മമ്മൂട്ടിയുടെ സിനിമാജീവിതത്തിന് അമ്പതാണ്ടുകള്‍ പൂര്‍ത്തിയാവുകയാണ്. മലയാള സിനിമാ പ്രേക്ഷകരുടെ മമ്മൂട്ടി കാലങ്ങളുടെ അമ്പതാണ്ടുകള്‍ കൂടിയാണവ. മമ്മൂട്ടിയെ കണ്ടു കണ്ട് മധ്യവയസ്സിലെത്തിയ പ്രേക്ഷകര്‍. മമ്മൂട്ടി പ്രേക്ഷകരോടും പ്രേക്ഷകര്‍ തിരിച്ചും പരസ്പരം ആദരവോടെ, കടപ്പാടോടെ ഓര്‍മിക്കാനുള്ള അവസരം കൂടി നല്‍കുന്നുണ്ട് ഈ സന്ദര്‍ഭം.
മലയാളികളുടെ ജീവിതത്തില്‍ നിന്നുള്ള മോഹങ്ങളെയും ആശങ്കകളെയും വിഷാദ പര്‍വങ്ങളെയും ഭ്രാന്തുകളെയും ഉന്മാദങ്ങളെയും അഭ്രപാളികളില്‍ പകര്‍ത്തിയ അമ്പത് മമ്മൂട്ടി വര്‍ഷങ്ങള്‍! സമൂഹത്തിന്റെ / പ്രേക്ഷകരുടെ പ്രതീക്ഷക്കനുസരിച്ച് പല തരം ‘റോളു’ (role) കള്‍ സ്വീകരിക്കാന്‍ വിധിക്കപ്പെട്ടവരാണ് താരം എന്ന ശരീരം. സാമൂഹ്യ ജീവിതത്തിലെ വൈവിദ്ധ്യങ്ങള്‍ ആ നടനില്‍ അത്രമേല്‍ ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു.
അതാതു കാലത്തെ ആവശ്യങ്ങളും മനോഭാവങ്ങളും ഫാഷനും സമ്മതങ്ങളും വിസമ്മതങ്ങളും മമ്മൂട്ടി കഥാപാത്രങ്ങളില്‍ നമുക്ക് കാണാം. ആ നിലയില്‍ കാഴ്ചയുടെ പാഠപുസ്തകമാണ്, മമ്മൂട്ടി. നിരവധി കഥാപാത്രങ്ങള്‍ കൊണ്ട് മമ്മൂട്ടി മലയാളിയുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി. മലയാളി ‘ഉള്ളില്‍ പേറുന്ന’ ഒരാളായി മമ്മൂട്ടി നിറഞ്ഞുനിന്നു. ആംഗ്യത്തിലും ഭാവത്തിലും സംഭാഷണത്തിലും മമ്മൂട്ടി പ്രേക്ഷകന് ഉദ്ദീപനം നല്‍കുന്ന താരശരീരമായി.
എങ്കിലും, എത്രമാത്രം വിമര്‍ശന വിധേയനായിട്ടുണ്ട് മമ്മൂട്ടി? മമ്മൂട്ടിയെ/മോഹന്‍ലാലിനെ വിമര്‍ശിക്കുമ്പോള്‍ ഫാന്‍സ് എന്ന പേരിലുള്ള കടന്നല്‍ക്കൂട്ടങ്ങള്‍ ഇളകി മറിയും. നരേന്ദ്ര മോദിയേയോ പിണറായി വിജയനെയോ ഉമ്മന്‍ ചാണ്ടിയേയോ കുഞ്ഞാലിക്കുട്ടിയേയോ വിമര്‍ശിക്കുമ്പോഴുള്ള സ്‌പെയ്‌സ് പോലും താര വിമര്‍ശനങ്ങള്‍ക്ക് ഫാന്‍സ് എന്ന കടന്നല്‍ക്കൂട്ടങ്ങള്‍ അനുവദിച്ചു തരണമെന്നില്ല.
രാഷ്ട്രീയം എപ്പോഴും, വിമര്‍ശകര്‍ക്ക്, സീബ്രാലൈന്‍ അനുവദിച്ചു തരുന്നുണ്ട്. താരം, വേറൊരു തലത്തില്‍, ഒരു പ്രജാപതിയുടെ ജീവിതമാണ് നയിക്കുന്നത്. നിങ്ങള്‍ക്ക് പിണറായിയെ വിമര്‍ശിക്കാം. മമ്മൂട്ടിയെ അല്ലെങ്കില്‍ മോഹന്‍ലാലിനെ? ശരിക്കും സംഭവിക്കുന്നത് ഇതാണ്: താരത്തിന് നല്‍കുന്ന ബഹുമാനം, പ്രേക്ഷകര്‍ എന്ന നിലയില്‍ നാം സ്വയം പുലര്‍ത്താറില്ല. പ്രേക്ഷകര്‍ എന്ന നിലയില്‍ നാം നമുക്ക് നല്‍കുന്ന ‘ആത്മ ബഹുമാനം’ (Self – regard) എത്രത്തോളമുണ്ട്?
1999 ജൂലൈ11 ന് ഈ ലേഖകന്‍ മമ്മൂട്ടിയെ വിമര്‍ശിച്ച് ഒരു ലേഖനം മാതൃഭൂമി വാരാന്തപ്പതിപ്പില്‍ എഴുതി. കൃത്യമായി, ഇരുപത് വര്‍ഷം മുമ്പ്. ഒ.വി.വിജയന്റെയും മാധവിക്കുട്ടിയുടെയും അപൂര്‍വ്വമായ ഒരു കൂടിച്ചേരല്‍ ഓര്‍മകള്‍ കൂടി ആ ലക്കമുണ്ട്. മമ്മൂട്ടിയെ വിമര്‍ശിച്ചെഴുതിയ ആ കുറിപ്പിന്റെ ശീര്‍ഷകം ഇങ്ങനെയായിരുന്നു: ‘അസ്ഹറും മമ്മൂട്ടിയും’.
ക്രിക്കറ്റിലെ നിരന്തരമായി തുടരുന്ന മോശം പ്രകടനത്തെ തുടര്‍ന്ന് അസ്ഹര്‍ ആരാധകര്‍ തന്നെ, അസ്ഹര്‍ കളിക്കളം വിട്ടു പോകണം എന്ന് മുറവിളി കൂട്ടുന്ന കാലമായിരുന്നു, അത്. ഗവാസ്‌കര്‍, വെംഗ് സര്‍ക്കാര്‍ തുടങ്ങി മലയാളത്തിലെ കളിയെഴുത്താശാനായിരുന്ന വിംസി പോലും ആ ആഗ്രഹം പ്രകടിപ്പിച്ചു. ഫോം നഷ്ടപ്പെടുമ്പോള്‍ കളി നിര്‍ത്തുക, സ്വരം നന്നാകുമ്പോള്‍ പാട്ടു നിര്‍ത്തുക എന്നു പറയുന്നത് പോലെ, സിനിമാ താരങ്ങള്‍ക്ക് മാത്രമെന്താ ഈ ചൊല്ലുകള്‍ ബാധകമാവാത്തത് എന്നതായിരുന്നു, മമ്മൂട്ടിയുടെ ആ വര്‍ഷങ്ങളിലെ ചില സിനിമകളെ മുന്‍നിര്‍ത്തി ഉന്നയിക്കാന്‍ ശ്രമിച്ചത്. തുടര്‍ച്ചയായി പരാജയപ്പെട്ട മമ്മൂട്ടിച്ചിത്രങ്ങളുടെ കാലമായിരുന്നു, അത്.
ഏത് കഥയോടും വേഷത്തോടും കോംപ്രമൈസ് ചെയ്യുന്ന മമ്മൂട്ടി. മമ്മൂട്ടി പ്രേക്ഷകന്‍ എന്ന നിലയിലുള്ള ഒരു തരം നിരാശയില്‍ നിന്നുമായിരുന്നു, ആ കുറിപ്പെഴുതിയത്. അതിലെ ചില വരികള്‍ ഇങ്ങനെയാണ്:
‘മമ്മൂട്ടിയുടെ രൂപ സൗകുമാര്യമാണ് മലയാളികളെ ആദ്യം ആകര്‍ഷിച്ചത്. അഭിനയം എന്ന ശീലഗുണം ഈ നടനുണ്ട് എന്നതോടെ പ്രേക്ഷകര്‍ സ്‌നേഹിക്കാനും ആരാധിക്കാനും തുടങ്ങി. അനായാസമായ അഭിനയശൈലി മമ്മൂട്ടിക്ക് അന്യമാണ്. അഭിനയം അനായാസമായി നിര്‍വ്വഹിക്കേണ്ട ഒരു കാര്യമല്ല എന്നതു കൊണ്ടാവാം ഇത്. ഞാന്‍ അഭിനയിക്കുകയാണ് എന്ന ഉള്ളിലുറച്ച ബോധത്തോടെയാണ് മമ്മൂട്ടിയുടെ അഭിനയം. ഈ ബോധം നല്‍കുന്ന ഉത്തരവാദിത്വമാണ് മമ്മൂട്ടിയെ മികച്ച നടനാക്കുന്നത്. ഈ ബോധം കൈമോശം വന്ന സന്ദര്‍ഭങ്ങളില്‍ പ്രേക്ഷകര്‍ മമ്മൂട്ടിയെ പുറം തള്ളിയിട്ടുണ്ട്. ശാലിനിയോടൊപ്പമുള്ള അച്ഛന്‍ റോളുകള്‍ ഓര്‍ക്കുക.’
ആ ലേഖനം, പ്രതീക്ഷിച്ചതു പോലെ തന്നെ, ഏറെ വിമര്‍ശിക്കപ്പെട്ടു. അടുത്ത വാരാന്തപ്പതിപ്പില്‍, ‘അസ്ഹറും മമ്മൂട്ടിയും ‘ എന്ന താരാപഥം ലേഖനം വിമര്‍ശിക്കപ്പെടുന്നു, തിരഞ്ഞെടുത്ത ഏതാനും പ്രതികരണങ്ങള്‍ ഇതോടൊപ്പം’ – എന്ന കുറിപ്പോടെ ആ കത്തുകള്‍ പ്രസിദ്ധീകരിച്ചു. മാതൃഭൂമി വാരാന്തപ്പതിപ്പിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കത്തുകള്‍ വന്നതും പ്രസിദ്ധീകരിച്ചതും ആ ലേഖനത്തിനായിരുന്നു.
എന്നാലും, ആ കത്തുകളിലെ ഭാഷ മാന്യവും സംവാദത്തിന്റെ ജനാധിപത്യ മര്യാദ പുലര്‍ത്തുന്നതുമായിരുന്നു. സോഷ്യല്‍ മീഡിയയിലെ വെട്ടുകിളിക്കൂട്ടം പോലെയുള്ള ഫാന്‍സായിരുന്നില്ല, അത്. അതവിടെയും തീര്‍ന്നില്ല. ആ ലേഖനം വന്ന് കുറച്ചു ദിവസങ്ങള്‍ക്കു ശേഷം മാടായിപ്പാറയില്‍ ദാമോദരന്‍ എന്ന സുഹൃത്തിനോടൊന്നിച്ചിരിക്കുമ്പോള്‍, ഒരു ബൈക്ക് ഞങ്ങളെ വലയം വെച്ച് നിര്‍ത്തി. അതിലൊരു ചെറുപ്പക്കാരന്‍ എന്നെ ചൂണ്ടി ‘മാതൃഭുമീല് മമ്മൂട്ടിയെക്കുറിച്ച് എഴുതിയോനാണോ’ എന്ന് ചോദിച്ചു.
കുന്നിറങ്ങി ഓടാനുള്ള മാടായിപ്പാറയിലെ എല്ലാ ഊടുവഴികളും ഒരു സിനിമയിലെ രംഗം പോലെ മനസ്സില്‍ വന്നു. പക്ഷെ, അവര്‍ കൈ വെച്ചില്ല. രൂക്ഷമായ നോട്ടം കൊണ്ട് തളര്‍ത്തി, ബൈക്കോടിച്ചു പോയി. ഒരാഴ്ച കൂടി കഴിഞ്ഞപ്പോള്‍ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു ഊമക്കത്ത് എന്നെ തേടി വന്നു.
‘പ്രിയപ്പെട്ട മൈരാ…’ എന്ന് കാവ്യാത്മകമായി തുടങ്ങിയ ആ ഊമക്കത്തില്‍, വളപട്ടണം സാഗരയിലും ചിറക്കല്‍ വനജയിലും ചൊവ്വ കൃഷ്ണയിലും ഞാന്‍ പോയി കാണാറുള്ള ഉച്ചപ്പടങ്ങളെക്കുറിച്ചുള്ള സൂചനകളുണ്ടായിരുന്നു. (ചൊവ്വ കൃഷ്ണയില്‍ വെച്ചു കണ്ടത് കെ.ജി. ജോര്‍ജ്ജ് ചെയ്ത ക്ലാസിക് പടം ‘സ്വപ്നാടന’മാണ്. ആ സിനിമ നിര്‍മ്മിച്ച ബാപ്പുക്കയെക്കുറിച്ചുള്ള പുസ്തകം പിന്നീട് മാതൃഭൂമി പുറത്തിറക്കി). ‘ബ്ലൂ ഫിലിം’കാണുന്ന നിനക്ക് മമ്മൂട്ടിയെ വിമര്‍ശിക്കാനുള്ള അധികാരമില്ല എന്നായിരുന്നു, അനേകം അക്ഷരത്തെറ്റുകള്‍ ഉണ്ടായിരുന്ന ആ കത്തിന്റെ ഉള്ളടക്കം. ആ ഊമക്കത്ത് നല്‍കിയ പ്രചോദനത്തില്‍, ‘ശരീരം, ചില പുലര്‍കാല സ്വപ്നങ്ങള്‍’ എന്ന നോവലെറ്റ് എഴുതി.
വര്‍ഷങ്ങള്‍ക്കു ശേഷം, പ്രിയപ്പെട്ട നടന്‍ മമ്മൂട്ടിയെ ഒരു വേദിയില്‍ വെച്ചു കാണുന്നു. ഡി.സി ബുക്‌സ് ഇന്റര്‍നാഷനല്‍ ബുക്‌ഫെയര്‍, എറണാകുളം. കെ.ജി. ജോര്‍ജ്ജിന്റെ പുസ്തകം പ്രകാശനം ചെയ്യുന്നത് മമ്മൂട്ടിയാണ്. ആ വേദിയില്‍ വെച്ചു തന്നെയാണ് സര്‍ക്കസ് ലെജന്റ് ജെമിനി ശങ്കരന്റെ ‘മലക്കം മറിയുന്ന ജീവിതം’ എന്ന പുസ്തകത്തിന്റെ പ്രകാശനവും. ആ പുസ്തകമെഴുതിയ ആള്‍ എന്ന നിലയില്‍ സത്യന്‍ അന്തിക്കാട്, കെ.ജി. ജോര്‍ജ്ജ്, മമ്മൂട്ടി, ശങ്കരേട്ടന്‍, എന്നിവരോടൊപ്പം വേദിയില്‍ ഈ ലേഖകനും ഒരു ഇരിപ്പിടം കിട്ടി. കാഴ്ചയില്‍ ഏറ്റവും പ്രചോദിപ്പിച്ച ആ മഹാനടനെ അടുത്തു നിന്ന് ആദരവോടെ നോക്കി. പക്ഷെ, പരിചയപ്പെടാനോ ഒന്നിച്ച് ഫോട്ടോ എടുക്കാനോ ആഗ്രഹിച്ചില്ല. പ്രേക്ഷകന്‍ എന്ന നിലയിലുള്ള self regard/ആത്മ ബഹുമാനത്തോടെ, വിസ്മയത്തോടെ മമ്മൂട്ടിയെ നോക്കി നിന്നു.
പ്രിയപ്പെട്ട മമ്മൂട്ടി, അഭിനയത്തിന്റെ അമ്പതാണ്ടുകള്‍ക്ക്, സ്‌നേഹം.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Thaha Madayi writes about Mammooty