| Tuesday, 18th January 2022, 1:17 pm

മാതൃഭൂമീ, ആത്മപ്രശംസയുടെ സൗരയൂഥത്തിലെ എഴുത്തുകാര്‍ മാത്രമായി ഒന്നുമുണ്ടാക്കുന്നില്ല

താഹ മാടായി

ഏതൊരു പ്രസിദ്ധീകരണത്തെ സംബന്ധിച്ചിടത്തോളവും അതിന്റെ ഗതകാല രേഖകള്‍ ഏറെ പ്രധാനപ്പെട്ടതാണ്. ‘മാതൃഭൂമി ആഴ്ചപ്പതിപ്പ് നവതി’യുമായി ബന്ധപ്പെട്ട് മാതൃഭൂമി ദിനപത്രം ഇന്ന് പുറത്തിറക്കിയ, പ്രത്യേകമായി തയാറാക്കിയ എഡിറ്റ് പേജ് സപ്ലിമെന്റ് ആഴ്ചപ്പതിന്റെ ഓര്‍മയുടെ രാഷ്ട്രീയത്തെ പുതുക്കുന്നില്ല.

മലയാള സര്‍ഗാത്മകതക്ക് മാരകമായ സംഹാരശേഷിയോടെ പ്രത്യക്ഷപ്പെടുകയും പിന്‍വലിക്കുകയും ചെയ്ത എസ്. ഹരീഷിന്റെ ‘മീശ’ എന്ന നോവല്‍, നവതി ആഘോഷിക്കുന്ന ആഴ്ചപ്പതിപ്പിന്റെ പ്രധാനപ്പെട്ട ഒരു അടയാളരേഖയാണ്. ആഴ്ചപ്പതിപ്പിനെ സംബന്ധിച്ചും അതിന്റെ വായനക്കാരെ സംബന്ധിച്ചും സംഘര്‍ഷഭരിതമായ ആ ടേണിങ്ങ് പോയിന്റ് എവിടെയുമില്ല.

ഫാസിസ്റ്റ് അഭിരുചികളുമായി പോരാടി സുപ്രീംകോടതിയില്‍ നിന്ന് പോലും വിജയം നേടിയ ഒരു കൃതിയുടെ സ്മരണ, രാഷ്ട്രീയ കാരണങ്ങളാല്‍ മാത്രമല്ല, കൃതിയില്‍ സന്നിഹിതമായ സൗന്ദര്യ കാരണങ്ങളാലും പ്രസക്തമാണ്. കാരണം, എഴുത്തുകാരുടെ ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ച് ഏറ്റവും ഉദാത്തമായ രീതിയില്‍ നിര്‍വചിക്കുന്ന ആ ഭരണഘടനാ വിധിയുടെ അന്തസ്സത്ത ഉയര്‍ത്തിപ്പിടിക്കുന്നതില്‍ മാതൃഭൂമി പിറകോട്ട് പോയി എന്ന് മാത്രമല്ല, അതിന്റെ സാരഥികള്‍ പെരുന്നയില്‍ പോയി മാപ്പിരക്കുകയും ചെയ്തു.

അതൊരു സര്‍ക്കുലറായി ആ സമുദായ സംഘടന പിന്നീട് പുറത്തിറക്കി. ഒരു വിധത്തില്‍ പറഞ്ഞാല്‍, മാതൃഭൂമി ഏറെ മുന്നോട്ട് കൊണ്ടുപോയ നവോത്ഥാന ചരിത്രസന്ദര്‍ഭങ്ങളെ മാതൃഭൂമി തന്നെ റദ്ദാക്കിയ ചരിത്ര സന്ദര്‍ഭമായിരുന്നു അത്.  ആഗോളഭീമന്‍ കൊക്കക്കോളയുടെ പരസ്യങ്ങള്‍ വേണ്ട എന്ന് തീരുമാനിച്ച പത്രത്തിന് കേവലമൊരു സമുദായ സംഘടനക്ക് മുന്നില്‍ മുട്ടുവിറച്ചു. ഒരു പ്ലൂരല്‍/ മതനിരപേക്ഷ സമൂഹത്തിന് ശക്തി പകരുന്നതിന് പകരം, ഒരു സമുദായത്തിന്റെ പത്രമായി മാതൃഭൂമി ആഴ്ചപ്പതിപ്പ് സ്വയം അവതരിപ്പിച്ചു.

സംസ്‌കാരത്തിന്റെ പൂമുഖത്തേക്ക് എല്ലാവരും കയറി വരുമ്പോള്‍, മാതൃഭൂമി ആ തുറസ്സുകളെ രണ്ട് കൈയും ചേര്‍ത്ത് ബലമായി അടച്ച്, സവര്‍ണമുദ്ര കുത്തി. അങ്ങനെ ബഹുസ്വര/ മതനിരപേക്ഷ വായനക്കാരെ കൂവിത്തോല്‍പിച്ചു. മറക്കാന്‍ ശ്രമിക്കുന്നതല്ല, നമ്മെ മാറ്റിത്തീര്‍ത്ത ചോദനകളെ ബോധപൂര്‍വ്വം ഉണര്‍ത്തുന്നതായിരിക്കണം ഓര്‍മയുടെ പുനരവതരണങ്ങള്‍. നിര്‍ഭാഗ്യവശാല്‍, പത്രത്തില്‍ വന്ന കുറിപ്പുകളില്‍ എവിടെയും അത് സംഭവിച്ച് കാണുന്നില്ല.

