കാമുകിയോട് സംസാരിച്ചാല്‍ നോമ്പ് മുറിയുമോ?
Discourse
കാമുകിയോട് സംസാരിച്ചാല്‍ നോമ്പ് മുറിയുമോ?
താഹ മാടായി
Monday, 19th April 2021, 1:19 pm

പ്രണയത്തിന്റെ മനോഹരമായ അനുഭവങ്ങളിലൂടെ കടന്നുപോയ ഒരു മലയാളി മുസ്‌ലിം ചെറുപ്പക്കാരന്, ‘നോമ്പ് മുറിയുന്ന കാരണങ്ങളില്‍ പ്രണയം വരുമോ’ എന്ന സംശയമുണ്ടായി. ആ സംശയം ആരോട് ചോദിക്കും? നോമ്പ് മുറിയുന്ന അല്ലെങ്കില്‍ റദ്ദാവുന്ന പല കാര്യങ്ങളുണ്ട്. അത്രയും സൂക്ഷ്മമായ ഒരു നിഷ്ഠയാണ് നോമ്പ്. ‘നോമ്പെടുക്കുക’ എന്നാണ് പറയുക. നോമ്പ് എടുക്കുമ്പോള്‍ ദേഹി, ബോധത്തില്‍ നിന്നും ശരീരത്തില്‍ നിന്നും ‘ഇറക്കി’വെക്കേണ്ട പല കാര്യങ്ങളുണ്ട്. പ്രണയം അതില്‍ പെടുമോ?

നിസ്‌കാരം കണ്ണിന് ആനന്ദം പകരുന്നു എന്നു പറയുന്നത് പോലെ, ആനന്ദം നോമ്പില്‍ അനുഭവപ്പെടുന്ന എത്രയോ പേരുണ്ട്. എന്നാല്‍, നോമ്പ് എന്ന് പറയുന്നത് വളരെ ക്ഷമ ആവശ്യപ്പെടുന്ന ഒന്നാണ്. അവരവരുടെ ആനന്ദങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അത് സൂക്ഷ്മതലത്തില്‍ തന്നെ പ്രധാനമാണ്. ‘ഇഷ്ടപ്പെട്ടതില്‍ നിന്ന് മാറി നില്‍ക്കുക’ എന്നത് പെട്ടന്ന് സാധിക്കുന്ന കാര്യമല്ല.

വ്യക്തിപരമായി തന്നെ പറയാം. എന്റെ ഒരു ദിവസത്തിന്റെ ഏറ്റവും മനോഹരമായ ചെറിയ തുടക്കം ചായയില്‍ നിന്നാണ്. ഒരു ദിവസത്തേക്ക് മനസ്സ് ‘ചാഞ്ഞു’ തുടങ്ങുന്നത് ചായ കുടിച്ചാണ്. റംസാന്‍ മാസമായാല്‍ ആദ്യം അനുഭവപ്പെടുന്ന നഷ്ടം, രാവിലെ ആറു മണിക്കും ഏഴിനുമിടയിലെ ഈ ചായയാണ്. സുഹു, സുജിന, ഷി- ഇവര്‍ കൂട്ടുന്ന ചായയാണ് വീട്ടിലുണ്ടാവുമ്പോള്‍ എത്രയോ കാലമായി ബോധത്തിനുണര്‍വ് നല്‍കുന്നത്.

ഉമ്മ പകര്‍ന്ന ചായയോളം വരില്ല, ഇവരുടേതെങ്കിലും, ഈയിടെയായി ഉമ്മച്ചായകള്‍ക്ക് മധുരവും കടുപ്പവും സമാസമം വരുന്നില്ല. റമളാന്‍ കാലത്താണ് പെങ്ങന്മാരുടെയും ഭാര്യയുടെയും വില നന്നായി മനസ്സിലാവുക. അടുക്കളയില്‍ പരാജിതനായ ഒരാണ്‍ ആയതുകൊണ്ട് തന്നെ ‘നോമ്പു കള്ളനായ’ ഇക്കാക്ക് എങ്ങനെ ചായ, ഒരു നേരത്തെയെങ്കിലും ആഹാരം കൊടുക്കാം എന്നത് ഇവരെടുക്കുന്ന ‘ടാസ്‌ക്’ ആണ്.

വീട് ആത്മീയമായി പുലരുന്നത്, ‘നോമ്പു കള്ളനായ’ ഇക്കയോട് മാനുഷികമായ കൂറ് കാണിക്കുമ്പോഴാണ്. പക്ഷെ അവിടെയും, അടുക്കളയില്‍ പരാജിതനായ ആണ്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നമുണ്ട്, നോമ്പുകാരികള്‍ സ്വയം വിശപ്പും ദാഹവും സഹിച്ചാണ് നോമ്പു നോക്കാത്ത ഇക്കാക്ക് വേണ്ടി വെള്ളം തിളപ്പിക്കുന്നത്. അത് അവരില്‍ പറയാത്ത ഒരു സങ്കടമുണ്ടാക്കുന്നുണ്ടാവുമോ? പുതിയാപ്പിളമാര്‍ വീട്ടിലുണ്ടാവുമ്പോള്‍ നോമ്പുകാരായ അവരെ മറച്ചു വെച്ചു വേണം, നോമ്പു കള്ളനായ ഇക്കാക്ക് ‘തൊണ്ട നനക്കാന്‍’ എന്തെങ്കിലും നല്‍കാന്‍. ഒച്ച താഴ്ത്തി, മുന്നില്‍ നിന്നോ പിന്നില്‍ നിന്നോ ആരോ വരുന്നുണ്ടോ, വരാന്‍ സാധ്യതയുണ്ടോ എന്നൊക്കെ നോക്കി വേണം, ‘എന്തെങ്കിലും തിന്നാന്‍’ തരാന്‍.

നോമ്പുകാലം, മുസ്‌ലിം വീടുകളില്‍ നോമ്പെടുക്കുന്നവരും നോമ്പെടുക്കാത്തവരും തമ്മില്‍ ഉള്ള ‘ഒച്ച താഴ്ത്തി’യുള്ള ഈ സംവാദം പ്രധാനപ്പെട്ട കാര്യമാണ്. ആണ്‍ ഒച്ച വീട്ടില്‍ അധികം പുറത്തു വരാത്ത മാസമാണ് റമളാന്‍. നോമ്പെടുക്കാത്തവരും നോമ്പുകാരെ പോലെ,’നിശബ്ദമായ ചലനങ്ങള്‍ക്ക്’ പരിശീലിക്കപ്പെട്ടിരിക്കുന്നു.

കുട്ടിക്കാലത്തെ നോമ്പോര്‍മ്മകളില്‍ പള്ളി ‘ഹൗളി’ല്‍ നിന്ന് വുളു (അംഗ സ്‌നാനം) ചെയ്യുമ്പോള്‍, ‘അറിയാതെ അഞ്ചു നേരവും’ വെള്ളം കുടിച്ചു പോകാറുണ്ട്. അറിയാതെ വെള്ളം കുടിച്ചാല്‍ നോമ്പ് മുറിയില്ല എന്നതു കൊണ്ട്, വുളു ചെയ്യുമ്പോള്‍, തീര്‍ച്ചയായും ‘അറിയാതെ കുടിച്ചു ‘ പോകുന്നതാണ്. കുട്ടികള്‍ ‘അറിയാതെ’ കുടിച്ചു തീര്‍ത്ത നോമ്പുകളുടെ മധുരം കണ്ട് പടച്ചവന്‍ ചിരിക്കുന്നുണ്ടാവണം.

എന്നാല്‍, നോമ്പ് ഏറ്റവും കഠിനമായ ഒരു ത്യാഗമാണ്. അത് എടുത്തു വീട്ടുക എന്നത് പറയുന്നത്ര എളുപ്പമല്ല. ‘അള്ളാഹു ദൃഡമായ ഉറപ്പാണ്’ എന്ന ‘സ്പിരിച്വല്‍ റിയാലിറ്റി’ ഉള്‍ക്കൊള്ളുന്ന ആള്‍ക്ക് പോലും റംസാന്‍ ഒരു പരീക്ഷണ കാലമാണ്. അത് പകല്‍ നേരത്തെ ഹോട്ടല്‍ സന്ദര്‍ശനങ്ങള്‍ വിലക്കുന്നു. കൂട്ടുകാരൊത്ത് ‘ക്വാളിറ്റി’ ഹോട്ടലില്‍ നിന്ന് മസാലദോശ കഴിക്കാനുള്ള ആഗ്രഹത്തെ തടഞ്ഞു നിര്‍ത്തുന്നു. രഹസ്യ പോലീസ് തന്നെ പിന്തുടരുന്നുണ്ടോ എന്ന ഒരു കാലത്ത് നക്‌സലൈറ്റുകള്‍ക്കുണ്ടായ ഭയം പോലെ, ‘ഏതോ നോമ്പുകാരന്‍ തന്നെ നോക്കുന്നുണ്ടോ’ എന്ന ഭയം ‘നോമ്പെടുക്കാത്ത’ ഓരോ മുസ്‌ലിമും അഭിമുഖീകരിക്കുന്നുണ്ടാവണം.

ഇടക്കിടെ ചായ കുടിക്കുന്ന ‘ചായാനുരാഗിയായ’ ഒരാള്‍ക്ക് ചായ ഉപേക്ഷിക്കുന്നത് തന്നെ നോമ്പാണ്.

തുടക്കത്തില്‍ പറഞ്ഞ ആ സന്ദേഹത്തിലേക്കു തന്നെ വരാം. തീവ്രമായ അനുരാഗത്തിലൂടെ കടന്നു പോവുന്ന വിശ്വാസിയായ ചെറുപ്പക്കാരന് ‘കാമുകിയോട് സംസാരിച്ചാല്‍ നോമ്പു മുറിയുമോ’ എന്ന സംശയമുണ്ടായി. പ്രണയം വിശ്വാസം പോലെ തന്നെ അവര്‍ ഹൃദയ സാക്ഷ്യമായി സ്വീകരിച്ചിരുന്നു. ഒരു മനോഹരമായ കുന്നു കയറി വേണം അവന് കാമുകിയെ കാണാന്‍. അവള്‍ കോളേജില്‍ നിന്ന് തിരിച്ചിറങ്ങുമ്പോള്‍, അവളുടെ വീട്ടിനരികെയുള്ള ബസ് സ്‌റ്റോപ്പില്‍ ഉള്ള കാത്തിരിപ്പിലാണ് അവന്‍ ദൈവത്തെ അഗാധമായി ഇഷ്ടപ്പെട്ടിരുന്നത്. ദൈവമായിട്ടാണ് അവളെ അവനിലേക്കെത്തിച്ചത് എന്ന ഉറച്ച ബോധ്യം അവനുണ്ടായിരുന്നു.

അവളെ പ്രണയിക്കുന്നതിനാല്‍, അവന്‍ ദൈവത്തെ ഇഷ്ടപ്പെട്ടു. ദൈവത്തെ ഇഷ്ടപ്പെടാന്‍ അവന് മറ്റു കാരണങ്ങളൊന്നും തന്നെയുണ്ടായിരുന്നില്ല. അവളുടെ ചെറിയ വീടിന്റെ ഇടവഴിയിലൂടെ അവളെ കാണാന്‍ മാത്രം അവന്‍ പോയിരുന്നു. പക്ഷെ, റംസാന്‍ മാസം വന്നപ്പോള്‍, ‘മസ്തിഷ്‌കത്തില്‍’ വിശ്വാസിയുടെ സന്ദേഹങ്ങള്‍ അവനെ ഉലച്ചു. റംസാന്‍ കാലത്ത് കാമുകിയുമായി സംസാരിച്ചാല്‍ നോമ്പു മുറിയുമോ?

വളരെ ‘ഉല്‍പതിഷ്ണു’ എന്നു കരുതുന്ന ഒരു പണ്ഡിതനോട് അവന്‍ അത് ചോദിച്ചു. ‘പ്രണയം തന്നെ ഹറാമാണ്’ എന്ന കടുപ്പിച്ച ഉത്തരത്തില്‍, ആ ‘വിശ്വാസിയായ കാമുകന്‍’ അന്ധാളിച്ചു പോയി. പിന്നീട്, കുറച്ചു ദിവസങ്ങള്‍ക്കു ശേഷം, നാട്ടിന്‍പുറത്തെ വളരെ എളിമയുള്ള ഒരു നിസ്‌കാരപ്പള്ളിയിലെ, സാധാരണ മൗലവിയോട് അതേ ചോദ്യം അവന്‍ ആവര്‍ത്തിച്ചു.

മൗലവി അവനോട് നിസ്‌കരിക്കാന്‍ പറഞ്ഞു. തുടര്‍ന്ന്, അദ്ദേഹം ഖുര്‍ആന്‍ തുറന്നു. ശ്രേഷ്ഠമായ ചില വരികള്‍ ഓതി കേള്‍പ്പിച്ചു. പ്രണയം ഹറാമാണെന്നോ കാമുകിയോട് സംസാരിച്ചാല്‍ നോമ്പ് മുറിയുമോ എന്ന ചോദ്യത്തിനൊന്നും അയാള്‍ മറുപടി പറഞ്ഞില്ല. പള്ളിയിലെ നോമ്പു തുറയില്‍ ആ മൗലവി അവനെ ക്ഷണിച്ചു. കാരക്ക കൊണ്ട് നോമ്പ് മുറിക്കുമ്പോള്‍ അവനോടെന്ന പോലെ ആ മൗലവി പറഞ്ഞു: മധുരം അള്ളാഹു ഇഷ്ടപ്പെടുന്നു. സൂക്ഷ്മത പാലിക്കുക.’

പ്രണയം ഹലാലാണോ, ഹറാമാണോ എന്നൊന്നും അയാള്‍ പറഞ്ഞില്ല. ‘സൂക്ഷ്മത പാലിക്കുക’ എന്നു മാത്രം പറഞ്ഞു. ഈ വര്‍ഷം റംസാന്‍ തുടങ്ങിയപ്പോള്‍ കൂട്ടുകാര്‍ക്ക് ഇങ്ങനെയൊരു ആശംസ അയക്കാനാണ് അവന് തോന്നിയത്: ‘നോമ്പെല്ലാം നിങ്ങള്‍ക്ക്, പെരുന്നാള്‍ എനിക്കും!’

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Thaha Madayi writes about ramadan

താഹ മാടായി
എഴുത്തുകാരന്‍