മുസ്‌ലിം ജീവിതം ഏറ്റവും പരീക്ഷണോന്മുഖമായ പരിഷ്‌കാരങ്ങള്‍ കൊണ്ടു വന്നത് മരിച്ച വീടുകളിലും മങ്ങല വീടുകളിലുമാണ്. മുട്ടിപ്പാട്ടില്ലാത്ത ഒരു മുസ്‌ലിം കല്യാണ വീട്ടില്‍ ചെന്ന് ബിരിയാണി കഴിച്ചു മടങ്ങുമ്പോള്‍ ചങ്ങാതി പറഞ്ഞു: ‘ആ ബിരിയാണി കൂടി ഇല്ലെങ്കില്‍ മരിച്ച വീടിന് സമം. പാട്ടില്ലാത്ത വീട്ടില്‍ റഹ്‌മത്തിന്റെ മലക്കുകള്‍ കയറി വരുമോ?’
ഇടയ്ക്ക് മുട്ടിപ്പാട്ടിന് പോകുന്ന ആ ചങ്ങാതിക്ക് സംഗീതമാണ് എല്ലാ നന്മകളുടെയും ആധാരം. പാട്ടു കേള്‍ക്കുമ്പോള്‍ നമ്മുടെ ഉള്ളിലെ തിന്മകള്‍ പുറത്തു വരില്ല എന്നവന്‍ വിശ്വസിക്കുന്നു. ‘അന്ധമായ പാര്‍ട്ടി ഭക്തിയുള്ള കെ.ടി. ജലീല്‍ പോലും പേരക്കിടാവിനെ താരാട്ടു പാടി ഉറക്കുന്നത് ഈയിടെ കണ്ടില്ലേ? അത്ര ആര്‍ദ്രതയുണ്ട് ആ വരികള്‍ക്ക്,’ അവന്‍ പറഞ്ഞു.
മങ്ങല വീട്ടില്‍, എന്റെ കുട്ടിക്കാലത്ത് ഒപ്പന പാടുന്ന സംഘം തന്നെയുണ്ടായിരുന്നു. പുതുനാരിയെ ഒരു കസേരയില്‍ അണിയിച്ചിരുത്തി, അവര്‍ ചുറ്റും ഇമ്പമുള്ള പാട്ടുകള്‍ പാടി. അങ്ങനെ ഒപ്പനയ്ക്ക് വരുന്ന കുട്ടികളുടെ മൈലാഞ്ചിയിട്ട വിരലുകളും തുള്ളിച്ചാടുന്ന കാലുകളും നോക്കിയിരുന്നപ്പോള്‍ എനിക്കു കിട്ടിയ ആനന്ദം ചില്ലറയൊന്നുമായിരുന്നില്ല.
ചിത്രത്തിന് കടപ്പാട്: കേരള ടൂറിസം
‘എന്താണ് സ്വര്‍ഗം?’ ഞാന്‍ ചിന്തിച്ചു.
‘ശരീരമാണ് സ്വര്‍ഗം’
എനിക്ക് ഉത്തരം കിട്ടി. ആ ഉത്തരത്തിലേക്ക് എന്നെയെത്താന്‍ പ്രേരിപ്പിച്ചത് ഇസ്‌ലാമാണ്. മരിച്ച് മണ്ണായിത്തീരുന്നില്ല ശരീരം. റഫീക്ക് അഹമ്മദ് എഴുതിയത് പോലെ നാം നമ്മുടെ അനുവാദമില്ലാതെ ശരീരത്തെ പുഴുക്കള്‍ക്ക് തിന്നാന്‍ കൊടുക്കകയല്ല. പിന്നെയോ?
സ്വര്‍ഗത്തില്‍ നമ്മെ, പുരുഷന്മാരെ കാത്തിരിക്കുന്നു.
ആര്?
ഹൂറികള്‍.
സ്വര്‍ഗീയ സുന്ദരികള്‍.
അപ്പോള്‍ സ്വര്‍ഗം എന്താണ്?
ശരീരം. സുന്ദരിമാര്‍ നമ്മെ തലോടുന്ന ഇടം.
സ്വര്‍ഗത്തിലും ഭൂമിയിലുമുള്ള ശരീരം എങ്ങനെ നമ്മെ മോഹിപ്പിക്കുന്നു, ആ മോഹന വാഗ്ദാനങ്ങളില്‍ നിന്ന് എങ്ങനെയൊക്കെ ഭൂമിയില്‍ വെച്ച് അകലം പാലിക്കാം എന്നതാണ് മതം പഠിപ്പിക്കുന്ന പ്രധാന പാഠം. ഇസ്‌ലാമിന്റെ അടിസ്ഥാന പാഠാവലി അതാണ്.
ഈ അടിസ്ഥാന പാഠാവലിയില്‍ നാം ഓര്‍ക്കുന്ന കാര്യം മരിച്ചു കഴിഞ്ഞാല്‍ ശരീരം എന്തു ചെയ്യും എന്നാണ്. മൂന്നാം ദിവസം ‘കണ്ണോക്ക് ദിന’മാണ്. ആ ദിവസം എന്റെ ബാല്യത്തില്‍ പെരുന്നാള് പോലെ നെയ്‌ച്ചോറും പരിപ്പുകറിയും ബീഫ് വരട്ടിയതും വിളമ്പിയ എത്രയെത്ര വീടുകള്‍.
മരിച്ചവരെ ഓര്‍ത്ത് വയറ് നിറച്ചുണ്ണുന്നവരുടെ ആ കാലം കടന്നുപോയി. മൂന്നാം ദിവസം പൂവമ്പഴത്തിലും ഉണ്ണിയപ്പത്തിലേക്കും ചുരുങ്ങി. ജമാഅത്തെ ഇസ്‌ലാമില്‍പ്പെട്ടവരുടെ വീട്ടില്‍ ആരെങ്കിലും മരിച്ചു ഖബറടക്കി വീട്ടില്‍ വന്നയുടന്‍ തന്നെ ബന്ധുമിത്രാദികള്‍ക്കും അതിഥികള്‍ക്കും ഭക്ഷണം, മിക്കവാറും ബിരിയാണി തന്നെ കൊടുക്കുന്ന പതിവുണ്ട്.
അത്തരം സന്ദര്‍ഭങ്ങളില്‍ നിര്‍ഭാഗ്യവശാല്‍ എനിക്ക് വയറ് നിറച്ചുണ്ണാന്‍ സാധിക്കാറില്ല. മരിച്ചു പോയവരുടെ ആത്മാവ് ഒന്നും തിന്നാനാവാത്ത സങ്കടത്തില്‍ കൊതിപൂണ്ട് ദുഃഖിതനായി അവിടെയൊക്കെ അലഞ്ഞുതിരിയുന്നതായി തോന്നും. വെറും തോന്നലാണ് എന്നറിയാം, എന്നാലും തോന്നും.
എന്നാല്‍, മരിച്ച വീടുകളെ ദുഃഖസാന്ദ്രമാക്കുന്ന പല ഘടകങ്ങള്‍ ഉണ്ട്. അതിലൊന്ന് അഗര്‍ബത്തിയുടെ രൂക്ഷ ഗന്ധമാണ്. ഇപ്പോഴും സുഗന്ധത്തിനു വേണ്ടി എന്തെങ്കിലും വാങ്ങുമ്പോള്‍ മരണവീട്ടിലെ മണം അല്ലല്ലൊ എന്ന് ഞാന്‍ ചോദിക്കാറുണ്ട്. ഗന്ധങ്ങളിലൂടെയാണ് നാം ചില അനുഭവങ്ങളെ സ്വാംശീകരിക്കുന്നത്. മങ്ങല വീട്ടിലൊരു മണം, മരിച്ച വീട്ടില്‍ മറ്റൊരു മണം.
ഈയിടെ കോഴിക്കോട് ഒരു മരിച്ച വീട് സന്ദര്‍ശിച്ചു. അവിടെ മുസ്‌ലിം വീടായതു കൊണ്ടു തന്നെ, ചിലര്‍ യാസീന്‍ ഓതുന്നു, ചിലര്‍ ദിക്‌റ് ചൊല്ലുന്നു, ചിലര്‍ മൗനമായി ഇരുന്ന് പരേതാത്മാവിനു വേണ്ടി ദുആ ചെയ്യുന്നു.
ഇസ്‌ലാം എന്നത് വൈവിധ്യങ്ങളുടെ ആത്മീയ റിപ്പബ്ലിക്കാണ് എന്ന് മരിച്ച വീട്ടില്‍ പോയാലറിയാം. അല്ലെങ്കില്‍ മങ്ങല വീട്ടില്‍ ചെന്നാലും മതി. നിങ്ങള്‍ക്കെന്താണോ അതായിരിക്കുവാനുള്ള സ്‌പെയ്‌സ് അവിടെയുണ്ട്.
ഞാന്‍ പോയ വീട്ടില്‍ മയ്യിത്ത് എടുക്കുന്നതു വരെ ബുര്‍ദ്ദയുണ്ടായിരുന്നു. സത്യം പറയട്ടെ, എന്റെ ജീവിതത്തില്‍ ആദ്യമായിട്ടായിരുന്നു അങ്ങനെയൊരനുഭവം. കുറേ പേര്‍ ഇരുന്ന് സംഗീത സാന്ദ്രമായി ബുര്‍ദ്ദ ആലപിക്കുന്നു.
അത് മനോഹരമായ അനുഭവമായിരുന്നു. ചിലര്‍ രഹസ്യമായി അസ്വസ്ഥത പ്രകടിപ്പിക്കുന്നുണ്ട്. എന്നാല്‍, സംഗീതസാന്ദ്രമായ കുറേ നിമിഷങ്ങള്‍ അവിടെയുണ്ടായി. മരിച്ച വീട്ടില്‍ ബുര്‍ദ്ദ ആലപിക്കുന്നതിന്റെ ഇസ്‌ലാമിക വിധി എന്താണ്? മങ്ങല വീട്ടില്‍ മുട്ടിപ്പാട്ട് പാടുന്നതിന്റെ ഇസ്‌ലാമിക വിധി എന്താണ്?
ഇന്ന് വാലന്റൈന്‍ ദിനമാണ്. ബറാത്തും വാലന്റൈന്‍ ദിനവും ഒന്നിച്ചാണ് വന്നത്. വാലന്റൈന്‍ ദിനത്തിന്റെ ഇസ്‌ലാമിക വിധി എന്താണ്?
ഞാനൊരു മതപണ്ഡിതന്‍ അല്ലാതിരിന്നിട്ടു കൂടി ഒരു കൂട്ടുകാരി വാലന്റൈന്‍ ദിനത്തിന്റെ ഇസ്‌ലാമിക വിധി എന്താണ് എന്ന് ചോദിച്ചു. ഞാന്‍ അവളോട് പറഞ്ഞു:
‘നീ നിന്റെ കാമുകനോട് പറയുക പ്രിയപ്പെട്ടവനെ നീയാണ് എന്റെ ബറാത്ത്’.
അങ്ങനെ പറയുന്നത് ഹറാമല്ലെ എന്ന് അവള്‍ ചോദിച്ചു. പ്രണയം ഹറാമാണോ? സ്‌നേഹം ഹറാമാണോ? സ്‌നേഹത്തില്‍ അഭിവൃദ്ധിയുണ്ടാക്കാന്‍ പ്രാര്‍ഥിക്കുന്നതില്‍ എന്താണ് തെറ്റ്? മരിച്ച വീട്ടില്‍ ബുര്‍ദ്ദ ആലപിക്കുന്നതില്‍ എന്താ തെറ്റ്? മങ്ങല വീട്ടില്‍ മുട്ടിപ്പാട്ട് പാടുന്നതില്‍ എന്താ തെറ്റ്?
ഇസ്‌ലാമില്‍ നിങ്ങളെന്താണോ അതായിരിക്കാനുള്ള സ്‌പെയ്‌സ് ഉണ്ട്. സിംസാറുല്‍ ഹഖിന് ഡൊണാള്‍ഡ് ട്രംപിനെ പ്രശംസിക്കാന്‍ തോന്നുന്നത് അതുകൊണ്ടാണ്. കുടിക്കാത്ത, വലിക്കാത്ത ട്രംപ്.
അതായത്, ട്രംപിന് പോലും ഇസ്‌ലാമില്‍ ഒരു സ്‌പെയ്‌സ് ഉണ്ട്. ആരെയും ആ മതം പുറത്താക്കുന്നില്ല. ഒരു വിധത്തില്‍ പറഞ്ഞാല്‍ അകത്താക്കുന്നുമില്ല.
മതം, മതം എന്ന് പറഞ്ഞു വെറുതെ ടെന്‍ഷടിക്കുകയാണ്. ഹലാല്‍ വാലന്റൈന്‍ ദിനാശംസകള്‍.
Content Highlight: Thaha Madayi writes about Islamic ruling of Muttippattu, Burdha and Valentines Day