ചില എഴുത്തുകാരെ ഉദാത്തവല്‍ക്കരിക്കുമ്പോള്‍,  എത്രയോ പേരെ മറവിയുടെ തമോമണ്ഡലത്തില്‍ ഉപേക്ഷിക്കുകയും ചെയ്യുന്നു. ഇന്ന് പി.വി. ചന്ദ്രന്‍ എഴുതിയ എഡിറ്റോറിയലില്‍ സൂചിപ്പിക്കുന്നു; ‘കാലം പാറ്റിക്കഴിച്ച് ബാക്കിവെച്ച മൂല്യങ്ങളെ തച്ചുടച്ച് പുതിയ ഒന്നിനെ കെട്ടിപ്പൊക്കുക എന്ന നിഗ്രഹോത്സുക വഴിയല്ല തുടക്കം മുതല്‍ ആഴ്ചപ്പതിപ്പിന്‍റെത്. മറിച്ച്, സൃഷ്ടിപരവും സംവാദസജ്ജവുമായ ഒരു വേദിയായി വര്‍ത്തിക്കുക എന്നതാണ്. ആ വേദിയില്‍ ഉയരുന്ന ബഹുസ്വരതയുടെ മഹാസംഗീതം അനുഭവിക്കാനാണ് പ്രസിദ്ധീകരണം അതിന്റെ വായനക്കാരെ നിത്യവും ക്ഷണിക്കുന്നത്’.

എങ്ങനെയുള്ള മൂല്യങ്ങളെക്കുറിച്ചാണ് ഈ വാചാലത? ‘ബഹുസ്വരതയുടെ മഹാസംഗീതം അനുഭവിക്കുന്ന’, തരം ധീരതകളൊന്നും ചുരുക്കം ചില സന്ദര്‍ഭങ്ങളിലൊഴിച്ച് മാതൃഭൂമി ആഴ്ചപ്പതിപ്പ് മുന്നോട്ടുവെച്ചിട്ടില്ല. സംശയമില്ല, നമ്മുടെ പരമ്പരാഗത സാഹിത്യാഭിരുചികളെ അത് ഏറെ മുന്നോട്ട് കൊണ്ടുപോയിട്ടുണ്ട്. എന്നാല്‍ ‘പൊളിച്ചെഴുത്ത് ‘ എന്ന നിലയില്‍ അല്ല. എം. മുകുന്ദന്റെ കുറിപ്പില്‍ സൂചിപ്പിച്ചത് പോലെ, എഴുത്തുകാര്‍ക്ക് ഏറ്റവും പ്രിയങ്കരമായ ആഴ്ചപ്പതിപ്പാണിത്. ആഴ്ചപ്പതിപ്പിന് ഏറ്റവും പ്രിയം എഴുത്തുകാരോടാണ് ‘.

പ്രിയപ്പെട്ട മാതൃഭൂമി എഡിറ്റര്‍, എഴുത്തുകാര്‍ മാത്രമായി ഒന്നും എവിടെയുമുണ്ടാക്കുന്നില്ല. ഇന്ന് മാതൃഭൂമി പത്രത്തില്‍ ആശംസകളെഴുതിയവരില്‍ ഒരു പരിസ്ഥിതിചിന്തകനോ, ദളിതോ, ജൈവ ബുദ്ധിജീവിയോ, നമ്മുടെ കാലത്തിന്റെ പുതിയ വെല്ലുവിളികള്‍ ജനസമക്ഷം അവതരിപ്പിക്കുന്ന ആക്ടിവിസ്റ്റുകളോ ഇല്ല എന്നത് നിരാശപ്പെടുത്തുന്നു. പുതിയ കാലത്തെ അഭിശപ്തമായ വെല്ലുവിളികള്‍ അവരാണ് ജനസമക്ഷം വിളിച്ചു പറയുന്നത്.

ഒന്നുകൂടി ഊന്നിപ്പറയട്ടെ, എഴുത്തുകാര്‍ ഏറെയും ആത്മപ്രശംസയുടെ സൗരയൂഥത്തിന് ചുറ്റും കറങ്ങുന്നവരാണ്. അത്ഭുതാവഹവും ദാരുണവുമായ ലളിതവല്‍ക്കരണങ്ങള്‍ കൊണ്ട് നാം ഒന്നും നേടുന്നില്ല. വായനക്കാര്‍ ചരിത്രമറിയാത്തവരല്ല, സര്‍ഗാത്മകതയുടെ ചരിത്ര അനുഭവം അവര്‍ക്കറിയാം. അതായത്, ധിഷണയുടെ ചോദനകളേയും അതിന്റെ അശുഭാപ്തമായ കാഴ്ചപ്പാടുകളെയും.

