| Monday, 6th June 2022, 6:35 pm

ഒടുവില്‍ ബെന്യാമിനെ ഇഷ്ടപ്പെടാന്‍ ഒരു ശരിയായ കാരണം

താഹ മാടായി

ബെന്യാമിന്‍ ഒരിക്കലും എന്റെ വായനയുടെ മുന്‍ഗണനാ പട്ടികയില്‍ ഇടംപിടിച്ച ആളേ ആയിരുന്നില്ല. വായനയുടെ മുന്‍നിരയില്‍/ പിന്‍നിരയില്‍- ഇങ്ങനെ എഴുത്തുകാരെ കളം തിരിച്ചിടുന്നതിന് കാരണം, ‘ആ ആള്‍ എന്തെഴുതിയാലും അതപ്പോള്‍ തന്നെ വായിച്ചിരിക്കണം’ എന്ന് പ്രചോദിപ്പിക്കുന്ന ചിലരുണ്ട്.

ഉദാ, പി.കെ. നാണു. അദ്ദേഹം എവിടെയെങ്കിലും ഒരു കഥ എഴുതി എന്നറിഞ്ഞാല്‍ അത് അപ്പോള്‍ തന്നെ വായിക്കണം എന്ന ചിന്തയുണ്ട്. ജോസഫ് വൈറ്റില, ജോസഫ് മരിയന്‍- ഇവരെന്താ കഥകള്‍ എഴുതാത്തത് എന്ന് വെറുതെ ആലോചിക്കും. ഒരു മഴയും നനഞ്ഞു കുതിര്‍ന്ന കുടയും… മഴയെന്നോ കുടയെന്നോ എതു ശീര്‍ഷകമെന്ന് ഓര്‍മയില്ലാത്ത, ജോസഫ് വൈറ്റില എഴുതിയ കഥ മറന്നിട്ടില്ല.

വിക്ടര്‍ ലീനസിനെക്കുറിച്ച് ജോസഫ് എഴുതിയ ഒരു ഓര്‍മക്കുറിപ്പ് മതി, ആ മനുഷ്യനെ എന്നേക്കുമായി ഓര്‍ക്കാന്‍. എഴുത്തുകാരെ ഉള്ളില്‍കൊണ്ട് നടക്കാന്‍ ഒരു കഥ/ അല്ലെങ്കില്‍ ഒരു കുറിപ്പ് മാത്രം മതി. അരിച്ചാക്ക് പോലെ തടിച്ച പുസ്തകം തന്നെ വേണമെന്നില്ല. ചിലപ്പോള്‍ കെ. രാജഗോപാലിന്റെ കവിത വായിച്ചാല്‍ അതിലങ്ങ് സ്വയം നഷ്ടപ്പെട്ട് ഇരിക്കും.

പറഞ്ഞു വരുന്നത്, വലുതോ ചെറുതോ ആയ കാരണങ്ങളാല്‍ ചിലരെഴുതുന്നത് നാം കാത്തിരിക്കും, എഴുതിയ ഒറ്റ കുറിപ്പിന്റെ/ കഥയുടെ/ കവിതയുടെ പേരില്‍ നാം അവരെ എന്നേക്കുമായി ഓര്‍ത്തിരിക്കും.

ബെന്യാമിന്‍ എഴുതിയ ആടുജീവിതം എന്റെ വായനയെ പിടിച്ചിരുത്തിയിട്ടില്ല. അത് പ്രധാനപ്പെട്ട കൃതിയാണ് എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍, ആര്‍ക്കും എഴുതാവുന്ന ഒരു നോവലാണത്.

‘ഇ.എം.എസും പെണ്‍കുട്ടിയും’ എന്ന കഥ വായിച്ച് പക്ഷെ, ബെന്യാമിനോട് ഒരുപാട് ഇഷ്ടം തോന്നിയിട്ടുണ്ട്. അക്കപ്പോരിന്റെ ഇരുപത് നസ്രാണി വര്‍ഷങ്ങള്‍, സഭാ കലഹങ്ങളുടെ ദൈവ(ദേശ) ശാസ്ത്രം തിരയുന്ന നോവലാണ്. അവയൊഴിച്ച്, ബെന്യാമിന്‍ എന്റെ വായനയുടെ ആദ്യമേ പറഞ്ഞ മുന്‍ ബെഞ്ചിലുള്ള ആളല്ല.

എന്നാല്‍, തരകന്‍സ് ഗ്രന്ഥവരി അത്ഭുതപ്പെടുത്തുന്ന ഒരു സര്‍ഗാത്മക സാക്ഷ്യമാണ്.ബെന്യാമിനെ ഇഷ്ടപ്പെടാനുള്ള ഏറ്റവും പ്രധാന കാരണമായി ഈ പുസ്തകക്കാര്‍ഡുകള്‍ മാറുന്നു. സാങ്കേതികമായി അത് എഴുത്തിനെ പരിഷ്‌കരിക്കുന്നു. ബസ്സ്റ്റാന്റുകളില്‍, നിര്‍ത്തിയിട്ട ബസ്സില്‍, തീപ്പൊള്ളലേറ്റോ തെങ്ങില്‍ നിന്ന് വീണോ ഏതോ തരത്തില്‍ ഒറ്റപ്പെട്ട മനുഷ്യര്‍ അവരുടെ ജീവിതം ഒരു കാര്‍ഡില്‍, അച്ചടിച്ച് വിതരണം ചെയ്യാറുണ്ട്. സഹായാഭ്യര്‍ഥനക്കുള്ള അത്തരം കാര്‍ഡുകള്‍ ഒറ്റ ഖണ്ഡികയില്‍ ജീവിതമാണ് പറയുന്നത്. ആ ഒരു രീതിയാണ്, വെറൊരര്‍ഥത്തില്‍ ഇതിന് ഉപയോഗിച്ചത്.

പോസ്റ്റുകാര്‍ഡിന്റെ വലിയ രൂപത്തില്‍ സാഹിത്യം കശക്കിയെടുക്കാം. 120 അധ്യായങ്ങള്‍ വായനക്കാരോട് അത്രയും കാര്യങ്ങള്‍ പറയുന്നു. എന്നാല്‍ ഇത് കാര്യ/ കാരണ സഹിതമുള്ള ഒരു കഥനമല്ല. കാരണമില്ലാത്ത കാര്യങ്ങള്‍/ സഹിതമല്ലാത്ത ഹിതങ്ങള്‍. എവിടെ നിന്നും വായിക്കുകയും അവസാനിപ്പിക്കുകയും ചെയ്യാം എന്നതിനേക്കാളേറെ, എവിടെ നിന്നും തുടങ്ങാതിരിക്കുകയും നിര്‍ത്താതിരിക്കുകയും ചെയ്യാം എന്നതാണ് ഇതിന്റെ സവിശേഷത. ഈ കാര്‍ഡുകളിലെ ശീര്‍ഷകങ്ങള്‍ പോലും ഉയര്‍ന്നും വേറിട്ടും നില്‍ക്കുന്നു. അങ്ങനെയുള്ള ശീര്‍ഷകങ്ങള്‍ ചിന്തിക്കാനെടുത്ത ദിവസങ്ങള്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്. ചില ശീര്‍ഷകങ്ങള്‍ ഒറ്റവരികഥ പോലുമാണ്.

