ്വലൈസ് ചെയ്താല്‍, നിയമസഭയിലെ കയ്യാങ്കളിയായി. അരിശം തീരാഞ്ഞ് ചുറ്റും മണ്ടി നടന്ന് നിയമസഭാ ബെഞ്ചില്‍ കയറി നിന്ന ആ ജനപ്രതിനിധി ഇന്ന് നമ്മുടെ വിദ്യാഭ്യാസ മന്ത്രിയാണ്. ആ സമര രീതിയുടെ പേരില്‍ തീര്‍ച്ചയായും അദ്ദേഹം രാജി വെക്കേണ്ടതില്ല. നാം പഠിച്ചത് ആ രീതിയിലാണ്. നിയമസഭയെ ‘ശ്രീകോവില്‍’ എന്നു വിശേഷിപ്പിക്കുന്ന പാരമ്പര്യം നമുക്കുണ്ട്. അവിടെയാണ് ആ സമര നാളുകളില്‍ ചിലര്‍ ‘ഉള്ളിലെ’പച്ച മനുഷ്യരായി ഉറഞ്ഞാടിയത്. ‘പ്രാകൃതമായ സമരമുറ’ എന്ന് പലരും ആ കയ്യാങ്കളിയെ വിശേഷിപ്പിക്കാറുണ്ട്.
പ്രാകൃതമായ സമര രീതികളാണ് ചരിത്രത്തില്‍ പ്രൗഢമായ പല സിംഹാസനങ്ങളും അധികാരങ്ങളും ചെങ്കോലും കിരീടങ്ങളുമൊക്കെ തെറിപ്പിച്ചത്. പ്രാകൃതം എന്നത് ചിലപ്പോള്‍, സത്യസന്ധമായ വെളിപ്പെടലാണ്. ‘ശ്രീകോവില്‍’ എന്ന വിശേഷിപ്പിക്കുമ്പോഴുള്ള ‘ഭക്തിയുടെ തൊഴുകൈ’ എന്ന അവസ്ഥയല്ല, രാഷ്ടീയം ചര്‍ച്ച ചെയ്യുന്ന സ്ഥലം എന്ന നിലയില്‍, കയ്യാങ്കളിയുടെ സാധ്യത അവിടെ നിലനില്‍ക്കുന്നുണ്ട്. ഔപചാരികതയുടെ ഇസ്തിരിയിട്ട സ്വഭാവത്തിനു പകരം മനുഷ്യര്‍ ‘പ്രാകൃതമായ’ ചില പെരുമാറ്റങ്ങള്‍ പുറത്തെടുക്കും.
രാഷ്ട്രീയം ഇരട്ടവാലുള്ള ജീവിയാണ്. ഇന്ന് കെ.എം. മാണിയുടെ പാര്‍ട്ടി ഇടതുപക്ഷ ചേരിയിലാണ്.
യഥാര്‍ഥത്തില്‍, രാഷ്ടീയത്തിലെ ശരി, തെറ്റുകള്‍ – ആരാലാണ് തീരുമാനിക്കപ്പെടുന്നത്? എല്ലാം ഒരു തരം അടവുനയങ്ങളായി മാറുമ്പോള്‍, സമരം തന്നെ പ്രസ്ഥാനങ്ങളാല്‍ റദ്ദാക്കപ്പെടുന്നു. അങ്ങനെ ഇടതുപക്ഷം രാഷ്ട്രീയമായി സ്വയം റദ്ദാക്കിയ സമരത്തിന്റെ ഓര്‍മയാണ് നിയമസഭയിലെ ആ കയ്യാങ്കളി.
എന്നാല്‍, ദേഷ്യം സര്‍ഗാത്മകമായ ഒരു വ്യക്തിഗത കലയാണ്. ദേഷ്യപ്പെടുന്ന മനുഷ്യന്‍ ‘ശരിയും സത്യസന്ധവുമായ കാര്യ’ത്തിലേക്ക് ശ്രദ്ധ ക്ഷണിക്കുകയാണ്. അതു കൊണ്ട് വി. ശിവന്‍കുട്ടി, ശരിയാണ്.
വ്യക്തിപരമായി എന്നെ ഏറ്റവും പ്രചോദിപ്പിക്കുന്ന ‘അടി’ ചേര്‍ത്ത വാക്ക് ഇതാണ്: ‘അടിക്കെടാ ഗോള്‍!’