ഇന്ന് മാതൃഭൂമി പത്രം നിരാശപ്പെടുത്തുന്നത്, കാസര്‍ഗോഡ് മാതൃഭൂമി ആഴ്ചപ്പതിപ്പിന് സ്റ്റോപ്പില്ല എന്നതുകൊണ്ടാണ്. കെ റെയില്‍ പോലും കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരത്തേക്ക് 3 മണിക്കൂര്‍ 58 മിനിറ്റ് കൊണ്ട് എത്തുമെന്ന് പറയുമ്പോള്‍ 90 വര്‍ഷമായി ഓടുന്ന മാതൃഭൂമി ആഴ്ചപ്പതിപ്പിന് കാസര്‍ഗോഡ് ജില്ലയില്‍ ഒരു സ്റ്റോപ്പില്ല. ഇന്നത്തെ ആശംസയുടെ പ്രതിനിധാനങ്ങളില്‍ നിന്ന് തിരുവനന്തപുരം മുതല്‍ കണ്ണൂര് വരെയാണ് അതിന്റെ സ്റ്റോപ്പുകള്‍. പി. പുറപ്പെട്ട, ടി. ഉബൈദ് ഭാഷയെ വാരിപ്പുണര്‍ന്ന കാസര്‍ഗോഡ് ജില്ലയില്‍ നിന്ന് ഒരാളുമില്ല. സി.വി. ബാലകൃഷ്ണന്‍ പോലുമില്ല. കോടതി ഈയിടെ വാക്കാല്‍ ചോദിച്ചത് പോലെ ‘നമുക്ക് വള്ളുവനാടന്‍ ഭാഷ മാത്രം മതിയോ?’

മാതൃഭൂമി ആഴ്ചപ്പതിപ്പ് സംശയമില്ല, പല കാരണങ്ങളാല്‍ നമ്മെ പ്രചോദിപ്പിച്ചിട്ടുണ്ട്. അത് ഏറെക്കുറെ സാഹിത്യകൃതികളിലൂടെയാണ്. ഒ.വി. വിജയനെ നാമതില്‍ വായിച്ചു. സി.ആര്‍. പരമേശ്വരനെയും നാമതില്‍ വായിച്ചു. ഇടക്കാലത്ത് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരും ദളിതുകളും ഇരമ്പുന്ന ജീവിതങ്ങളുമായി അതില്‍ പ്രത്യക്ഷപ്പെട്ടു. അത്തരം ‘നിഗ്രഹോത്സുക വഴി’കള്‍ക്ക് അവിടെ ഏറെക്കാലം സ്ഥാനമില്ല.

എല്ലാ കാലത്തും ആഴ്ചപ്പതിപ്പിനെ മുന്നോട്ടു നയിച്ച അതിയാഥാസ്ഥിതിക പ്രതിതരംഗത്തെ മുന്നോട്ടു നയിക്കുന്നവര്‍ പിന്നെയും അതില്‍ സ്വാധീനം കണ്ടെത്താന്‍ തുടങ്ങി. എഴുത്തുകാര്‍ മാത്രം ദിവ്യന്മാരാവുന്ന ഒറ്റ ജീവിതത്തിന്റെ ചുരുക്കങ്ങളിലേക്ക് ആഴ്ചപ്പതിപ്പ് തിരിച്ചെത്തി.

വ്യക്തിപരമായി, ആദ്യമായി പ്രതിഫലം തന്ന പ്രസിദ്ധീകരണം മാതൃഭൂമി ആഴ്ചപ്പതിപ്പാണ്. പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ മാതൃഭൂമി ബാലപംക്തിയില്‍ അച്ചടിച്ച കവിതയ്ക്ക് 35 രൂപ മണിയോര്‍ഡറായി വന്നു. എഴുതുന്നതിന് പ്രതിഫലം കൊടുക്കുക എന്ന ഏറ്റവും സര്‍ഗാത്മകമായ ജനാധിപത്യമര്യാദ മാതൃഭൂമി പുലര്‍ത്തിയിട്ടുണ്ട്. മാതൃഭൂമിയിലെ ഏറ്റവും വിവേകശാലികള്‍ എഡിറ്റര്‍മാരല്ല, അക്കൗണ്ട്‌സ് വിഭാഗത്തിലുള്ളവരാണ് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.

നവതി ആഘോഷിക്കുന്ന മാതൃഭൂമി ആഴ്ചപ്പതിപ്പിനെ വിയോജിപ്പുകളോടെ കെട്ടിപ്പിടിക്കുന്നു.

താഹ മാടായിയുടെ മറ്റ് ലേഖനങ്ങള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Thaha Madayi writes about Mathrubhumi weekly and S. Hareesh’s novel Meesha’s significance in its history

താഹ മാടായി

എഴുത്തുകാരന്‍

We use cookies to give you the best possible experience. Learn more