ആരാണ് ഗൗരിയമ്മ? ഇന്ന് ഏറ്റവും കൂടുതല്‍ ഷെയര്‍ ചെയ്യപ്പെട്ട കവിത ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ‘ഗൗരി’ ആയിരിക്കും. ഉറച്ച സി.പി.ഐ.എം കേഡര്‍മാരും ആ കവിതയിലെ വരികള്‍ പങ്കുവെച്ചു. എന്നാല്‍, പാര്‍ട്ടിയില്‍ നിന്ന് നായനാര്‍ക്ക് മുഖ്യമന്ത്രിയാവാന്‍ വേണ്ടി മാറ്റി നിര്‍ത്തപ്പെട്ട ഗൗരിയമ്മയുടെ ചരിത്രത്തില്‍ ‘ഒറ്റക്കുള്ള നില്‍പ്’ ആ കവിത രാഷ്ട്രീയമായി വരച്ചു കാട്ടുന്നുണ്ട്. ആ വരികള്‍ ഇതാണ്:
ഇത്, ‘കേരം തിങ്ങും കേരള നാട് കെ.ആര്‍. ഗൗരി ഭരിക്കട്ടെ’ എന്ന് കേരളം മുഴുവന്‍മുഴങ്ങിയ ഒരു മുദ്രാവാക്യം നിഷ്ഫലമാക്കപ്പെട്ടതിന്റെ രാഷ്ട്രീയ ഓര്‍മ്മ രേഖപ്പെടുത്തുന്ന വരികളാണ്. ഫലിതത്തിനെന്നും തിരുമേനി നല്ലൂ – എന്ന വരികള്‍, ആരിലേക്ക് തിരിച്ചു വെച്ച സൂചിമുനയാണ്എന്ന് വ്യക്തമാണ്. ഈ കവിതയില്‍ തന്നെയാണ് ഇടതുപക്ഷത്തെക്കുറിച്ചുള്ള ഏറ്റവും ശക്തിയുള്ള വരികള്‍ ഉള്ളത്. പാര്‍ട്ടി കേഡര്‍മാര്‍ ഇന്ന് ഷെയര്‍ ചെയ്യാത്ത ആ വരികള്‍ ഇതാണ്:
തൊഴിലാളി വര്‍ഗം
അധികാരമേറ്റാല്‍
അവരായി പിന്നെ
അധികാരി വര്‍ഗ്ഗം.
അധികാരമപ്പോള്‍
തൊഴിലായി മാറും.
അതിനുള്ള ‘കൂലി ‘
അധികാരി വാങ്ങും’.
‘ചങ്ങാത്ത മുതലാളിത്ത’ത്തെക്കുറിച്ച് മലയാളത്തില്‍ എഴുതപ്പെട്ട ഒരു രാഷ്ട്രീയ കവിതയാണ്, ‘ഗൗരി’.
എന്നാല്‍, ചരിത്രത്തിലെ മറ്റൊരു ഐറണിയെക്കുറിച്ച് സൂചിപ്പിക്കാനാണ് ഈ കുറിപ്പ്. സി.കെ. ജാനു വായിച്ച ഒരേയൊരു ആത്മകഥ ഗൗരിയമ്മയുടേതാണ്. മലയാള മനോരമ, മംഗളം തുടങ്ങിയ ‘പൈങ്കിളി’ വാരികകളുടെ കടുത്ത വായനക്കാരിയായ സി.കെ. ജാനു, ‘അഞ്ചെട്ടു പ്രാവശ്യം വായിച്ച ഒരേയൊരു പുസ്തകം ‘കെ.ആര്‍. ഗൗരിയമ്മയുടെ ആത്മകഥയാണ് എന്ന് ഈ ലേഖകന്‍ ജാനുവുമായി മാതൃഭൂമി ആഴ്ചപ്പതിപ്പിനു വേണ്ടി നടത്തിയ സംഭാഷണത്തില്‍ തുറന്നു പറഞ്ഞിട്ടുണ്ട്. സി.കെ. ജാനു കേരളത്തില്‍ ആരാധിക്കുന്ന ഏക സ്ത്രീ ഗൗരിയമ്മയാണ് എന്നും സി.കെ. ജാനു തുറന്നു പറയുന്നുണ്ട്.
‘കലഹത്തിനെന്നും അടിയാത്തി പോരും’ എന്ന വരികള്‍ രാഷ്ട്രീയമായ വലിയ മുഴക്കമായി മാറുന്നത് ഈ രണ്ട് സ്ത്രീകളിലൂടെയാണ്.
കേരള രാഷ്ട്രീയം സ്ത്രീകളാല്‍ അല്ല, ‘തിരുമേനി ‘മാരാല്‍ ആണ് അതിന്റെ ഉള്ളടക്കത്തെ രൂപപ്പെടുത്തിയത്. സ്ത്രീകളുടെ ജീവിതം ആത്മകഥയായി വായിക്കാം. കേരളം കണ്ട ഏറ്റവും ഉജ്ജ്വലമായ ജീവിതം നയിച്ച ആ സ്ത്രീ, മാധവിക്കുട്ടി, നമുക്ക് പുസ്തകമല്ലെ?
ഭരണത്തിന്റെ മുഖ്യചുമതലകള്‍ പുരുഷന്മാര്‍ നിര്‍വ്വഹിച്ചു കാണുന്നതിലാണ്, നമ്മുടെ പുരോഗമന മനസ്സുകളും ഉല്‍ക്കടമായി ആഗ്രഹിക്കുന്നത്. ഇരട്ടത്താപ്പിലാണ് നാം ബോധത്തിന്റെ പതാക ആഴത്തില്‍ നാട്ടിയിരിക്കുന്നത്. സുനില്‍ പി. ഇളയിടത്തെ അറിയുന്നവരില്‍ പകുതിയിലേറെ പേരും ജെ.ദേവികയുടെ തുറസ്സായതും ബൗദ്ധികവും വ്യക്തിപരവും സാമൂഹ്യ ബന്ധങ്ങളിലെ ജനാധിപത്യ ഉള്ളടക്കത്തെ വേറിട്ടും ഉയര്‍ന്നും പ്രകാശിപ്പിക്കുന്ന ലേഖനങ്ങള്‍ വായിച്ചവരായിരിക്കില്ല. അര്‍ത്ഥരഹിതമായ ഒരു താരതമ്യത്തിന് മുതിരുകയല്ല. താരതമ്യത്തിലൂടെ രാഷ്ട്രീയ അധികാരം മാത്രമല്ല, സാംസ്‌കാരിക അധികാരം കൈയാളുന്നവരാണ് പുരുഷന്മാര്‍. താരതമ്യത്തിലൂടെ ഏത് മേഖലയിലായാലും പുരുഷന്മാരെ വമ്പിച്ച ഭൂരിപക്ഷത്തില്‍ നാം വിജയിപ്പിക്കും!
താരതമ്യത്തിലൂടെയാണ് പുരുഷന്മാര്‍, പുരുഷന്മാരിലേക്ക്, പുരുഷന്മാരാല്‍ ആണധികാരത്തിന്റെ പതാകകള്‍ കൈമാറുന്നത്. ഗൗരിയമ്മയും ജാനുവും ചരിത്രത്തോട്കലഹിച്ചവരാണ്. അത് വളരെ വലിയ അടയാളപ്പെടുത്തല്‍ തന്നെയാണ്.
(ലേഖനങ്ങളുടെ ഉള്ളടക്കം ഡൂള്‍ന്യൂസിന്റെ എഡിറ്റോറിയില്‍ നിലപാടുകളോട് ചേര്‍ന്നതാവണമെന്നില്ല)
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക