പിണറായി വിജയന്‍ ‘കേരള പര്യടനം’ നടത്താനൊരുങ്ങുന്നു എന്ന് ഇന്നത്തെ ഒരു മുഖ്യധാരാ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. പാര്‍ട്ടി സെക്രട്ടറിയായിരിക്കേ പിണറായി വിജയന്‍ നടത്തിയ കേരള യാത്രകള്‍ പലതു കൊണ്ടും ശ്രദ്ധേയമായിരുന്നു. വി.എസും പിണറായിയും തമ്മിലുള്ള ‘ശീതസമര നാളുകളി’ലായിരുന്നു’, ആ യാത്രകള്‍. ഇപ്പോള്‍, പിണറായി മാത്രം. വി.എസിനെ കാണുമ്പോള്‍ ഇരമ്പുന്ന ആള്‍ക്കൂട്ടങ്ങള്‍ ഒരു കാല്‍പനിക സ്മൃതിയായി.
‘പിണറായിയാണ് താരം’ എന്നാണ് മുഖ്യധാരാ പത്രങ്ങളുടെ തലക്കെട്ടുകള്‍ പറയാന്‍ ശ്രമിക്കുന്നത്. ഇത് മുഖവിലക്കെടുത്ത് പാര്‍ട്ടിയും പിണറായിയെ ‘വിജയ ശില്‍പ്പിയായി’ മുന്നില്‍ നിര്‍ത്തുകയാണെങ്കില്‍, ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പ് വിജയത്തിന്റെ പശ്ചാത്തലത്തില്‍ പോലും അത് സത്യസന്ധമായ നിഗമനമായിരിക്കില്ല.
അപ്പോള്‍ ആരാണ് ഈ പാര്‍ട്ടിയെ, അതിന്റെ ചരിത്രത്തിലെ ഏറ്റവും മാരകമായ ‘വളഞ്ഞിട്ടാക്രമിക്കല്‍’ നാളുകളില്‍ മുന്നില്‍ നിന്നു നയിച്ചത്? പിണറായിയോ വി.എസോ കോടിയേരിയോ ആയിരുന്നില്ല. അപ്പോള്‍ ആര്?
ഇടതുപക്ഷത്തെ, അതിന്റെ മുഖ്യ കേന്ദ്ര ബിന്ദുവായ സി.പി.ഐ.എമ്മിലെ യുവജന നേതൃത്വം എങ്ങനെയാണ് ഈ തിരഞ്ഞെടുപ്പിനെ മുന്നില്‍ നിന്ന് നയിച്ചത് എന്ന് വിലയിരുത്തുമ്പോള്‍, പിണറായിയല്ല, ഈ പാര്‍ട്ടിയിലെ യഥാര്‍ഥ വിജയശില്‍പി എന്ന് ബോധ്യമാകും.
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ വിജയത്തെ വിലയിരുത്തി നാനാവിധത്തില്‍ ഉള്ള വിശകലനങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. ഇതില്‍ പലതും രാഷ്ട്രീയ വിശകലനങ്ങളാണ്. സാംസ്‌കാരികവും സാമൂഹ്യവുമായ ഉള്ളടക്കം പേറുന്ന നിരീക്ഷണങ്ങള്‍, ഒറ്റപ്പെട്ട ചിലര്‍ സമൂഹമാധ്യമങ്ങളില്‍ നടത്തുന്നുമുണ്ട്. എങ്കിലും, രാഷ്ട്രീയ ‘നായക പദവി’യിലേക്ക് പിണറായി തിരിച്ചെത്തുന്നു എന്ന വായനക്കിടം നല്‍കുന്ന പല അവതരണങ്ങളും കണ്ടു. ഉദാഹരണത്തിന് ‘ദേശാഭിമാനി വാരിക’ പുതിയ ലക്കം പിണറായിയുടെ ‘ചിരിക്കുന്ന ‘മുഖവുമായി പുറത്തിറങ്ങുന്ന പരസ്യം ഇന്നലെ തന്നെ പുറത്തു വിട്ടു. മനോരമ പത്രം ‘വിജയത്തേരില്‍ ‘പിണറായിയെ കയറ്റിയിരുത്തി.
