| Wednesday, 15th September 2021, 10:36 am

ഫാത്തിമയും പൊങ്കാല യൗവനവും | താഹ മാടായി

താഹ മാടായി

മുസ്‌ലിം ലീഗ് വീട്ട് താന്‍ എങ്ങോട്ടും പോകുന്നില്ല എന്ന് ഫാത്തിമ തെഹ്‌ലിയ പറഞ്ഞതോടെ ‘പൊങ്കാല ജന്മങ്ങള്‍’ പ്രതിരോധത്തിലായിരിക്കുകയാണ്. അറിയാവുന്ന എല്ലാ ഭാഷയിലും പൊങ്കാലയിട്ടു. എന്നിട്ടും ഫാത്തിമ! ഫാത്തിമ എവിടെയും പോകുന്നില്ല. പൊങ്കാല ഒരു പുരുഷ കലയാണ്. പ്രത്യേകിച്ചും ഒരുപാട് അപകര്‍ഷതകളുടെ ഭാരവുമായി ജീവിക്കുന്ന പുരുഷ യൗവനം ‘പൊങ്കാല’യില്‍ അര്‍മാദിക്കുന്നു. സ്ത്രീയാണ് അപ്പുറമെങ്കില്‍ ഭാഷ ചാട്ടുളി പോലെയാവും.

എന്നാല്‍, പ്രഭാഷണം കൊണ്ട് മലയാളികളെ, പ്രത്യേകിച്ചും മുസ്‌ലിം സദസ്സിനെ ഏറെ ആകര്‍ഷിച്ച അബ്ദുല്‍ സമദ് സമദാനിയുടെ ഏറ്റവും പ്രകീര്‍ത്തിക്കപ്പെട്ട ഒരു പ്രഭാഷണത്തിന്റെ പേര് ‘അതാണ് ഫാത്തിമ’ എന്നാണ്. പ്രവാചക പുത്രിയായ ചരിത്രത്തിലെ ഫാത്തിമയെക്കുറിച്ചാണ് ആ പ്രഭാഷണം.

യൗവനത്തില്‍ ഞാന്‍ ഏറെ ആദരവോടെ, അത്ര തന്നെ രസിച്ചു കേട്ട പ്രഭാഷണമാണ്, സമദാനിയുടേത്. സാഹോദര്യവും മൈത്രിയുടെ മഴവില്‍ ചാരുതയുമുണ്ടാക്കുന്ന വിധം പ്രസംഗിക്കുന്ന ഒരാളാണ്, അബ്ദുല്‍ സമദ് സമദാനി. അബ്ദുല്‍ സമദ് സമദാനി പ്രഭാഷണകലയിലേക്ക് പുതിയൊരു ശൈലി തന്നെ കൊണ്ടുവന്നു.

സംസ്‌കൃത ശ്ലോകങ്ങള്‍, ഉറുദു ഗസല്‍ കാവ്യാലപനം, മുഹമ്മദ് അല്ലാമാ ഇഖ്ബാല്‍ കവിതകള്‍, ശ്രീ ശങ്കരാചാര്യ സൂക്തങ്ങള്‍, സംഗീതാത്മകമായ ഖുറാന്‍ പാരായണം – ഇങ്ങനെ സമദാനിയുടെ പ്രസംഗ വേദികള്‍ പല തരത്തില്‍ അതു വരെ നാം കേട്ട മുസ്‌ലിം ‘വഅളു’ (പ്രസംഗം) കളില്‍ നിന്ന് വേറിട്ടൊരു ശൈലിയുടെ പ്രകാശനങ്ങളായി മാറി. ആ ശൈലിക്ക് പിന്നീട് ഒട്ടേറെ അനുകര്‍ത്താക്കളുമുണ്ടായി. കേരളത്തില്‍ ഏറ്റവും വലിയ ജനാവലിക്ക് മുന്നില്‍ നിന്ന് പ്രസംഗിച്ചയാള്‍ അബ്ദുല്‍ സമദ് സമദാനിയായിരിക്കും.

