| Thursday, 26th November 2020, 7:45 am

കണ്ണൂര് വന്നവന്‍, മറഡോണ | താഹ മാടായി

താഹ മാടായി

കണ്ണൂര് മറഡോണ സ്പര്‍ശിച്ച മണ്ണാണ്. അത്രമേല്‍ ഹൃദയസ്പര്‍ശിയാണ് ആ സന്ദര്‍ശനം.ആ സന്ദര്‍ശനത്തിന് ബോബി ചെമ്മണ്ണൂരിനോട് കണ്ണൂരുകാര്‍ കടപ്പെട്ടിരിക്കുന്നു. അതായത്, ഒരു ജ്വല്ലറിയുടെ പരസ്യ പ്രചാരകനായിട്ടാണ് വന്നതെങ്കിലും, വന്നത് കാല്‍പ്പന്തില്‍ ഉന്മാദം നിറച്ചു കളിച്ച പ്രിയപ്പെട്ട മറഡോണയാണല്ലൊ. അന്ന് മറഡോണയ്ക്ക് മുറിക്കാന്‍ വേണ്ടി സംഘാടക സമിതി ഒരു കേക്ക് നിര്‍മ്മിച്ചിരുന്നു. ഫുട്‌ബോള്‍ ആ കൃതിയിലുള്ള ആ കേക്ക് പക്ഷെ, മറഡോണ മുറിച്ചില്ല! ജീവവായുവായിരുന്നു മറഡോണയ്ക്ക് ഫുട്‌ബോള്‍. മുറിച്ചാല്‍ ചോര വരുന്ന ഹൃദയം.

ആരാണ് ഞങ്ങളുടെ തലമുറയ്ക്ക് മറഡോണ?

ഗബ്രിയേല്‍ ഗാര്‍ഷ്യ മാര്‍ക്കേസ് വായനയിലും മറഡോണ ഫുട്‌ബോളിലും
എണ്‍പതുകളിലെ യൗവനത്തെ പ്രചോദിപ്പിച്ചു. 70 നും 84 നുമിടയില്‍ അടിയന്തിരാവസ്ഥയുടെ, സര്‍ഗാത്മക ചുവരെഴുത്തുകളുടെ, തെരുവു നാടകങ്ങളുടെ, കാമ്പസ് ഉണര്‍വ്വുകളുടെ കാലം കടന്നു പോകുന്നു. ഇന്ദിരാഗാന്ധിയുടെ മരണത്തിന്റെ ആഘാതം ചിതയിലെടുക്കുന്നതുവരെ ടെലിവിഷനില്‍ കണ്ട മലയാളികള്‍. കരഞ്ഞു കണ്ടു തുടങ്ങിയതാണ് ടെലിവിഷനിലെ ആദ്യ കാഴ്ച.

തുടര്‍ന്ന് മറഡോണ, വീഴുന്നതും കുരിശു വരക്കുന്നതും ഗോളടിക്കുന്നതും കണ്ടു രസിച്ചു. ഉന്മാദം നിറച്ച ഫുട്‌ബോള്‍ പോലെയായിരുന്നു മറഡോണയുടെ കളി കണ്ട കൃഷ്ണമണികള്‍. മറഡോണ നീല വസന്തമായി നിറഞ്ഞു.

വായനയില്‍ മാര്‍കേസ് അനുഭവിപ്പിച്ച മാജിക്കല്‍ റിയലിസം, കാല്‍പ്പന്തുകളിയില്‍ മറഡോണ ഒരു തരം ഭ്രാന്തമായ വാസനകളോടെ മൈതാനത്ത് പുറത്തെടുത്തു. കാല്‍ കൊണ്ട് കളിച്ച്, കൈ കൊണ്ട് ഗോളടിച്ച്, ദൈവത്തെ ഇത്തിരി നേരം ഇരുട്ടില്‍ നിര്‍ത്തി. എല്ലാ മോഹങ്ങളോടും അയാള്‍ അനുരാഗിയായി. പ്രത്യയശാസ്ത്രത്തിലും ചുവപ്പിനോടുള്ള കൂറിലും ഗോള്‍ പോസ്റ്റ് പോലെ ഉറച്ചു നിന്നു. മനുഷ്യസഹജമായ ഭ്രമാത്മക വാസനകളോട് പ്പാഴും ഒട്ടി നിന്നു. ലോകത്തിന്റെ മാന്യതകളെ സദാചാര മൈതാനങ്ങള്‍ക്കപ്പുറം അടിച്ചു തെറിപ്പിച്ചു.

താഹ മാടായി എഴുതിയ മറ്റ് ലേഖനങ്ങള്‍ ഇവിടെ വായിക്കാം

അതു കൊണ്ട് പ്രിയപ്പെട്ടവനെ, പന്തു പോലെ നിലക്കു നില്‍ക്കാത്തവനെ, വിട! കണ്ണൂര്‍ ഈ നിമിഷങ്ങളില്‍, ലോകത്തിന്റെ മറ്റേതു ദേശത്തേക്കാളും താങ്കളെ ഓര്‍ക്കുന്നു. കണ്ണൂര് വന്നവന്‍, മറഡോണ!

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Thaha Madayi Writes about Maradona

താഹ മാടായി

എഴുത്തുകാരന്‍

We use cookies to give you the best possible experience. Learn more