പിണറായി പ്രചരണത്തിനിറങ്ങിയില്ല, എന്നിട്ടും ‘ഇടതുപക്ഷം’ വലിയ മുന്നേറ്റമുണ്ടാക്കി. അപ്പോള്‍, ഈ തിരഞ്ഞെടുപ്പ് നയിച്ചത് ആര്? എന്ന ചോദ്യം വരുന്നുണ്ട്. വി.എസോ പിണറായിയോ മുന്നില്‍ നിന്ന് ‘ജാഥ’ നയിച്ച വലിയ ‘ആള്‍ക്കൂട്ട’ പ്രചരണ രീതികള്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മലയാളികള്‍ കണ്ടതാണ്. കൊവിഡ് ഈ തിരഞ്ഞെടുപ്പില്‍ ഇത്തരം ആള്‍ക്കൂട്ട റാലികള്‍ റദ്ദാക്കി. ആരവങ്ങള്‍ക്കിടയില്‍ കൈ വീശുന്ന പിണറായിയോ വി .എസോ ഇല്ല.
വി.എസ്/പിണറായി വിഭാഗീയത പാര്‍ട്ടിയില്‍ നിറഞ്ഞു നില്‍ക്കുന്ന സമയത്ത് നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ പിണറായി ആള്‍ക്കൂട്ട പ്രചാരണത്തിനിറങ്ങാതെ ‘ബ്രാഞ്ചു’ തലത്തില്‍ നിശ്ശബ്ദനായി പ്രവര്‍ത്തിക്കുന്ന ‘കേഡറെ’പ്പോലെ ഏതോ ഒരു ടൈലര്‍ കടയില്‍ ഇരിക്കുന്ന ചിത്രം നാം കണ്ടതാണ്. അന്ന് പിണറായി മാറി നിന്നത് വലിയ വാര്‍ത്തയായി. ഈ തിരഞ്ഞെടുപ്പിലും, ‘വെബ് റാലി’ യില്‍ പങ്കെടുത്തു എന്ന് പറയാമെങ്കിലും, എവിടെയും പിണറായിയില്ലായിരുന്നു. പിണറായിയിലെ ചില വാര്‍ഡുകളില്‍ പ്രചരണത്തിന് ഇറങ്ങിയിരുന്നു.
അപ്പോള്‍, ഈ തിരഞ്ഞെടുപ്പിനെ സി.പി.ഐ.എമ്മില്‍ നിന്ന് മുന്നില്‍ നിന്ന് നയിച്ചത് ആരാണ്?
‘പാര്‍ട്ടിയിലെ യുവജന പ്രസ്ഥാനങ്ങള്‍’ നയിച്ചു എന്നാണ് ഉത്തരം. എം.ബി രാജേഷും എം.സ്വരാജും എ.എ റഹീമും മുഹമ്മദ് റിയാസുമാണ് ഈ തിരഞ്ഞെടുപ്പിനെ നയിച്ചത്. ‘ന്യൂസ് അവറുകളില്‍’ ഇവരോടൊപ്പമിരുന്ന് ‘പാര്‍ട്ടിയുടെ മുഖ’മായി രാഷ്ട്രീയമായി സംസാരിച്ചതില്‍ ‘കൈവിടാത്ത രാഷ്ട്രീയ വിവേകം’ പ്രകടിപ്പിച്ച തല മുതിര്‍ന്ന ഒരു നേതാവ്, ആനത്തലവട്ടമാണ്. ഈ ഒരു ടീമാണ് സി.പി.ഐ.എമ്മിനെ മുന്നില്‍ നിന്ന് നയിച്ചത്, പിണറായിയല്ല.
