| Monday, 3rd May 2021, 1:08 pm

എട്ടിന്റെ പണി, നാല് ദൃഷ്ടാന്ത കഥകള്‍ | താഹ മാടായി

താഹ മാടായി

ദൃഷ്ടാന്ത കഥ- ഒന്ന്: കെ.എം. ഷാജി

അഴീക്കോട് കെ.എം.ഷാജിയുടെ പരാജയം ഒരു ദൃഷ്ടാന്ത കഥയാണ്. ബുദ്ധിയുള്ളവര്‍ക്ക് അതില്‍ നിന്ന് പലതും പഠിക്കാനുണ്ട്. ഒരു ചെറുപ്പക്കാരന്‍ എന്ന നിലയില്‍ ഷാജി ഖേദം നിറഞ്ഞ ആത്മവിചാരത്തിലൂടെ കടന്നു പോയ ഒരു രാത്രിയായിരിക്കാം, ഇന്നലെ.

ഒരു രാഷ്ട്രീയ നേതാവ് ഒരിക്കലും പറയാന്‍ പാടില്ലാത്ത ഒരു വെല്ലുവിളി കെ.എം.ഷാജി ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണ തുടക്കത്തില്‍ മുസ്‌ലിം ലീഗിന്റെ വേദിയില്‍ അഴീക്കോടു വെച്ച് പറയുകയുണ്ടായി. ‘ഞാന്‍ ജയിച്ചു വരട്ടെ, എനിക്കു പണി തന്നവര്‍ക്കെല്ലാം ഞാന്‍ എട്ടിന്റെ പണി തരും’. ഇത് കവലച്ചട്ടമ്പിമാരുടെ ഒരു ശൈലിയാണ്.

മുന്നിലിരിക്കും മുസ്‌ലിം ലീഗ് യൂത്തന്മാര്‍ അത് കേട്ട് കയ്യടിച്ചിരിക്കും. മൈക്കിന് വോട്ടവകാശമില്ല. ചെറിയ ശബ്ദത്തെ വലിയ ശബ്ദത്തില്‍ വിതരണം ചെയ്യുന്ന ഒരു ടൂള്‍ മാത്രമാണത്. ഏത് ആശയത്തെയും അത് വലിയൊരു ഒച്ചയോടെ ആളുകളിലെത്തിക്കും. ഇക്കാലത്താണെങ്കില്‍ ഇത്തരം പ്രസംഗങ്ങള്‍ മിനുട്ടുകള്‍ക്കകം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കും. തെരഞ്ഞെടുപ്പില്‍ ജയിക്കട്ടെ, യു.ഡി.എഫ് അധികാരത്തില്‍ വരട്ടെ, ഞാന്‍ എനിക്കു പണി തന്നവര്‍ക്ക് എട്ടിന്റെ പണി കൊടുക്കും – ഏതാണ്ട് ഈ ശൈലിയിലാണ് പ്രസംഗം.

മാടായിയില്‍ നിന്ന് മാട്ടൂല്‍ അഴി കടന്ന് അഴീക്കോട് വഴി കണ്ണൂരേക്ക് പോകാം. വളപട്ടണം പുഴയുടെ സൗന്ദര്യം കണ്ട്, കടലും പുഴയും ചേരുന്ന അഴിമുഖത്തിന്റെയും അഴീക്കല്‍ ഉരു നിര്‍മ്മാണത്തിന്റെയും വലിയ ബോട്ടുകളുടെയും ഇടത്തരം കപ്പലുകളുകളുടെയും ഒക്കെ വേറിട്ട കാഴ്ചകള്‍ കണ്ട് അഴീക്കല്‍ കടവില്‍ ബോട്ട് നിര്‍ത്തും.

തെരഞ്ഞെടുപ്പിന് മുമ്പ് ഇങ്ങനെയൊരു യാത്രക്കിടയില്‍, ബോട്ടിലിരിക്കുന്ന വയോധികരായ രണ്ടു മുസ്‌ലിങ്ങള്‍ പരസ്പരം പറയുന്നത് കേട്ടു: ‘ഓന് അങ്ങനെ പറയേണ്ട കാര്യമില്ലായിരുന്നു. ജയിച്ചാ എട്ടിന്റെ പണി കൊടുക്കുന്ന് പറയുന്നതൊന്നും അത്ര ഖൈറായ (നല്ല) കാര്യമല്ല.’

അഴീക്കോട്ടെ മുസ്‌ലിം സമുദായത്തിലെ മുതിര്‍ന്ന പലരുടെയും മനസ്സാണ് ഈ വാക്കിലൂടെ വെളിപ്പെട്ടത്. മുസ്‌ലിം ലീഗിലെ യൂത്തന്മാര്‍ കൊടി പാറിച്ചതു പോലെയും കൈയടിച്ചതു പോലെയുമല്ല കാര്യങ്ങള്‍. വിമര്‍ശകര്‍ക്ക് നേരെയും രാഷ്ട്രീയ എതിരാളികള്‍ക്ക് നേരെയും പകയുടെ രാഷ്ട്രീയം വാക്കുകളിലൂടെ വെളിപ്പെടുത്തുന്നത്, അധികാരം കിട്ടിയാല്‍ അത് രാഷ്ട്രീയമായി ദുര്‍വിനിയോഗം ചെയ്യുമെന്ന മുന്‍കൂര്‍ പ്രഖ്യാപനമാണ്.

ഇത് രാഷ്ട്രീയത്തിലെ ആവേശത്തില്‍ ആത്മബോധം തന്നെ നഷ്ടപ്പെടുന്ന എല്ലാവര്‍ക്കുമുള്ള താക്കീതാണ്. ശത്രുക്കളെ പോലും ആത്മമിത്രങ്ങളാക്കി തീര്‍ക്കുന്ന നന്മയുടെ വാക്കുകള്‍ പറയാനാണ് രാഷ്ട്രീയക്കാര്‍ ശ്രമിക്കേണ്ടത്. എട്ടിന്റെ പണി കൊടുക്കാന്‍ കെ.എം.ഷാജി ആര്? ആ ചോദ്യമാണ് അഴീക്കോട്ടെ വോട്ടര്‍മാര്‍ ചോദിച്ചത്. ഷാജി ഇറങ്ങിയ കിണര്‍ അതാണ്.

ദൃഷ്ടാന്തകഥ-രണ്ട്: നന്മ മരം

ഫിറോസ് കുന്നംപറമ്പില്‍ പരാജയപ്പെട്ടതില്‍ ചിന്തിക്കുന്നവര്‍ക്ക് ഒരു ദൃഷ്ടാന്തമുണ്ട്. വ്യക്തിപരമായി ആര്‍ക്കും അവരുടേതായ രാഷ്ട്രീയമുണ്ട്. ഏറ്റവും ജനപ്രിയ നായകനായിരുന്ന പ്രേംനസീറിന്റെ രാഷ്ട്രീയം, പ്രേംനസീറിന്റെ ആരാധകരില്‍ പലരുടെയും രാഷ്ട്രീയമായിരുന്നില്ല. അതു കൊണ്ട് പ്രേംനസീര്‍ തോറ്റു.

ഒരാള്‍ക്ക് രാഷ്ട്രീയേതര കാരണങ്ങളാല്‍ കിട്ടിയ ഇഷ്ടം, രാഷ്ട്രീയ വോട്ടാക്കി സമാഹരിക്കാന്‍ ഇറങ്ങുമ്പോള്‍ അത് അപകടകരമായ ചില സന്ദേശങ്ങള്‍ മുന്നോട്ടു വെക്കുന്നു. അത് ദു:ഖിതര്‍ക്കും രോഗികള്‍ക്കും കിടപ്പാടമില്ലാത്തവര്‍ക്കും ആശ്രയിക്കാവുന്ന ‘ഏകന്‍’ എന്ന ഒരു അതിമാനുഷനായ ആളായി തന്നെത്തന്നെ അവതരിപ്പിക്കുന്നതിനു തുല്യമാണ്.

ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ‘അരാഷ്ടീയമായി സമാഹരിക്കപ്പെട്ട’ തുകയാണ് ഫിറോസ് കുന്നംപറമ്പില്‍ വിതരണം ചെയ്യുന്നത്. ഫിറോസ് കുന്നംപറമ്പില്‍ ‘നന്മ മരമായി’തീരുന്നത് അങ്ങനെയാണ്. ആ പ്രതിച്ഛായ അധികാര രാഷ്ട്രീയത്തിലേക്കുള്ള ചവിട്ടു പടിയായി ഉപയോഗിക്കുന്നത്, രാഷ്ട്രീയമായ അശ്ലീലമാണ്.

ദൃഷ്ടാന്തകഥ -മൂന്ന്: പി.കെ. ഫിറോസ്

പി.കെ. ഫിറോസിന്റെ പരാജയത്തില്‍ ചിന്തിക്കുന്നവര്‍ക്ക് ഒരു ദൃഷ്ടാന്തമുണ്ട്. തെരഞ്ഞെടുപ്പില്‍ സെക്യുലര്‍ മലയാളികളുടെ വ്യക്തിഗതമായ ദു:ഖമായി തീര്‍ന്ന ഒരു പരാജയം, എം. സ്വരാജിന്റെതാണ്. അത്തരമൊരു ദു:ഖ ബോധം പി.കെ. ഫിറോസിന്റെ പരാജയം ആരിലുമുണ്ടാക്കാനിടയില്ല.

കേന്ദ്ര അന്വേഷണ സംഘം പിണറായി സര്‍ക്കാറിനെ വിടാതെ പിന്തുടര്‍ന്നതില്‍ രാഷ്ട്രീയ കാരണങ്ങള്‍ കൂടിയുണ്ടായിരുന്നു. എന്നാല്‍, കെ.ടി. ജലീലിനെ മാത്രമായിരുന്നു, പി.കെ. ഫിറോസ് ടാര്‍ഗറ്റ് ചെയ്തത്. അതിവൈകാരികമായ ആത്മവിശ്വാസവും പടച്ചവനെ പിടിച്ച് സത്യം ചെയ്യുന്ന വിശ്വാസിയുടെ അടവു നയങ്ങളുമൊക്കെ കെ.ടി. ജലീലില്‍ കാണാം. എങ്കില്‍ തന്നെയും അയാള്‍ ടാര്‍ഗറ്റ് ചെയ്യപ്പെടാന്‍ മാത്രം ഒരു മോശം രാഷ്ട്രീയക്കാരനല്ല. കെ.ടി. ജലീല്‍ തോറ്റു കാണണമെന്ന കുഞ്ഞാലിക്കുട്ടിയുടെ ആഗ്രഹത്തിന്റെ പ്രതിഫലനമാണ് പി.കെ. ഫിറോസിലൂടെ നിരന്തരമായി പുറത്തു വന്നത്. കുഞ്ഞാലിക്കുട്ടിയാല്‍ അനുഗ്രഹീതനായി അധികാരത്തിന്റെ പടവുകള്‍ കയറാം എന്ന ആ ആഗ്രഹം, ഒറ്റവാക്കില്‍ ,ഡിം!

എം.സ്വരാജിനെ നോക്കൂ. പരാജയത്തിലും പരാജയപ്പെടാത്ത വാക്കുകള്‍. പൂര്‍ണ്ണമായും സ്വരാജ് സംസാരിച്ചത്, തീവ്ര ഹിന്ദുത്വത്തിനെതിരെയായിരുന്നു.

ദൃഷ്ടാന്തകഥ – 4: പി.സി. ജോര്‍ജ്

ദൈവമേ, എന്തു മനോഹരമായ പരാജയം!

അങ്ങനെ പല ദൃഷ്ടാന്തങ്ങള്‍ ഈ തിരഞ്ഞെടുപ്പ് ഫലം ചിന്തിക്കുന്നവര്‍ക്ക് മുന്നില്‍ വെക്കുന്നുണ്ട്.

Content Highlight: Thaha Madayi writes About Kerala Election Results 2021

താഹ മാടായി

എഴുത്തുകാരന്‍

We use cookies to give you the best possible experience. Learn more