| Thursday, 27th October 2022, 7:02 pm

സൈബര്‍ ആരാധകരേ ശാന്തരാകുവിന്‍

താഹ മാടായി

എന്റെ ഉപ്പുമ്മ പൊന്നന്‍ ആസ്യുമ്മയ്ക്ക് മലയാളം എഴുതാനും വായിക്കാനും അറിയില്ലായിരുന്നു. അവര്‍ക്ക് വായിക്കാനറിയുന്ന ഒരേയൊരു ഭാഷ അറബിയാണ്. ഏഴിലോട് എന്ന ദേശത്ത് നാനാതരം മരങ്ങള്‍ നിറഞ്ഞ ഒരു പറമ്പിലാണ് ഉപ്പുമ്മയുടെ വീട്. നല്ല കാടനുഭവമുള്ള സ്ഥലമാണ്. പക്ഷികള്‍, കാറ്റ് വീശുമ്പോള്‍ ഇലകളുടെ മര്‍മ്മരം, പുലരിയില്‍ കെട്ടിപ്പിടിക്കുന്ന തണുപ്പ്…

ഒരു ദിവസം രാത്രി, അടുക്കള വാതില്‍പ്പഴുതിലൂടെ ഒരു വിഷപ്പാമ്പ് ഉള്ളില്‍ കയറി. യൂസുഫാപ്പയും ഞാനും അമ്മിയുടെ മേല്‍ ഇഴഞ്ഞുകയറിയ പാമ്പിനെ കണ്ട് നിലവിളിച്ചു. ഉപ്പുമ്മ പതുക്കെ ഒരു വടികൊണ്ട് ‘പാമ്പേ പൊറത്ത് പോ..,’ എന്നാവര്‍ത്തിച്ച് പറഞ്ഞുകൊണ്ട് പാമ്പിനെ വാതില്‍ പഴുതിലൂടെ മുറ്റത്തേക്ക് വിട്ടു. പിന്നെ ഒന്നും സംഭവിക്കാത്തത് പോലെ ഉപ്പുമ്മ നിസ്‌കാരപ്പായയില്‍ ഇരുന്ന് ഖുര്‍ആന്‍ ഓതാന്‍ തുടങ്ങി.

ഉപ്പുമ്മയുടെയും എളാമ്മമാരുടെയും വളരെ സ്വച്ഛമായ ആത്മീയജീവിതം കണ്ടുവളര്‍ന്ന എനിക്ക് ഇസ്‌ലാം ഒരുപാട് കഥകള്‍ തന്നു. സംവാദത്തിന്റെ ബാല്യം ചെറുപ്പത്തിലേ ഞങ്ങള്‍ കാണുന്നുണ്ടായിരുന്നു. എന്റെ സുന്നത്തു കല്യാണം കഴിഞ്ഞ്, അന്നത്തെ ‘മൂന്നു പൈശ’യില്‍ ഒരു കൂടാരം പോലെ കെട്ടിത്തൂക്കിയ തുണിമറയില്‍ കിടക്കുമ്പോള്‍, അതേ മുറിയില്‍ ഒരു നിസ്‌കാരപ്പായ വിരിച്ച് ജമാഅത്തെ ഇസ്‌ലാമിയുടെ നേതാവും പില്‍ക്കാലത്ത് മാധ്യമത്തിന്റെ എഡിറ്ററും ഇപ്പോള്‍ എന്റെ ബന്ധുവുമായ വി.കെ. ഹംസ അബ്ബാസ് ഇമാമും എന്റെ ഉപ്പ പിന്നിലും നിന്ന് നിസ്‌കരിച്ചത് എനിക്കിപ്പോഴും ഓര്‍മയുണ്ട്.

താഹ മാടായി

ഞങ്ങളുടെ കുടുംബസുഹൃത്തായ പൂക്കോയ എന്നിവരോടൊത്ത് വി.കെ. ഹംസ അബ്ബാസ് അക്കാലത്ത് ഞങ്ങളുടെ വീട്ടിലെ നിത്യസന്ദര്‍ശകനായിരുന്നു. ഇംഗ്ലീഷിലുള്ള ചില മതഗ്രന്ഥങ്ങള്‍ ഉപ്പയുടെ ശേഖരത്തിലുണ്ടായിരുന്നു. ഉപ്പ യാഥാസ്ഥിതിക സുന്നിയായിരുന്നു. ഔലിയാക്കളിലും അവരുടെ സിദ്ധികളിലും ഉപ്പ വിശ്വസിച്ചിരുന്നു. മതത്തെക്കുറിച്ച് അഗാധജ്ഞാനമുണ്ടായിരുന്നു. അവരുടെ സംവാദം എവിടെയുമെത്തിയില്ലെങ്കിലും എപ്പോഴും ഒരു ചിരിയിലും ആലിംഗനത്തിലും അവസാനിച്ചു.

അതേ കാലത്ത് തന്നെ എന്റെ ഏട്ടന്‍ നാടകമെഴുതുകയും ഞങ്ങളത് വീട്ടുമുറ്റത്തു വെച്ച് റിഹേഴ്‌സല്‍ ചെയ്യുകയും പിന്നീട് സ്റ്റേജില്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു. ഉപ്പ അകത്തുനിന്ന് നിസ്‌കരിക്കും, ഞങ്ങള്‍ പുറത്തുനിന്ന് നാടകവും കളിക്കും. നിസ്‌കരിച്ചില്ലെങ്കില്‍ ഉപ്പ ശകാരിക്കുകയും അടിക്കുകയും ചെയ്യുമായിരുന്നെങ്കിലും നാടകം കളിച്ചതിന് വഴക്കൊന്നും പറഞ്ഞിരുന്നില്ല. നാടകം കളിക്കണം, നിസ്‌കരിക്കുകയും വേണം- അതായിരുന്നു ഉപ്പാന്റെ ഒരു ലൈന്‍. മതം, നാടകം, സിനിമ, പരിസ്ഥിതി, യാത്രകള്‍ ഇതിലൂടെ ബാല്യകൗമാരങ്ങള്‍ കടന്നുപോയ ഒരാള്‍ക്ക്, അത് ദീര്‍ഘമായി എഴുതാനുള്ള വിഷയമാവാതെ തരമില്ല.

മതവും ഇസ്‌ലാമിസ്റ്റ് സംഘടനകളും വ്യക്തികളെ ‘മതം തീനി’കളാക്കി മാറ്റുകയും പരസ്പരം വെറുപ്പിന്റെ തുരുത്തുകളില്‍ അധിവസിക്കുന്നവരാക്കി തീര്‍ക്കുകയും ചെയ്യുമ്പോഴുള്ള കുതറലുകളാണ് വാസ്തവത്തില്‍ എന്റെ ‘മുസ്‌ലിം എഴുത്തുകള്‍’. ഏകദേശം ഇരുപത്തിരണ്ട് വര്‍ഷം മുമ്പ് എന്റെ അത്തരം എഴുത്തുകള്‍ വായിച്ച് ‘പ്രബോധനം’ വാരികയില്‍ എ.ആര്‍ (ഒ. അബ്ദുറഹ്മാന്‍) എന്നെ ‘മുസ്‌ലിം നാമധാരി’ എന്ന് വിശേഷിപ്പിച്ചു. ആ കാലത്ത് തന്നെ ‘സമകാലിക മലയാളത്തില്‍’ അതിന് ഞാന്‍ ദീര്‍ഘമായ മറുപടിയും നല്‍കി.

ഒ. അബ്ദുറഹ്മാന്‍

ആ ചോദ്യോത്തരങ്ങള്‍ ഇരുപത് വര്‍ഷം മുന്നേ ഇറങ്ങിയ എന്റെ ‘ദൈവത്തിനും കടലിനും മധ്യേ’ എന്ന പുസ്തകത്തില്‍ വളളി പുളളി തെറ്റാതെ ചേര്‍ത്തിട്ടുണ്ട്. പില്‍ക്കാലത്ത് ഒ. അബ്ദുറഹ്മാനെ ‘പച്ചക്കുതിര’യ്ക്ക് വേണ്ടി അഭിമുഖം ചെയ്തു. ഏറെ വിനീതമായ സ്‌നേഹം അദ്ദേഹം പ്രകടിപ്പിച്ചു.

ഒരു ഗോത്ര സമൂഹത്തിന്റെ രീതികള്‍ പലപ്പോഴായി ഇസ്‌ലാമിസ്റ്റുകളുടെ സംവാദത്തില്‍ കാണാം. മതത്തിന്റെ മാത്രമല്ല, പാര്‍ട്ടി സംവാദത്തിലും ആ പ്രശ്‌നമുണ്ട്. എന്നാല്‍ പാര്‍ട്ടികള്‍ അവയെ സ്വീകരിക്കാനും തിരസ്‌കരിക്കാനുമുള്ള സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. പക്ഷെ, മതവും ജാതിയും ഒരാളിലേക്ക് ജന്മസിദ്ധമായി വന്നുചേരുന്നതാണ്. പിന്നെ നാമതില്‍ ലയിക്കുന്നു. അതിന്റെ വക്താക്കളായി മാറുന്നു. മതത്തിലേക്ക് എല്ലാം ചുരുക്കിക്കെട്ടുന്ന, സമുദായ വിമര്‍ശകര്‍ മാനവികരല്ല എന്ന് പറയുന്ന, മത വിമര്‍ശകരോട് പരപുച്ഛവും നിന്ദയും കലര്‍ന്ന ഭാഷയില്‍ സംസാരിക്കുന്ന ഒരു സംസ്‌കാരം അവരെഴുതുന്ന കമന്റുകളില്‍ നിന്നുപോലും നമുക്ക് വായിച്ചെടുക്കാം.

അനുഭവത്തിലൂടെ കാര്യം പറയുമ്പോള്‍ സ്വന്തം നാട്ടിന്‍പുറത്തെ മനുഷ്യരില്‍ നിന്ന് തന്നെ നമുക്ക് ചില മാതൃകകള്‍ എടുത്തുപറയാന്‍ സാധിക്കും. സാധാരണതകളില്‍ സൂക്ഷ്മമായി നോക്കുമ്പോള്‍ നിങ്ങള്‍ക്ക് അസാധാരണതകള്‍ കാണാന്‍ കഴിയും. വരേണ്യരാല്‍ അല്ല, ജൈവ മനുഷ്യരാല്‍ രൂപപ്പെട്ടതാണ് നമ്മുടെ സാമൂഹികക്രമം. ജീവിതത്തില്‍ എന്നെ ഏറ്റവും പ്രചോദിപ്പിച്ച ഒരു മുസ്‌ലിം സ്ത്രീ മാടായിയില്‍ ജീവിച്ചിരുന്നു. ഫോറിന്‍ സാധനങ്ങള്‍ ഒരു സഞ്ചിയിലാക്കി വീടുവീടാന്തരം കയറി വില്‍ക്കുന്ന ആ സ്ത്രീ, ‘സ്ത്രീ ശാക്തീകരണം’ എന്ന മുദ്രാവാക്യം വരുന്നതിന് മുന്നേ തുല്യത എന്ന സങ്കല്‍പത്തിന്റെ ഉദാത്ത മാതൃകയായിരുന്നു.

മതം അവര്‍ക്ക് സ്വകാര്യമായ സ്വച്ഛതയായിരുന്നു. എഴുത്തിലേക്ക് ഒരു ഉദാഹരണമായി ഇത്തരം സ്ത്രീകളെക്കുറിച്ചുള്ള ഓര്‍മകള്‍ കൊണ്ടുവരുമ്പോള്‍ എന്തിനാണ് ചിലര്‍ക്ക് ഹാലിളകുന്നത്? അവരൊന്നും നിങ്ങളുടെ വീട്ടില്‍ പിരിവിനു പോലും വന്നിട്ടില്ലല്ലൊ. ഉള്ളിലുള്ള മുസ്‌ലിം വരേണ്യബോധം കൊണ്ടാണ് ആ അസ്വസ്ഥതകള്‍.

മുമ്പ് മുസ്‌ലിം ലീഗില്‍ പിളര്‍പ്പുണ്ടായപ്പോള്‍ ഞങ്ങളുടെ നാട്ടിലെ ഒരു പള്ളിക്കമ്മിറ്റിയില്‍ ലീഗിന്റെ അമിതമായ രാഷ്ട്രീയവല്‍ക്കരണത്തെക്കുറിച്ച് ഒരു ചര്‍ച്ച വന്നു. മത്സ്യത്തൊഴിലാളിയായ ഒരാള്‍ എണീറ്റ് ലീഗിനെ വിമര്‍ശിച്ചു തുടങ്ങിയപ്പോള്‍ പ്രായമുള്ള ഒരു പ്രാദേശിക ലീഗ് നേതാവ് പറഞ്ഞു; ‘നീയിരിക്ക്. തറവാടികള്‍ സംസാരിക്കട്ടെ,’. തറവാടികള്‍, വരേണ്യത എന്നും മുസ്‌ലിം രാഷ്ട്രീയത്തിന്റെ ഒരു അലങ്കാരത്തൊപ്പിയാണ്. മുസ്‌ലിം ലീഗിലും ജമാഅത്തെ ഇസ്‌ലാമിയിലും ഈ വരേണ്യത കാണാം.

അനുഭവങ്ങള്‍ പറയുമ്പോള്‍ ചിലര്‍ ചൂളിപ്പോകുന്നത്, അന്യോന്യം ഇടകലര്‍ന്ന ഒരു ജീവിതാനുഭവമില്ലാത്തതുകൊണ്ടാണ്. ഒരേ മതത്തില്‍ പെട്ടവരുമായി മാത്രം സലാം പറഞ്ഞും സലാം മടക്കിയും ‘നമ്മുടെ മതം, നമ്മുടെ മതം’, ‘നമ്മള്‍ മീം അവര്‍ കാഫ്’ എന്നൊക്കെയുള്ള ചിന്തകള്‍ ടവ്വലില്‍ പൊതിഞ്ഞുനടക്കുന്ന മനുഷ്യരില്‍ നിന്ന് നമുക്കൊന്നും എടുക്കാനുണ്ടാവില്ല, നിര്‍ഭാഗ്യവശാല്‍ നാം പറയുന്നത് അതേ അളവില്‍ അവര്‍ക്ക് മനസ്സിലാകണമെന്നുമില്ല. വിശ്വാസവും പ്രാര്‍ഥനകളും കൂലിപ്പണി പോലെ കൊണ്ടുനടക്കുന്നവരെ കുറിച്ച് എന്ത് പറയാനാണ്? ആത്മീയത എനിക്ക് കൂലിപ്പണിയല്ല.

പൊളിറ്റിക്കല്‍ ഇസ്‌ലാമിസ്റ്റുകളുടെയും നവ മതയാഥാസ്ഥിതികരുടെയും വരവോടെ കേരളത്തിലെ മുസ്‌ലിം മതാത്മക സ്വച്ഛതകള്‍ വല്ലാതെയങ്ങ് നഷ്ടപ്പെട്ടു. നോക്കൂ, ഈ നബിദിനനാളുകളില്‍ തെരുവുകളില്‍ കേട്ട മതപ്രഭാഷണങ്ങള്‍ ഒരേ സമുദായത്തിലുള്ളവര്‍ തന്നെ പരസ്പരം നരകം വീതം വെക്കുന്ന അവസ്ഥയില്‍ ആയിരുന്നു. നിങ്ങള്‍ പരസ്പരം സ്വര്‍ഗമോ നരകമോ എടുത്തോളൂ, പാതയോരത്ത് സ്റ്റേജ് കെട്ടി, പൊതുസമൂഹത്തിന് മുന്നില്‍ പരിഹാസ്യരാകും വിധം അവ എന്തിന് വിളിച്ചുപറയണം?

ചിലര്‍ക്ക് ഹാലിളകിയ മറ്റൊരു ചോദ്യം ഇതാണ്;

സ്ത്രീകളെ വാര്‍ഡ് മെമ്പര്‍മാരാക്കിയത് ആരാണ്? ഏതെങ്കിലും മതമാണോ? ഉലമാക്കളാണോ? ഈ കാലത്തും ഒരു സ്റ്റേജില്‍ മുസ്‌ലിം സ്ത്രീ കയറിയാല്‍ അസ്വസ്ഥരാവുന്ന മത സംഘടനകളുണ്ട് എന്നത് നിങ്ങളെ അത്ഭുതപ്പെടുത്തുന്നില്ലെങ്കിലും എന്നെ അത്ഭുതപ്പെടുത്തുന്നുണ്ട്. ഇന്ന് മുസ്‌ലിം സ്ത്രീകള്‍ അനുഭവിക്കുന്ന തുറവികള്‍ ജനാധിപത്യത്തിലൂടെ കൈവന്നതാണ്. ഒന്നുകില്‍ ജനാധിപത്യം അല്ലെങ്കില്‍ മുതലാളിത്തം- സ്ത്രീകള്‍ കൂടുതല്‍ മെച്ചപ്പെട്ടത് ഈ ലോകക്രമങ്ങളിലാണ്.

‘സ്ത്രീയെ ആര് സ്റ്റേജില്‍ കയറ്റി’ എന്ന് ഈ കാലത്തും ചോദിക്കുന്നത് ആരാ? അതിന് പത്രക്കുറിപ്പ് ഇറക്കിയത് ആരാ? അതിന് ഉപമകളും ഉല്‍പ്രേക്ഷകളും പറഞ്ഞതുകൊണ്ട് കാര്യമില്ല. വ്യക്തിപരമായ കുശുമ്പും അസൂയയും പകര്‍ത്തിവെച്ചത് കൊണ്ടും പ്രയോജനമില്ല. സിവിലൈസ്ഡ് സമൂഹത്തിന്റെ പെരുമാറ്റരീതികള്‍ പലപ്പോഴും നമുക്കറിയില്ല.

മറ്റൊന്ന്, നബിദിനത്തില്‍ വിളമ്പുന്ന അന്നദാനത്തിന്റെ വിശേഷ മൂല്യത്തെക്കുറിച്ചെഴുതിയതിനാണ്. എണ്‍പതുകളുടെ തുടക്കത്തിന്റെ ഞങ്ങളുടെ നാട്ടിലെ കടപ്പുറം നേര്‍ച്ചക്കും അവിടെ വിളമ്പുന്ന നേര്‍ച്ചച്ചോറിനെതിരെയും ജമാഅത്തെ ഇസ്‌ലാമി ക്യാമ്പയിന്‍ നടത്തിയിരുന്നു. പിന്നീട് അത്തരം ക്യാമ്പയിനുകളില്‍ നിന്ന് അവര്‍ പിന്‍വാങ്ങുകയും സുന്നികളുമായി ഒരു സാംസ്‌കാരിക ചങ്ങാത്തത്തിന് ശ്രമിക്കുന്നുമുണ്ട്. എന്നാല്‍, അന്ന് അവര്‍ നേര്‍ച്ചയ്ക്കും നേര്‍ച്ചച്ചോറിനും എതിരായിരുന്നു. അവരത് നിഷേധിക്കുന്നുണ്ടെങ്കില്‍, സ്വയം തള്ളിപ്പറയുന്നു എന്ന് മാത്രമാണര്‍ഥം.

ഞാനെഴുതുന്നവയില്‍ വിമര്‍ശിക്കാന്‍ പല കാരണങ്ങളുമുണ്ടാവും. അന്യോന്യം മനസ്സിലാക്കാനുതകുന്ന അത്തരം വിമര്‍ശനങ്ങള്‍ സൂക്ഷ്മമായി, കാലുഷ്യമില്ലാതെ വായിക്കാറുമുണ്ട്. ഉയര്‍ന്നും വേറിട്ടും നില്‍ക്കുന്ന കാര്യങ്ങള്‍ ചില വിമര്‍ശനങ്ങളില്‍ കാണാറുമുണ്ട്.

എന്നാല്‍, കമന്റുകളായി നിറയുന്ന ‘പൊങ്കാലക’ളിലും ഇരട്ടത്താപ്പുള്ള സാരോപദേശങ്ങളിലും ഒട്ടും അസ്വസ്ഥനാവുന്നില്ല. ചിലതു വായിച്ച് ചിരിക്കുന്നു പോലുമുണ്ട്. ചിലരോട് ഒരു അഭ്യര്‍ഥനയുണ്ട്, തെറികള്‍ അല്‍പം പുതുക്കണം. മാട് ആയി, ആട് ആയി, പന്നിയായി എന്നൊക്കെ നിരന്തരം കമന്റായി ഇടുമ്പോള്‍ ബോറല്ലേ? തെറികളും കമന്റുകളും ഇത്തിരി പുതുമയുള്ളതാക്കണം.

ഒരു ജമാഅത്തെ ഇസ്‌ലാമി പ്രവര്‍ത്തകന്‍ അയാളുടെ ഫേസ്ബുക്കില്‍ എന്റെ ഡൂള്‍ന്യൂസ് ലേഖനത്തിന്റെ ലിങ്ക് എന്തൊക്കെയോ വിവരക്കേടുകള്‍ എഴുതി ഇട്ടപ്പോള്‍ അതിനുകീഴെ ‘ഞാന്‍ പക്ഷാഘാതം ബാധിച്ച് കിടപ്പിലാവാന്‍’ കമന്റ് ചെയ്ത സുഹൃത്തിനും കുടുംബത്തിനും നന്മ വരാന്‍ ഞാന്‍ പ്രാര്‍ഥിക്കുന്നു. അതിന് ലൈക്ക് ചെയ്ത എന്റെ നാട്ടുകാരനും നന്മ വരാന്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ പ്രസ്ഥാനം ഇങ്ങനെയൊക്കെ പ്രാര്‍ഥിക്കാനാണല്ലൊ നിങ്ങളെ പഠിപ്പിച്ചത്.

പുരയില്‍ ട്യൂബിന്റെ പ്രകാശം ഉള്ളതുകൊണ്ട് കാര്യമില്ല, ഉള്ളില്‍ വിവേകത്തിന്റെ ഒരു ചിമ്മിനി വിളക്കെങ്കിലും കത്തിച്ചുവെക്കാന്‍ അത്തരം മതംതീനികളോട് പറയുന്നു. ഡൂള്‍ന്യൂസില്‍ ഞാന്‍ എഴുതിയ ഏറ്റവും പുതിയ കുറിപ്പില്‍ (സുനില്‍ പി ഇളയിട…) ‘വീട്ടിലുള്ള സ്ത്രീ പര്‍ദ്ദയിട്ടു സ്വീകരിച്ചു’ എന്ന് എഴുതിയിട്ടേയില്ല. ഞാന്‍ എഴുതാത്ത ഒരു കാര്യം ചൂണ്ടിക്കാട്ടി (താഹയുടെ കളവിന്റെ ഏറ്റവും വലിയ ഉദാഹരണം ‘പര്‍ദ്ദ ധരിച്ച ഉള്ളിലുള്ള സ്ത്രീ സ്വീകരിച്ചു’ എന്നാണ്, വീട്ടിന്റെ ഉള്ളില്‍ സ്ത്രീകള്‍ അന്നേ പര്‍ദ്ദ ധരിക്കാറില്ല. പച്ചക്കള്ളമാണ് അവന്‍ പറഞ്ഞത്) എന്ന് ഒരാള്‍ ലജ്ജയില്ലാതെ കമന്റ് ചെയ്തിരിക്കുന്നു.

ഞാന്‍ എഴുതാത്ത കാര്യം എഴുതിയെന്ന് പറഞ്ഞ് പച്ചക്കള്ളം കമന്റ് പോസ്റ്റുന്നതിന് ആ മനുഷ്യനെ പ്രേരിപ്പിച്ചത് എന്താണ്? കണ്ണില്‍ ഇരുട്ടുപോലെ കയറുന്ന വരേണ്യമതാന്ധത അല്ലെങ്കില്‍ ജമാഅത്തെ ഇസ്‌ലാമി സ്‌നേഹം മാത്രമാണ് അതിന് കാരണം. ആ എഫ്.ബി പോസ്റ്റും അതിനുകീഴെ കമന്റിട്ട ആളുടെ പേരും ഞാനെഴുതാത്തത് ആ കളവിന്റെ പേരില്‍ ആളുകള്‍ അവരെ തെറി പറയാതിരിക്കാനാണ്. അത്രയെങ്കിലും വിവേകം അവരോട് ഞാന്‍ കാണിക്കേണ്ടതുണ്ട്. ഇവരാണ് പ്രസ്ഥാന പുരുഷന്മാര്‍.

പല കമന്റുകളും ഒന്നും വായിച്ചിട്ടൊന്നും എഴുതുന്നതല്ല എന്നെനിക്കറിയാം. ചില ബാലിശമായ, അര്‍ഥരഹിതമായ കമന്റുകള്‍ വായിക്കുമ്പോള്‍ ചിലരുടെ മാനസികമായി പേയിളകിയ ബോധത്തെക്കുറിച്ച് സഹതാപത്തോടെ ആലോചിച്ചിരിക്കും. അവര്‍ ആരെന്തെഴുതുമ്പോഴും ഒറ്റ കടികടിച്ച് ഓടുകയാണ്, മറ്റാരുടെയെങ്കിലും പോസ്റ്റില്‍ പോയി കടിക്കാന്‍. സത്യത്തില്‍ അവര്‍ക്ക് വിരോധം പോലും കാണില്ല.

പറഞ്ഞുവരുന്നത്, എനിക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്നേ എന്നുപറഞ്ഞ് നിലവിളിക്കാന്‍ ഞാന്‍ തയ്യാറല്ല. ഒരു വടിയെടുത്ത് ചിളളി, എന്റെ ഉപ്പുമ്മ ചെയ്തതു പോലെ ‘പാമ്പേ പോ പൊറത്ത്’ എന്ന് പറഞ്ഞ് പുറത്തേക്ക് പോകാന്‍ വാതില്‍ തുറന്നുകൊടുക്കും.

Content Highlight: Thaha Madayi write up on the social media comments against him

താഹ മാടായി

എഴുത്തുകാരന്‍

We use cookies to give you the best possible experience. Learn more