വാസ്തവത്തില്‍, കണ്ണൂര്‍ ഡി.സി ബുക്‌സ് മാനേജര്‍ വിവേകിന്റെ നിര്‍ബ്ബന്ധമില്ലായിരുന്നെങ്കില്‍ ഞാനിത് വാങ്ങില്ലായിരുന്നു. ചില മുന്‍വിധികളാല്‍ തടയപ്പെട്ട് പോകുമായിരുന്നു. പിന്നീട് ചിലര്‍ പറഞ്ഞ അഭിപ്രായങ്ങള്‍, തുറക്കും മുമ്പേ അതൊരു മോശം പ്രൊഡക്ടാണ് എന്ന ധാരണ പോലുമുണ്ടാക്കി. എന്നാല്‍, തരകന്‍സ് ഗ്രന്ഥവരിയുടെ പുസ്തകപ്പെട്ടി തുറന്നപ്പോള്‍, അത്ഭുതം ഈ കാലത്തും സാധ്യമാണ് എന്ന് ബോധ്യമായി.

ഓരോ കാര്‍ഡും സ്വയം നഷ്ടപ്പെടുത്തുന്ന വിധം ചില ആലോചനകളിലേക്ക് തള്ളിവിട്ടു. വാക്കുകള്‍ അതില്‍ ഇന്ദ്രജാലങ്ങള്‍ പോലെ മായികമായ ഏതോ ലോകത്തേക്ക് കൊണ്ടുപോയി. ഇത്തരമൊരു പുസ്തകപെട്ടിക്ക് 800 രൂപയില്‍ കൂടുതല്‍ കൊടുക്കാന്‍ വ്യത്യസ്തത ആഗ്രഹിക്കുന്ന ആള്‍ എന്ന നിലയില്‍ ഞാന്‍ തയ്യാറാകുമായിരുന്നു. ആവര്‍ത്തിക്കാത്ത ഒരു വിശിഷ്ട ഗ്രന്ഥമാണ് തരകന്‍സ് ഗ്രന്ഥവരി. ബെന്യാമിന്‍ എന്ന എഴുത്തുകാരനെ ഇഷ്ടപ്പെടാന്‍ ശരിയായ ഒരു കാരണമുണ്ടായിരിക്കുന്നു.

എഴുത്തുകാരന്റെ മാത്രമല്ല, ഡി.സി ബുക്‌സിന്റെ ഒരു ആലോചനയുടെ പ്രതിഫലനം കൂടിയാണിത്.

രവി ഡി.സി എപ്പോഴും സര്‍ഗാത്മകമായ ഒരു വാണിജ്യയുക്തി പ്രകടിപ്പിക്കുന്നു. പ്രസാധനം ഈ കാലത്ത് സാഹസിക കാലത്തെ കലയാണ്. എഴുത്തുകാരേക്കാള്‍, പ്രസാധകരാണ് കൂടുതല്‍ മെച്ചപ്പെട്ട സര്‍ഗാത്മകതയെ സ്വപ്നം കാണുന്നത്. ഓരോ പബ്ലിക്കേഷന്‍ മാനേജറും ഏറ്റവും പുതുതായിരിക്കുന്ന ഒരു പുസ്തകത്തെ, ആശയത്തെ സ്വപ്നം കാണുന്നു. അതായത്, എഴുത്തുകാരോ വായനക്കാരോ പോലെ സ്വതന്ത്രരല്ല, പ്രസാധകര്‍.

തൊഴിലാളികളുടെ ശമ്പളം/ കെട്ടിടവാടക/ വിപണി/ റോയല്‍റ്റി – അങ്ങനെ അനേകം ‘ഇടപാടു’കള്‍ക്കിടയിലാണ് ഒരു പുസ്തകം സാധ്യമാവുന്നത്. അത്തരം ഇടത്തിരുന്നുകൊണ്ട് പ്രസാധകര്‍ വായനക്കാരുമായി പുസ്തകത്തെ സംബന്ധിച്ച് പുതുതായ ചില ആശയങ്ങള്‍ കൈമാറുകയാണ്. ആ നിലയിലും ഈ ഗ്രന്ഥവരി അഭിനന്ദനമര്‍ഹിക്കുന്നു.

Content Highlight: Thaha Madayi writes about Benyamin’s new novel Tharakans Grandhavari

താഹ മാടായി

എഴുത്തുകാരന്‍

We use cookies to give you the best possible experience. Learn more