‘പൗരത്വ’ വിഷയം ഇന്ത്യയില്‍ കത്തിപ്പടരുകയും തെരുവുകളില്‍ മതേതര ഇന്ത്യ മുദ്രാവാക്യങ്ങളോടെ കാവല്‍ നില്‍ക്കുകയും ചെയ്ത, ഒരു വര്‍ഷം മുന്നേയുള്ള ഒരു പകല്‍. കോഴിക്കോട് റഹ്മത്ത് ഹോട്ടലില്‍ നിന്ന് ബീഫ് ബിരിയാണി കഴിച്ച്, വെയിലില്‍, നടക്കുകയാണ്. അപ്പോള്‍ ഒപ്പമുള്ള വായനക്കാരനായ സുഹൃത്ത് പറഞ്ഞു: ‘തൃക്കോട്ടൂര്‍ കഥളിലെ മനുഷ്യര്‍ക്ക് മലയാള സാഹിത്യത്തില്‍ പൗരത്വം നല്‍കിയത് യു.എ.ഖാദറാണ്. പാതി മലയാളിയും പാതി ബര്‍മ്മനുമായ ഖാദര്‍.’
കഥകളില്‍ മാപ്പിളച്ചുവയില്ലാത്ത ഒരു നാട്ടു പുരാവൃത്തം തേടുകയും അടയാളപ്പെടുത്തുകയും ചെയ്തു, യു.എ.ഖാദര്‍. അങ്ങനെ മലയാളിയുടെ നാട്ടുവഴക്കങ്ങളില്‍ സ്വന്തമായ എഴുത്തകമുണ്ടാക്കി. ഹിന്ദു നാടോടി മിത്തുകള്‍ പോലെ, ‘സ്വന്ത’മായ ഒരു കഥാപ്രപഞ്ചം യു.എ.ഖാദര്‍ സൃഷ്ടിച്ചു.
അതിലെ കഥാപാത്രങ്ങള്‍ക്ക് ‘ഖാദര്‍ മലയാളിത്ത’മുണ്ടായിരുന്നു. അത് മാപ്പിള മലയാളിത്തമെന്നതിനേക്കാള്‍ ഖാദര്‍ തന്റെ നാട്ടില്‍ നിന്ന് രൂപപ്പെടുത്തിയ സ്വന്തമായ ഒരു ശൈലിയായിരുന്നു. ‘മാമൈദിയുടെ മകന്‍ ‘ എന്ന പേരില്‍ വൈക്കം മുഹമ്മദ് ബഷീര്‍ യു.എ ഖാദറിനെ കേന്ദ്രകഥാപാത്രമാക്കി ഒരു കഥ എഴുതിയിട്ടുമുണ്ട്.
മലയാള സാഹിത്യത്തിലെ നാട്ടു വെളിച്ചപ്പാടായിരുന്നു, യു.എ. ഖാദര്‍. കോമരം തുള്ളല്‍, നാട്ടു പരദേവതകള്‍, ഭഗവതിമാര്‍ – ഖാദര്‍ കഥകളില്‍ നിറഞ്ഞു. ഒരു മുസ്‌ലിം എങ്ങനെ ഇങ്ങനെ സ്വകീയമായി ഹിന്ദു പ്രതീകങ്ങളെ അത്ഭുതകരമായി അടയാളപ്പെടുത്തുന്നു എന്ന കൗതുകം വായനക്കാരിലുണ്ടായി.
ഭാഷ അതിര്‍ത്തികള്‍ ലംഘിക്കുന്ന ഭാവനയുടെ പൗരത്വമാണ് എന്ന് ആ കഥകള്‍ വിളിച്ചു പറഞ്ഞു. ‘ തൃക്കോട്ടൂര്‍ പെരുമ ‘യു.എ. ഖാദര്‍ സൃഷ്ടിച്ച പൗരന്മാരുടെ ദേശമാണ്. ബര്‍മീസ് മുഖച്ഛായയുള്ള യു.എ.ഖാദര്‍ ,കഥകളില്‍, പക്ഷെ, ഈ നാട്ടില്‍ ദേശം കൊണ്ടും അംശം കൊണ്ടും അലിഞ്ഞു ചേര്‍ന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക