| Saturday, 30th January 2021, 2:14 pm

കാനായിക്ക് സ്ത്രീകള്‍ മുലകളാണ്, നിശ്ചലമായ പോണ്‍ ചിത്രങ്ങള്‍ മാത്രമാണ് ആ ശില്‍പങ്ങള്‍

താഹ മാടായി

പ്രശസ്ത ശില്‍പി കാനായി കുഞ്ഞിരാമന്‍ നിര്‍മിച്ച പൊതു ഇട ശില്‍പങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായ ‘ജലകന്യക’യും ‘യക്ഷി ‘ യും സ്ത്രീ നഗ്‌നതയുടെ ഉദാത്തമായ ആവിഷ്‌കാരങ്ങളാണ്. സ്ത്രീയുടെ മാറിടം ‘പൊതു ഇട’ത്തില്‍ പ്രദര്‍ശിപ്പിക്കുക വഴി നമ്മുടെ ‘ആണാനന്ദങ്ങളെയാണ്’ ശില്‍പി എത്രയോ വര്‍ഷങ്ങളായി തൃപ്തിപ്പെടുത്തുന്നത്.

സ്ത്രീകളുടെ ‘മാറിടം’ ഈയിടെയായി ഇന്ത്യയില്‍ ചര്‍ച്ചകളുടെ കേന്ദ്ര ബിന്ദുവാണ്. ‘ഉടുപ്പിട്ട മാറിടം സ്പര്‍ശിക്കുന്നത്’ പോക്‌സോ നിയമപ്രകാരം കേസെടുക്കാവുന്ന കുറ്റകൃത്യമല്ല എന്ന മഹാരാഷ്ട്ര ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. സ്ഥല കാലങ്ങളുടെ മാറിയ ഇടത്തില്‍ സ്ത്രീകളുടെ ‘മാറിടം’ ഒരു പുതിയ ചര്‍ച്ചയായി വരുമ്പോള്‍, അതിലെല്ലാം സന്നിഹിതമാകുന്ന പ്രധാന ആശയ പരിസരം, പുരുഷന്റെ കാഴ്ചയും സ്പര്‍ശവും ആനന്ദവും കുറ്റകൃത്യ വാസനയുമാണ്.

ഇവിടെയാണ് കാനായിയുടെ പോണ്‍ ശില്‍പങ്ങളുടെ പുതിയ വായന തുടങ്ങേണ്ടത്. ആണ്‍ ബോധത്തിന്റെ രതിബിംബങ്ങളാണ് കാനായിയുടെ ബീച്ച് ശില്‍പങ്ങള്‍. സ്ത്രീയെ ‘മാംസ നിബദ്ധമായ രാഗം’ മാത്രമായിട്ടാണ് ഈ ശില്‍പങ്ങള്‍ അവതരിപ്പിക്കുന്നത്. നിശ്ചലമായ പോണ്‍ ചിത്രങ്ങള്‍ മാത്രമാണവ.

മലമ്പുഴയിലെ ‘യക്ഷി’ ശില്‍പം

‘തുല്യത’ എന്ന മഹത്തായ ആശയം തിരുവിതാംകൂറില്‍ അവതരിപ്പിക്കുന്നത് 1836-ല്‍ അയ്യാ വൈകുണ്ഠസ്വാമികള്‍ ആണ്. അസ്പൃശ്യര്‍ക്കും ഉന്നത വര്‍ഗ്ഗക്കാര്‍ക്കുമിടയില്‍ നില നിന്ന മനുഷ്യവിരുദ്ധമായ പല ആചാരങ്ങള്‍ക്കുമെതിരെ അയ്യാ വൈകുണ്ഠസ്വാമികള്‍ ഉറച്ച ശബ്ദത്തില്‍ സംസാരിച്ചു.

‘സമത്വ സമാജം’ എന്ന പേരില്‍ ഒരു പ്രസ്ഥാനം തന്നെ അദ്ദേഹം തുടങ്ങി. ‘തുല്യത’ എന്ന ആശയമായിരുന്നു, അതിന്റെ പ്രചോദന കേന്ദ്രം. നാഞ്ചി നാട്ടില്‍ ചാന്നാര്‍ സ്ത്രീകള്‍ക്ക് മേല്‍മുണ്ട് ധരിക്കാന്‍ അവകാശമില്ലായിരുന്നു. തെക്കന്‍ തിരുവിതാംകൂറില്‍ ലണ്ടന്‍ മിഷന്‍ സ്ഥാപിച്ചതോടു കൂടിയാണ് ഇതിന് മാറ്റമുണ്ടാവുന്നത്.

കേണല്‍ മണ്‍റോയുടെ ഭരണകാലത്ത് പുറപ്പെടുവിച്ച ഒരു ഉത്തരവ് പ്രകാരം, ഇതിന് ഒരു മാറ്റം വരുന്ന സ്ഥിതിയുണ്ടായി. ചാന്നാര്‍ സ്ത്രീകള്‍ മാറിടം മറക്കുന്ന കുപ്പായമിട്ടു തുടങ്ങി. (അടിയാറ് ടീച്ചര്‍ എന്ന പരിഹാസത്തിലും നിന്ദയിലും ടീച്ചര്‍ ജോലി രാജി വെച്ച സുലോചന ടീച്ചര്‍ അവരുടെ അനുഭവങ്ങള്‍ ഓര്‍ത്തു പറയുമ്പോള്‍, വടക്കേ മലബാറിലും കീഴാള സ്ത്രീകളുടെ മുലക്കച്ചകള്‍ ഉയര്‍ന്ന ജാതിക്കാര്‍ വലിച്ചൂരുമായിരുന്നു എന്നു പറയുന്നുണ്ട്).

ചാന്നാര്‍ സ്ത്രീകള്‍ മാറിടം മറച്ചു തുടങ്ങിയപ്പോള്‍ ഉയര്‍ന്ന ജാതിക്കാര്‍ പ്രതിഷേധിച്ചു തുടങ്ങി. പല സ്ഥലത്തും ലഹളകള്‍ തന്നെ പൊട്ടിപ്പുറപ്പെട്ടു എന്നതായിരുന്നു ചരിത്രം. ഈ ലഹള നേരിടാന്‍ ദിവാന്‍ മാധവറാവുവിന് പോലീസിന്റെയും പട്ടാളത്തിന്റെയും സഹായം തേടേണ്ടി വന്നു. 1859-ല്‍ മേല്‍ജാതിക്കാരെ അനുകരിക്കാത്ത വിധത്തില്‍ മാന്യമായ രീതിയില്‍ വസ്ത്രം ധരിക്കാന്‍ ചാന്നാര്‍ സ്ത്രീകള്‍ക്ക് അനുവാദം കൊടുത്തുകൊണ്ട് ഒരു റോയല്‍ പ്രോക്ലമേഷന്‍ ഉണ്ടായി.

‘മാറിടം മറ’ക്കാനുള്ള അവകാശത്തിന് വേണ്ടി ഒരു ജനത നടത്തിയ സമരത്തിന്റെ ചരിത്രമാണ് മേല്‍ എഴുതിയത്. അസ്പൃശ്യത ആഴത്തില്‍ വേരൂന്നിയ കടുത്ത വേദനയായിരുന്നു. ‘മാറിടം’ തന്റെയിട’മാക്കാന്‍, ശരീരത്തിന്റെ നഗ്‌നത മറക്കാന്‍ സ്ത്രീകള്‍ സമരം ചെയ്ത നാടാണ് കേരളം. ‘തുല്യത’ എന്നത് ഒരിക്കലും ഹിന്ദുത്വത്തെ പ്രചോദിപ്പിച്ച ആശയമായിരുന്നില്ല. തുല്യത എന്ന ആശയത്തെ കൂവിത്തോല്‍പിക്കാന്‍ ഇന്നും ഹിന്ദുത്വ വാദികള്‍ മുന്നില്‍ തന്നെയാണ് എന്നോര്‍ക്കുക. ഉയര്‍ന്ന ജാതി ബോധമുള്ള സവര്‍ണ ഹിന്ദുത്വത്തോടാണ് ശരീരത്തിന്റെ അസ്തിത്വത്തിനു വേണ്ടി കീഴാള സ്ത്രീകള്‍ സമരം ചെയ്തത്.

ഒരു ഹിന്ദുത്വ വാദിയല്ലാതിരിന്നിട്ടു കൂടി കാനായി കുഞ്ഞിരാമന്‍ തന്റെ സ്ത്രീ ശില്പങ്ങളെ ‘നഗ്‌ന’മായി അവതരിപ്പിക്കുമ്പോള്‍, നേരത്തെ പറഞ്ഞ ‘കാഴ്ചയുടെ ആണാനന്ദമാണ്’ മുന്നില്‍ നില്‍ക്കുന്നത്. അതൊരു പോണ്‍ ശില്‍പമാകുന്നത് അതുകൊണ്ടാണ്. കേരളത്തിലെ, പ്രത്യേകിച്ചും തിരുവിതാംകൂറിലെ അസ്പൃശ്യരായ സ്ത്രീകള്‍ നടത്തിയ ശരീരത്തിന് മേലുള്ള അവകാശത്തിനു വേണ്ടി നടത്തിയ സമരങ്ങളെയല്ല ആ ശരീര ശില്പങ്ങള്‍ പരിഭാഷപ്പെടുത്തുന്നത്.

കാനായി കുഞ്ഞിരാമന്‍   ഫോട്ടോ: ഷാജി മുള്ളൂക്കാരന്‍

ചരിത്രത്തെ ആ ശില്പങ്ങള്‍ ഒരു നിലക്കും അവതരിപ്പിക്കുന്നില്ല. ചരിത്രത്തെയും സര്‍ഗാത്മകതയേയും കുട്ടിക്കുഴക്കുകയല്ല. മാറിടം മറക്കാന്‍ വേണ്ടി സമരം ചെയ്ത സ്ത്രീകള്‍ ഉള്ള നാട്ടില്‍ തുറന്ന മാറിടം കാണിക്കുന്ന സ്ത്രീയെ ശില്‍പമായി അവതരിപ്പിക്കുന്നത്, ചരിത്ര വിരുദ്ധമാണ് എന്നു മാത്രം.

നഗ്‌ന മാറിടം കാണിക്കുന്നത്, ‘തമ്പുരാട്ടി’യല്ല, ‘യക്ഷി’യാണ്. ‘യക്ഷി’ അരികു ജീവിതത്തിലെ ഒരു സ്ത്രീ സങ്കല്പമാണ്. അവിടെയും സവര്‍ണ ആണ്‍ബോധത്തിന് അനുപൂരകമാണ് ശില്‍പങ്ങള്‍. പൊതുവിടത്തില്‍ കാനായി ശില്‍പങ്ങളുടെ നാരീ മാറിടങ്ങള്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനിടയുണ്ട്. സ്ത്രീയുടെ ശരീരത്തെ വിനോദമായി കാണുന്നതാണ് പുരുഷന്റെ കാഴ്ചയുടെ ചരിത്രം. തിരുവിതാം കൂറിലെ ‘അവള്‍’ ”ശരീരത്തിനു മേല്‍ അവകാശമുള്ള അവളായി’ത്തീര്‍ന്ന ചരിത്രം കാനായിയുടെ ശില്പങ്ങള്‍ പറയുന്നില്ല.

അപ്പോള്‍, ആ നഗ്‌നതയുടെ ആനന്ദം, അധികാര രൂപമാര്‍ന്ന പുരുഷ കാഴ്ചയുടെ ‘ഉന്നത കുലജാത’ മായ ഒരു ഹിന്ദു നോട്ടമാണ്. പഴയ തമ്പുരാക്കന്മാരുടെ കാഴ്ച. കാനായി ഇത്ര വലിയ മുലകള്‍ ശില്‍പങ്ങളായി അവതരിപ്പിക്കുക വഴി, തുല്യതയ്ക്കു വേണ്ടിയുള്ള സമരങ്ങളിലൂടെ സ്ത്രീകള്‍ നേടിയെടുത്ത മാറിടം മറക്കാനുള്ള അവകാശത്തെ പൂര്‍ണ്ണ മനസ്സോടെ തിരസ്‌കരിക്കുകയാണ്.

താഹ മാടായി എഴുതിയ മറ്റ് ലേഖനങ്ങള്‍ ഇവിടെ വായിക്കാം

സ്ത്രീകള്‍ സമരം ചെയ്ത് നേടിയെടുത്ത ആ ‘വസ്ത്രം’ കാനായി അവരില്‍ നിന്ന് എടുത്തു മാറ്റുന്നു. നഗ്‌നമായി സ്ത്രീകളെ ചരിത്രത്തില്‍ നിര്‍ത്തുന്നു. ഒരിടത്ത് മാത്രമല്ല, കേരളത്തില്‍ പലയിടത്തായി കാനായി സ്ത്രീകളുടെ നഗ്‌ന മാറിടങ്ങളെ പൊതു ഇടത്തില്‍ നിര്‍ത്തിയിരിക്കയാണ്. ജലകന്യക, യക്ഷി, അമ്മയും കുഞ്ഞും….. അങ്ങനെ.

കണ്ണൂര്‍ പയ്യാമ്പലത്തെ അമ്മയും കുഞ്ഞും കാനായിയുടെ ‘സ്ത്രീ വിരുദ്ധത’യുടെ സര്‍ഗാത്മകമായ പ്രകാശനമാണ്. ‘മുലകള്‍’ വിട്ട് കാനായിക്ക് സ്ത്രീകളെ ആലോചിക്കാനേ കഴിയുന്നില്ല. മുലകളാണ് കാനായിക്ക് ‘അവള്‍’. ഇത് ഒരു ഫ്യൂഡല്‍ ബോധമാണ്. മാറു മറക്കാന്‍ സ്ത്രീകള്‍ നടത്തിയ ചരിത്രം കാനായിയുടെ നഗ്‌ന മാറിടങ്ങള്‍ പറയുന്നില്ല. അങ്ങനെ ബീച്ചുകളില്‍ സ്ത്രീകളെ ‘A’ ശില്‍പങ്ങളായി എത്രയോ കാലമായി നിര്‍ത്തിയിരിക്കയാണ്, കാനായി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Thaha Madayi Writes about Kanayi Kunjiraman’s Sculptures

താഹ മാടായി

എഴുത്തുകാരന്‍

We use cookies to give you the best possible experience. Learn more