നിരന്തരമായ ‘അര്‍ദ്ധ സത്യ’ങ്ങളുടെയും പച്ചക്കള്ളങ്ങളുടെയും അവതരണങ്ങളെ രാഷ്ട്രീയമായി തുറന്നു കാട്ടാന്‍ ഇവരുടെ നിരന്തരമായ ഇടപെടലുകള്‍ കൊണ്ടു സാധിച്ചു. സംഘപരിവാറിന് അനുകൂലമായ ‘കാവിയാത്മകമായ’ മാധ്യമ അവതരണങ്ങളെ ഇവര്‍ നിശിതമായ ഭാഷയില്‍ തുറന്നു കാട്ടി. ബഹിഷ്‌കരിച്ചു, ബഹളം വെച്ചു, ചിലപ്പോള്‍ ന്യൂസ് ഫ്‌ലോറുകളില്‍ നിന്ന് ഇറങ്ങിപ്പോയി.
ഈ യുവജന നേതാക്കള്‍ രാഷ്ട്രീയമായി വലിയ പ്രതിരോധത്തിലായിരുന്നു. ഡി.വൈ.എഫ്.ഐക്ക് എങ്ങനെ അനുകൂലിക്കാന്‍ സാധിക്കും, പിണറായിയുടെ പോലീസ് നയങ്ങളെ? എങ്ങനെ അനുകൂലിക്കും മാവോയിസ്റ്റ് വേട്ടയെ? എങ്ങനെ അനുകൂലിക്കും ഉദ്യോഗസ്ഥ ദു:ഷ് പ്രഭുത്വത്തെ?
പോസ്റ്ററെഴുതുന്ന കൈകളാണ്. ആശുപത്രിയില്‍ വരുന്ന പാവപ്പെട്ട രോഗികള്‍ക്ക് അന്നം കൊടുക്കുന്ന കൈകളാണ്. ‘ആധുനികവും മെച്ചപ്പെട്ടതുമായ’ ഒരു കേരളം പിണറായി ആഗ്രഹിക്കുമ്പോള്‍ തന്നെ, ‘രാഷ്ട്രീയമായ നിരാശകള്‍’ പാര്‍ട്ടിയുടെ അടിത്തട്ടില്‍ പുറത്തേക്ക് വരാത്ത വിതുമ്പലോടെ ഉണ്ടായിരുന്നു.
പ്രകീര്‍ത്തിക്കപ്പെട്ട, ‘അചഞ്ചലവും ഒട്ടും മാറ്റവുമില്ലാതെ’ തുടരുന്ന പിണറായിയുടെ ശൈലിയുമായി ആശയവിനിമയം സാധ്യമാവാത്ത ഏതോ ഒരു ‘രാഷ്ട്രീയ അകല്‍ച്ച’ പാര്‍ട്ടിയില്‍ ഇടക്കാലത്തുണ്ടായിരുന്നു. പിണറായിക്കും അണികള്‍(പാര്‍ട്ടി)ക്കുമിടയില്‍ രൂപപ്പെട്ട ‘കാല്‍പനികമായ ഇച്ഛാ ഭംഗങ്ങള്‍’ രാഷ്ട്രീയമായി വിശദീകരിക്കാനുള്ള ഭാരങ്ങള്‍ പാര്‍ട്ടിയിലെ യുവജന നേതാക്കള്‍ ഏറ്റെടുത്തു.
സത്യസന്ധവും ഉജ്ജ്വലവുമായ വാക്കുകളോടെ ആ യുവനിര മീഡിയ റൂമുകളില്‍ സംസാരിച്ചു. അവ പലപ്പോഴും വൈറലായി. ദൃശ്യ മാധ്യമങ്ങളേക്കാള്‍ ‘കാവിയാത്മക’മായി വാര്‍ത്തകള്‍ അവതരിപ്പിച്ചു കൊണ്ടിരുന്ന ‘അച്ചടി പത്ര’ങ്ങള്‍ വീട്ടില്‍ വിശ്രമിക്കുന്ന തല നരച്ച മധ്യവര്‍ഗ്ഗ സവര്‍ണ മലയാളികളെയാണ് ലക്ഷ്യമിട്ടത്. എന്നാല്‍, പത്രങ്ങള്‍ അതില്‍ പരാജയപ്പെട്ടു. കാരണം, അവരുടെ കയ്യിലുമുണ്ട്, ‘പേരക്കിടാങ്ങള്‍’ വാങ്ങിക്കൊടുത്ത ‘മൊബൈല്‍ ഫോണുകള്‍.’
‘ചോര തുടിക്കും ചെറുകയ്യുകളേ,
പേറുക വന്നീ പന്തങ്ങള്‍
ഏറിയ തലമുറ പേറിയ പാരിന്‍
വാരൊളി മംഗള കന്തങ്ങള്‍’
എന്ന വൈലോപ്പിളളി വരികള്‍, പുതിയ കാലത്ത് മൊബൈല്‍ ഫോണുകളെയാണ് ഉദ്ദേശിക്കുന്നത്.
മാധ്യമ/വലതുപക്ഷ വേട്ടക്കിടയിലും പിണറായിയുടെ തന്നെ പോലീസ് നയങ്ങള്‍ക്കിടയിലും പാര്‍ട്ടിക്കു വേണ്ടി ‘പന്തങ്ങള്‍ പേറിയ ചോര തുടിക്കുന്ന ചെറു കയ്യുകള്‍’ എം.ബി രാജേഷും എം.സ്വരാജും എ.എ. റഹീമും മുഹമ്മദ് റിയാസുമാണ്. അവരുടെ ഈ വിജയത്തെ ‘പിണറായിയുടെ വിജയമായി അവതരിപ്പിക്കുന്നത്, വ്യക്തി പ്രഭാവങ്ങളില്‍ അഭിരമിക്കാത്ത സഖാവ് പിണറായി പോലും ആഗ്രഹിക്കുന്നുണ്ടാവില്ല.
അതു കൊണ്ട്, ദയവ് ചെയ്ത് നാം പിണറായിയെ കവര്‍ സ്റ്റോറിയാക്കരുത്. കാരണം, ഈ തിരഞ്ഞെടുപ്പിന്റെ വിജയശില്പി പിണറായി വിജയനല്ല. ഇടതു പക്ഷത്തിന് വോട്ടു ചെയ്ത എത്ര ‘പൗരന്‍’മാരെ ഈ തിരഞ്ഞെടുപ്പില്‍ പിണറായി വിജയന്‍ പ്രചോദിപ്പിച്ചിട്ടുണ്ട്? അറിയില്ല. എന്നാല്‍, തീര്‍ച്ചയായും, എം.സ്വരാജും എം.ബി രാജേഷും മുഹമ്മദ് റിയാസും രാഷ്ട്രീയമായി മലയാളി ഇടത് യൗവനങ്ങളെ പ്രചോദിപ്പിച്ചിട്ടുണ്ട്. കാരണം, ഇവരില്‍, വി.ടി ബല്‍റാമിന്റെ ‘കാവിയാത്മക ചിരി ‘കാണാന്‍ സാധിക്കില്ല.
രമേശ് ചെന്നിത്തലയും വി.ടി ബല്‍റാമും ഉള്‍പ്പെടുന്ന ‘സവര്‍ണ മധ്യനിര’ടീം നയിക്കുമ്പോള്‍ ഒരു യഥാര്‍ഥ വിജയഗോള്‍ കോണ്‍ഗ്രസ്സില്‍ ഇനിയും അകലെയാണ്. ‘താരതമ്യ സാഹിത്യം’ കാച്ചി അവര്‍ ഇനിയും മുന്നോട്ടു പോകും. യഥാര്‍ഥത്തില്‍ ‘രമേശ് ചെന്നിത്തലയും വി.ടി. ബല്‍റാമുമാണ് ഈ വീടിന്റെ ഐശ്വര്യം’ എന്ന് ഇടതുപക്ഷവും തിരിച്ചറിയുന്നുണ്ടാവണം.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Thaha Madayi writes about ldf victory – kerala local body election