അബ്ദുല്‍ സമദ് സമദാനി

കോഴിക്കോട് ബീച്ചിലെ ‘മദീനയിലേക്കുള്ള പാത’ എന്ന വാര്‍ഷിക പ്രഭാഷണങ്ങള്‍ കേള്‍ക്കാന്‍ സ്ത്രീകളും കുട്ടികളുമടങ്ങുന്ന ആബാലവൃദ്ധമൊഴുകി വന്നു. പ്രവാചകനെക്കുറിച്ചുള്ള സ്തുതി കീര്‍ത്തനങ്ങളാണ് ആ പ്രഭാഷണങ്ങളുടെ ആത്മസത്ത. പങ്കജ് ഉധാസ്, മുഹമ്മദ് റഫി, വാണി ജയറാം- തുടങ്ങിയ ഗായകരെക്കുറിച്ചും അദ്ദേഹം പ്രസംഗിച്ചു. മനോഹരമായ പാട്ടു കേള്‍ക്കുന്നതു പോലെ ശ്രോതാക്കള്‍ സമദാനിയുടെ വാക്കുകളില്‍ ലയത്തോടെ ഇരുന്നു.

ഇനിയാണ് ചോദ്യം:
അബ്ദുല്‍ സമദ് സമദാനിയെ നമ്മുടെ ബുദ്ധിജീവികളും സംസ്‌കാരിക പ്രവര്‍ത്തകരും എഡിറ്റര്‍മാരും പ്രധാന സാംസ്‌കാരിക ബുദ്ധിജീവിയും എഴുത്തുകാരനുമായി അവതരിപ്പിക്കാത്തത് എന്തുകൊണ്ടാണ്? അറിവിന്റെ നാനാവിധത്തിലുള്ള പ്രകാശനങ്ങള്‍ സാധ്യമാക്കാന്‍ കഴിയുന്ന ഓര്‍മയുടെ വിശേഷ സിദ്ധിയുള്ളയാളാണ് സമദാനി എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല.

ഇതേ കഴിവ് മറ്റൊരാളില്‍ നിറവോടെ കാണാവുന്നത് സുനില്‍ പി. ഇളയിടത്തിലാണ്. എന്നാല്‍, സമദാനി ‘തൊപ്പി വെച്ച പ്രഭാഷകനാ’യതു കാരണം, സാംസ്‌കാരിക ബുദ്ധിജീവി ലിസ്റ്റില്‍ ആരും ആ പേര് എഴുതി കാണാറില്ല. മാതൃഭൂമി ദിനപത്രത്തില്‍ ‘സാരെ ജഹാം സെ അച്ചാ’ എന്ന കോളം ചെയ്തിരുന്ന സമദാനിയെ സാംസ്‌കാരിക കേരളം ‘മുസ്‌ലിം പ്രഭാഷകനായി’ മാത്രം ചുരുക്കിയെഴുതി. മഹാഭാരതത്തെ അടിസ്ഥാനമാക്കി ഹിന്ദു സംസ്‌കാരത്തെ കുറിച്ച്നിരന്തരമായി പ്രസംഗിച്ച സുനില്‍ പി. ഇളയിടം എന്നാല്‍ നമുക്ക് ബുദ്ധിജീവി കൂടിയാണ്. (സമീപകാലത്ത് മലയാളത്തിലുണ്ടായിട്ടുള്ള ഉജ്വലമായ രാഷ്ട്രീയ പ്രസംഗം ബി. രാജീവന്‍ നടത്തിയതാണ് എന്ന് സാന്ദര്‍ഭികമായി ഓര്‍ക്കാം).

സുനില്‍ പി. ഇളയിടം

നമ്മുടെ വിലയിരുത്തലിന്റെയും സാംസ്‌കാരിക മൂല്യനിര്‍ണയത്തിന്റെയും പ്രധാന അളവുകോല്‍, നിങ്ങള്‍ ‘സാംസ്‌കാരികമായി’ ഏത് സ്ഥലത്ത് നില്‍ക്കുന്നു എന്നതു തന്നെയാണ്. സമദാനിയുടെ സംസ്‌കൃതത്തേക്കാള്‍ സുനിലിന്റെ സംസ്‌കൃതം നമുക്ക് സ്വീകാര്യമാണ്. തൊപ്പി വെച്ച ഒരു മനുഷ്യന്‍ സംസ്‌കൃതം പറയുമ്പോള്‍ അതിലുമുണ്ട് ഭാഷയുടെ ഒരു തുറവി.

(ഈയിടെ ഒരു സുഹൃത്ത്, ഞങ്ങള്‍ ചങ്ങാതിമാര്‍ ഒന്നിച്ചിരിക്കുമ്പോള്‍ സുനില്‍ പി. ഇളയിടത്തിന്റെ പ്രഭാഷണങ്ങളെക്കുറിച്ച് വളരെ മനോഹരമായി സംസാരിച്ചു. തീര്‍ച്ചയായും അത്തരമൊരു ആദരവ് സുനില്‍ അര്‍ഹിക്കുന്നുമുണ്ട്. ‘സമദാനിയുടെ പ്രസംഗവും കേള്‍ക്കാന്‍ നല്ല രസമാണ്’ എന്ന് ഈ ലേഖകന്‍ പറഞ്ഞപ്പോള്‍, ആ ചങ്ങാതി ‘അയാള്‍ മാപ്പിള പ്രഭാഷകനല്ലെ’ എന്ന് തിരിച്ചു ചോദിച്ചു.

‘ആണെങ്കില്‍ തന്നെ?’ ‘ഓ, ഒന്നുമില്ല, പറഞ്ഞുവെന്നു മാത്രം’).

എന്നാല്‍ സുനില്‍ പി. ഇളയിടത്തെ മലയാളികള്‍ ഏറെ ആദരവോടെ കാണുന്നതിനും, സമദാനിയെ ഒരു ‘ബുദ്ധിജീവി’യാക്കാതെ മുസ്‌ലിം ‘പ്രഭാഷകനായി’ മാത്രം ചുരുക്കിക്കെട്ടുന്നതിനും കാരണം, സ്ത്രീയുടെ തുല്യതയ്ക്ക് വേണ്ടി അദ്ദേഹം സംസാരിക്കുന്നില്ല എന്നതാണ്. സുനില്‍ പി. ഇളയിടം തുല്യതയ്ക്കു വേണ്ടി സംസാരിക്കുന്നു. അമ്മമാരെക്കുറിച്ച് സംസാരിക്കുന്ന സമദാനി ഫാത്തിമ തെഹ്‌ലിയക്ക് വേണ്ടി ഒരക്ഷരം മിണ്ടുന്നില്ല.

സംസാരിക്കുന്ന സ്ത്രീ, ചോദ്യം ചെയ്യുന്ന സ്ത്രീ, ഈ പാര്‍ട്ടിയുടെ ഇരിപ്പുവശം അത്ര ശരിയല്ലല്ലോ എന്ന് ചൂണ്ടിക്കാണിക്കുന്ന സ്ത്രീ – ചരിത്രത്തില്‍ നിന്ന്, മതത്തില്‍ നിന്ന്, രാഷ്ട്രീയത്തില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെടുന്നു. ‘സംസാരിക്കാത്ത സ്ത്രീ’ ഉത്തമ സ്ത്രീ. കുടുംബത്തിലും വ്യവസ്ഥയിലും രാഷ്ട്രീയത്തിലും അവര്‍ സ്വീകാര്യയാണ്. എന്നാല്‍ ചില ചോദ്യങ്ങള്‍ നമ്മുടെ മുന്നില്‍ വെച്ചാലോ, ‘ഓള്‍ക്ക് ഭയങ്കര ഖിബ്‌റാണ്!’ ഇതാണ് ഒറ്റ വാക്കില്‍ വരുന്ന പ്രതികരണം. അല്ലെങ്കില്‍ സ്ത്രീകള്‍ സംസാരിക്കുന്നത് ‘ലോകാവസാനത്തിന്റെ അടയാള’മാണ്!

ഫാത്തിമ തഹ്‌ലിയ

‘അതാണ് ഫാത്തിമ’ എന്ന സമദാനിയുടെ ഏറ്റവും മനോഹരമായ ഇസ്‌ലാമിക പ്രഭാഷണം പ്രവാചകനും മകള്‍ ഫാത്തിമയും തമ്മിലുള്ള അഗാധമായ പിതൃ/പുത്രി വാത്സല്യം നമ്മുടെ മുന്നില്‍ അവതരിപ്പിക്കുന്നു. എന്നാല്‍, ഫാത്തിമ തെഹ്‌ലിയ ഉയര്‍ത്തിക്കൊണ്ടു വന്ന ചോദ്യങ്ങള്‍ക്ക് മുന്നില്‍ സമദാനി മാത്രമല്ല, മുസ്‌ലിം ലീഗിലെ എല്ലാ ബുദ്ധിജീവികളും നിശ്ശബ്ദരാണ്. കേരളത്തിലെ മുസ്‌ലിം പെണ്‍കുട്ടികളും ജനാധിപത്യ വിശ്വാസികളും ആദരവോടെ ഉറ്റു നോക്കുന്ന മുഖമാണ് ഫാത്തിമ തെഹ്‌ലിയയുടേത്. സമീപകാലത്ത് മലയാളികളെ ഏറ്റവും പ്രചോദിപ്പിച്ച സ്ത്രീ മുഖം. ‘ഹരിത’ ചെറിയ ശബ്ദമാണെങ്കിലും ഏറ്റവും ഉജ്ജ്വലമായ ശബ്ദവും ചോദ്യങ്ങളും പുരുഷന്മാര്‍ മാത്രം കൈയാളുന്ന രാഷ്ട്രീയ മേഖലയില്‍ മുന്നോട്ടു വെച്ചു. ഫാത്തിമ തെഹ്‌ലിയയുടെ വാക്കുകളിലെ തിളക്കം, സംസാരിക്കാനുള്ള ആര്‍ജവം, ആത്മവിശ്വാസം – ഇതെല്ലാം ഏറ്റവും അസ്വസ്ഥത ഉളവാക്കുന്നത് ‘വിമര്‍ശിക്കുന്നവരുടെ തന്ത’ക്കു മാത്രം വിളിച്ചു ശീലമുള്ള പുരുഷന്മാരിലാണ്.

ഇനി ഫാത്തിമ തെഹ്‌ലിയ മറ്റു പ്രസ്ഥാനങ്ങളില്‍ പോവുകയാണെങ്കില്‍? സംസാരിക്കുന്ന, ചോദ്യം ചെയ്യുന്ന സ്ത്രീകളെ ആരും ഹാര്‍ദമായി സ്വാഗതം ചെയ്യാനിടയില്ല. നമുക്ക് മുന്നില്‍ ഒരുപാട് ചോദ്യങ്ങള്‍ മുന്നില്‍ വെക്കുന്ന സ്ത്രീകള്‍ ചരിത്രത്തില്‍ ഏകാകികളായ പോരാളികളായിരിക്കും. അവര്‍ക്ക് മുന്നില്‍ നാം ആദരവോടെ തല കുനിക്കുക.

എത്രയോ ഫാത്തിമമാരുണ്ട് ചരിത്രത്തില്‍. ചരിത്രത്തിലെ തിളങ്ങുന്ന ഫാത്തിമ, സമദാനി പറഞ്ഞ ‘അതാണ് ഫാത്തിമ’. താജുദ്ദീന്‍ വടകര പാടിയ ‘ഫാത്തിമ’. ‘നെഞ്ചിനുള്ളില്‍ നീയാണ് ഫാത്തിമാ…’ പാടാത്ത മാപ്പിള യൗവനമുണ്ടോ? കാല്‍പനികമായ ഇശ്ഖിന്റെ ഉയര്‍ന്ന കുന്നില്‍ ആ പാട്ട് നമ്മെ ഉയര്‍ത്തി നിര്‍ത്തി. മറ്റൊരു ഫാത്തിമ, എം.എസ്.എഫില്‍ നിന്ന് പദവി നഷ്ടപ്പെട്ട ഫാത്തിമ.

പെണ്‍കുട്ടികളെ ഭയക്കുകയാണ് ബിഷപ്പ്, തങ്ങന്മാര്‍, നേതാക്കന്മാര്‍. എന്നാല്‍, പെണ്‍കുട്ടികളോ ലോകത്തെ അവരുടേതായ രീതിയില്‍ ഉജ്ജ്വലമായി മാറ്റിത്തീര്‍ക്കുന്നു. നമ്മള്‍ പുരുഷന്മാരോ പൊങ്കാല ജീവിതം നയിക്കുന്നു. വാ തുറന്നാല്‍ വെറുപ്പിന്റെ ബബബ ബ…

പെണ്‍കുട്ടികളെ തെറി പറയാന്‍ നാണമില്ലേ, ചങ്ങാതിമാരേ…

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Thaha Madayi writes about Fathima Thahliya – Muslim League – Patriarchy

താഹ മാടായി

എഴുത്തുകാരന്‍

Latest Stories

We use cookies to give you the best possible experience. Learn more